Connect with us

Video Stories

സാമ്പത്തിക സംവരണം തത്വവിരുദ്ധം

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

സാമൂഹികമായി മുന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് മോദി സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നു. ഭരണഘടന അനുശാസിക്കുന്ന സംവരണ തത്വങ്ങള്‍ക്ക് വിരുദ്ധമായതിനാലും തൊഴില്‍ സംവരണത്തിന്റെ പരിധി മൊത്തം അമ്പത് ശതമാനമായി നിശ്ചയിച്ച സുപ്രീംകോടതി വിധി നിലവിലുള്ളതിനാലും പുതിയ സംവരണ നയം നടപ്പിലാക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇത് ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്ത സാമുദായിക സംവരണതത്വത്തിന്റെ ലംഘനമാണ്. ഭരണഘടനാ മൂല്യങ്ങളോടും സാമൂഹികനീതി സങ്കല്‍പത്തോടുമുള്ള വെല്ലുവിളിയാണ്; അത് അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കമാണ്.
സംവരണം സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനോ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനോ വേണ്ടിയുള്ള തൊഴില്‍ദാന പദ്ധതിയല്ല. അത് ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹിക മുഖ്യധാരയിലും അധികാര വ്യവസ്ഥയിലും അര്‍ഹമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടി വിഭാവനം ചെയ്യപ്പെട്ട സുരക്ഷാ പദ്ധതിയാണ്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാമൂഹിക അസമത്വവും അനീതിയും പരിഹരിക്കുന്നതിന് വേണ്ടിയുള്ള തിരുത്തല്‍ നടപടിയാണ്. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തിക ദുരിതം നേരിടുന്നവരുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ബദല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് സംവരണ ആനുകൂല്യം ലഭിക്കുന്നതിന് വരുമാനപരിധി നിശ്ചയിച്ചുകൊണ്ടുള്ള ക്രീമിലെയര്‍ വ്യവസ്ഥ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. എട്ടുലക്ഷം രൂപയാണ് നിലവിലുള്ള വരുമാനപരിധി. സംവരണത്തിന് സാമ്പത്തിക മാനദണ്ഡം നിശ്ചയിക്കപ്പെട്ടതോടുകൂടി, വളഞ്ഞ വഴിയിലൂടെ അപ്രഖ്യാപിത സാമ്പത്തിക സംവരണം നടപ്പാക്കുന്ന വ്യവസ്ഥയായി ക്രീമിലെയര്‍ ഫലത്തില്‍ മാറിയതായി ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ, ഓരോ സംവരണീയ സമുദായത്തിനകത്തും സംവരണത്തിന് അര്‍ഹരായവര്‍/അനര്‍ഹരായവര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളെ സൃഷ്ടിക്കുന്നതിനും അത് കാരണമായി. എങ്കിലും, കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അത് ഇപ്പോഴും തുടരുകയാണ്.
സംവരണത്തിലൂടെ ലക്ഷ്യം വെക്കുന്ന സാമൂഹികനീതി സങ്കല്‍പത്തിന്റെ അന്തസ്സത്ത ദുര്‍ബലമാക്കുന്ന തരത്തിലുള്ള അട്ടിമറികളും നടന്നു വരുന്നുണ്ട്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിയമന വ്യവസ്ഥകളും മാനദണ്ഡങ്ങളുമനുസരിച്ച് യോഗ്യത നേടുന്ന സംവരണീയ സമുദായങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ പൊതുപട്ടികയില്‍ ഉള്‍പ്പെടുത്താതെ സംവരണ ലിസ്റ്റിലേക്ക് തള്ളിമാറ്റുന്നതായി വ്യാപകമായ പരാതികള്‍ നിലവിലുണ്ട്. ഇത് സംബന്ധമായ നിരവധി പഠനങ്ങളും പുസ്തകങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംവരണത്തിലൂടെ മാത്രമേ തൊഴില്‍ ലഭിക്കുകയുള്ളൂ എന്ന നീതിരഹിതമായ സാഹചര്യമാണ് ഇതുവഴി സംജാതമായിരിക്കുന്നത്. ഇങ്ങനെ, പലതരത്തിലുള്ള വെല്ലുവിളികളും അട്ടിമറികളും അതിജീവിച്ചുകൊണ്ടാണ് നിലവിലുള്ള സാമുദായിക സംവരണ വ്യവസ്ഥയെ സംവരണീയ വിഭാഗങ്ങള്‍ സംരക്ഷിച്ചു പോരുന്നത്. സംവരണം സര്‍ക്കാര്‍ സര്‍വീസിന്റെ ഗുണമേന്മ ഇല്ലാതാക്കുമെന്ന വിചിത്രവാദം സംവരണ വിരുദ്ധര്‍ എല്ലാക്കാലത്തും ഉയര്‍ത്തിയിട്ടുണ്ട്.
എന്നാല്‍, മുന്നാക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം, ആ വാദത്തിന്റെ പൊള്ളത്തരം സ്വയം തുറന്നുകാട്ടുന്നു.
ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം മുന്നാക്ക വിഭാഗങ്ങള്‍ക്കുള്ള വരുമാനപരിധിയും എട്ടുലക്ഷം രൂപ തന്നെയാണ്. ഈ തീരുമാനമനുസരിച്ച് എട്ടുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള മുന്നാക്ക വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ പുതുതായി സംവരണത്തിന് അര്‍ഹത നേടുന്നു. ഇതോടുകൂടി മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്കും സംവരണത്തിന് ഒരേ വരുമാനപരിധി നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത. എട്ടുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ മാത്രമേ ഇനിമുതല്‍ തൊഴില്‍ സംവരണത്തിന് അര്‍ഹരായിരിക്കുകയുള്ളൂ എന്നാണ് ഈ തീരുമാനത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം. ഇതിലൂടെ തത്വത്തിലും പ്രയോഗത്തിലും സാമ്പത്തിക സംവരണം നടപ്പിലാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്.
സാമ്പത്തിക സംവരണ വാദം സംഘ്പരിവാറിന്റെയും ഇടതുപക്ഷത്തിന്റെയും പൊതു അജണ്ടയാണ്. സാമുദായികാടിസ്ഥാനത്തിലുള്ള സംവരണ വ്യവസ്ഥയോട് ഇടതുപക്ഷം തുടക്കം മുതല്‍ എതിര്‍പ്പ് രേഖപെടുത്തിയിട്ടുണ്ട്. 1957 ലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍, മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് ചെയര്‍മാനായി രൂപവല്‍ക്കരിച്ച ഒന്നാം ഭരണ പരിഷ്‌കാര കമ്മീഷന്‍ സംസ്ഥാനത്ത് സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്ത്യയിലാദ്യമായി സാമ്പത്തിക സംവരണം എന്ന സാമൂഹികനീതി വിരുദ്ധ ആശയം മുന്നോട്ടു വെച്ചത് ഇഎംഎസാണ്. ഇപ്പോള്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ രണ്ട് നിയമന ധാരകളില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ സംവരണാവകാശം നിഷേധിച്ചിരിക്കുന്നു. ദേവസ്വം ബോര്‍ഡില്‍ ഇതിനോടകം തന്നെ സാമ്പത്തിക സംവരണം നടപ്പാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ മോദി സര്‍ക്കാറിന്റെ സാമ്പത്തിക സംവരണ നയത്തെ പിന്തുണച്ചിരിക്കുന്നു. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സംവരണ വിരുദ്ധ നിലപാടില്‍ ഇടതുപക്ഷം ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു എന്നാണ് പിണറായി സര്‍ക്കാറിന്റെ സമീപനം തെളിയിക്കുന്നത.് ദലിത് ആദിവാസി പിന്നാക്ക ന്യൂനപക്ഷ ജനസമൂഹങ്ങളോടുള്ള തുറന്ന വെല്ലുവിളിയാണിത്. ഒപ്പം, കാലങ്ങളായി ഇടതുപക്ഷത്തെ പിന്തുണച്ചുപോരുന്ന ജനവിഭാഗങ്ങളോട് ചെയ്യുന്ന വഞ്ചന കൂടിയാണ്.
ദലിത് ആദിവാസി പിന്നാക്ക ന്യൂനപക്ഷ ബഹുജന സമൂഹങ്ങളുടെ അതിജീവന സമരങ്ങള്‍ സാമൂഹിക തലത്തിലും രാഷ്ട്രീയ തലത്തിലും ശക്തിപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദി സര്‍ക്കാര്‍ സംവരണ ഗൂഢാലോചനയുമായി രംഗത്തുവരുന്നത്. ഇത് മുന്നാക്ക സാമൂഹിക വിഭാഗങ്ങളെ സംവരണീയ സമുദായങ്ങള്‍ക്കെതിരെ തിരിച്ചുവിടാനും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടാനുമുള്ള ഫാഷിസ്റ്റ് ഗൂഢതന്ത്രമാണ്. അതോടൊപ്പം നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രാജ്യത്താകമാനം ഉയര്‍ന്നു വരുന്ന ജനരോഷത്തെ മറികടക്കാനുള്ള രാഷ്ട്രീയ കുതന്ത്രം കൂടിയാണ്. നരേന്ദ്രമോദി ലക്ഷ്യം വെക്കുന്ന സാമൂഹിക വിഭജന അജണ്ടയെ ചെറുത്തുതോല്‍പ്പിക്കാന്‍ സാമൂഹിക നീതിയിലും ബഹുസ്വര ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഇന്ത്യയിലെ മുഴുവന്‍ ശക്തികളും ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്.
സാമൂഹിക നീതിയുടെ അടിസ്ഥാന വ്യവസ്ഥയായ സാമുദായിക സംവരണതത്വം അട്ടിമറിക്കാനുള്ള സംഘ്പരിവാര്‍-ഇടതുപക്ഷ കൂട്ടുകെട്ടിന്റെ ഗൂഢാലോചന തുറന്നുകാണിച്ചും. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഗൂഡശ്രമങ്ങളെ തിര്‍ത്തും ശക്തിമായി എതിര്‍ത്തും സംവരണീയ സമുദായങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ സമരങ്ങള്‍ക്ക് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നല്‍കും.

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Video Stories

അഡ്‌ലെയ്ഡില്‍ ഇന്ത്യക്കെതിരെ ഓസീസിന് പത്ത് വിക്കറ്റ് വിജയം

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

Published

on

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കിയെന്നതില്‍ രോഹിത്തിനും സംഘത്തിനും ആശ്വസിക്കാം. അഡലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്‌സില്‍ 175 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ ഓസീസിന് ജയിക്കാന്‍ 19 റണ്‍സ് മതിയായിരുന്നു.

ഓപ്പണര്‍മാരായ നഥാന്‍ മക്‌സ്വീനെയും (10) ഉസ്മാന്‍ ഖ്വാജയും (ഒമ്പത്) അനായാസം അതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പമെത്തി. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് ജയിച്ചിരുന്നു.

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിലും അല്‍പമെങ്കിലും പൊരുതിന്നെത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. 47 പന്തില്‍ 42 റണ്‍സെടുത്താണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്‌സിലും നിതീഷ് കുമാര്‍ (42) തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 128 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പേ ഋഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 31 പന്തില്‍ 28 റണ്‍സെടുത്ത പന്തിനെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്മിത്തിന്റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് നിതീഷ് കുമാര്‍ പൊരുതിനിന്നെങ്കിലും 14 പന്തില്‍ ഏഴു റണ്‍സെടുത്ത ആര്‍. അശ്വിന്‍ കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഹര്‍ഷിത് റാണയും (പൂജ്യം) വന്നപോലെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ ഖ്വാജക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഇതിനിടെ വമ്പനടികള്‍ക്ക് ശ്രമിച്ച നിതീഷ് കുമാറിനെയും കമ്മിന്‍സ് മക്‌സ്വീനെയുടെ കൈകളിലെത്തിച്ചു.

എട്ടു പന്തില്‍ ഏഴു റണ്‍സെടുത്ത മുഹമ്മദ് സിറാജിനെ ബോളണ്ടും മടക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 175 റണ്‍സില്‍ അവസാനിച്ചു. 180 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിയായി ഓസീസിനെ ട്രാവിസ് ഹെഡ്ഡിന്റെ (140) തകര്‍പ്പന്‍ സെഞ്ച്വറി 337ല്‍ എത്തിച്ചിരുന്നു. പേസര്‍മാരായ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും നാല് വിക്കറ്റ് പ്രകടനമാണ് ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 157ല്‍ ഒതുക്കിയത് മിച്ചം.

ആദ്യ ദിനം ഒരു വിക്കറ്റിന് 86 റണ്‍സിലാണ് ഓസീസ് കളി നിര്‍ത്തിയത്. പിറ്റേന്ന് ഇവരെ 337ല്‍ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷയില്‍ ബാറ്റിങ്ങിന് ഇറങ്ങി.

എന്നാല്‍, നാലാം ഓവറില്‍ ഓപണര്‍ കെ.എല്‍. രാഹുലിനെ (7) ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിറകിലുണ്ടായിരുന്ന അലക്‌സ് കാരിയുടെ കൈകളിലേക്കയക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 12. ഒന്നാം ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ വീണ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ 28 റണ്‍സ് സംഭാവന ചെയ്ത് മറ്റൊരു പേസറായ സ്‌കോട്ട് ബോളണ്ടിന് വിക്കറ്റ് സമ്മാനിച്ചു. കാരിക്ക് രണ്ടാം ക്യാച്ച്. 42ല്‍ രണ്ടാം ഓപണറെയും നഷ്ടമായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും ചുമലുകളിലായി.

ഒരിക്കല്‍ക്കൂടി പരാജിതനായ കോഹ്‌ലി (11) കാരിയുടെ ഗ്ലൗസില്‍ത്തന്നെ അവസാനിച്ചു. ബോളണ്ടിനായിരുന്നു വിക്കറ്റ്. 66ല്‍ കോഹ്‌ലിയും കരക്ക് കയറിയതോടെ ഋഷഭ് പന്തെത്തി. മറുതലക്കല്‍ പ്രതീക്ഷ നല്‍കി!യ ഗില്‍ വ്യക്തിഗത സ്‌കോര്‍ 28ല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡായി. നാലിന് 86. ക്യാപ്റ്റന്‍ രോഹിതും പന്തും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. 105ല്‍ എത്തിയപ്പോള്‍ രോഹിത്തിന്റെ (5) കുറ്റി കമ്മിന്‍സ് തെറിപ്പിച്ചു. ഇവിടെ വെച്ചാണ് പന്തും റെഡ്ഡിയും സംഗമിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റണ്‍സെടുത്തു പുറത്തായി. നാലു സിക്‌സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ മാര്‍നസ് ലബുഷെയ്‌നും (126 പന്തില്‍ 64) ഓസീസിനായി തിളങ്ങി.

നേഥന്‍ മക്‌സ്വീനി (109 പന്തില്‍ 39), മിച്ചല്‍ സ്റ്റാര്‍ക്ക് (15 പന്തില്‍ 18), അലക്‌സ് കാരി (32 പന്തില്‍ 15) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡിക്കും ആര്‍. അശ്വിനും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Continue Reading

Trending