Connect with us

kerala

നാവരിയപ്പെട്ട ഹാഥ്‌റസിന്റെ ശബ്ദം; മുസ്‌ലിംലീഗ് ദേശീയ പ്രക്ഷോഭം-സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ഇന്ന്

ഹാഥ്‌റസ് സംഭവത്തെ കുറിച്ച് ഒടുവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം പോലും പ്രഹസനമാണ്. ജുഡീഷ്യല്‍ അന്വേഷണം നടത്തി എല്ലാ പ്രതികളെയും നിയമത്തിനുമുമ്പില്‍ എത്തിക്കണമെന്നാണ് മുസ്‌ലിംലീഗ് നിലപാട്. വിഷയത്തില്‍ ഇന്നു മുതല്‍ മൂന്നു നാള്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് മുസ്‌ലിംലീഗ് ആഹ്വാനം ചെയ്തത്.

Published

on

കെ.പി.എ മജീദ്

പത്തൊമ്പത് വയസ്സായിരുന്നു അവളുടെ പ്രായം. ജാതിയില്‍ ഉയര്‍ന്നവരെന്ന് ധരിക്കുന്നവര്‍ക്ക് ‘തനിക്കുമേലുള്ള അധീശത്വത്തിന്’ വഴങ്ങാതെ തലഉയര്‍ത്തിനിന്ന അവള്‍ ധീരയായിരുന്നു. പക്ഷേ, ആ ചെറുത്തുനില്‍പ്പിന് അധികം ആയുസ്സുണ്ടായില്ല. അമ്മക്കൊപ്പം പാടത്ത് പശുവിന് പുല്ലു വെട്ടിക്കൊണ്ടിരിക്കുമ്പോള്‍, ഉന്നത കുലജാതരായ യുവാക്കള്‍ പതിയിരുന്ന് ചാടിവീഴുന്നു. കൂട്ടബലാത്സംഗത്തിന് ഇരയാക്കി ഇടുപ്പെല്ല് തകര്‍ത്തും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍പ്പിച്ചും ജീവച്ഛവമാക്കുന്നു. നാവരിയപ്പെട്ട് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ദിവസങ്ങള്‍ക്കകം മരണത്തിന് കീഴടങ്ങുന്നു. ഒരു പ്രാദേശിക വാര്‍ത്ത പോലുമല്ലാതെ, യു.പിയിലെ പതിവ് ഗ്രാമീണ കാഴ്ചപോലെ ഡല്‍ഹിയിലെ ആസ്പത്രിയില്‍നിന്നും ഗ്രാമത്തിലെത്തിച്ച വിടരുംമുമ്പെ ചവിട്ടിയരക്കപ്പെട്ട പെണ്‍പൂവിന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് വീട്ടിലേക്കല്ല പോയത്. പകല്‍ സമയത്ത് പരമ്പരാഗത ആചാരങ്ങളോടെ സംസ്‌കരിക്കണമെന്ന മാതാ-പിതാക്കളുടെ ആവശ്യംപോലും ജില്ലാ ഭരണകൂടം തള്ളിക്കളയുന്നു. അമ്മയെപോലും അവസാനമായൊന്ന് കാണിക്കാതെ, ഇരുട്ടിന്റെ മറവില്‍ ബലംപ്രയോഗിച്ച് പൊലീസുകാരുടെ നേതൃത്വത്തില്‍ കത്തിച്ചുകളയുന്നു. പുറംലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ച പൊലീസ്, കുടുംബത്തെ വീട്ടില്‍ തടവിലാക്കുന്നു. വെള്ളവും ഭക്ഷവുമില്ലാതെ മൂന്നുനാള്‍ മകളുടെ വേര്‍പാടിന്റെ നൊമ്പരവുമായി കരഞ്ഞുകലങ്ങിയ തേങ്ങലുകള്‍ പൊലീസ് ബൂട്ടിന്റെ മുരള്‍ച്ചയില്‍ തട്ടിയലിയുന്നു. മകള്‍, കോവിഡ് ബാധിച്ച് മരിച്ചെന്ന് സമ്മതിച്ചാല്‍ എല്ലാവരെയും മോചിപ്പാക്കാമെന്നും പണം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.

പൊലീസിന്റെ കണ്ണുവെട്ടിച്ച് പുറം ലോകത്തെത്തിയ ഒരു ബന്ധു വിവരം പുറത്തുവിടുന്നു. അതേകുറിച്ച് അന്വേഷിക്കാന്‍പോലും സമ്മതിക്കാതെ, മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഭരണകൂടം വിലക്കേര്‍പ്പെടുത്തുന്നു. പാതിവഴിയില്‍ വാഹനം തടഞ്ഞതോടെ കാല്‍നടയായി, അങ്ങോട്ട് തിരിച്ച കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും ലോക്‌സഭ എം.പിയുമായ രാഹുല്‍ഗാന്ധിയെപോലും പൊലീസ് കയ്യേറ്റം ചെയ്ത് കേസെടുത്ത് തിരിച്ചയക്കുന്നു. അതോടെ രാജ്യം ഉണരുന്നു. ജനകീയ മുന്നേറ്റമായി രാഹുലും പ്രിയങ്കയും പിറ്റേന്ന് ആ വീട്ടിലേക്ക് കടന്നു ചെല്ലുമ്പോഴാണ് ഇരുട്ടിന്റെ വ്യാപ്തി രാജ്യം ശരിക്കും തിരിച്ചറിയുന്നത്. നാണക്കേട് ലഘൂകരിക്കാന്‍, ഏതാനും പൊലീസുകാരെ സസ്‌പെന്റ് ചെയ്യുന്നു. ആ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഇടപെടുന്നു. പക്ഷേ, ഇതെഴുതുന്ന സമയവും കുടുംബത്തെ പുറത്തേക്ക്‌വിടാതെ പൊലീസ് തടഞ്ഞുവെച്ചതായാണ് റിപ്പോര്‍ട്ട്. ഒരു പെണ്‍കുട്ടിയെ പിച്ചിച്ചീന്തി കൊലചെയ്താല്‍ ഭരണകൂടം ആര്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത്. ഈ ചോദ്യംതന്നെ പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്. ലോകത്തിന്മുമ്പില്‍ അഹിംസയുടെയും ശാന്തിയുടെയും സന്ദേശം നല്‍കി വിസ്മയിപ്പിച്ച മഹത്തായ ഭരണഘടനയുള്ള രാജ്യമാണിത്. എന്നിട്ടും, കൊടും ക്രിമിനലുകളെ സംരക്ഷിക്കുന്ന പൊലീസും ഭരണകൂടവും ഇരയുടെ മൃതദേഹത്തോട് പോലും അനാദരവ് കാണിച്ച്, കുടുംബത്തെ ഭീകരെപ്പോലെ കൈകാര്യം ചെയ്യുന്നത് എന്തുകൊണ്ടാണ്. പ്രതികളെല്ലാം ഭരണകക്ഷിയില്‍പെട്ട, ബി.ജെ.പിക്കാരല്ലെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നെന്തിനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും യു.പി ഭരണകൂടവും ഇങ്ങനെയെല്ലാം ചെയ്യുന്നത്. ലളിതമായ ഉത്തരം; എല്ലാവരും ഠാക്കൂര്‍ വിഭാഗത്തില്‍പെട്ട ഉന്നത ജാതിക്കാരാണ് എന്നതാണ്. ഠാക്കൂര്‍ ഭീകരരാല്‍ നെല്‍വയലില്‍ പിച്ചിച്ചീന്തപ്പെട്ട ദലിത് പെണ്‍കൊടിയായ ഫൂലന്‍, പിന്നീട് ചമ്പല്‍ കാടുകളെ വിറപ്പിച്ച ഫൂലന്‍ദേവിയായത് നമുക്കറിയാം. ജനാധിപത്യ വഴിയിലേക്ക് വന്ന അവരെ എം.പിയായിരിക്കെ വെടിവെച്ച് കൊന്നതും ഠാക്കൂര്‍ ഭീകരരായിരുന്നു. ക്ലാക്ക് മുതല്‍ ജില്ലാ കലക്ടര്‍മാരും പൊലീസ് ഓഫീസര്‍മാരുമെല്ലാമായി എല്ലാ മേഖലയിലും ശക്തരായവരാണവര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഠാക്കൂര്‍ ആണെന്നത് മാത്രമല്ല, യു.പി നേരിടുന്ന ദുരന്തം. ഠാക്കൂരുമാരിലും എത്രയോ നല്ല മനുഷ്യരുണ്ട്. ഠാക്കൂര്‍ സമുദായത്തിന്റെ അപ്രമാദിത്വം ഉദ്‌ഘോഷിച്ച് താഴ്ന്ന ജാതിക്കാരെയും മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മറ്റു മതസ്തരെയും ശത്രുക്കളായ പ്രചാരണം നടത്തുന്ന സംഘടനയാണ് ഹിന്ദു യുവ വാഹിനി. അജയ് മോഹന്‍ ബിഷ്ത് എന്ന അതിന്റെ തലവനാണ് യോഗി ആദിത്യനാഥായി മാറിയത്. ഇരുപത്തിയാറാം വയസ്സില്‍ തന്നെ ലോക്‌സഭാ എം.പിയായത് ചെറുപ്രായത്തിലേ ‘ഹിന്ദു യുവ വാഹിനി’യുടെ കര്‍മ്മ പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയതിനുള്ള സമ്മാനമായിരുന്നു.

പിന്നീട്, യോഗിയെ മുഖ്യമന്ത്രിയാക്കണമെന്ന് ഠാക്കൂര്‍ വിഭാഗം ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ അനുയായികള്‍ ഗോരഖ്പൂരില്‍ യോഗം ചേര്‍ന്ന് 2016ല്‍ പ്രമേയം പാസാക്കുമ്പോള്‍, നിയമസഭയില്‍ അംഗം പോലുമല്ലായിരുന്നു. ഭൂരിപക്ഷം നേടിയ ബി.ജെ.പി ലോക്‌സഭാംഗത്വം രാജിവെപ്പിച്ച് യോഗിയെ മുഖ്യമന്ത്രിയാക്കിയതോടെ യു.പിയില്‍ ഹാഥ്‌റസുകള്‍ വാര്‍ത്തപോലുമല്ലാതായി. ഠാക്കൂരുമാര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ജാതിക്കാരെക്കാള്‍ എണ്ണത്തില്‍ ദലിതരാണ് കൂടുതലെങ്കിലും കോണ്‍ഗ്രസിലും എസ്.പിയിലും ബി.എസ്.പിയിലും ഛിന്നിച്ചിതറി പോയത് തന്നെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയ സമവാക്യം. ഗുജറാത്തിലെ മുസ്‌ലിം വംശഹത്യയിലൂടെ മുഖ്യമന്ത്രി നരേന്ദ്രമോദി, തീവ്ര ഹിന്ദുത്വക്കാരുടെ ദേശീയ നേതാവായതും പ്രധാനമന്ത്രി പദത്തിലെത്തിയതും നാം കണ്ടതാണ്. യോഗിയെ പ്രധാനമന്ത്രിയാക്കണമെന്ന് സംഘ്പരിവാര്‍ വൃത്തങ്ങള്‍തന്നെ പറയാന്‍ ഹാഥ്‌റസുകളും കാരണമാണ്. ബംഗേര്‍മൗ എം.എല്‍.എയും ബി.ജെ.പി നേതാവുമായ കുല്‍ദീപ് സിങ് സെന്‍ഗാറും കൂട്ടാളികളുംചേര്‍ന്ന് പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ഉന്നാവോ സംഭവം ആരും മറന്നിട്ടുണ്ടാവില്ല. പിന്നാക്കാവസ്ഥയിലുള്ള പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലെത്തിച്ചായിരുന്നു, പീഡനം. പ്രതികള്‍ക്കൊപ്പമായിരുന്നു എല്ലായ്‌പ്പോഴും യോഗി പൊലീസ്. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിനെ ആയുധം കൈവശംവെച്ചെന്ന കുറ്റംചുമത്തി അറസ്റ്റു ചെയ്തു. പീഡന വീരനായ എം.എല്‍.എയുടെ സഹോദരന്‍ പൊലീസ്‌സ്റ്റേഷനില്‍ കയറിയാണ് ആ പിതാവിനെ കൊന്നത്. മുഖ്യമന്ത്രിയുടെ വസതിക്കുമുന്നില്‍ തീ കൊളുത്തി പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് ക്രൂരപീഡന കഥ പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു. പെണ്‍കുട്ടിയും അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ട്രക്കിടിപ്പിച്ച് കൊല്ലാനുള്ള ശ്രമവുമുണ്ടായി. അവളുടെ രണ്ടു പിതൃസഹോദരിമാരാണ് അന്നു കൊല്ലപ്പെട്ടത്. ഇതോടെ രാജ്യവ്യാപക പ്രക്ഷോഭം ഉയര്‍ന്നപ്പോള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇടപെട്ട് കേസ് ഡല്‍ഹിയിലേക്ക് മാറ്റുകയുമായിരുന്നു. ഹാഥ്‌റസില്‍ പത്തൊമ്പത്കാരിയെ പീഡന ശേഷം നാവരിഞ്ഞപ്പോള്‍, തൊട്ടടുത്ത ദിവസം ബല്‍റാംപുരില്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട പതിനേഴുകാരിയുടെ കണ്ണാണ് അക്രമികള്‍ ചൂഴ്‌ന്നെടുത്തത്. പീഡനത്തിലും കൊലയിലും ഉള്‍പ്പെടുന്നത് നേതാവാകാനും ജനപ്രതിനിധിയാകാനും യോഗ്യതയായി കാണുന്നകാലത്ത് നാവിനെയും കണ്ണിനെയും അവര്‍ പേടിക്കാതെങ്ങിനെ. നാവില്ലാത്തവരുടെ നാവാകാനും കണ്ണില്ലാത്തവരുടെ കണ്ണാകാനും നമുക്ക് ബാധ്യതയുണ്ട്. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പൊലീസ്തന്നെ ക്രിമിനലുകളായി മാറുകയും ഭീകരരാവുകയും ചെയ്യുന്നതാണ് യു.പിയിലെ കാഴ്ച. പൗരത്വ വിവേചന നിയമത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയവരെ വീട്ടില്‍ കയറി വെടിവെച്ച് കൊന്നവരാണ് യോഗിയുടെ പൊലീസ്. മുസ്‌ലിംലീഗ് പ്രതിനിധി സംഘം അവിടെയെത്തുമ്പോള്‍ ഉറക്കെയൊന്ന് കരയാന്‍ പോലുമാകാതെ വിറങ്ങലിച്ചു നില്‍ക്കുന്ന എത്രയോ നിസ്സഹായര്‍. നൂറുക്കണക്കിന് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടക്കുന്ന യു.പിയെ ജനാധിപത്യത്തിന്റെ ഐക്യനിര കെട്ടിപ്പടുത്ത് മാത്രമേ മോചിപ്പിക്കാനാവൂ. വര്‍ധിക്കുന്ന സ്ത്രീ പീഡനങ്ങളും ദലിത് പീഡനങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും കേസുപോലും എടുക്കാതെ വിസ്മൃതിയിലേക്ക് തള്ളപ്പെടുന്നുവെന്നതാണ് യു.പിയുടെ ദുര്യോഗം. കേരളം പോലെ പ്രബുദ്ധ സമൂഹത്തില്‍ പോലും അട്ടിമറിക്കപ്പെടുന്ന പാലത്തായി പീഡനങ്ങളും ഡോ. ഖഫീല്‍ഖാനെ ഭരണകക്ഷി തന്നെ ഭീകരനായി മുദ്രകുത്തുന്ന കാലമാണ്.

ഹാഥ്‌റസ് സംഭവത്തെ കുറിച്ച് ഒടുവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം പോലും പ്രഹസനമാണ്. ജുഡീഷ്യല്‍ അന്വേഷണം നടത്തി എല്ലാ പ്രതികളെയും നിയമത്തിനുമുമ്പില്‍ എത്തിക്കണമെന്നാണ് മുസ്‌ലിംലീഗ് നിലപാട്. വിഷയത്തില്‍ ഇന്നു മുതല്‍ മൂന്നു നാള്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് മുസ്‌ലിംലീഗ് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്-മുനിസിപ്പല്‍-കോര്‍പറേഷന്‍ തലങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. രാജ്യം ജാഗ്രതയോടെ നിലയുറപ്പിക്കേണ്ട സമയമാണിത്. ഹാഥ്‌റസുകളിലെയും പാലത്തായിയിലെയും വാളയാറിലെയും പെണ്‍പൈതങ്ങളുടെ കണ്ണീരില്‍ ഏകാധിപതികള്‍ മുഖം കുത്തിവീഴുന്ന കാലം വിദൂരമല്ല. മതേതര-ജനാധിപത്യ ഇന്ത്യയുടെ ശക്തിക്ക് മുമ്പില്‍ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ നിലംപൊത്തുക തന്നെ ചെയ്യും.

 

kerala

ആലപ്പുഴയില്‍ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവം; ആരോഗ്യവകുപ്പ് ചികിത്സാപ്പിഴവ് സമ്മതിച്ചു

യുവതിക്ക് ആദ്യ മൂന്നുമാസം നല്‍കിയ ചികിത്സ തൃപ്തികരമല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

ആലപ്പുഴയില്‍ അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവത്തില്‍ ആരോഗ്യവകുപ്പ് ചികിത്സാ പിഴവ് സമ്മതിച്ചു. യുവതിക്ക് ആദ്യ മൂന്നുമാസം നല്‍കിയ ചികിത്സ തൃപ്തികരമല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടസാധ്യത അറിയിക്കുന്നതില്‍ പരാജയപ്പെട്ട രണ്ട് ഗൈനക്കോളജിസ്റ്റുകള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തു. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കുടുംബത്തിന് കൈമാറി.

2024 നവംബര്‍ 8നാണ് ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് -സുറുമി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. എന്നാല്‍ കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. കാലിനും കൈക്കും വളവുണ്ട്.

ദമ്പതികള്‍ നല്‍കിയ പരാതിയില്‍ നേരത്തെ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പും അന്വേഷണം നടത്തിയത്.

 

Continue Reading

kerala

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഇന്ന് ഒറ്റയടിക്ക് 400 രൂപയുടെ വര്‍ധനവ്

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലേക്ക്. ഇന്ന് ഒറ്റയടിക്ക് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 68,480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 8560 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. ഇന്നലെ ഗ്രാമിന് 8510 രൂപയും പവന് 68,080 രൂപയുമായിരുന്നു വില.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

കഴിഞ്ഞ മാസം 20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ടതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ ആഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.

18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

 

 

Continue Reading

kerala

വേനലവധിയില്‍ ക്ലാസ് വേണ്ട; മധ്യവേനല്‍ അവധിക്കാലത്തെ ക്ലാസിനെതിരെ ബാലാവകാശ കമ്മീഷന്‍

പ്രൈമറി,ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, വിദ്യാര്‍ഥികള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്.

Published

on

മധ്യവേനല്‍ അവധിക്കാലത്തെ ക്ലാസിനെതിരെ ബാലാവകാശ കമ്മീഷന്‍. സര്‍ക്കാര്‍ – എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ അവധിക്കാലത്ത് ക്ലാസ് നടത്തരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി. പ്രൈമറി,ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, വിദ്യാര്‍ഥികള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്. നിയമ ലംഘനം നടത്തുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഉത്തരവ്.

കോടതി ഉത്തരവ് പ്രകാരം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളില്‍ 7.30 – 10 30 വരെ ക്ലാസ് നടത്താം. ട്യൂഷന്‍ സെന്ററുകളിലും ക്ലാസുകള്‍ 7.30 മുതല്‍ 10.30 വരെ മാത്രമേ നടത്താവൂ. ഇക്കാര്യത്തിലും എതെങ്കിലും വിധത്തിലുള്ള നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.

 

Continue Reading

Trending