ഡോ. മുഹമ്മദ് ഇസ്സുദീന്‍
ലോകാരോഗ്യ സംഘടനയുടെ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം പകുതിയോളം മനോരോഗങ്ങളുടേയും തുടക്കം കൗമാരപ്രായത്തിലാണ്. 15നും 29നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരുടേയും യുവാക്കളുടേയും മരണനിരക്ക് വര്‍ധിക്കാനുള്ള പ്രധാന രണ്ടാമത്തെ കാരണം ആത്മഹത്യയാണ്. അതുകൊണ്ട്തന്നെ യുവാക്കളുടേയും കൗമാരക്കാരുടേയും മാനസികാരോഗ്യ പരിചരണത്തില്‍ പ്രത്യേകശ്രദ്ധ പതിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
യുവാക്കളും കൗമാരക്കാരും മറ്റുള്ളവരെ അപേക്ഷിച്ച് പെട്ടെന്നുള്ള ശാരീരികവും മാനസികവും സാമൂഹ്യപരവുമായ മാറ്റങ്ങള്‍ക്ക് കൂടുതല്‍ വിധേയരാണ്. വ്യക്തിത്വ രൂപീകരണ ഘട്ടമായതിനാല്‍ കൗമാരക്കാരില്‍ വ്യക്തിത്വ പ്രതിസന്ധി ഉണ്ടാകുന്നു. ഇത് അന്ധമായ അനുകരണങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ടുതന്നെ സിനിമ, സോഷ്യല്‍ മീഡിയ തുടങ്ങിയ എല്ലാവിധ മാധ്യമങ്ങള്‍ക്കും യുവാക്കളിലും കൗമാരക്കാരിലും വലിയ തോതില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നു. ഇതിലൂടെയുള്ള (ഇത്തരം മാധ്യമങ്ങളിലൂടെയുള്ള) തെറ്റായ സന്ദേശങ്ങള്‍ക്കും പ്രവണതകള്‍ക്കും ഇവര്‍ പെട്ടെന്നു വശംവദരാകുന്നു. പുനരാലോചനയില്ലാതെയുള്ള തീരുമാനങ്ങള്‍, എടുത്തുചാട്ടം തുടങ്ങിയവയും ഈ പ്രായത്തിലെ പ്രത്യേകതയാണ്. ഇത് കൂടുതല്‍ അപകടത്തിലേക്കും സമ്മര്‍ദ്ദത്തിലേക്കും നയിക്കാനിടയുണ്ട്.
യുവാക്കളും കൗമാരക്കാരും നേരിടേണ്ടിവരുന്ന പ്രധാന സാഹചര്യ സമ്മര്‍ദ്ദങ്ങളാണ് നിരന്തരമായ മത്സരപരീക്ഷകള്‍, നിരവധി കോഴ്‌സുകളുടെ തെരഞ്ഞെടുപ്പിലെ ആശയ കുഴപ്പം, സ്‌കൂള്‍-കോളജ് മാറ്റത്തോട് അനുബന്ധിച്ചുണ്ടാകുന്ന സൗഹൃദവലയത്തിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍, പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ട്, വീട്ടില്‍നിന്നും മാറി നില്‍ക്കുമ്പോഴുണ്ടാകുന്ന അരക്ഷിതാവസ്ഥ, തൊഴില്‍ പ്രതിസന്ധി, ജോലി സമ്മര്‍ദ്ദം തുടങ്ങിയവ. കൂട്ടുകാരോടൊപ്പമുള്ള ലഹരി പരീക്ഷണം, പ്രണയം-പ്രണയ നൈരാശ്യം, സുരക്ഷിതമല്ലാത്ത ലൈംഗിക വേഴ്ച, കുറ്റബോധം തുടങ്ങിയ മാനസിക സമ്മര്‍ദ്ദങ്ങള്‍ മനോരോഗ സാധ്യത വര്‍ധിപ്പിക്കുന്നു.
മാറുന്ന ലോകത്തില്‍ കൗമാരക്കാരിലും യുവാക്കളിലുമുണ്ടായ ഏറ്റവും ശ്രദ്ധേയമായ മാറ്റം അധികരിച്ച ഇന്റര്‍നെറ്റ്-അനുബന്ധ ഉപഭോഗ സംസ്‌കാരമാണ്. ഇതിന്റെ അമിത ഉപയോഗം പ്രത്യേകിച്ചും ഇന്റര്‍നെറ്റ് ഗെയിമിങ്, അശ്ലീല വീഡിയോ സര്‍ഫിങ്, ചാറ്റിങ് തുടങ്ങിയവ ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, വിശപ്പില്ലായ്മ, ലൈംഗിക പ്രശ്‌നങ്ങള്‍ എന്നിവക്ക് കാരണമാകുന്നു. പഠനം, തൊഴില്‍ തുടങ്ങിയവയെ ഇത് സാരമായി ബാധിക്കുന്നു. സാമൂഹികമായ ഉള്‍വലിയല്‍ കാരണം മെച്ചപ്പെട്ട സാമൂഹിക ബന്ധം സ്ഥാപിക്കാന്‍ കഴിയാതെ വരുന്നു. ഇത് സുരക്ഷിതത്വ ബോധം നഷ്ടപ്പെടുത്താനും ദൈനംദിന പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാനും ലഹരിയിലും ആത്മഹത്യയിലും അഭയം തേടാനും കാരണമായിത്തീരുന്നു.
ഇന്നത്തെ ലോകത്ത് ഇന്റര്‍നെറ്റ്, അനുബന്ധ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന യുവാക്കളും കൗമാരക്കാരും നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് സൈബര്‍ ബുള്ളിയിങ്. സോഷ്യല്‍ മീഡിയ വഴി ഭീഷണിപ്പെടുത്തല്‍, നഗ്‌ന ഫോട്ടോ ഉപയോഗിച്ചോ അല്ലാതെയോ ഉള്ള അപവാദ പ്രചാരണങ്ങള്‍, ശല്യം ചെയ്യല്‍ തുടങ്ങിയവയാണ് പ്രധാനമായും സൈബര്‍ ബുള്ളിയിങ് എന്നറിയപ്പെടുന്നത്. ഇത് കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലേക്കും വിഷാദത്തിലേക്കും നയിക്കുന്നു. ഇത് തടയുന്നതിനായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍, സ്വസുരക്ഷക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയെകുറിച്ചുള്ള കൃത്യമായ അവബോധം രക്ഷിതാക്കളും അധ്യാപകരും യുവാക്കളിലും കൗമാരക്കാരിലും സൃഷ്ടിക്കേണ്ടതാണ്. ഇരയാക്കപ്പെട്ടവര്‍ക്ക് ഇത് റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനത്തെക്കുറിച്ചും നിയമ സഹായത്തെക്കുറിച്ചും അറിവ് നല്‍കുന്നതോടൊപ്പം ശക്തമായ മാനസിക പിന്തുണ ഉറപ്പു വരുത്തേണ്ടതും അത്യാവശ്യമാണ്.
മാറുന്ന ലോകത്തില്‍ കൗമാരക്കാരും യുവാക്കളും അനുഭവിക്കുന്ന മറ്റൊരു പ്രശ്‌നമാണ് പ്രകൃതി ദുരന്തങ്ങള്‍, യുദ്ധക്കെടുതികള്‍ എന്നിവ മൂലം ഉണ്ടായേക്കാവുന്ന അഭയാര്‍ത്ഥിത്വം, അരക്ഷിതാവസ്ഥ തുടങ്ങിയവ. ഇത് നഷ്ട ബോധവും നിസ്സഹായ അവസ്ഥയും വിഷാദവുമുണ്ടാക്കുന്നു. ഇതുപോലെ ശാരീരികവും ബുദ്ധിപരവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ലൈംഗിക ന്യൂന പക്ഷങ്ങളായ ഭിന്നലിംഗക്കാര്‍, സ്വവര്‍ഗാനുരാഗികള്‍ തുടങ്ങിയ സാമൂഹ്യ വിവേചനവും പരിഹാസവും നേരിടുന്നവര്‍ക്കും മറ്റു ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവന്നവര്‍ക്കും ഭാവിയില്‍ മനോരോഗങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
വര്‍ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ലഭ്യത മാറുന്ന ലോകത്ത് യുവാക്കളെയും കൗമാരക്കാരെയും എല്ലാവിധ ലഹരികള്‍ക്കും അടിമപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. കൗമാരത്തിലെ ലഹരി ഉപയോഗം പഠന പിന്നാക്കാവസ്ഥക്ക് കാരണമാകുന്നതിലുപരി വ്യക്തിത്വ രൂപീകരണത്തെ കാര്യമായി ബാധിക്കുന്നു. ഇത് ഭാവിയില്‍ അക്രമ വാസനക്കും ഇതര വ്യക്തിത്വ വൈകല്യങ്ങള്‍ക്കും മറ്റു മനോരോഗങ്ങള്‍ക്കും കാരണമാകുന്നു. ലഹരി വിരുദ്ധ ബോധവത്കരണത്തോടൊപ്പം ലഹരി വസ്തുക്കളുടെ ലഭ്യത കുറയ്ക്കാനുള്ള നിയമ നടപടികള്‍ കുറ്റമറ്റ രീതിയില്‍ നടപ്പില്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. കൗമാരക്കാരിലും യുവാക്കളിലും കാണപ്പെടുന്ന പ്രധാനപ്പെട്ട മനോരോഗങ്ങളാണ് വിഷാദരോഗവും ഉത്കണ്ഠാരോഗവും. തീവ്രമായ ദു:ഖാവസ്ഥ, സാധാരണ താല്‍പര്യമുള്ള കാര്യങ്ങളിലെ താല്‍പര്യക്കുറവ്, സന്തോഷമില്ലായ്മ, കടുത്ത ക്ഷീണം, ദൈനംദിന ജോലികളില്‍ പോലും ആയാസം അനുഭവപ്പെടല്‍ തുടങ്ങിയവയാണ് വിഷാദ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇത് കൂടാതെ ശ്രദ്ധക്കുറവ്, അപകര്‍ഷതാബോധം, ആത്മ വിശ്വാസക്കുറവ്, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയില്ലായ്മ, ആത്മഹത്യാചിന്തകള്‍. ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ലൈംഗിക താല്‍പര്യക്കുറവ് തുടങ്ങിയവയും വിഷദ രോഗത്തിന്റെ ലക്ഷണങ്ങളാകാം. കൗമാരക്കാരിലുണ്ടാകുന്ന അമിത ദേഷ്യം, ഉപദേശങ്ങള്‍ക്കോ വിമര്‍ശനങ്ങള്‍ക്കോ അതി വൈകാരിക പ്രതികരണം, തിരസ്‌ക്കരണ മനോഭാവം, സ്‌കൂളില്‍ പോകാനുള്ള വിമുഖത, പഠന പിന്നാക്കാവസ്ഥ, സുഹൃദ് ബന്ധങ്ങളില്‍നിന്നും ഉള്‍വലിയല്‍, കൂടെക്കൂടെയുണ്ടാകുന്ന ദേഹാസ്വാസ്ഥ്യങ്ങള്‍ തുടങ്ങിയവ മിക്കവാറും വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാകാം. അകാരണമായ പേടി, പ്രത്യേക വസ്തുക്കളോടോ സാഹചര്യങ്ങളോടോ അവ ഉപേക്ഷിക്കത്തക്കവണ്ണം അമിതമായ ഭയം, വെപ്രാളം, അമിതമായി വിയര്‍ക്കല്‍, നെഞ്ചിടിപ്പ് തുടങ്ങിയ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ തുടങ്ങിയവ ഉത്കണ്ഠാരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. വിട്ടുമാറാത്ത തലവേദന, നടുവേദന, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍, നെഞ്ചിടിപ്പ്, മറ്റു വൈദ്യപരിശോധനകളിലൂടെ വിശദീകരിക്കാന്‍ കഴിയാത്ത ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ചിലപ്പോള്‍ വിഷാദത്തിന്റേയോ ഉത്കണ്ഠയുടേയോ ലക്ഷണങ്ങളാകാം. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് മറ്റു വൈദ്യ പരിശോധനകള്‍ക്കുശേഷം, ശാരീരിക കാരണങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം, ഒരു മനോരോഗ വിദഗ്ധന്റെ അഭിപ്രായം സ്വീകരിക്കുനത് വിഷാദ രോഗവും ഉത്കണ്ഠാരോഗവും നേരെത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കപ്പെടാന്‍ സഹായമാകും.
സ്‌കിസോഫ്രീനിയ, സംശയരോഗങ്ങള്‍ തുടങ്ങിയവ ഗുരുതര മനോരോഗങ്ങളുടെ തുടക്കം കൗമാരത്തിലോ, യുവത്വത്തിന്റെ ആദ്യ ഘട്ടത്തിലോ ആണ്. അതുകൊണ്ട് ഈ പ്രായക്കാര്‍ക്കുള്ള മാനസികാരോഗ്യ അവബോധം ഇത്തരം രോഗങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ തിരിച്ചറിയാന്‍ ഏറെ സഹായകമാകും. വ്യക്തിയുടേയും കുടുംബത്തിന്റെയും ജീവിത നിലവാരം ഗണ്യമായി വര്‍ധിപ്പിക്കാനിടയാക്കും. ഒരു വ്യക്തിയുടെ സാമൂഹിക-സാംസ്‌കാരിക വിദ്യാഭ്യാസ നിലവാരത്തിനതീതമായി മാറ്റാന്‍ കഴിയാത്ത യുക്തിരഹിതമായ ഉറച്ച വിശ്വാസങ്ങള്‍, അയുക്തികരമായ സംസാരവും പെരുമാറ്റവും മിഥ്യാ കാഴ്ചകളും കേള്‍വികളും ഉള്‍പ്പെടെയുള്ള മിഥ്യാനുഭവങ്ങള്‍, യുക്തിരഹിതമായ സംശയങ്ങള്‍, ഭയം, സാമൂഹികമായ ഉള്‍വലിയല്‍ തുടങ്ങിയവയാണ് സ്‌കിസോഫ്രീനിയായുടെ പ്രധാന ലക്ഷണങ്ങള്‍.
ശാസ്ത്രീയ ചികിത്സാരീതികള്‍ വളരെയേറെ പുരോഗമിച്ച ഈ കാലഘട്ടത്തിലും കൂടുതല്‍ പേരും മന്ത്രവാദമുള്‍പ്പെടെയുള്ള അശാസ്ത്രീയ ചികിത്സകളിലേര്‍പ്പെടുന്നു. ഇതിനുള്ള പ്രധാന കാരണം മനോരോഗത്തെ കുറിച്ചുള്ള അറിവില്ലായ്മയും സമൂഹം വെച്ചുപുലര്‍ത്തുന്ന അന്ധവിശ്വാസങ്ങളുമാണ്. കൂടാതെ മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണയും അശാസ്ത്രീയ ചികിത്സകള്‍ തേടാന്‍ കാരണമായിത്തീരുന്നു. ഇത് ചികിത്സാ കാലതാമസത്തിനും അതുവഴി പെട്ടെന്ന് നിയന്ത്രിക്കാവുന്ന ഗുരുതര മനോരോഗങ്ങള്‍ ദീര്‍ഘനാള്‍ ചികിത്സിക്കപ്പെടേണ്ടതായും വരുന്നു. ഭൂരിഭാഗം മനോരോഗങ്ങളും തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍ പൂര്‍ണമായി സുഖപ്പെടുത്താനും, വ്യക്തിയെ പൂര്‍വസ്ഥിതിയിലാക്കാനും സാധ്യമാണ്. ദീര്‍ഘനാള്‍ നിലനില്‍ക്കുന്ന മനോരോഗങ്ങള്‍ കാര്യമായ പാര്‍ശ്വഫലങ്ങളില്ലാതെ മരുന്നുകളുടെ ഉപയോഗത്തിലൂടെ നിയന്ത്രിക്കാവുന്നതും അതുവഴി തലച്ചോറിലെ നാഡീകോശങ്ങളുടെ നാശം തടയാവുന്നതുമാണ്. മരുന്ന് ചികിത്സയെപ്പോലെ പ്രധാനമാണ് മറ്റിതര ചികിത്സകളും. വിവിധതരം സൈക്കോതെറാപ്പികള്‍, പുനരധിവാസം തുടങ്ങിയവ കൂടുതല്‍, വേഗത്തില്‍, രോഗിയെ പൂര്‍വസ്ഥിതിയിലാക്കാന്‍ സഹായിക്കും. നേരത്തെ ഷോക്ക് ചികിത്സ എന്നറിയപ്പെടുന്ന ഇലക്ട്രോ കണ്‍വെല്‍സീവ്്് തെറാപ്പിയുടെ നൂതന പതിപ്പായ മോഡിഫൈയ്ഡ് ഇലക്ട്രോ കണ്‍വല്‍സീവ് തെറാപ്പിയും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മറ്റു ബ്രെയിന്‍ സ്റ്റിമുലേഷന്‍ തെറാപ്പികളും ഏറെ ഫലപ്രദമാണ്.
കൗമാരക്കാരിലും യുവാക്കളിലുമുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പ്രതിരോധിക്കേണ്ടത് പൊതുജനങ്ങളില്‍ വ്യക്തമായ അവബോധം സൃഷ്ടിക്കുക വഴിയാണ്. ഇതിനായി വിദ്യാര്‍ത്ഥി കള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാ വിഭാഗം ജനങ്ങളിലും മാനസികാരോഗ്യ അവബോധം കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കേണ്ടതാണ്. അതുപോലെ പ്രധാനമാണ് കൗമാരക്കാരിലും യുവാക്കളിലുമുണ്ടാകുന്ന ദൈനംദിന ജീവിതത്തിലെ സമ്മര്‍ദങ്ങള്‍ കൈകാര്യം ചെയ്യല്‍, ജീവിത നൈപുണ്യ വികസിപ്പിക്കല്‍, മെച്ചപ്പെട്ട സാമൂഹിക-സൗഹൃദ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലൂടെയുള്ള ഉയര്‍ന്ന സുരക്ഷിതത്വബോധം വളര്‍ത്തല്‍ തുടങ്ങിയവ. ശാരീരിക ആരോഗ്യവും മാനസികാരോഗ്യവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ നിത്യേനയുള്ള വ്യായാമം, സമീഗൃത ആഹാരം, മാനസിക ഉല്ലാസത്തിനുള്ള സമയം കണ്ടെത്തല്‍, മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള വ്യായാമ മുറകള്‍ തുടങ്ങിയവ മാനസികാരോഗ്യവും ശാരീരികാരോഗ്യവും ഒരുപോലെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. സാമൂഹിക – ആരോഗ്യ – വിദ്യാഭ്യാസ രംഗത്ത് സമഗ്ര സംയോജിത മാനസികാരോഗ്യ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ മാറുന്ന കാലത്തിന് അനുസൃതമായി പരിഷ്‌ക്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
(കോഴിക്കോട് സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രം സൈക്യാട്രിസ്റ്റാണ് ലേഖകന്‍)