Connect with us

Video Stories

വരുമോ വീണ്ടും ആ വെള്ളിയാഴ്ച

Published

on

എം.സി വടകര

എല്ലാ ജനാധിപത്യ കക്ഷികളും ഒരു കുടക്കീഴില്‍ ഒത്തുചേരുകയും എല്ലാ മാര്‍ക്‌സിയന്‍ കക്ഷികളും മറുപക്ഷത്താവുകയും ചെയ്ത ഒരൊറ്റ സന്ദര്‍ഭമേ കേരള രാഷ്ട്രീയ രംഗത്തുണ്ടായിട്ടുള്ളൂ. 1979 ലാണത്. സി.പി.ഐ ഉള്‍പ്പെടുന്ന ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് വിശേഷിച്ചൊരു കാരണവുമില്ലാതെ പി.കെ വാസുദവന്‍ നായര്‍ രാജിവെച്ചിറങ്ങിപ്പോയ ശൂന്യതയെ നേരിടേണ്ടിവന്നപ്പോഴാണ് ജനാധിപത്യ കക്ഷികള്‍ ഒന്നിച്ചുനില്‍ക്കേണ്ട അവസരം സംജാതമായത്. പഞ്ചാബിലെ ഭട്ടിന്‍ഡായില്‍ ചേര്‍ന്ന സി.പി.ഐയുടെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഒരു പതിവ് പ്രമേയത്തില്‍ തൂങ്ങിപ്പിടിച്ച് കൊണ്ടാണ് കമ്യൂണിസ്റ്റ് ഐക്യത്തിന്റെ മരീചിക തേടി പി.കെ.വി മുഖ്യമന്ത്രി പദം വിട്ടൊഴിഞ്ഞത്. ഹിമാലയന്‍ വിഡ്ഢിത്തമാണ് അന്ന് അദ്ദേഹം ചെയ്തതെന്ന് സി.പി.ഐക്ക് ഇപ്പോഴെങ്കിലും ബോധ്യപ്പെട്ടിരിക്കണം. കമ്യൂണിസ്റ്റ് ഐക്യം നടന്നതുമില്ല, സി.പി.ഐക്കാരന്‍ പിന്നീടൊരിക്കലും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നതുമില്ല. പി.കെ.വിയുടെ ബലിദാനം വെറുതെയായി. ഭരണശൂന്യത കളിയാടിനിന്ന കേരളത്തില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കുകയെന്ന ശ്രമകരമായ വെല്ലുവിളിയാണ് നേതാക്കള്‍ക്ക് ഏറ്റെടുക്കേണ്ടിവന്നത്.

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടാത്ത ഒരു മന്ത്രിസഭയായിരുന്നു ലക്ഷ്യം. സൂചിത്തുളയില്‍കൂടി ഒട്ടകം കടന്നാലും തങ്ങള്‍ പരസ്പരം യോജിക്കുകയില്ലെന്ന് വാശിപിടിച്ചുനില്‍ക്കുന്ന ഈ ജനായത്ത കക്ഷികളെ എങ്ങനെ ഒന്നിപ്പിക്കാന്‍ കഴിയും? ഐ കോണ്‍ഗ്രസുകാരന്‍ മുഖ്യമന്ത്രിയാവുന്നതിനെ യു കോണ്‍ഗ്രസുകാരന്‍ ഒരിക്കലും സഹിക്കില്ല. കെ.എം മാണിയുള്ള മുന്നണിയില്‍ പി.ജെ ജോസഫിനെ കണികാണാന്‍ കിട്ടില്ല. എന്‍.സി.പിയുള്ള മുന്നണിയില്‍ എസ്.ആര്‍.പി ചേരുന്ന പ്രശ്‌നമേയില്ല. ആലോചനകള്‍ മുട്ടിനില്‍ക്കുമ്പോഴാണ് ഒരു വടക്ക് നോക്കിയന്ത്രത്തിന്റെ സൂചി പോലെ എല്ലാ കണ്ണുകളും സി.എച്ച് മുഹമ്മദ് കോയയിലേക്കു തിരിഞ്ഞത്.

നിയമസഭാസ്പീക്കറായ ചാക്കീരി അഹമ്മദ് കുട്ടിയും തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ബെനഡിക്റ്റ് മാര്‍ ഗ്രിഗോറിയസ് തിരുമേനിയും അതിനുള്ള തറയൊരുക്കങ്ങള്‍ നടത്തി. പ്രഗത്ഭനായ മന്ത്രി, നിഷ്പക്ഷനായ സ്പീക്കര്‍, അതുല്യനായ ചെസ് കളിക്കാരന്‍ എന്നീ നിലകളിലെല്ലാം പ്രശസ്‌നായിരുന്നു ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്. പ്രായോഗിക രാഷ്ട്രീയത്തില്‍ മിടുക്കനായ ചാക്കീരി പിന്നീടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്ക് മുന്നില്‍ നിന്നു. ബിഷപ്പ്ഹൗസില്‍നിന്നും സ്പീക്കറുടെ വസതിയില്‍നിന്നും നിരന്തരമായ ടെലിഫോണ്‍ കോളുകള്‍ വന്നും പോയും കൊണ്ടിരുന്നു. കെ. കരുണാകരനെയും കെ.എം മാണിയേയും എ.കെ ആന്റണിയേയും ചാക്കീരി നേരില്‍കണ്ട് സംസാരിച്ചു.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും അദ്ദേഹം ബന്ധപ്പെട്ട് തന്റെ ശ്രമങ്ങള്‍ക്ക് ആശീര്‍വാദം നേടി. ചക്രവാളത്തില്‍ മഞ്ഞുരുകലിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. മുസ്്‌ലിംലീഗിന്റെ സംസ്ഥാന കൗണ്‍സില്‍ അടിയന്തരമായി തിരുവനന്തപുരത്ത് ചേര്‍ന്നു. ‘മാന്യമായ പിന്തുണയും വ്യക്തമായ ഭൂരിപക്ഷവുമുണ്ടെങ്കില്‍ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കുള്ള പരിഹാരമെന്ന നിലയില്‍ ഒരു മന്ത്രിസഭ രൂപീകരിച്ചുകൊള്ളാന്‍ ലീഗ് കൗണ്‍സില്‍ സി.എച്ചിന് അനുമതി നല്‍കി.
അപകടം മണത്തറിഞ്ഞ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒരു തുടര്‍മന്ത്രിസഭ വരാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിനോക്കി. തങ്ങളുടെ ഒന്നാം നമ്പര്‍ ശത്രുവായ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ഒരു സര്‍ക്കാറുണ്ടാക്കാനാണ് സി.പി.എം ശ്രമിച്ചത്. ഒക്ടോബര്‍ ഏഴാം തിയ്യതി ഇ.എം.എസ് നമ്പൂതിരിപ്പാട് രണ്ട് തവണ എ.കെ ആന്റണിയെ സംഭാഷണത്തിനായി ക്ഷണിച്ചു. ആ ക്ഷണം ആന്റണി ഇടംകൈ കൊണ്ട് തട്ടിക്കളഞ്ഞു. ടെലിഫോണിലൂടെ വീണ്ടും വിളിച്ചപ്പോള്‍ ആന്റണി പറഞ്ഞു. ‘ഇനി നമ്മള്‍ തമ്മില്‍ രാഷ്ട്രീയ ഐക്യ ചര്‍ച്ചയില്ല’. കെ.എം മാണിയെ മുഖ്യമന്ത്രിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു സംഘം പാലായിലേക്ക് പോയെങ്കിലും അതും നടന്നില്ല. സംഭവങ്ങളുടെ സിരാകേന്ദ്രം രാജ്ഭവനിലേക്ക് നീങ്ങി.

കോണ്‍ഗ്രസ് (ഐ) നേതാവ് കെ. കരുണാകരന്‍, പ്രൊഫ കെ.എം ചാണ്ടി, മുസ്‌ലിംലീഗ് നേതാവ് ബി.വി അബ്ദുല്ലക്കോയ സാഹിബ്, എന്‍.ഡി.പി നേതാവ് കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ള, സുന്ദരേശന്‍ നായര്‍, പി.എസ്.പി നേതാവ് സി.എം സുന്ദരം, എന്‍. ബാലകൃഷ്ണന്‍, ജനതാപാര്‍ട്ടി നേതാക്കളായ കെ. ചന്ദ്രശേഖരന്‍, എം.പി വീരേന്ദ്രകുമാര്‍, കേരള കോണ്‍ഗ്രസ് നേതാക്കളായ പി.ജെ ജോസഫ്, ടി.എസ് ജോണ്‍ എന്നിവര്‍ രാജ്ഭവനില്‍ വെവ്വേറെയായി ഗവര്‍ണറെ കണ്ട് സംഭാഷണം നടത്തി. ഏറ്റവുമൊടുവിലാണ് കെ.പി.സി. സി പ്രസിഡണ്ട് എ.കെ ആന്റണി ഗവര്‍ണറെ കണ്ടത്. തങ്ങള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സി.എച്ച് മുഹമ്മദ് കോയക്ക് പിന്തുണ നല്‍കുന്നു എന്ന വിവരം ജനതാപാര്‍ട്ടി നേതാവ് കെ. ചന്ദ്രശേഖരന്‍ ഗവര്‍ണറെ ഔപചാരികമായി അറിയിച്ചു. തൊട്ടുപിന്നാലെ പി.ജെ ജോസഫും ഗവര്‍ണറെ കണ്ട് കേരള കോണ്‍ഗ്രസിന്റെ പിന്തുണ ബോധ്യപ്പെടുത്തി.

വൈകുന്നേരം 6 മണി. ക്ലിഫ്ഹൗസില്‍ സി.എച്ചിന്റെ പത്ര സമ്മേളനം. താന്‍ ഒരു മന്ത്രിസഭ രൂപീകരിക്കാന്‍ തയ്യാറായിരിക്കുന്ന വിവരം അദ്ദേഹം പത്രക്കാരെ അറിയിച്ചു. ‘ഭൂരിപക്ഷമുണ്ടെന്ന വിവരം ഗവര്‍ണറെ അറിയിക്കും. ബാക്കി കാര്യങ്ങള്‍ നാളെ പറയാം.’ അതും പറഞ്ഞ് സി.എച്ച് രാജ്ഭവനിലേക്ക് പുറപ്പെട്ടു, ഗവര്‍ണറെ കണ്ട് വിവരമറിയിക്കാന്‍. രാത്രി 7 മണി; സി.എച്ച് മുഹമ്മദ് കോയ, കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി, കെ.എം മാണി, കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ള എന്നിവരോടൊപ്പം രാജ്ഭവനിലെത്തി. കാപ്പിയും കശുവണ്ടിയും നല്‍കി ഗവര്‍ണര്‍ അവരെ സ്വീകരിച്ചു. ഒരു മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷ പിന്തുണ തനിക്കുണ്ടെന്ന് സി.എച്ച് ഗവര്‍ണറെ ബോധ്യപ്പെടുത്തി.

രാത്രി 8 മണി: എ.കെ ആന്റണിയുടെ കാര്‍ രാജ്ഭവനു മുന്നിലെത്തി. പത്രക്കാര്‍ ചെവി കൂര്‍പ്പിച്ചു നില്‍ക്കെ ‘കോണ്‍ഗ്രസ് പാര്‍ട്ടി സി.എച്ചിന് പിന്തുണ നല്‍കുന്നു എന്ന് ആന്റണി ഗവര്‍ണര്‍ക്ക് എഴുതിക്കൊടുത്തു. കരിമുകിലുകള്‍ നീങ്ങി, ആകാശം തെളിഞ്ഞു. ചാക്കീരിയുടെ ചാണക്യ തന്ത്രം വിജയപ്രദമാവുകയായിരുന്നു. എല്ലാവരും പിറ്റേ ദിവസം നടക്കാനിരിക്കുന്ന ചരിത്ര സംഭവത്തിന് ഉറക്കമിളച്ച് നിന്നു. 1979 ഒക്ടോബര്‍ 12, അതൊരു വെള്ളിയാഴ്ചയായിരുന്നു. നമ്മുടെ ചരിത്രത്തിന് ഒരിക്കലും മറക്കാനാവാത്ത വെള്ളിയാഴ്ച. ഇന്ത്യയില മുസ്്‌ലിം സമുദായത്തിന്റെ ചരിത്രത്തിലെ ഇതിഹാസ സമാനമായ ഒരധ്യായം ഇതള്‍വിരിയുന്നത് കണ്ടുകൊണ്ടാണ് അന്ന് പ്രഭാതം പൊട്ടിവിരിഞ്ഞത്. സി.എച്ച് മുഖ്യമന്ത്രിയാവുന്നു എന്ന് കേട്ട് നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും മുസ്‌ലിംലീഗ് പ്രവര്‍ത്തകന്മാര്‍ കിട്ടാവുന്ന വാഹനങ്ങളില്‍ തിരുവനന്തപുരത്തേക്കൊഴുകി. സ്വതന്ത്ര ഇന്ത്യയില്‍ ഒരു മുസ്‌ലിംലീഗുകാരന്‍ മുഖ്യമന്ത്രിയാവുന്ന അവിശ്വസനീയ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍.

ക്ലിഫ്ഹൗസില്‍ അന്ന് സൂര്യന്‍ നേരത്തെ ഉദിച്ചു. നനുത്ത പ്രഭാതത്തില്‍ ആനന്ദബാഷ്പം പൊഴിച്ചുകൊണ്ട് ആത്മനിര്‍വൃതിയുടെ പൂച്ചെണ്ടുകളുമായെത്തുന്ന അനുയായി വൃന്ദങ്ങളെ കണ്ട് ആ വിശാലമായ മണിമന്ദിരത്തിന്റെ മുറ്റത്തുള്ള പുല്‍ത്തകിടികള്‍ പോലും പുളകമണിഞ്ഞു. സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സാഹിത്യകാരന്മാരും ഉലമാക്കളും പുരോഹിതന്മാരും പത്രപ്രവര്‍ത്തകരും അങ്ങനെ എണ്ണമറ്റ സന്ദര്‍ശകരെകൊണ്ട് നന്തന്‍കോട് വീര്‍പ്പുമുട്ടി. എല്ലാവരോടും പുഞ്ചിരിച്ച് കുശലംപറഞ്ഞ് സി.എച്ച് ക്ലിഫ്ഹൗസിന്റെ പൂമുഖത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. സമയം ഉച്ച 12 മണി: ജുമുഅ നമസ്‌കാരത്തിനായി സി.എച്ച് പാളയം പള്ളിയിലേക്ക് പുറപ്പെടുന്നു. കൈയ്യറ്റം നീണ്ട തൂവെള്ള ഷര്‍ട്ടും കരയില്ലാത്ത വെള്ള മുണ്ടും വെളുത്ത രോമത്തൊപ്പിയുമായി ചോക്കലേറ്റ് നിറമുള്ള 36 ാം നമ്പര്‍ സ്റ്റേറ്റ് കാറില്‍ മകന്‍ മുനീറിനോടും ബന്ധുക്കളായ ഡോ. അഹമ്മദ് ശരീഫ്, മൂസ്സക്കോയ എന്നിവരോടുമൊപ്പം സി.എച്ച് പള്ളിയിലെത്തി. നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങി സി.എച്ചിന്റെ കാര്‍ നേരെ രാജ്ഭവനിലേക്ക്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ബി.വി അബ്ദുല്ലക്കോയയും അതേ കാറില്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

സമയം 2.30: സി.എച്ചിന്റെ കാര്‍ രാജ്ഭവന്‍ അങ്കണത്തിലെത്തി. ജയാരവം മുഴക്കിയ പുരുഷാരം സി.എച്ചിനെ കൈകളുയര്‍ത്തി അഭിവാദ്യം ചെയ്തു. സത്യപ്രതിജ്ഞക്കുള്ള വേദിയൊരുങ്ങി. ശിഹാബ് തങ്ങളും ബി.വി അബ്ദുല്ലക്കോയയും മുസ്്‌ലിംലീഗിനെകൊണ്ട് ഇനി പ്രയോജനമില്ലെന്ന് കരുതി സിറ്റി ലീഗിന്റെ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ചുപോയ വര്‍ത്തക പ്രമുഖനായ മുന്‍ എം.എല്‍. എ പി.പി ഹസ്സന്‍ കോയ സാഹിബ് മുതല്‍ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരെല്ലാം സദസ്സിന്റെ മുന്‍നിരയിലുണ്ടായിരുന്നു. ആര്‍.എസ്.പി നേതാവ് ബേബി ജോണ്‍ സി.എച്ചിനെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു. പ്രതിപക്ഷത്ത് നിന്ന് ആര്‍.എസ്.പിയുടെയും സി.പി.ഐയുടെയും നേതാക്കള്‍ മാത്രമേ ചടങ്ങിനെത്തിയിരുന്നുള്ളൂ. ചടങ്ങ് ആരംഭിക്കാനുള്ള മണിമുഴങ്ങി. മദിരാശി നിയമസഭയില്‍ രാജാജിയുടെയും ഖാഇദെ മില്ലത്തിന്റെയും സഹപ്രവര്‍ത്തകയും സ്വാതന്ത്ര്യസമര നായികയും മുന്‍മന്ത്രിയുമായ ഗവര്‍ണര്‍ ജോതി വെങ്കിട ചെല്ലം യുഗപകര്‍ച്ചക്ക് കാര്‍മ്മികത്വം വഹിക്കാനെന്ന പോലെ ഇളം തവിട്ട് ഖദര്‍ സാരിയുമണിഞ്ഞ് ഔദ്യോഗിക പരിവേഷത്തോടെ വേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഗവര്‍ണറുടെ പ്രഖ്യാപനം ചീഫ് സെക്രട്ടറി സി. ഭാസ്‌കരന്‍ നായര്‍ വായിച്ചു.

പിന്നീട് സത്യപ്രതിജ്ഞക്കായി സി.എച്ചിന്റെ പേര് വിളിച്ചു. അപ്പോള്‍ സദസ്സില്‍ നീണ്ടുനിന്ന കരഘോഷം. സി.എച്ച് സദസ്സിലെ മുന്‍വരിയിലുള്ള നേതാക്കന്മാരോടെല്ലാം അനുഗ്രഹം വാങ്ങി മെല്ലെ വേദിയില്‍ കയറി. ജനക്കൂട്ടത്തിന്റെ ഹര്‍ഷാരവം. ഗവര്‍ണര്‍ മെല്ലെ ഇംഗ്ലീഷില്‍ സത്യവാചകം വായിച്ചു. സി.എച്ച് അതേറ്റു പറഞ്ഞു. In the name of God എന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ In the name of Allah എന്ന് സി.എച്ച് പ്രതിവചിച്ചു. അങ്ങിനെ മുസ്്‌ലിം കേരളത്തിന്റെ കരള്‍ തുടിപ്പായ സി.എച്ച് മുഹമ്മദ് കോയ തന്റെ അന്‍പത്തിരണ്ടാമത്തെ വയസ്സില്‍ മുഖ്യമന്ത്രിയായി അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

കഴിഞ്ഞ ഒമ്പത് തവണ നമ്പൂതിരിയും നായരും ഈഴവനും ക്രിസ്ത്യാനിയും മാറി മാറി മുഖ്യമന്ത്രിയായ കേരളത്തില്‍ പത്താമതായി ഒരു മുസല്‍മാന്‍ മുഖ്യമന്ത്രിയാവുകയെന്നുള്ളത് ഒരു കാവ്യ നീതിയായിരുന്നു. അതാണിവിടെ സംഭവിച്ചത്. ഒക്ടോബര്‍ 12ാം തിയ്യതി മലയാള മനോരമ ഇങ്ങനെ എഴുതി. ‘കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ കേരള രാഷ്ട്രീയത്തില്‍ മുസ്്‌ലിംലീഗിനു വേണ്ടി നിരവധി ബഹുമതികള്‍ വാരിക്കൂട്ടിയ നേതാവാണ് സി.എച്ച് മുഹമ്മദ് കോയ. അധികാരത്തിന്റെ അയലത്ത് പോലും അടുത്ത് ചെല്ലാനാകാതെ അകറ്റിനിര്‍ത്തപ്പെട്ടിരുന്ന മുസ്്‌ലിം സമുദായത്തിന്റെ ഇരുണ്ട ചക്രവാളത്തില്‍ ഒരു ഭാഗ്യതാരകമായി അദ്ദേഹം ഉദിച്ചുയര്‍ന്നു.

പോക്കര്‍ സാഹിബിനെയും സീതി സാഹിബിനെയും ബാഫഖി തങ്ങളെയും പോലുള്ള സമുന്നത നേതാക്കള്‍ ഏറെയുണ്ടായിട്ടുണ്ടെങ്കിലും കേരള ചരിത്രത്തില്‍ ലീഗിന്റെ പടക്കുതിരയും പടവാളും പരിചയും കൊടിക്കൂറയുമായി കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലവും വിലസിയത് വികാരങ്ങളും വിചാരങ്ങളും മാറ്റൊലി കൊള്ളിച്ചത് സി.എച്ചിന്റെ വാക്കും നാക്കുമാണ്. അത്‌കൊണ്ട് എതിരാളികള്‍ ഏറെയുണ്ടെങ്കിലും ലീഗിന് ലഭിക്കുന്ന ഏത് സ്ഥാനമാനങ്ങളും അവസാനം തുന്നിച്ചേര്‍ക്കപ്പെടുക കോയയുടെ തൊപ്പിയിലായിരിക്കും. ഇന്ന് ലീഗിന്റെ ചരിത്രത്തില്‍ അവിസ്മരണീയമായ അഭിമാനത്തിന്റെ മംഗള മുഹൂര്‍ത്തമാണെങ്കില്‍ അതണിയുന്ന വിജയ തിലകവും മറ്റാരുമല്ല.’

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending