Connect with us

Video Stories

ഉടപ്പിറപ്പിനെ പോലും ഉപേക്ഷിച്ചോടുന്ന ദിനം

Published

on

എ.എ വഹാബ്

ഖുര്‍ആനിലെ എണ്‍പതാം അധ്യായം ‘അബസ’ മക്കയിലാണവതരിച്ചത്. 42 സൂക്തങ്ങള്‍. അവതരണ ക്രമമനുസരിച്ച് ഇരുപത്തിനാലാമത്. മറ്റ് മിക്ക സൂറത്തുകളെപ്പോലെ ഇതിലും കൊച്ചു കൊച്ചു വാക്കുകളും വാക്യങ്ങളും. അതിശക്തമായ ഭാഷ. ഹൃദയാന്തരങ്ങളില്‍ തുളച്ചുകയറുന്ന ശൈലി. മനുഷ്യ മനസ്സിനെ ഏറെ ചിന്തിപ്പിക്കുന്ന വിമര്‍ശനങ്ങള്‍. സത്യവിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന തലോടലുകളുമുണ്ട്.
പ്രവാചക ജീവിതത്തില്‍ നിന്ന് ഒറ്റപ്പെട്ടതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു സംഭവം പറിച്ചെടുത്ത് അതിബൃഹത്തായ ഒരു യാഥാര്‍ത്ഥ്യം നമ്മെ പഠിപ്പിച്ചുകൊണ്ടാണ് അധ്യായം ആരംഭിക്കുന്നത്. സത്യ പ്രബോധന വീഥിയില്‍ ഖുറൈശികളില്‍ നിന്ന് കഠിനമായ അക്രമ മര്‍ദ്ദന പീഡനങ്ങള്‍ പ്രവാചകനും അനുയായികളും അനുഭവിച്ചുകൊണ്ടിരുന്ന കാലം. ഖുറൈശികള്‍ മറ്റ് ഗോത്രക്കാരെയും ഇസ്‌ലാം സ്വീകരിക്കുന്നതില്‍ നിന്ന് ആട്ടിപ്പായിപ്പിച്ചുകൊണ്ടിരുന്നു. ഏറ്റവും ആദ്യം പ്രവാചകനെ സത്യത്തിന്റെ കാര്യത്തില്‍ പിന്തുണക്കും എന്നദ്ദേഹം കരുതിയിരുന്ന കുടുംബക്കാര്‍ പോലും ഖുറൈശികളുടെ ഈ സമീപനം കൊണ്ട് പ്രവാചകനില്‍ നിന്ന് അകലം പാലിച്ചു നിന്നു. ദുസ്സഹമായ ആ സാഹചര്യത്തില്‍ പ്രവാചക മനസ്സില്‍ ഒരു ചിന്തയുതിര്‍ന്നു. ഖുറൈശീ പ്രമുഖരില്‍ ചിലരെങ്കിലും ഇസ്‌ലാം സ്വീകരിച്ചിരുന്നെങ്കില്‍ അത് ദീനിന് പിന്‍ബലവും മുതല്‍ക്കൂട്ടുമാവുമെന്ന്. ഏറ്റവും ചുരുങ്ങിയത് പീഢനങ്ങള്‍ക്ക് ഒരു ശമനമുണ്ടാവും. പിതൃവ്യന്‍ അബ്ബാസ് വഴി അതിനുള്ള ഏര്‍പ്പാടുകള്‍ പ്രവാചകന്‍ ചെയ്തു. അങ്ങനെ ഒരു ദിനം അവര്‍ ഒത്തുകൂടി. മക്കാ പൗരപ്രമുഖന്‍ റബീഅയുടെ പുത്രന്മാരായ ഉത്ബയും ശൈബയും അബൂജഹല്‍ എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട അംറ്ബിന്‍ ഹിശാം, ഉമയ്യത്ത് ബിന്‍ ഖലഫ്, വലീദ് ബിന്‍ മുഗീറ തുടങ്ങിയവരുടെ കൂട്ടത്തില്‍ അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്തലിബും ഉണ്ടായിരുന്നു. നാട്ടിലെ ആ പൗര പ്രമുഖന്മാരോടു പ്രവാചകന്‍ സംസാരിച്ചുകൊണ്ടിരിക്കെ കാഴ്ചയില്ലാത്തവനും ദരിദ്രനും ഖദീജ (റ)ന്റെ ബന്ധുവുമായ അബ്ദുല്ലാഹിബിന് ഉമ്മി മക്്ത്തൂം സദസ്സിലേക്ക് കയറി വന്നു. അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിയാതെ തനിക്ക് ഖുര്‍ആന്‍ പഠിപ്പിച്ചു തരണേ പ്രവാചകരേ എന്ന് ഉമ്മുമക്ത്തൂം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. പ്രവാചകന് അല്‍പം നീരസം അനുഭവപ്പെട്ടു, അദ്ദേഹം നെറ്റിചുളിച്ചു പിന്തിരിഞ്ഞു. അതൊന്നും മനസ്സിലാക്കാന്‍ കാഴ്ചയില്ലാത്ത ആ സാധുവിന് കഴിയില്ലല്ലോ. അദ്ദേഹം ആവശ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഖുര്‍ആന്റെ ആഖ്യാന സ്വാധീനത്താല്‍ അനുവാചകരും ആ സദസ്സ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന പ്രതീതി ഉളവാക്കും. അതാ അല്ലാഹുവിന്റെ ഇടപെടല്‍ ഉണ്ടാകുന്നു. തീക്ഷ്ണമായ വിമര്‍ശനം, പ്രവാചകനെ ഇതിന് മുമ്പൊരിക്കലും അല്ലാഹു ഇങ്ങനെ കുറ്റപ്പെടുത്തിയിട്ടില്ല. ‘കാഴ്ചയില്ലാത്ത ഒരുവന്‍ തന്റെയടുത്ത് വന്നപ്പോള്‍ അദ്ദേഹം നെറ്റിചുളിച്ചു പിന്തിരിഞ്ഞു കളഞ്ഞു. അയാള്‍ നന്നാകുമോ ഇല്ലേ എന്നതിനെക്കുറിച്ച് നിനക്കെന്തറിയാം? ഉപദേശം കേട്ടിട്ട് അതയാള്‍ക്കും പ്രയോജനപ്പെട്ടെങ്കിലോ? തനിക്ക് താന്‍ പോന്നവന്‍ എന്ന് സ്വയം വിചാരിച്ചവന് നീ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നു. അവന്‍ നന്നായില്ലെങ്കില്‍ നിനക്കൊന്നുമില്ല. ദൈവഭയത്തോടെ നിന്റെയടുത്ത് പാഞ്ഞുവന്നവനെ നീ വകവെക്കുന്നുമില്ല!
അതു വേണ്ട എന്ന് പ്രവാചകനെ ഉപദേശിച്ച ശേഷം അല്ലാഹു ഖുര്‍ആനെക്കുറിച്ചു പറയുന്നു: ‘ഇതൊരു ഉള്‍ബോധനമാണ്, വേണമെന്നുള്ളവന് സ്വീകരിക്കാം. ആദരണീയവും സമുന്നതുമായ ഏടുകളില്‍ നിന്നുള്ളത്. മാന്യരും പുണ്യവാന്മാരുമായ ദൗത്യ വാഹകരുടെ കൈകളിലാണ്.’ ഇത്രയും ബൃഹത്തായ ഉല്‍ബോധനത്തെ തിരസ്‌ക്കരിക്കുന്ന മനുഷ്യന്റെ നന്ദികേടിനെയാണ് പിന്നെ പരാമര്‍ശിക്കുന്നത്. നന്ദികെട്ട മനുഷ്യന് നാശം എന്ന് പറഞ്ഞുകൊണ്ട് മനുഷ്യന്‍ തന്റെ ഉല്‍പത്തിയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. നിസ്സാരമായ ബീജത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു വ്യവസ്ഥപ്പെടുത്തി വിധി നിശ്ചയിച്ചു. സന്മാര്‍ഗം എളുപ്പമാക്കിക്കൊടുക്കുകയും ചെയ്തു. വളരെ വേഗം ജീവിതാന്ത്യത്തിലേക്ക് കടക്കുന്ന പരാമര്‍ശം തൊട്ടുടനെ വരുന്നു. മനുഷ്യനെ മരിപ്പിക്കുകയും മറമാടുകയും ചെയ്യും. പിന്നെ അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും. നിഷേധിയായ മനുഷ്യന്‍ കല്‍പ്പിക്കപ്പെട്ടത് നിറവേറ്റിയില്ല എന്ന കുറ്റപ്പെടുത്തലും കൂടെയുണ്ട്.
സ്വന്തം നിസ്സഹായതയും തനിക്ക് ലഭിച്ച ദൈവാനുഗ്രഹവും തിരിച്ചറിയാന്‍ അന്നത്തിലേക്ക് നോക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഉപരിമണ്ഡലത്തില്‍ നിന്ന് വെള്ളം കോരിചൊരിഞ്ഞ് ഭൂമിയുടെ മാറിടം പിളര്‍ത്തി വിത്തുകള്‍ മുളപ്പിച്ചു മുന്തിരിയും പച്ചക്കറിയും ഒലീവും ഈത്തപ്പനയും സമൃദ്ധിയുള്ള തോട്ടങ്ങളും പഴങ്ങളും പുല്ലുകളും എല്ലാം അതിലുണ്ട്. മനുഷ്യനും കാലികള്‍ക്കുമുള്ള വിഭവങ്ങള്‍ എന്ന നിലക്ക്. ഇതെല്ലാം യഥേഷ്ടം ഉപഭോഗിച്ച് സുഖമായി ദീര്‍ഘകാലം ഇവിടെ ജീവിക്കാം എന്ന ചിന്ത ആര്‍ക്കും വേണ്ട. അന്ത്യദിനത്തിന്റെ കാതടപ്പിക്കുന്ന ഘോര ശബ്ദം ഒരു നാള്‍ മുഴങ്ങും. അന്ന് മനുഷ്യന്‍ തന്റെ കൂടപ്പിറപ്പിനെയും മാതാപിതാക്കളെയും ഭാര്യ മക്കളെയും എല്ലാം ഉപേക്ഷിച്ചോടിപ്പോകും. എല്ലാ ഓരോരുത്തര്‍ക്കും അവരവരുടെ സ്വന്തം കാര്യം തന്നെ ധാരാളമുണ്ടായിരിക്കും. ആര്‍ക്കും ആരെയും സഹായിക്കാനോ രക്ഷിക്കാനോ ആവാത്ത ദിവസം.
ദൈവീക നിര്‍ദ്ദേശങ്ങള്‍ പാലിച്ചു പരലോക വിചാരണാ ബോധത്തോടെ ജീവിച്ച പുണ്യവാന്മാരുടെ മുഖം അന്ന് പ്രസന്നമായിരിക്കും. പാപികളും നിഷേധികളുമായി ജീവിച്ചവരുടെ മുഖം ചെളിപുരണ്ട് ഇരുള്‍ മൂടിയതായിരിക്കും. ഉള്‍ക്കാമ്പറിഞ്ഞ് അബസ ആരെങ്കിലും പാരായണം ചെയ്താല്‍ തുടക്കം മുതല്‍ ഒടുക്കം വരെ അതവന്റെ നിശ്വാസത്തെപ്പോലും തടസ്സപ്പെടുത്തും. ഹൃദയത്തെ പിടിച്ചു കുലുക്കും. സ്വന്തം ഭാവി ഭാഗഥേയം ഭംഗിയാക്കാന്‍ എന്താണ് വേണ്ടതെന്ന് അത് അവനെക്കൊണ്ട് അന്വേഷിപ്പിക്കും. അത്ര സ്വാധീനമാണ് അബസയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ക്ക്. എത്ര സമുന്നതനാണെങ്കിലും മനുഷ്യന്‍ തന്റെ ചുറ്റുപാടുകള്‍ക്കും സാമൂഹിക സാഹചര്യങ്ങള്‍ക്കും എങ്ങനെ വശംവദനനായിപ്പോകും എന്ന് പ്രവാചക ചരിത്രം മുന്‍നിര്‍ത്തി ഇവിടെ പഠിപ്പിക്കുന്ന പാഠം ഏറെ വലുതാണ്. ഈ ദീന്‍ നിലനില്‍ക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ്. സമ്പന്നന്റെ പണം കൊണ്ടോ താന്‍ പോരിമക്കാരന്റെ പൊങ്ങച്ചം കൊണ്ടോ പ്രതാപവും അധികാരവും ഭാവിക്കുന്ന മിഥ്യാ സങ്കല്‍പക്കാരനെക്കൊണ്ടോ ഒന്നുമല്ല. കാരണം മനുഷ്യനുള്ളതെല്ലാം അല്ലാഹു നല്‍കിയതാണ്. നിസ്സാരമായ ബീജത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യന് വിഭവങ്ങളും മറ്റ് സൗകര്യങ്ങളും നല്‍കിയത് സ്രഷ്ടാവിന്റെ കല്‍പനയാനുസരിച്ച് ജീവിക്കാനാണ്. അല്ലാതെ തനിക്കുള്ളതെല്ലാം താനുണ്ടാക്കിയതാണെന്ന മിഥ്യ സങ്കല്‍പത്തോടെ തിമിര്‍ത്താടാനും സത്യത്തെ നിഷേധിച്ച് ജീവിക്കാനുമല്ല. അത്തരക്കാര്‍ സത്യ പ്രബോധനത്തിന് നേരെ നടത്തുന്ന ദ്രോഹങ്ങളെ പ്രവാചകനും സത്യവിശ്വാസികളും ഒട്ടും ഭയക്കേണ്ടതില്ല. അവരെ സുഖിപ്പിക്കാന്‍ പ്രത്യേക നടപടികളൊന്നും വേണ്ടതില്ല. അവരുടെ മാനദണ്ഡം നശ്വരമായ ഭൗതിക ചിന്ത മാത്രമാണ്. പ്രവാചകന്റേത് അങ്ങനെയാവാന്‍ പാടില്ലല്ലോ. അതിനാല്‍ ആത്മാര്‍ത്ഥമായി ദൈവ ഭയത്തോടെ പാഞ്ഞുവരുന്നവരെ ഉല്‍ബോധനം കേള്‍പ്പിക്കുക. അവര്‍ സംസ്‌ക്കാര സമ്പന്നരാവും. മറ്റുള്ളവര്‍ക്കും അന്ത്യം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അവര്‍ അതുമായി കണ്ടുമുട്ടും. എല്ലാം ഉപേക്ഷിച്ച് അവര്‍ ഓടുന്ന ദിനത്തില്‍. ഭയഭക്തിയുള്ളവരാണ് ആദരണീയര്‍. അവര്‍ ഒടുവില്‍ സന്തോഷഭരിതരായിത്തീരുകയും ചെയ്യും.

kerala

‘ഷാഫി കലക്കിയ നാടകമെന്ന സാധ്യതയാണ് പറഞ്ഞത്’; പാതിരാ റെയ്ഡില്‍ നിലപാട് മാറ്റി പി.സരിന്‍

പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

Published

on

ഷാഫി പറമ്പിലിന്റെ നാടകമാണ് പാതിര റെയ്ഡ് എന്ന നിലപാട് മാറ്റി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന്‍. ജില്ലാ സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. ഷാഫി കലക്കിയ നാടകമാണ് എന്ന സാധ്യതയാണ് താന്‍ പറഞ്ഞത്. പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

”രണ്ട് തരത്തിലുള്ള സാധ്യതകളും പരിശോധിക്കപ്പെടേണ്ടതാണ് എന്നാണ് പറഞ്ഞത്. അവിടെ കള്ളപ്പണം എത്തിയിട്ടുണ്ടെന്ന കൃത്യമായ വിവരംവച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞുകഴിഞ്ഞു. ഞാനിത് അന്വേഷിക്കാന്‍ അതിന്റെ പിന്നാലെ നടന്നിട്ടില്ല.

പ്രചരണത്തിന്റെ തിരക്കിലായിരുന്നു. കോണ്‍ഗ്രസിന്റെ അന്തര്‍നാടകങ്ങളറിയുന്ന ഒരാളെന്ന നിലയില്‍ ബോധപൂര്‍വം ഒരു വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിച്ചതാണോ എന്നും പരിശോധിക്കണം. ഇനി അല്ലായെന്ന തെളിവ് വരുമ്പോള്‍ അതും പരിശോധിക്കണം. ഇതെങ്ങെനയാണ് പുറത്തുവന്നത്. കോണ്‍ഗ്രസുകാര് ചോര്‍ത്താതെ ഇതു പുറത്തുവരില്ല. ചോര്‍ത്തിയതാണോ? അതോ ഇങ്ങനെയൊരു പുകമറ സൃഷ്ടിക്കണോ? എന്നും പരിശോധിക്കണമെന്നും സരിന്‍ പറഞ്ഞു.

Continue Reading

Video Stories

നടൻ ഷാരൂഖ് ഖാന് വധഭീഷണി

കഴിഞ്ഞവർഷം അദ്ദേഹത്തിന് നേരെ ഭീഷണി സന്ദേശം എത്തിയതിനെത്തുടർന്ന് Y+ കാറ്റഗറിയിലേക്ക് ഷാരൂഖിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു

Published

on

നടൻ സൽമാൻ ഖാന് പിന്നാലെ കിംഗ് ഖാനും വധഭീഷണി. ഫോണിലൂടെയാണ് വധഭീഷണി സന്ദേശം എത്തിയത്. ഫൈസാൻ എന്ന് പരിചയപ്പെടുത്തിയ ആളാണ് ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇയാളെ തിരഞ്ഞു മുംബൈ പൊലീസ് ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.

സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയതിന് കർണാടകയിൽ നിന്ന് ബികാറാം ജലാറാം ബിഷ്ണോയ് എന്നയാളാണ് അറസ്റ്റിലായത്. ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനെന്ന് ഇയാൾ അവകാശപ്പെടുകയും സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കണമെങ്കില്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്നുമാണ് സന്ദേശത്തില്‍ ഇയാൾ ആവശ്യപ്പെട്ടത്.

Continue Reading

News

ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും കേസ് അവസാനിക്കില്ല; സുപ്രീംകോടതി

2022ല്‍ രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റിയിലുണ്ടായ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

Published

on

ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും കേസ് അവസാനിക്കില്ലെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ചുളള രാജസ്ഥാന്‍ ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി.

2022ല്‍ രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റിയിലുണ്ടായ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ചായിരുന്നു കേസ്. ഇതില്‍ നടപടിക്രമങ്ങളെല്ലാം പൊലീസ് പൂര്‍ത്തിയാക്കുകയും ചെയ്തു.

എന്നാല്‍ അധ്യാപകന്‍ അതിജീവിതയുടെ കുടുംബത്തില്‍ നിന്നും പരാതിയില്ലെന്ന് എഴുതിവാങ്ങുകയും ചെയ്തു. കേസ് തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായതാണെന്നും നടപടിക്രമങ്ങള്‍ ആവശ്യമില്ലെന്നും എഴുതിവാങ്ങുകയായിരുന്നു. ഇത് സ്വീകരിച്ച പൊലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. രാജസ്ഥാന്‍ ഹൈക്കോടതിയും പ്രതിയെ വെറുതെവിട്ടു.

എന്നാല്‍ ഈ നടപടി ചോദ്യം ചെയ്ത് രാംജി ലാല്‍ ബൈര്‍വാ എന്ന സാമൂഹികപ്രവര്‍ത്തകന്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ നിരീക്ഷണം.

രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീംകോടതി പ്രതിക്കെതിരെ വീണ്ടും കേസെടുത്ത് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു.

 

 

Continue Reading

Trending