Connect with us

Video Stories

പ്രാര്‍ത്ഥനകളുടെ ഇസ്‌ലാമിക മനശ്ശാസ്ത്രം

Published

on

എ.എ വഹാബ്

അത്ഭുതങ്ങളുടെ മഹാകലവറയാണ് മനുഷ്യമനസ്സ്. വികാര വിചാരങ്ങളും ആഗ്രഹാഭിലാഷങ്ങളും താല്‍പര്യങ്ങളും ചിന്തകളും ആശയങ്ങളും ആദ്യം രൂപം കൊള്ളുന്നതവിടെയാണ്. അഭിലാഷ പൂര്‍ത്തീകരണത്തിനുള്ള പ്രാര്‍ത്ഥനകളും അവിടെത്തന്നെ ഉദയം ചെയ്യുന്നു. ഓരോരുത്തരുടെയും വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രാര്‍ത്ഥന രൂപം പ്രാപിക്കുന്നത്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന് ഉത്തമമായത് ആശിക്കാനും അല്ലാഹുവിന്റെ സഹായം തേടാനുമാണ് പ്രവാചകന്‍ (സ) കല്‍പിച്ചിട്ടുള്ളത്. അബൂഹുറൈറയില്‍ നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്ത പ്രസിദ്ധമായ ഹദീസില്‍ ഇങ്ങനെ കാണാം: നബി (സ) പറഞ്ഞു. ‘ബലഹീനനായ വിശ്വാസിയേക്കാള്‍ ശക്തനായ സത്യവിശ്വാസിയാണ് ഏറ്റവും ഉത്തമനും. അല്ലാഹുവിന് അധികം ഇഷ്ടമുള്ളവനും. ഇരുകൂട്ടരും നല്ലവന്‍ തന്നെയാണ്. നിനക്ക് പ്രയോജനകരമായത് ആശിക്കുകയും അല്ലാഹുവിനോട് സഹായം അപേക്ഷിക്കുകയും ചെയ്യുക. നീ അശക്തനാവരുത്. നിനക്ക് വല്ല ആപത്തും നേരിട്ടാല്‍ ഞാന്‍ ഇന്നത് ചെയ്തിരുന്നെങ്കില്‍ ഇന്നത് ഉണ്ടാകുമായിരുന്നു എന്ന് നീ പറയരുത്. മറിച്ച്, അല്ലാഹുവിന്റെ ഉദ്ദേശം പുലര്‍ന്നു, അവന്‍ ഉദ്ദേശിച്ചത് അവന്‍ ചെയ്തു എന്ന് നീ പറയുക. കാരണം ഇത്തരം സന്ദര്‍ഭങ്ങളില്‍ ‘എങ്കില്‍’ എന്ന പദം ഉപയോഗിച്ചു കൊണ്ടുള്ള പ്രയോഗവും ചിന്തയും നിന്റെ മനസ്സില്‍ പൈശാചിക പ്രവര്‍ത്തനങ്ങള്‍ക്ക് വഴി തുറക്കുന്നതാണ്’
ആവശ്യപൂര്‍ത്തീകരണത്തിന് അല്ലാഹുവിന്റെ സഹായം തേടലാണല്ലോ പ്രാര്‍ത്ഥന, ആരാധനയുടെ സത്തയാണ് പ്രാര്‍ത്ഥന, സത്യവിശ്വാസിയുടെ ആയുധമാണ്. ദീനിന്റെ തൂണാണ്. ആകാശ ഭൂമികളുടെ പ്രകാശമാണ്. പ്രാര്‍ത്ഥന തന്നെയാണ് ആരാധന എന്നൊക്കെ പ്രവാചകന്‍ അരുളിയിട്ടുണ്ട്. അല്ലാഹു അക്കാര്യം അടിവരയിട്ടു പറയുന്നു: ‘നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു, നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ് (വിശുദ്ധ ഖുര്‍ആന്‍ 40 :60). ആരെങ്കിലും അല്ലാഹുവിനോട് ചോദിച്ചില്ലെങ്കില്‍ അവന്‍ കോപിക്കും എന്ന് പ്രവാചകന്‍ ഒരിക്കല്‍ പറയുകയുണ്ടായി. ”പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ്” (25:77) എന്ന് പ്രഖ്യാപിക്കാന്‍ അല്ലാഹു നബി (സ)യോട് കല്‍പിച്ചിരിക്കുന്നു.
പ്രാര്‍ത്ഥനകള്‍ അല്ലാഹു തന്നെ പഠിപ്പിച്ചതാണ്. ആദമും ഹവ്വയും ആദ്യപാപം ചെയ്തപ്പോള്‍ അവരെ അല്ലാഹു പിടികൂടി. എന്തു ചെയ്യണമെന്നറിയാതെ അവന്‍ കുഴങ്ങി. ‘അനന്തരം ആദം തന്റെ രക്ഷിതാവില്‍ നിന്ന് ചില വചനങ്ങള്‍ പഠിച്ചു. അങ്ങനെ പശ്ചാത്തപിച്ചു. ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാണ്’ (2:37). അതാണ് രേഖപ്പെടുത്തപ്പെട്ട മനുഷ്യന്റെ ആദ്യ പ്രാര്‍ത്ഥന. അതിപ്രകാരമായിരുന്നു ‘അവര്‍ രണ്ടു പേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തു തരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും (7: 23) അല്ലാഹുവിന്റെ പ്രതിനിധിയായി ഭൂമിയില്‍ അധിവസിക്കാന്‍ വന്ന മനുഷ്യന്‍ ചെയ്യുന്ന ഏത് അക്രമവും ആത്മദ്രോഹമാണ്. അതിന് അവനെ പ്രേരിപ്പിക്കുന്നത് മനുഷ്യന്റെ ആജന്മശത്രുവായ പിശാചിന്റെ ദുഷ്‌പ്രേരണകളും. മനുഷ്യമനസ്സ് അല്ലാഹുവിന്റെ ശ്രദ്ധ വിട്ടാല്‍ അവന്റെ അടുത്ത കൂട്ടാളി പിശാചായിരിക്കും എന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. പിശാചിന്റെ ദുര്‍ബോധനത്തില്‍ അകപ്പെടാതിരിക്കാന്‍ മനുഷ്യന്‍ എല്ലാ ചലനങ്ങളിലും ദൈവസ്മരണ നിലനിര്‍ത്താന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നതാണ് ജീവിതത്തിന്റെ വിജയത്തിന്നാധാരം എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്.
ഒരാളിന്റെ ദിനമാരംഭിക്കുന്നത് പ്രഭാതത്തില്‍ ഉറക്കമെഴുന്നേല്‍ക്കുന്നതിലൂടെയാണല്ലോ. ഉണര്‍ന്നാലുടന്‍ ‘അല്‍ഹംദുലില്ലാ അഹ്‌യാനാ ബഅ്ദമാ അമാതനാ വഇലൈഹിന്നുഷൂര്‍ (മരിച്ചതിന് ശേഷം ഞങ്ങളെ ജീവിപ്പിച്ച അല്ലാഹുവിന്നാണ് സര്‍വ്വസ്തുതിയും. അവനിലേക്ക് തന്നെയാണ് ഞങ്ങളുടെ മടക്കവും) ഉണര്‍ന്നാല്‍ സാധാരണയായി മനുഷ്യന്റെ അടുത്ത നടപടി ബാത്ത് റൂമില്‍ പോകലാണല്ലോ. അങ്ങോട്ട് പ്രവേശിക്കുമ്പോള്‍ എല്ലാ ചീത്തകളില്‍ നിന്നും പൈശാചികതകളില്‍ നിന്നും അല്ലാഹുവിനോട് കാവല്‍ തേടാനാണ് സത്യവിശ്വാസി പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. പുറത്തുവന്നാല്‍ പ്രധാനപ്പെട്ട രണ്ടു പ്രാര്‍ത്ഥനകളാണ് നബി(സ) പഠിപ്പിച്ചത്. ‘നിന്നോട് ഞാന്‍ മാപ്പപേക്ഷിക്കുന്നു, എന്നില്‍ നിന്ന് എല്ലാ ബുദ്ധിമുട്ടുകളും പോക്കുകയും എന്നെ സുഖപ്പെടുത്തുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വസ്തുതിയും. മറ്റൊന്ന്: അല്ലാഹു കാപട്യത്തില്‍ നിന്ന് എന്റെ ഹൃദയത്തെ ശുദ്ധമാക്കുകയും നീചമായ പ്രവൃത്തികളില്‍ നിന്ന് എന്റെ ഗുഹ്യസ്ഥാനത്തെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ!! വസ്ത്രം ധരിക്കുമ്പോള്‍ ‘ഈ വസ്ത്രം എന്നെ ധരിപ്പിക്കുകയും എന്റെ പരിശ്രമവും ശക്തിയും കൂടാതെ ഇതെനിക്ക് നല്‍കുകയും ചെയ്ത അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും. കണ്ണാടിയില്‍ നോക്കുമ്പോള്‍ ‘അല്ലാഹുവേ നീ എന്റെ ബാഹ്യരൂപത്തെ സൗന്ദര്യമുള്ളതാക്കിയതു പോലെ എന്റെ സ്വഭാവത്തെയും വിശിഷ്ടമാക്കേണമേ’ എന്നു പറയണം. ആഹാരം കാണുമ്പോള്‍ തന്നെ അല്ലാഹു നല്‍കിയ ആ ഭക്ഷണത്തില്‍ അവന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ട് അവന്റെ നാമം ഉച്ചരിച്ച് ഭക്ഷിക്കണം. കഴിച്ചു കഴിഞ്ഞാല്‍ ഞങ്ങളെ തീറ്റിക്കുകയും കുടിപ്പിക്കുകയും അനുസരണയുള്ളവരുടെ കൂട്ടത്തിലാക്കുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും എന്നാണ് പറയേണ്ടത്.
പുറത്തിറങ്ങുമ്പോള്‍, വാഹനം കയറുമ്പോള്‍, ബാങ്കു കേള്‍ക്കുമ്പോള്‍, വുളു എടുക്കുമ്പോഴും അതിനു ശേഷവും, പള്ളിയില്‍ പ്രവേശിക്കുമ്പോള്‍, പുറത്തു വരുമ്പോള്‍, അങ്ങാടിയില്‍ പ്രവേശിക്കുമ്പോള്‍, മറ്റുള്ളവരെ കണ്ടുമുട്ടുമ്പോള്‍ എന്നു തുടങ്ങി സത്യവിശ്വാസിയുടെ സകല ചലനങ്ങളിലും ദൈവസ്മരണയും പ്രാര്‍ത്ഥനയും ഉള്‍ക്കൊള്ളിക്കാന്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. നമുക്കെല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണിതെല്ലാം. അശ്രദ്ധ കൊണ്ട് അതിന്റെ ഗൗരവവും പ്രാധാന്യവും നേട്ടങ്ങളും നാം അറിയാതെ പോവുകയാണ്. കുറച്ചു ദിവസം ഇക്കാര്യങ്ങളൊക്കെ ഗൗരവമായി ശ്രദ്ധയോടെ അര്‍ത്ഥം ഗ്രഹിച്ചു ചെയ്തു നോക്കൂ. നമ്മുടെ ജീവിതം തന്നെ അപ്പാടെ മാറുന്നതായി നമുക്ക് അനുഭവപ്പെടും. കാര്യങ്ങളൊക്കെ പ്രത്യക്ഷത്തില്‍ നമ്മളാണ് ചെയ്യുന്നതെങ്കിലും അല്ലാഹു ചെയ്തുതരുന്നു എന്ന പ്രകൃതി യാഥാര്‍ത്ഥ്യമാണ് ആ പ്രാര്‍ത്ഥനകളിലൂടെ നാം പ്രഖ്യാപിക്കുന്നത്. സ്വന്തം നിസ്സഹായത ബോധ്യപ്പെട്ട് അല്ലാഹുവിന്റെ കഴിവും ശക്തിയും അറിഞ്ഞും ഏറ്റുപറഞ്ഞും എല്ലാ ചലനങ്ങളും അല്ലാഹുവിലേക്ക് ചേര്‍ത്ത് അവനില്‍ മാത്രം അഭയം തേടുന്ന ഒരു മനസ്സ് മനുഷ്യനുണ്ടാക്കുവാനാണ് ഇതെല്ലാം പഠിപ്പിക്കപ്പെട്ടത്. താന്‍പോരിമയും അഹങ്കാരവും പൊങ്ങച്ചവും പെരുമയും ഒക്കെ വിട പറഞ്ഞ ശുദ്ധമായ മനസ്സിന്റെ ഉടമയായി സത്യവിശ്വാസിയെ നിലനിര്‍ത്താന്‍ ഉതകുന്നതാണ് പഠിപ്പിക്കപ്പെട്ട എല്ലാ ഓരോ പ്രാര്‍ത്ഥനകളും. കാര്യങ്ങള്‍ എല്ലാം അല്ലാഹുവില്‍ ഏല്‍പ്പിക്കുമ്പോള്‍ മനുഷ്യന്‍ ഭാരരഹിതനാവുന്നു. ഏത് പ്രയാസത്തിലും അവന് അല്ലാഹുവിനെ രക്ഷകനായി കാണാന്‍ കഴിയും. അതു നല്‍കുന്ന മനോബലം നിസ്സീമമാണ്. ജീവിതപ്രശ്‌നങ്ങളുടെ പ്രതിസന്ധികളുടെ മുന്നില്‍ സത്യവിശ്വാസി ഒരിക്കലും പതറിപ്പോകാതിരിക്കാന്‍ പ്രാര്‍ത്ഥനകള്‍ അവനെ പ്രാപ്തനാക്കുന്നു. ‘നീ ഒരിക്കലും അശക്തനാവരുത്’ എന്ന് പ്രവാചകന്‍ പറഞ്ഞത് ഇവിടെ പ്രത്യേകം സ്മരണീയമാണ്. സര്‍വ്വതും അറിയുന്ന, എല്ലാത്തിനും കഴിവുള്ള കരുണാമയനായ ഒരു സംരക്ഷകന്‍ തനിക്കുണ്ടെന്ന ഉത്തമബോധ്യത്തോടെ ജീവിതത്തിന്റെ ഓരോ ചലനങ്ങളിലും മുന്നോട്ടുപോകുന്ന സത്യവിശ്വാസിയുടെ മനോബലം എത്ര ശക്തമായിരിക്കും. പ്രാര്‍ത്ഥനയുടെ സമൂര്‍ത്തഭാവം നമസ്‌കാരമാണ്. സ്വന്തം ജീവിതവും മരണവും മറ്റെല്ലാ വണക്കങ്ങളും ലോകരക്ഷിതാവായ അല്ലാഹുവിനാണെന്ന ഉത്തമബോധ്യ പ്രഖ്യാപനമാണ് നമസ്‌കാരത്തിന്റെ ആമുഖത്തില്‍ തന്നെയുള്ളത്. ആ ബോധ്യത്തോടെ വേണം സത്യവിശ്വാസി കരുണാമയനോട് നേര്‍മാര്‍ഗം ചോദിക്കാന്‍ എന്നു പഠിപ്പിക്കുന്നു. നിരന്തര നമസ്‌കാരത്തിലൂടെ ഹൃദയാന്തരത്തില്‍ ആഴത്തില്‍ വേരൂന്നുന്ന ഈ ബോധ്യം മനുഷ്യനെ ഏറെ ശുഭാപ്തി വിശ്വാസിയാക്കും. അതവന്റെ എല്ലാ ജീവിത ചലനങ്ങളിലും പ്രകടമാവും. ഇതനുസരിച്ച് നാമോരോരുത്തരും എവിടെ നില്‍ക്കുന്നുവെന്ന് വിശകലനം ചെയ്യുന്നത് ഉത്തമമായിരിക്കും.

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

Trending