ഖുര്‍ആനിലെ മുപ്പതാം ഭാഗത്തെ അമ്മ ജൂസു എന്നാണ് സാധാരണ പറയാറുള്ളത്. അമ്മ ജൂസുഇലെ 37 അദ്ധ്യായങ്ങളില്‍ 34 എണ്ണവും മക്കയില്‍ അവതരിക്കപ്പെട്ടതാണ്. മൂന്നെണ്ണം മാത്രമാണ് മദീനയില്‍ അവതരിപ്പിച്ചത്. ഇസ്‌ലാമിന്റെ മൂന്ന് അടിസ്ഥാന പ്രമാണങ്ങളാണ് അധികവും പരാമര്‍ശിക്കുന്നത്. അല്ലാഹുവിന്റെ ഏകത്വം, പ്രവാചകത്വം പരലോക ജീവിത യാഥാര്‍ത്ഥ്യം എന്നിവയാണവ. കൊച്ചു കൊച്ചു വാക്കുകള്‍, ചെറിയ അധ്യായങ്ങള്‍ അധികവും അങ്ങനെയാണ്. വിഷയാവതരണത്തിലും ആഖ്യാനത്തിലും ആവിഷ്‌ക്കാരത്തിലും സവിശേഷമായ രീതി, മനുഷ്യ വൃത്തത്തില്‍ തുളച്ചുകയറുന്ന വിശാല അര്‍ത്ഥതലങ്ങളുള്ള പദപ്രയോഗങ്ങള്‍, കഥകളും ചരിത്ര പാഠങ്ങളും പ്രകൃതി ദൃഷ്ടാന്തങ്ങളും തല്ലലും തലോടലും ജീവിത പ്രയാസങ്ങളെ അതിജയിക്കാന്‍ മനോബലമേകുന്ന ശുഭസൂചകങ്ങള്‍, ജനതതികളുടെ ഉത്ഥാനപതനങ്ങള്‍, വിശ്വാസികള്‍ക്ക് ആശ്വാസത്തിന്റെ കുളിര്‍ തെന്നലും നിഷേധികള്‍ക്ക് ഭീതിപ്പെടുത്തുന്ന ഘോരശിക്ഷയുടെ കൊട്ടും ഭീഷണിയും മനുഷ്യമനസ്സിന്റെ സൂക്ഷ്മതാബോധത്തെക്കുറിച്ചും മാര്‍ഗച്യുതിയെ കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ തുടങ്ങി ജീവിതത്തിനാവശ്യമായതെല്ലാം കോര്‍ത്തിണക്കി സംഗീതാത്മകമായ അവതരണം കേട്ടാല്‍ ശ്രദ്ധിച്ചാല്‍ ഏതു കഠിന ഹൃദയത്തെയും ഒരല്‍പമെങ്കിലും ചിന്തിപ്പിക്കും. അറിഞ്ഞിട്ടും പിന്തിരിയുന്നവന്റെ ഉറക്കം കെടുത്തും. പിന്‍പറ്റുന്നവരെ തീര്‍ച്ചയായും ഏറെ ആശ്വസിപ്പിക്കും. പ്രാസവും താളലയക്രമങ്ങളും ഏറെ ആകര്‍ഷണീയമാണ്.
ഖുര്‍ആനില്‍ എഴുപത്തെട്ടാം സൂറത്തായി ചേര്‍ത്തിട്ടുള്ള ‘അന്നബഅ’ ആണ് അമ്മ ജൂസുഇലെ ആദ്യാധ്യായം. അവതരണ ക്രമമനുസരിച്ച് എണ്‍പതാമതായാണ് ഈ സൂറ അവതരിപ്പിച്ചതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ കാണാം. ഏതായാലും അന്നബഇന് മുന്നേ കുറെ അധ്യായങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അവയിലൊക്കെ നേരത്തെ സൂചിപ്പിച്ച മൂന്ന് അടിസ്ഥാന ആശയങ്ങളാണ് മൂഖ്യപ്രമേയം. അതില്‍ പരലോക ജീവിതവും വിചാരണയുമൊന്നും ഖുറൈശികള്‍ക്ക് തീരെ ദഹിച്ചില്ല. അവര്‍ അതെക്കുറിച്ച് നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുകയും തര്‍ക്കിക്കുകയും പ്രവാചകനെ പരിഹസിക്കുകയും ചെയ്തിരുന്നു.
അത്തരുണത്തിലാണ് ഈ അദ്ധ്യായത്തിന്റെ അവതരണം വിഷയം എന്തെന്ന് എടുത്തു പറയാതെ എന്തിനെക്കുറിച്ചാണ് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്? എന്ന ചോദ്യത്തോടെയാണ് ആരംഭം. അവര്‍ ഭിന്നാഭിപ്രായക്കാരായിരിക്കുന്ന മഹാവൃത്താന്തം എന്നാണ് പിന്‍മൊഴി. നിസ്സംശയം അവര്‍ വഴിയെ അറിഞ്ഞുകൊള്ളും എന്ന് ആവര്‍ത്തിച്ചു തുടര്‍ന്ന് പറയുന്നു. ആ മഹാവൃത്താന്തത്തിന്റെ സംഭവ സാധ്യതയുടെ തെളിവുകള്‍ നിരത്തുകയാണ് ആറു മുതല്‍ പതിനാറു സൂക്തങ്ങള്‍ വരെ. തൊട്ടിലാക്കപ്പെട്ട ഭൂമി, ആണികളാക്കപ്പെട്ട പര്‍വ്വതങ്ങള്‍ ഇണകളാക്കപ്പെട്ട സൃഷ്ടികള്‍, വിശ്രമമാക്കപ്പെട്ട ഉറക്കം, വസ്ത്രമാക്കപ്പെട്ട രാത്രി, ജീവസന്താരണമാക്കപ്പെട്ട പകല്‍, മീതെയുള്ള ബലിഷ്ടമായ ഏഴ് നിര്‍മിതികള്‍ കത്തിജ്ജ്വലിക്കുന്ന വിളക്ക്, മേഘത്തില്‍ നിന്ന് കുത്തിയൊലിക്കുന്ന മഴ, മുളച്ചുവരുന്ന ധാന്യവും സസ്യവും ഇടതൂര്‍ന്ന തോട്ടങ്ങള്‍ തുടങ്ങിയവ സൃഷ്ടിച്ചു സംരക്ഷിക്കുന്നത് മനുഷ്യരാണോ അതോ അല്ലാഹുവാണോ? എന്നതാണ് വ്യംഗ്യമായ ചോദ്യം. അങ്ങനെയുള്ള ഒരുവന് നിലവിലെ ഭൗതിക സംവിധാനങ്ങള്‍ നശിപ്പിച്ച ശേഷം പുതിയ ഇടം ഉണ്ടാക്കി മനുഷ്യരെ പുനര്‍ ജീവിപ്പിച്ച് വിചാരണ ചെയ്തു രക്ഷാശിക്ഷകള്‍ തീരുമാനിക്കാന്‍ കഴിയും എന്ന കാര്യം നിങ്ങളുടെ ബുദ്ധിസമ്മതിക്കുന്നില്ലേ?
ആ ദിനം സമയം നിര്‍ണയിക്കപ്പെട്ടതാണെന്ന് തുടര്‍ന്ന് അറിയിക്കുന്നു. അതിനോടനുബന്ധിച്ചുണ്ടാവുന്ന ചില സംഭവങ്ങളുടെ സൂചനകളാണ് തുടര്‍ന്നുവരുന്നത്. കാഹളത്തില്‍ ഊതപ്പെടും (രാജഭരണത്തില്‍ പെരുമ്പറയടിച്ച് പ്രധാന വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കുന്നതു പോലെയുള്ള ഒരു ചിത്രീകരണമാണ് കാഹളത്തില്‍ ഊതും എന്ന പ്രയോഗം). ഉപരിമണ്ഡലത്തില്‍ വിവിധ കവാടങ്ങള്‍ രൂപപ്പെടും, പര്‍വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അവ മരീചിക പോലെയായി തീരുകയും ചെയ്യും. അതിക്രമികളുടെ അന്ത്യസങ്കേതമായ നരകം മറഞ്ഞിരിക്കും. അവരതില്‍ സുദീര്‍ഘമായി വസിക്കേണ്ടി വരും. കുളിര്‍മയോ കുടിനീരോ അവരവിടെ ആസ്വദിക്കില്ല. തിളച്ചവെള്ളവും ജീര്‍ണിച്ച ചലവുമായിരിക്കും ലഭിക്കുക. വിചാരണയെക്കുറിച്ച് വിചാരമില്ലാത്തവരായിരുന്നു അവര്‍. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളിയിരുന്നു. ”എല്ലാ കാര്യങ്ങളും നാം എഴുതി തിട്ടപ്പെടുത്തി വെച്ചിട്ടുണ്ട്.” അന്നവരോട് പറയപ്പെടും. നിങ്ങള്‍ ശിക്ഷ അനുഭവിച്ചു കൊള്ളുക. ശിക്ഷയല്ലാതൊന്നും ഇന്ന് നിങ്ങള്‍ക്ക് വര്‍ധിപ്പിച്ചു തരില്ല.
മനുഷ്യ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നതിനെക്കുറിച്ച് ഖുര്‍ആനില്‍ വേറെയും പരാമര്‍ശങ്ങളുണ്ട്. പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, കേള്‍വിയും കാഴ്ചയും ഹൃദയ വികാരങ്ങള്‍ കൂടിയും വിചാരണക്കായി രേഖപ്പെടുത്തിവെക്കും (17:36).
അല്ലാഹു പറഞ്ഞുതന്നെ സത്യത്തില്‍ വിശ്വസിച്ച് ഭക്തിയോടെ ജീവിച്ചവര്‍ക്ക് രക്ഷിതാവില്‍ നിന്നുള്ള പ്രതിഫലവും പ്രത്യേക സമ്മാനവും ഉദ്യാനങ്ങളും മുന്തിരത്തോപ്പുകളും. യുവത്വെ തികഞ്ഞ ഇണകളും നിറഞ്ഞ ചഷകങ്ങളും ലഭിക്കും. നുണകളോ പാഴ്‌വാക്കുകളോ അവിടെയുണ്ടാവില്ല. പ്രപഞ്ചത്തിന്റെയും അതിലുള്ളതെല്ലാത്തിന്റെയും പരമദയാനിധിയായ നാഥനാണ് അന്ന് ഏകവിധി കര്‍ത്താവ്. ഭൂമിയില്‍ സത്യം പറഞ്ഞവനും അന്ന് അല്ലാഹു അനുവാദം കൊടുത്തവനുമല്ലാത്ത ആര്‍ക്കും അന്നൊന്നും ഉരിയാടാനാവില്ല. സത്യം സത്യമായി പുലരുന്ന ദിനമാണത്. അതിനാല്‍ അവിടെ വിജയം അനുഗ്രഹിക്കുന്നവര്‍ ഇവിടെ വെച്ച് സ്വന്തം രക്ഷിതാവിലേക്കുള്ള വഴി കണ്ടെത്തിക്കൊള്ളട്ടെ. നിഷേധികള്‍ക്ക് ആസന്നമായ ശിക്ഷയെ കുറിച്ച് ശക്തമായ മുന്നറിയിപ്പു നല്‍കി കഴിഞ്ഞു. സ്വന്തം കൈകള്‍ സമ്പാദിച്ചത് തന്റെ കണ്‍മുന്നില്‍ കണ്ടപ്പോള്‍ ഈ നിമിഷം ഞാന്‍ മണ്ണായിപ്പോയിരുന്നെങ്കില്‍ എന്ന് നിഷേധി വിലപിക്കുന്ന സത്യദിനമാണെന്ന് പറഞ്ഞു കൊണ്ടാണ് പ്രൗഢഗംഭീരമായ സൂറത്തുന്നബഅ് സമാപിക്കുന്നത്.
ഭൂമിയില്‍ ജനിച്ച മനുഷ്യരെല്ലാം മേല്‍ സൂചിപ്പിച്ച രണ്ടാലൊരു താവളത്തിലെത്തിച്ചേരും, തീര്‍ച്ച. ആരും അതില്‍ നിന്ന് ഒഴിഞ്ഞുപോകില്ല. ഒരു പരലോക വിചാരണയുടെ ദൃഢബോധ്യംകൊണ്ട് ആദ്യത്തെ സല്‍ഫലം ഈ ഐഹിക ജീവിതത്തില്‍ തന്നെയാണ്. ഭൂമിയിലെ നിയമങ്ങള്‍ പൊലീസ്, കോടതി, ജയില്‍ എന്നിവ കൊണ്ടൊന്നും ഇവിടെ ധര്‍മവും നീതിയും സമാധാനവും സ്ഥാപിച്ച് അക്രമം പൂര്‍ണമായി ഒഴിവാക്കാനാവില്ല. ഇവിടുത്തെ നിയമങ്ങള്‍ക്ക് ധാരാളം പഴുതുകളുണ്ട്. പണംകൊണ്ടും അധികാരം കൊണ്ടും സ്വാധീനിക്കപ്പെടും. അപ്പോള്‍ നീതി അകലെയാവും, സര്‍വതും സൂക്ഷ്മമായി അറിയുന്ന രക്ഷിതാവിന്റെ വിചാരണയില്‍ അതൊന്നും നടക്കില്ലല്ലോ. ഈ ബോധം മനുഷ്യമനസ്സില്‍ ദൃഢമാവുമ്പോള്‍ രഹസ്യവും പരസ്യവുമായ തിന്മകളില്‍ നിന്ന് തെറ്റുകളില്‍ നിന്നും അതവനെ തടയും. പ്രപഞ്ച ചരിത്രത്തിലെ ഏറ്റവും വലിയ വൃത്താന്തമാണ് ലോകാവസാനവും വിചാരണയും. ഓരോരുത്തരുടെയും മരണത്തോടെ അതവര്‍ കാണും. മരണം ആര്‍ക്കും എപ്പോഴും സംഭവിക്കാമല്ലോ.