എം ഉബൈദുറഹ്മാന്‍
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഡിജിറ്റല്‍ വിപ്ലവത്തിന് നാന്ദികുറിക്കപ്പെട്ടതോടെ ഏറ്റവും വലിയ സമ്പന്നരും സ്വാധീനശക്തിയുള്ളവരും ഏറ്റവും കൂടുതല്‍ വിവര ശേഖരമുള്ളവരത്രെ. ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു വേണ്ട ഇരുപത്തൊന്ന് പാഠങ്ങള്‍ എന്ന പുസ്തകത്തില്‍ പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞനും ചരിത്രകാരനുമായ യുവാല്‍ നോഹ് ഹരാരെ നടത്തുന്ന നിരീക്ഷണങ്ങളാണിവ. ഹരാരെയുടെ അഭിപ്രായം എത്രമേല്‍ ശരിയാണെന്ന് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക്, ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളിലെ രാഷ്ട്രീയ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ വഹിക്കുന്ന പങ്ക് വിലയിരുത്തിയാല്‍ മാത്രം മതിയാകും. പ്രമാദമായ കെയിംബ്രിഡ്ജ് അനലറ്റിക്ക വിവാദം മുതല്‍ ഏറ്റവും ഒടുവിലായി വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുകൊണ്ടുവന്ന ഇന്ത്യയിലെ ബി.ജെ.പി ഫെയ്‌സ്ബുക് അവിശുദ്ധ ബന്ധം വരെ, ബന്ധപ്പെട്ട രാജ്യങ്ങളില്‍ കോളിളക്കം സൃഷ്ടിക്കുമ്പോഴും മാര്‍ക് സൂക്കര്‍ ബര്‍ഗിനും ഫെയ്‌സ്ബുക്കിനും കുലുക്കമില്ലാത്തത് 7800 കോടി ഡോളറിലധികം വരുന്ന സാമ്പത്തികാസ്തിയും മുന്നൂറ് കോടിയിലധികംവരുന്ന ജനങ്ങളെക്കുറിച്ചുള്ള സര്‍വ വിവരങ്ങളും കൈയിലുണ്ടെന്ന അഹന്തയും സര്‍വോപരി ഇന്ത്യയിലേതുപോലെയുള്ള വലതുപക്ഷ സര്‍ക്കാറുകളുമായുള്ള പരസ്പരോപകാരപ്രദമായ ബന്ധവുമാണ്.
രണ്ടാഴ്ച മുമ്പായിരുന്നു അമേരിക്കന്‍ പത്രമായ വാള്‍ സ്ട്രീറ്റ് ജേണല്‍ ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. തെലുങ്കാനയിലെ ബി.ജെ.പി എം.എല്‍.എ, ടി. രാജാസിങ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മത വിദ്വേഷമടങ്ങിയ ഉള്ളടക്കത്തിന്റെ പേരില്‍ അദ്ദേഹത്തെ നീക്കം ചെയ്യേണ്ടതില്ല എന്ന ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയരക്‌ററര്‍ അങ്കി ദാസ് അവരുടെ സഹപ്രവര്‍ത്തകര്‍ക്ക് കൊടുത്ത നിര്‍ദ്ദേശം അതേ പടിയാണ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. മാട് മാംസം കഴിക്കുന്ന മുസ്‌ലിംകളെ കൊന്നൊടുക്കാനും മുസ്‌ലിം ദേവാലയങ്ങള്‍ തകര്‍ക്കാനും ഇന്ത്യയിലേക്ക് കുടിയേറിയ റോഹിങ്ക്യക്കാരെ വെടിവെച്ചുകൊല്ലാനുമുള്ള ആഹ്വാനമായിരുന്നു രാജാസിങ് ഫെയ്‌സ്ബുക്കിലൂടെ നടത്തിയത്. വര്‍ഗീയ വിഷം വമിക്കുന്ന ഇത്തരം പോസ്റ്റുകള്‍ നടത്തുന്നവരെ ഫെയ്‌സ്ബുക്കിന്റെ ഇന്റേണല്‍ സ്റ്റാന്‍ഡേഡ് അനുസരിച്ച് തന്നെ ‘അപകടകാരികള്‍’ എന്ന വിഭാഗത്തിലാണ് പെടുത്താറുള്ളത്. വിദ്വേഷം ജനിപ്പിക്കുന്നത് എന്ന് ഫെയ്‌സ്ബുക്ക് കണ്ടെത്തിയ പോസ്റ്റുകള്‍ പ്ലാറ്റ്‌ഫോമില്‍ നിന്നു നീക്കം ചെയ്തതിനും ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. രാജാസിങിന്റെ ഏക്കൗണ്ട് റദ്ദ് ചെയ്യാതിരിക്കാന്‍ അങ്കി ദാസ് നല്‍കുന്ന കാരണമാണ് വിചിത്രമായതും ഞെട്ടലുളവാക്കുന്നതും. ഭരിക്കുന്ന പാര്‍ട്ടിയില്‍പെട്ട ആളായതിനാല്‍ രാജാസിങിനെതിരേ നീങ്ങിയാല്‍ അത് ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ ബിസിനസിനെ ബാധിക്കുമെന്നാണത്രെ അവര്‍ ഉന്നതര്‍ക്ക് നല്‍കിയ വിശദീകരണം. ഫെയ്‌സ്ബുക്കിന് 30 കോടിയും വാട്‌സ്ആപ്പിന് 40 കോടിയും ഉപയോക്താക്കളുള്ള ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ത്യ.
ഫെയ്‌സുബുക്കും അതിന്റെ അധീനതിയിലുള്ള വാട്ട്‌സാപ്പും ഇന്ത്യയില്‍ നടന്ന കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളെയും സ്വാധീനിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷംതന്നെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയണ്‍ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തി പത്രപ്രവര്‍ത്തകരായ പരന്‍ ജോയി ഗുഹാ താ കൂര്‍ത്തായും സിറില്‍ സാമും സംയുക്തമായി രചിച്ച പുസ്തകം ഉയര്‍ത്തിക്കാട്ടിയായിരുന്നു ഒബ്രിയന്‍ സഭയില്‍ തന്റെ വാദം അവതരിപ്പിച്ചത്.
ബി.ജെ.പി വിരുദ്ധ ഉള്ളടക്കങ്ങളെയെല്ലാം വേണ്ടവണ്ണം സെന്‍സര്‍ ചെയ്യാന്‍ എപ്പോഴും ശുഷ്‌കാന്തി കാണിക്കുന്ന ഫെയ്‌സ്ബുക്കാണ് ആ പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ക്യാംപെയ്ന്‍ മാനേജര്‍മാര്‍ എന്നത് കേവലം ഒരു ആരോപണം മാത്രമല്ല. ബി.ജെ.പിയും ഫെയ്‌സ്ബുക്ക്, വാട്‌സാപ്പുമായുള്ള അവിശുദ്ധ ബാന്ധവത്തിന് വ്യക്തമായ തെളിവുകള്‍ ധാരാളമായുണ്ട്. 2018 സപ്തംബറില്‍ രാജസ്ഥാനിലെ ബി. ജെ.പി സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് അമിത്ഷാ നടത്തിയ പ്രഭാഷണം ശ്രദ്ധിച്ചാല്‍ മതി ഈ ബന്ധത്തിന്റെ ‘ഊഷ്മളത’ അളക്കാന്‍. ‘ശരിയായ വാര്‍ത്തയാകട്ടെ, വ്യാജമായതാകട്ടെ; നല്ലതാകട്ടെ, ചീത്തയാകട്ടെ; പൊതുജനങ്ങളിലേക്ക് എത്തിക്കാനാഗ്രഹിക്കുന്ന എന്ത് സന്ദേശവും എത്തിക്കാന്‍ പ്രാപ്തിയുള്ളവരാണ് ഞങ്ങള്‍’ എന്ന് പറയാനുള്ള ഷായുടെ ആത്മവിശ്വാസം നിശ്ചയമായും എന്‍.ഡി.എഘടക കക്ഷി എന്ന് ഡെറിക് ഓബ്രിയന്‍ വിശേഷിപ്പിച്ച ഫെയ്‌സ്ബുക്ക് പകര്‍ന്ന് നല്‍കിയതാണ്.
ഫെയ്‌സ്ബുക്കിന്റെ ബി.ജെ.പി പക്ഷപാതിത്വത്തിന് മറ്റൊരു തെളിവാണ് ഫിബ്രവരിയിലെ ഡല്‍ഹി കലാപത്തിന് കാരണക്കാരനായ കമല്‍ മിശ്രയുടെ എക്കൗണ്ട് ഇന്നും മരവിക്കാതെ നില്‍ക്കുന്നു എന്നത്. വാള്‍സ്ട്രീറ്റ് എടുത്ത് പറയുന്ന മറ്റൊരു പേരാണ് ബി.ജെ.പി പാര്‍ലമെന്റ്റ് മെമ്പര്‍ അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടേത്. മുസ്‌ലിംകളാണ് കോവിഡ് രോഗം പരത്തുന്നത് എന്ന് അഭിപ്രായപ്പെട്ട ഇദ്ദേഹം ഇന്നും ഫെയ്‌സ്ബുക്കില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ്. പാര്‍ലമെന്റിന്റെ ഐ.ടി പാനല്‍ ചെയര്‍മാന്‍ എന്ന നിലക്ക് ശശി തരൂര്‍ ഫെയ്‌സ്ബുക്കിനോട് പാനല്‍ മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് അദ്ദേഹത്തിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ് ബി.ജെ.പി എം.പിയും ഐ.ടി പാനല്‍ അംഗവുമായ നിഷികാന്ദ് ദൂബെ. ബി.ജെ.പിയുടെ എഫ്.ബി സ്‌നേഹത്തിന് വേറെ ഉദാഹരണങ്ങളെന്തിന്?
പ്രധാനമന്ത്രി മോദിയെ ബിംബവത്കരിക്കുന്നതിനും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കുന്നതിലും സദാ ജാഗരൂകമായിരുന്ന ഫെയ്‌സ്ബുക്ക് കാവി പാര്‍ട്ടിക്ക് പ്രതികൂലമാകുന്ന വാര്‍ത്തകളെല്ലാം തന്ത്രപൂര്‍വം ഒതുക്കാനും മിടുക്കരായിരുന്നു. അമിത്ഷായുടെ മകന്‍ ജെയ് ഷാക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിന് പ്രചാരണം കിട്ടാതിരിക്കാന്‍ നടത്തിയ ശ്രമം ‘ദി കാരവന്‍’ മാഗസിന്‍ 2017ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറെ ഞെട്ടിക്കുന്ന വസ്തുത ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ ഇപ്പോഴത്തെ സീനിയര്‍ ഉദ്യോഗസ്ഥരെല്ലാംതന്നെ ബി. ജെ.പിയില്‍ മുമ്പ് പ്രവര്‍ത്തിച്ചവരോ ആ പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരോ ആണെന്നുള്ളതാണ്. മാത്രവുമല്ല തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങള്‍ എങ്ങിനെ ഉപയോഗപ്പെടുത്തണമെന്നത് സംബന്ധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് 2014 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പരിശീലന ശിബിരവും സംഘടിപ്പിച്ചിരുന്നുവത്രെ.ബിസിനസ് ലാഭം എന്ന ലക്ഷ്യത്തില്‍ കവിഞ്ഞ് മറ്റ് മൂല്യങ്ങളൊന്നും ഇല്ലാത്ത അങ്കി ദാസിനെ പോലെയുള്ള പബ്ലിക് പോളിസി ഡയറക്ടര്‍മാരെ ശരി വെക്കുന്ന നിലപാട് തന്നെയാണ് മാര്‍ക് സുക്കര്‍ബര്‍ഗ് മേലിലും സ്വീകരിക്കുന്നതെങ്കില്‍ അത് തകര്‍ക്കുന്നത് ജനാധിപത്യത്തെയും മൂല്യവ്യവസ്ഥയെയുമായിരിക്കും. തീര്‍ച്ച.