മന്ത്രി കെ.ടി ജലീല്‍ പിതൃസഹോദര പുത്രന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയെന്ന ഗുരുതരമായ ആരോപണമുയര്‍ന്നതോടെ ഒരിടവേളക്ക് ശേഷം പിണറായി മന്ത്രിസഭയില്‍ ബന്ധുനിയമന വിവാദം വീണ്ടും തലപൊക്കിയിരിക്കുകയാണ്. കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികക്ക് ബിരുദത്തിനൊപ്പം എം.ബി.എ (മാര്‍ക്കറ്റിംഗ് ഫിനാന്‍സ്), സി.എ, സി.എസ്, ഐ.സി.ഡബ്ല്യു.എ ഇവയില്‍ ഏതെങ്കിലും ഒന്ന് വേണമെന്നാണ് 2013 ലെ സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ 2016 ഓഗസ്റ്റില്‍ യോഗ്യതയില്‍ മാറ്റം വരുത്തി ബി.ടെക്കിനൊപ്പം ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ പിജി ഡിപ്ലോമ എന്ന യോഗ്യതയും കൂട്ടിച്ചേര്‍ത്ത് എന്‍ജിനീയറിംഗ് ബിരുദധാരിയായ മന്ത്രി ബന്ധുവിന് നിയമനം നല്‍കി എന്നാണ് ആരോപണം .മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉന്നയിച്ച ആരോപണം യു.ഡി.എഫ് ഏറ്റെടുത്തതോടെ ഇടതു മന്ത്രിസഭയിലെ അടുത്ത വിക്കറ്റ് എപ്പോള്‍ വീഴുമെന്ന കാര്യം മാത്രമേ ഇനി അറിയേണ്ടതുള്ളൂ. കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഗവര്‍ണറെ സമീപിക്കുകയും ചെയ്തതോടെ കേവലം പൊടിക്കൈകള്‍കൊണ്ട് പ്രശ്‌നം മറികടക്കാമെന്ന മന്ത്രിയുടെ ധാരണ തുടക്കത്തില്‍ തന്നെ വൃഥാവിലായിരിക്കുകയാണ്.
ആരോപണത്തിന് മറുപടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഫെയ്‌സ് ബുക്ക് കുറിപ്പിലുമെല്ലാം മന്ത്രി ക്ക് സംഭവിച്ച വീഴ്ച്ച പ്രഥമദൃഷ്ട്യാ തന്നെ പ്രകടമാകുന്നുണ്ട്. യോഗ്യരായ ആളുകളെ കിട്ടാത്തതിനാല്‍ ബന്ധുവിന് വേണ്ടി മാനദണ്ഡങ്ങളില്‍ താന്‍ ഇളവ് ചെയ്തിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ സമ്മതമാണ് ഇതില്‍ പ്രധാനം. ഒരു സര്‍ക്കാര്‍ പദവിയിലേക്ക് യോഗ്യരായ ആളെ ലഭിച്ചില്ലെങ്കില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനുള്ള അധികാരം മന്ത്രിക്ക് ആരാണ് നല്‍കിയിരിക്കുന്നത് എന്നതാണ് ഒന്നാമത്തെ ചോദ്യം. നിര്‍ദേശിക്കപ്പെട്ട യോഗ്യതയുള്ള ആയിരക്കണക്കായ യുവാക്കള്‍ നാട്ടിലുള്ളപ്പോള്‍ ആളെ കിട്ടാനില്ല എന്ന മന്ത്രിയുടെ വാദം സാമാന്യ ബുദ്ധിക്ക് പോലും നിരക്കാത്തതാണ്. നിയമനം ലഭിച്ച ആള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ സീനിയര്‍ ഓഫീസറായിരുന്നുവെന്നതും മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലേക്ക് ഡെപ്യൂട്ടേഷന്‍ നല്‍കാന്‍ ഏത് നിയമമാണ് മന്ത്രിക്ക് അധികാരം നല്‍കിയിരിക്കുന്നത് എന്നതാണ് അടുത്ത ചോദ്യം. സര്‍ക്കാര്‍ വകുപ്പുകളിലോ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും ഏജന്‍സികളിലോ ജോലിചെയ്യുന്നവര്‍ക്ക് മാത്രമേ ഡെപ്യൂട്ടേഷനില്‍ ജോലി നല്‍കാന്‍ അനുവാദമുള്ളൂ. ഇവിടെ സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്ന ആള്‍ക്കാണ് ഈ നിയമനം നല്‍കിയിരിക്കുന്നത്. നല്ലൊരു ജോലിയില്‍ നിന്ന് അനാകര്‍ഷകമായ ജോലിയിലേക്ക് വരാന്‍ ബന്ധുവിനെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് മന്ത്രിയുടെ മറ്റൊരു വാദം. എന്നാല്‍ സര്‍ക്കാര്‍ ജോലിയിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുവരാനുള്ള എന്തെങ്കിലും ഒരു സവിശേഷ ബിരുദമോ യോഗ്യതയോ അദ്ദേഹത്തില്‍ കാണാനില്ല. എന്നുമാത്രമല്ല ആവശ്യമായ യോഗ്യത പോലുമില്ലാത്തതിനാല്‍ മാനദണ്ഡത്തില്‍ ഇളവു വരുത്തുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ മന്ത്രിയുടെ വാദഗതികള്‍ തീര്‍ത്തും ബാലിശമാണെന്ന് കോര്‍പറേഷന്‍ എം.ഡി തന്നെ തുറന്നു സമ്മതിച്ചിരിക്കുകയാണ്. 2016ല്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ഇറക്കിയ വിജ്ഞാപനത്തില്‍ ജനറല്‍ മാനേജര്‍ നിയമനം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഡപ്യൂട്ടേഷന്‍ വഴിയായിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം പരിഗണിച്ചുകൊണ്ടാണ് അഭിമുഖത്തിനെത്തിയ മൂന്നുപേരെ ഒഴിവാക്കിയതെന്നും പിന്നീട് ഡെപ്യൂട്ടേഷന്‍ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുകയുമായിരുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കയിരിക്കുന്നത്.
ബന്ധുനിയമനത്തിന്റെ വഴിയില്‍ രണ്ടാമതൊരു മന്ത്രി കൂടി ആരോപണവിധേയനാകുമ്പോള്‍ ഇടതുമുന്നണി പൊതുവെയും സി.പി.എം പ്രത്യേകിച്ചും പ്രതിരോധത്തിലാകുന്നു. ബന്ധുത്വനിയമനത്തിന്റെ പേരില്‍ പുറത്തുപോകേണ്ടിവന്ന ഇ.പി ജയരാജന്‍ വിജിലന്‍സ് അന്വേഷണത്തില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് മന്ത്രിസഭയില്‍ തിരികെ പ്രവേശിച്ചിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളു. അതിനിടെയാണ് മന്ത്രി കെ.ടി ജലീലിനെതിരെ സമാനമായ ആരോപണം ഉയര്‍ന്നത്. എന്നാല്‍ മന്ത്രിയെ ന്യായീകരിച്ച് ജയരാജന്‍ മാത്രമാണ് രംഗത്തെത്തിയിരിക്കുന്നത് എന്നത് വിഷയം മുന്നണിക്ക് ലാഘവത്തോടെ കാണാനാകില്ലെന്നതിന്റെ സൂചനയാണ്. ജയരാജന്റെ വിഷയത്തില്‍ പുറത്താക്കല്‍ നടപടിക്ക് അല്‍പം വേഗത കൂടിപ്പോയി എന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്റെ വിലയിരുത്തലെങ്കില്‍ നിലവിലെ സാഹചര്യം അതല്ല. ശബരിമല ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. തന്റെ പ്രവര്‍ത്തന ശൈലികൊണ്ട് പ്രാദേശിക സി.പി.എം നേതൃത്വത്തിന് അനഭിമതനായ മന്ത്രി മുഖ്യമന്ത്രിയിലും സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വത്തിലുമുള്ള സ്വാധീനത്തിന്റെ പിന്‍ബലത്തിലാണ് പിടിച്ചുനില്‍ക്കുന്നത്. പുതിയ വിവാദം ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ ഈ കേന്ദ്രങ്ങളൊന്നും ന്യായീകരിക്കാന്‍ രംഗത്തെത്താത്തത് മന്ത്രിയുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കിയിരിക്കുകയാണ്. മാത്രമവുമല്ല പാര്‍ട്ടിയില്‍ നിന്നും അദ്ദേഹത്തിനു നേരെയുള്ള എതിര്‍പ്പിന് ശക്തി വര്‍ധിക്കുകയും ചെയ്യും.
കേരളപ്പിറവിക്ക് ശേഷം സംസ്ഥാനത്തുണ്ടായ സര്‍ക്കാറുകള്‍ ഓരോന്നും ഓരോ സവിശേഷതയുടെ പേരിലാണ് അറിയപ്പെടുന്നത്. പിണറായി സര്‍ക്കാറിന്റെ സവിശേഷതയാകട്ടെ ബന്ധുനിയമനമാണ്. മന്ത്രിമാരും പാര്‍ട്ടി നേതാക്കളുമെല്ലാം സ്വന്തക്കാരെ അധികാരത്തില്‍ തിരുകിക്കയറ്റി സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്താനുള്ള കടുത്ത മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അധികാരപ്രമത്തതയുടെ ദന്തഗോപുരവാസികളായി മാറിയ ഇക്കൂട്ടര്‍ പരിസരബോധം പോലുമില്ലാതെയാണ് പല നിയമനങ്ങളും നടത്തുന്നത്. ഭാര്യാ സഹോദര പുത്രന്റെയും സഹോദരന്റെ മകന്റെ ഭാര്യയുടെയും പേരില്‍ മന്ത്രി ജയരാജനും ഭാര്യ സഹോദര പുത്രന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകന്റെ പേരില്‍ പാര്‍ട്ടി നേതാവ് ആനത്തലവട്ടം ആനന്തനുമെല്ലാം അകപ്പെട്ട കെണിയില്‍ ഇപ്പോഴിതാ പിതൃസഹോദര പുത്രന്റെ പേരില്‍ മന്ത്രി കെ.ടി ജലീലും അകപ്പെട്ടിരിക്കുന്നു. അനുഭവങ്ങളില്‍ നിന്നു പോലും പാഠം ഉള്‍ക്കൊള്ളാന്‍ കഴിയാതെ വീണ്ടും വീണ്ടും വിവാദങ്ങളെ കൂടെ കൊണ്ട് നടക്കുന്ന ഈ ഭരണകൂടം കേരളത്തിന് ബാധ്യതയായി മാറിയിരിക്കുകയാണ്.
- 6 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories