Connect with us

Video Stories

റഫാലില്‍ ആര്‍ക്കാണ് പിഴച്ചത്

Published

on

രാജ്യം ഭരിക്കുന്ന പാര്‍ട്ടി അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനു മുന്നില്‍ മുട്ടുമടക്കുന്നു. വിജയം നല്‍കിയ ആവേശം മുതലെടുത്ത് പ്രതിപക്ഷം സര്‍ക്കാറിനെതിരായ നീക്കങ്ങള്‍ക്ക് കോപ്പുകൂട്ടുന്നു. പ്രതിരോധത്തിലായിപ്പോയ സര്‍ക്കാറിന് അനുകൂലമായി പരമോന്നത നീതി പീഠത്തില്‍ നിന്ന് വിധിയുണ്ടാകുന്നു. വീണുകിട്ടിയ ആയുധവുമായി സര്‍ക്കാര്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്നു. തൊട്ടു പിന്നാലെ ആയുധം സര്‍ക്കാര്‍ സ്വമേധയാ പിന്‍വലിക്കുന്നു. ഏതാനും ദിവസങ്ങളായി രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത് അമ്പരപ്പിക്കുന്നതും അല്‍ഭുതപ്പെടുത്തുന്നതുമായ സംഭവ വികാസങ്ങള്‍ക്കാണ്. റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കനുകൂലമായുണ്ടായ സുപ്രീംകോടതി വിധിക്കു പിന്നാലെ വിധി പ്രസ്താവം നടത്തിയതില്‍ കോടതിക്ക് പിഴവുപറ്റിയെന്നും വിധി തിരുത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നഗ്നമായ അഴിമതി പ്രകടമായ ഒരു ഇടപാടിലാണ് ഇനി ഒരു അന്വേഷണവും ആവശ്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിപ്പിച്ചിരുന്നത്. സര്‍ക്കാറിന്റെ നയപരമായ എല്ലാ തീരുമാനങ്ങളേയും ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാക്കാന്‍ കഴിയില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നത്. റഫാല്‍ ഇടപാടിലെ അഴിമതി ആരോപണം സംബന്ധിച്ച് സുപ്രീംകോടതി മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടായിരുന്നു ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ചിന്റെ വിധി. വിധി പുറത്തുവന്നതോടെ പ്രതിരോധത്തില്‍ നിന്ന് ആക്രമണത്തിലേക്ക് തിരിഞ്ഞ കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ വിധിയില്‍ പിഴവു സംഭവിച്ചുവെന്നും സുപ്രീം കോടതി തിരുത്തണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ തന്നെ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന ഗൗരവതരമായ പ്രശ്‌നത്തിന് പുറമെ റഫാല്‍ ഇടപാടില്‍ ഈ സര്‍ക്കാറിന് പലതും മറച്ചുവെക്കാനുണ്ടെന്ന് അവര്‍ തന്നെ വ്യക്തമായിരിക്കുകയുമാണ്.
യഥാര്‍ത്ഥത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പഞ്ചഗുസ്തിയില്‍ അടിപതറിപ്പോയ മോദി സര്‍ക്കാര്‍ സുപ്രീംകോടതി വിധി ഒരു പിടിവള്ളിയായി മാറും എന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. വിധി പുറത്തുവന്ന ഉടന്‍ തന്നെ അതിനെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പിയുടെ ഭാഗത്തു നിന്നുണ്ടാവുകയും ചെയ്തു. പരാജയത്തിന്റെ ആലസ്യത്തില്‍ മൗനിയായിപ്പോയ പ്രധാനമന്ത്രി സടകുടഞ്ഞെഴുനേല്‍ക്കുകയും കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ ആഞ്ഞടിക്കുന്നതും പിന്നീട് കാണാന്‍ സാധിച്ചു. എന്നാല്‍ സുപ്രീംകോടതി വിധി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തുകയും പ്രധാനമന്ത്രി നരേന്ദ്രമോദി റിലയന്‍സ് ഉടമ അനില്‍ അംബാനിയെ സഹായിച്ചിട്ടുണ്ടെന്നും അക്കാര്യം തെളിയിക്കുമെന്ന് അദ്ദേഹം ആണയിട്ട് പ്രസ്താവിക്കുകയും ചെയ്തതോടെ ബി.ജെ.പിയുടെ ചുവട് പിഴയ്ക്കുകയായിരുന്നു. പി.എ.സി അധ്യക്ഷന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ കൂടി രംഗത്തെത്തിയതോടെ ബി.ജെ.പിയുടെ കള്ളക്കളി പൂര്‍ണമായും പുറത്താവുകയായിരുന്നു. റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതായും സി.എ.ജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി)യുടെ പരിഗണനക്ക് വിടുകയോ കമ്മിറ്റി പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതുസംബന്ധിച്ച് അഡ്വക്കറ്റ് ജനറല്‍(എ.ജി), കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍(സി.എ.ജി) എന്നിവരെ വിളിച്ചു വരുത്തി വിശദീകരണം തേടണമെന്ന് പി.എ.സിയിലെ മറ്റ് അംഗങ്ങളോട് താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഖാര്‍ഗെ പറയുകയുണ്ടായി. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച തന്നെ രംഗത്തെത്തിയിരുന്നെങ്കിലും പിറ്റെ ദിവസം പി.എ.സി അധ്യക്ഷന്‍ തന്നെ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ ശരിക്കും കുഴിയില്‍ വീണിരിക്കുകയാണ്.
ഇതോടെ വീണത് വിദ്യയാക്കാനുള്ള ശ്രമം നടത്തി രാജ്യത്തെ ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യരായിരിക്കുകയാണ് മോദി സര്‍ക്കാര്‍. രഹസ്യ രേഖയായി നല്‍കിയ കുറിപ്പിലെ പരാമര്‍ശം കോടതി തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നും ഇതു തിരുത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പുതിയ അപേക്ഷ നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. റഫാല്‍ കേസിലെ വിധിയില്‍ സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ചും പാര്‍ലമെന്റിന്റെ പബ്ലിക്‌സ് അക്കൗണ്ട്‌സ് കമ്മിറ്റിയെക്കുറിച്ചും പറയുന്ന ഖണ്ഡികയില്‍ വസ്തുതാപരമായ തിരുത്തല്‍ വേണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രം കോടതിയെ സമീപിച്ചിരിക്കുന്നത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചെന്ന കോടതി വിധിയിലെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്തെത്തിയതിനു തൊട്ടു പിന്നാലെയാണ് തിടുക്കപ്പെട്ട് കേന്ദ്രം തിരുത്തല്‍ ഹര്‍ജി നല്‍കിയത്. വിലയുടെ വിശദാംശങ്ങള്‍ സി.എ.ജിയുമായി സര്‍ക്കാര്‍ പങ്കുവെച്ച് കഴിഞ്ഞു. സി.എ.ജിയുടെ റിപ്പോര്‍ട്ട് പി.എ.സി പരിശോധിക്കുന്നു. റിപ്പോര്‍ട്ടിന്റെ സംഗ്രഹം പാര്‍ലമെന്റിലും പൊതു സമക്ഷവും വെക്കുന്നു എന്നാണ് തങ്ങള്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന വിവരം എന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ വിലയുടെ വിശദാംശങ്ങള്‍ സി.എ.ജിയുമായി പങ്കു വെച്ചിരുന്നു. സി.എ.ജിയുടെ റിപ്പോര്‍ട്ട് പി.എ.സി പരിശോധിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ സംഗ്രഹമാണ് പാര്‍ലമെന്റില്‍ വെച്ചത്, പൊതു സമക്ഷമുള്ളതും എന്നാണ് കോടതി വിധിയിലുള്ളത്. സര്‍ക്കാറിന്റെ വിശദീകരണത്തില്‍ വല്ല അവ്യക്തതയുമുണ്ടെങ്കില്‍ വിധിപ്രസ്താവത്തിനുമുമ്പ് തന്നെ കോടതിക്ക് വിശദീകരണം തേടാമെന്നിരിക്കെ കോടതിയില്‍ നിന്ന് വാചകങ്ങളില്‍ മാറ്റം വരാനുള്ള സാധ്യത തുലോം കുറവാണ്. അതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിനെ വിശ്വസിക്കാന്‍ ഒരു നിര്‍വാഹവുമില്ല.
എന്നാല്‍ പഞ്ചഗുസ്തിയില്‍ ഏറ്റ പരാജയത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമം മനപൂര്‍വം സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. കോടതി അടുത്തമാസം രണ്ടുവരെ അവധിയില്‍ പിരിയുന്ന സാഹചര്യം മുതലെടുത്താണ് ഈ നീക്കം നടത്തിയിരിക്കുന്നത്. ഇതോടെ പുന പരിശോധനാ ഹരജി നല്‍കിയെങ്കിലും ഉടന്‍ കോടതിക്ക് അത് കൈകാര്യം ചെയ്യാന്‍ സാധ്യമല്ലാത്ത സാഹചര്യം സംജാതമായിരിക്കുകയാണ്. വിധി പറഞ്ഞ ജഡ്ജിമാര്‍ തന്നെ പുനപരിശോധനാ അപേക്ഷ പരിഗണിക്കണമെന്നതിനാല്‍ കോടതിയെ കുറ്റം പറഞ്ഞ് പിടിച്ച് നില്‍ക്കുകയും ചെയ്യാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. പി.എ.സി അധ്യക്ഷന്റെ കൃത്യമായ ഇടപെടലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഉറച്ച നിലപാടും ബി.ജെ.പിയുടെ കണക്കു കൂട്ടല്‍ തെറ്റിച്ചിരിക്കുകയാണ്. ചുരുക്കത്തില്‍ വെളുക്കാന്‍ തേച്ചത് ബി.ജെ.പിക്ക് പാണ്ടായി മാറിയിരിക്കുകയാണ്. റഫേലില്‍ അനുകൂല വിധി സമ്പാദിക്കുന്നതിലൂടെ രണ്ട് ലക്ഷ്യങ്ങളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. നിയമ സഭാതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറച്ചുവെക്കുകയെന്നതായിരുന്നു ഒന്നാമത്തേത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവരെ ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലാക്കിയേക്കാവുന്ന പ്രധാനമന്ത്രി തന്നെ അഴിമതിക്കാരനായി മാറി എന്ന പ്രചരണത്തിന് തടയിടുക എന്നതായിരുന്നു രണ്ടാമത്തേത്. അത് കൊണ്ടാണ് കോടതിയുടെ പേരില്‍ രണ്ടും കല്‍പ്പിച്ച് അവര്‍ ഇത്തരമൊരു നീക്കം നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവസരോചിത ഇടപെടല്‍ വഴി ഈ നീക്കത്തിലും അവര്‍ക്ക് ചുവട് പിഴച്ചിരിക്കുകയാണ്.

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending