Connect with us

Video Stories

‘മാലാഖമാരെ’ ഇനിയും അപമാനിക്കണോ

Published

on

ആഗസ്റ്റ് മധ്യേ വീശിയടിച്ച നൂറ്റാണ്ടിലെ അത്യപൂര്‍വ പ്രളയക്കെടുതിയുടെ അവസ്ഥാന്തരങ്ങള്‍ മലയാളിയുടെ ജീവിത ഭാവിയെ തുറിച്ചുനോക്കുന്ന പതിതകാലഘട്ടമാണിത്. പ്രളയബാധിതരുടെ പുനരധിവാസം, പാലങ്ങളും പാതകളുമടക്കമുള്ള സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണം, സുരക്ഷിതമായ ഭാവി തുടങ്ങിയ കാര്യങ്ങളില്‍ സ്വീകരിക്കേണ്ട അതിനിര്‍ണായകമായ തീരുമാനങ്ങളും നടപടികളുമാണ് ഓരോ മേഖലയും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ പകുതിയോളം മനുഷ്യര്‍ ഇരയായ കെടുതിയുടെ തീവ്രത കണ്ട് മനംനൊന്തവര്‍ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് വാക്കുകളാലും വസ്തുക്കളായും അര്‍ത്ഥത്താലും സഹായങ്ങള്‍ ഇവിടേക്ക് വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. അതിന് കാരണം നാം നൂറ്റാണ്ടുകളായി പിന്തുടരുന്ന സാംസ്‌കാരികമായ ഔന്നത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പലതവണ ഓര്‍മിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇത്തരം തീരാവ്യഥകള്‍ക്കും മനുഷ്യ സ്പര്‍ശത്തിനുമിടയിലാണ് സ്ത്രീ സുരക്ഷയടക്കമുള്ള വിഷയങ്ങളില്‍ നിരവധി ഗൗരവമായ ആരോപണങ്ങള്‍ അദ്ദേഹം ഭരിക്കുന്ന സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ തീമഴ പോലെ ഉയര്‍ന്നുവന്നിരിക്കുന്നത്.
2014 മുതല്‍ പതിമൂന്ന് തവണയായി കാത്തലിക് ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിപ്പെട്ട കോട്ടയത്തുകാരിയായ കന്യാസ്ത്രീക്കും ബന്ധുക്കള്‍ക്കും അവരുടെ സമൂഹത്തിനും പരാതിപ്പെട്ട് രണ്ടര മാസമായിട്ടും സാമാന്യനീതി കിട്ടുന്നില്ലെന്ന് മാത്രമല്ല, അവരോട് എപ്പോള്‍ അത് ലഭ്യമാകുമെന്ന് ഉറപ്പുപറയാന്‍ പോലും പൊലീസിന് കഴിയുന്നില്ല. കന്യാസ്ത്രീയെ ബിഷപ്പ് ബലാല്‍സംഗം ചെയ്തുവെന്നതിന് തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍തന്നെ ഹൈക്കോടതിക്ക് മൊഴി നല്‍കിയതാണ്. എന്നിട്ടും കന്യാസ്ത്രീക്ക് നീതി ലഭിക്കാന്‍ അവരുടെ അഞ്ച് സഹപ്രവര്‍ത്തകര്‍ക്ക് പരസ്യപ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടിവന്നിരിക്കുന്നുവെന്നത് നമ്മുടെ ഭരണ സംവിധാനത്തിന് മാത്രമല്ല, ജനാധിപത്യത്തിനാകെതന്നെ നാണക്കേടാണ്. എറണാകുളത്ത് കഴിഞ്ഞ നാലു ദിവസമായി കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരത്തിന് കേരളീയപൊതുസമൂഹത്തില്‍നിന്ന് വന്‍ പിന്തുണ ലഭിച്ചുവരുന്നതെങ്കിലും ആഭ്യന്തര വകുപ്പും സര്‍ക്കാരും കാണേണ്ടിയിരുന്നു. ഇത്തരമൊരു ദയനീയ സ്ഥിതിവിശേഷം കേരളത്തെ സംബന്ധിച്ചിടത്തോളം കേട്ടുകേള്‍വിയില്ലാത്തതാണ്. കേരളത്തിന്റെ സാമൂഹിക വികസനത്തില്‍ കന്യാസ്ത്രീകള്‍ വഹിച്ച പങ്കിന് സമംവെക്കാന്‍ മറ്റൊരു വിഭാഗം വേറെയില്ലെന്നിരിക്കെ നീതിതരൂ എന്ന് തെരുവിലിറങ്ങി അപേക്ഷിക്കേണ്ട ഗതികേട് ഭൂമിയിലെ മാലാഖമാര്‍ക്ക് ഉണ്ടായെങ്കില്‍ ചരിത്രം ഇവിടുത്തെ ഭരണാധികാരികള്‍ക്കും സി.പി.എം കക്ഷിക്കും മാപ്പുനല്‍കില്ല.
പഞ്ചാബ് ജലന്ധറിലെ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീ ജൂണ്‍ 28ന് നല്‍കിയ പരാതിയില്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടിയെടുക്കാന്‍ പൊലീസിന് എന്തു തടസ്സമാണെന്ന് ഇതുവരെയും വ്യക്തമല്ല. നിയമത്തിന് ആരും അതീതരല്ലെന്ന് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കി. കന്യാസ്ത്രീ ചൂണ്ടിക്കാണിച്ച ദിവസം സന്യാസിനീമഠത്തില്‍ ബിഷപ്പ് താമസിച്ചുവെന്നതിനും അദ്ദേഹം ഇരയെ പരാതി നല്‍കിയ ശേഷവും അപകടപ്പെടുത്താന്‍ ശ്രമിച്ചുവെന്നതിനും നിരവധി തെളിവുകളാണ് പൊലീസിനു മുമ്പാകെ എത്തിച്ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞ മാസമാദ്യം ജലന്ധറില്‍ചെന്ന വൈക്കം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് വെറും കയ്യോടെ മടങ്ങേണ്ടിവന്നുവെന്നതിന് കാരണം അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകളില്‍ ഉന്നത ഭരണനേതൃത്വത്തില്‍ നിന്നുള്ള ചങ്ങല വീണിട്ടുണ്ടെന്നതിന് തെളിവാണ്. ആരോപണം ഉന്നയിച്ച കന്യാസ്ത്രീ കാത്തലിക് ആസ്ഥാനമായ വത്തിക്കാനും ഇന്ത്യയിലെ ബിഷപ്പ് സമൂഹത്തിനും നല്‍കിയ പരാതിയില്‍, ബിഷപ്പ് ഫ്രാങ്കോ രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗപ്പെടുത്തി നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുന്നുവെന്നാണ് ആരോപിച്ചിരിക്കുന്നത്.
ബിഷപ്പിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീക്ക് സഭയില്‍ നിന്നും നീതി കിട്ടാത്തതിനെ തുടര്‍ന്നാണ് തെരുവിലിറങ്ങേണ്ടിവന്നതെന്നാണ് സമരക്കാര്‍ പറയുന്നത്. മറ്റൊരിടവും ഇല്ലാതെ വന്നതിനെ തുടര്‍ന്നാണ് പൊതുജനത്തിനു മുന്നിലേക്ക് തങ്ങള്‍ക്ക് വരേണ്ടി വന്നതും പൊലീസിനെയും കോടതിയെയും സമീപിക്കേണ്ടി വന്നതും. സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് വിഷയത്തില്‍ വേണ്ടവിധത്തിലുള്ള നടപടി സ്വീകരിക്കാന്‍ തടസം നില്‍ക്കുന്നതെന്നാണ് ഇപ്പോള്‍ തങ്ങള്‍ മനസിലാക്കുന്നത്. ഇരയെ സംരക്ഷിക്കാതെ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് ഉണ്ടാകുന്നതെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം സന്യാസിനീ സമൂഹത്തെയാകമാനം അപമാനിക്കുന്ന പ്രസ്താവന നടത്തിയ നിയമസഭാസാമാജികന്‍ കേരളീയ പ്രബുദ്ധതയുടെ മേല്‍ പരക്കം പായുന്നു. ഒരു സാധാരണക്കാരനെതിരെയാണ് സമാനമായ പരാതികള്‍ കിട്ടിയിരുന്നതെങ്കിലോ യു.ഡി.എഫ് ഭരണകാലത്താണെങ്കിലോ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവ്വിധം എവിടെയും തൊടാതെ സംസാരിക്കാന്‍ ഇടതുപക്ഷത്തിനും പൊലീസിനും കഴിയുമായിരുന്നോ? ഇതിനെതിരെയൊക്കെ പ്രതികരിക്കേണ്ട വനിതാകമ്മീഷനും സി.പി.ഐയടക്കമുള്ള ഇതര കക്ഷികള്‍ക്കും നാവ് വഴങ്ങുന്നതേയില്ല.
സ്ത്രീ പീഡകര്‍ക്ക് കയ്യാമം വെക്കുമെന്ന് പറഞ്ഞവര്‍ പീഡന വീരന്‍മാര്‍ക്ക് പൂമാലയൊരുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. വോട്ടു ബാങ്ക് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചരടുകളാണിതെങ്കില്‍, സമാനമായ മറ്റൊരു പീഡന പരാതിയില്‍ സ്വന്തം പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നതായിരിക്കണം സ്വന്തം നിയമസഭാസാമാജികനായ പി.കെശശിക്കെതിരെ അനങ്ങാപ്പാറനയം സ്വീകരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. പാര്‍ട്ടിക്കാരിയുടെ പരാതിയില്‍ പാര്‍ട്ടി നേതാവിനെതിരെ പാര്‍ട്ടി നേതൃത്വം അന്വേഷിക്കുമെന്ന് പറയുന്നത് കമ്യൂണിസ്റ്റുകള്‍ക്ക് മാത്രമേ അനുസരിക്കാന്‍ കഴിയൂ. എല്ലാം പാര്‍ട്ടിയാണെന്ന് പറയാന്‍ മുമ്പ് കമ്യൂണിസ്റ്റുകള്‍ ഭരിച്ച് അടിയറവു പറഞ്ഞ സോവിയറ്റ് റഷ്യയല്ല ജനാധിപത്യഇന്ത്യ. രാജ്യത്തെ ഭരണഘടനയും ചട്ടങ്ങളുമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന തോന്നല്‍ തത്കാലത്തേക്ക് ഉപകരിക്കുമെങ്കിലും ജനാധിപത്യ രാഷ്ട്രീയത്തില്‍ അഹന്താനിര്‍ഭരമായ ധാര്‍ഷ്ട്യത്തിനും കബളിപ്പിക്കലിനും ഒരിറ്റും പ്രസക്തിയില്ലെന്ന് ഓര്‍മയിലുണ്ടാകട്ടെ.

News

മുഖ്യമന്ത്രിക്ക് തുടരാന്‍ ധാര്‍മിക അവകാശമില്ല

മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്.

Published

on

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആരോപണങ്ങളുടെ പരമ്പര തന്നെയാണ് സി.പി.എം പാര്‍ട്ടിയും അവര്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും നേരിട്ടുകൊണ്ടിരിക്കുന്നത്. സ്വര്‍ണ്ണകള്ളക്കടത്ത് കേസ് അടക്കം പലതും പല രീതിയില്‍ നേരിടാനും പാര്‍ട്ടിക്കു സാധിച്ചു. ലൈഫ് മിഷന്‍ ത ട്ടിപ്പ് കേസില്‍ ഒറ്റ വ്യക്തിയിലേക്ക് ആരോപണം ചുരുക്കാനുമായി. മിക്കതും ബി.ജെ.പിയുമായി അവിഹിത ബന്ധമുണ്ടാക്കിയാണ് മറികടന്നത്. എന്നാല്‍, ആരോപണ പരമ്പരയിലെ ഏറ്റവും പുതിയ അധ്യായം ചെയ്യാത്ത സേവനത്തിന് കരിമണല്‍ കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയതു സംബന്ധിച്ചുള്ളത് കൂടുതല്‍ ഗുരുതരമാണ്. സ്വജനപക്ഷപാതം എന്ന ആരോപണം നേരിടാന്‍ പാര്‍ട്ടി ഇതുവരെ പ്രയോഗിച്ച പ്രതിരോധ തന്ത്രങ്ങള്‍ ഇതിന് പോരാതെ വരും. മുഖ്യമന്ത്രി പിണറായി വജയന്റെ മകള്‍ വീണയ്ക്കെതിരായ എസ്.എഫ്.ഐ.ഒ കണ്ടെത്തല്‍ വളരെ ഗുരുതരമാണ്. ഒരു സേവനവും നല്‍കാതെ 2.70 കോടി രൂപ കൈപ്പറ്റി സാമ്പത്തിക വഞ്ചന നടത്തി എന്നാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) കണ്ടെത്തിയിരിക്കുന്നത്. പ്രോസിക്യൂഷന്‍ നടപടികള്‍ക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ, സി.എം.ആര്‍.എല്‍ എം.ഡിയായ ശശിധരന്‍ കര്‍ത്ത, സി.എം.ആര്‍.എല്‍ സി.ജി.എം ഫിനാന്‍സ് പി. സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. സി.എം.ആര്‍.എല്ലില്‍ നിന്നും എംപവര്‍ ഇന്ത്യ എന്ന കമ്പനിയില്‍ നിന്നുമാണ് പണം എക്‌സാലോജികിലേക്ക് എത്തിയത്. ശശിധരന്‍ കര്‍ത്തയും ഭാര്യയുമാണ് എംപവര്‍ ഇന്ത്യ കമ്പനിയുടെ ഡയറക്ടര്‍മാര്‍. വീണക്കും ശശിധരന്‍ കര്‍ത്തക്കും എക്സാലോജിക് സൊല്യൂഷന്‍സിനും സി.എം.ആര്‍.എല്ലിനുമെതിരെ കമ്പനികാര്യ ചട്ടം 447 വകുപ്പ് ചുമത്തിയിട്ടുണ്ട്. ശശിധരന്‍ കര്‍ത്തക്കും സി.എം. ആര്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുമെതിരെ വേറെയും കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 182 കോടിയുടെ രൂപയുടെ വെട്ടിപ്പ് സി.എം. ആര്‍.എല്ലില്‍ നടന്നെന്നാണ് കണ്ടെത്തല്‍. ഇല്ലാത്ത ചെലവുകള്‍ പെരുപ്പിച്ച് കാട്ടി, കൃത്രിമ ബില്ലുകള്‍ തയാറാക്കിയാണ് വെട്ടിപ്പ് നടത്തിയിരിക്കുന്നത്. നിപുണ ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ വഴിയാണ് വെട്ടിപ്പ് നടന്നത്. ഈ രണ്ട് കമ്പനികളുടേയും ഡയറക്ടര്‍മാര്‍ ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളാണ്. 2024 ജനുവരിയില്‍ തുടങ്ങിയ അന്വേഷണത്തിലാണ് 14 മാസങ്ങള്‍ക്ക് ശേഷം ഏറ്റവും പ്രധാന നീക്കം.

അത്ര നിസ്സാരമായി തള്ളാവുന്ന സംഭവമല്ലിത്. ആദായനി കുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ വീണക്കും കമ്പനിക്കുമെതിരെ പരാമര്‍ശമുണ്ടായപ്പോള്‍ ‘രണ്ടു കമ്പനികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടാണെന്നും വിണ ജി.എസ്.ടി അടച്ചുവെന്നു’മുള്ള വാദമായിരുന്നു സി.പി.എമ്മി ന്റേത്. എന്നാല്‍ ആ ഇടപാടില്‍ സാമ്പത്തിക വഞ്ചന നടന്നുവെന്നും 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണെ ന്നുമുള്ള കണ്ടെത്തലാണ് കേന്ദ്ര ഏജന്‍സിയുടേത്. ഒപ്പം വീണയെ പ്രതിചേര്‍ക്കുകയും ചെയ്തിരിക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു പ്രതിപക്ഷത്തെ വേട്ടയാടുന്നു എന്ന് ആരോപിക്കാവുന്ന ഗണത്തില്‍ പെടുത്താവുന്നതല്ല ഇത്. ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി അവര്‍ കണ്ടെത്തിയ വിവരമാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കും അവരുടെ കമ്പനിക്കും എതിരെയുള്ളത്. അതുകൊണ്ട് ഇതു രാഷ്ട്രീയ പ്രേരിതം എന്നു പറയാന്‍ കഴിയില്ല. രാഷ്ട്രീയ പ്രേരിതമായിരുന്നെങ്കില്‍ സംഘ്പരിവാര്‍ നേതൃത്വം ഇടപെട്ടു മുഖ്യമന്ത്രിയെ രക്ഷിക്കുമായിരുന്നു. കരുവന്നൂരില്‍ അടക്കം അതു കണ്ടതാണ്. ഈ വിഷയത്തില്‍ വിജിലന്‍സ് കേസ് ഹൈക്കോടതി തള്ളിയത് അഴിമതി വിരുദ്ധ നിരോധന നിയമം അനുസരിച്ച് ആവശ്യമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ക ഴിയാത്തതിനാലാണ്. എന്നാല്‍ എസ്.എഫ്.ഐ.ഒ എടുത്ത കേസ് കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പിന്റെ അടിസ്ഥാനത്തിലുള്ളതാണ്.

ചെയ്തിട്ടില്ലാത്ത സേവനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയെന്നു വരുമ്പോള്‍ അതിന് കൈക്കുലി എന്നല്ലാതെ എന്തു വിശേഷണമാണ് യോജിക്കുക? പബ്ലിക് ലിമിറ്റഡ് കമ്പനി എന്ന നിലയില്‍ സര്‍ക്കാരിനുകൂടി സാങ്കേതിക പങ്കാളിത്തമുള്ള സ്ഥാപനവുമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് ബിസിനസ് ചെയ്യാമോ എന്നത് ധാര്‍മികമായ ചോദ്യമാണ്. സം സ്ഥാന സര്‍ക്കാരിന്റെ കേരള സ്റ്റേറ്റ കരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന് കമ്പനിയില്‍ പങ്കാളിത്തമുള്ളതാണ്. അതിനാല്‍ തന്നെ ഇതില്‍ ഉള്‍പ്പെടുന്നത് പൊതു ഖജനാവിലെ പണം കൂടിയാണ്. അതിന്റെ സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. മുഖ്യമന്ത്രി വിശ്വാസ്യത തന്നെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

അഴിമതി നടത്തിയതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷം ആവ ശ്യപ്പെട്ടിരിക്കുന്നത്. ഒരു നിമിഷം പോലും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല. മകള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുന്നതിനെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു പിണറായി വിജയന്‍ എങ്ങനെ ന്യായീകരിക്കും. മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയെ ഇത്ര നാള്‍ ന്യായീകരിച്ചവര്‍ക്ക് ഇനി എന്താണ് പറയാനുള്ളതെന്നും പ്രതിപക്ഷം ചോദിക്കുന്നു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇളവു നേടി മേല്‍ക്കമ്മിറ്റിയില്‍ തു ടരാന്‍ ഒരുങ്ങുന്ന പിണറായി വിജയന്റെ പ്രഭാവത്തിനു മങ്ങലേല്‍പിക്കുന്നതുമാണ് എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. മുഖ്യമന്ത്രി പദവി രാജിവെക്കുന്നതിനൊപ്പം പാര്‍ട്ടി പദവികളില്‍ ഇളവു തേടുന്നതിലെ ധാര്‍മികതയും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നാ ണ് കഴിഞ്ഞദിവസം പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പറഞ്ഞത്. എന്നാല്‍, മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട ഇടപാടിനെക്കുറിച്ച് ആരോപണം ശക്തമാകുമ്പോള്‍ പിണറായി വിജയനെതിരെ നടപടി എത്രത്തോളമുണ്ടാകുമെന്ന് കണ്ടറി യണം. ‘സീസറുടെ ഭാര്യയും സംശയത്തിന് അതീതയായിരി ക്കണം’ എന്ന തത്ത്വം പിണറായി വിജയനും ബാധകമാണ്.

Continue Reading

Video Stories

ജബൽപൂര്‍ ആക്രമണം; വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

കേരളത്തില്‍ അടക്കം വിഷയം ചര്‍ച്ചയായ സാഹചര്യത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാണ് ബിജെപിയുടെ പുതിയ നീക്കം എന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

Published

on

ജബല്‍പൂരില്‍ മലയാളി വൈദികര്‍ അടക്കമുള്ളവര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. സംഭവം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ജബല്‍പൂര്‍ പൊലീസ് കേസെടുത്തത്.

വൈദികരെ ആക്രമിക്കുന്ന ദൃശ്യത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജബല്‍പൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സതിഷ് കുമാര്‍ സോഹി വ്യക്തമാക്കിയിരുന്നു.വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് പൊലീസ് വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചത്. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത ശേഷം ക്രൈസ്തവ വിഭാഗത്തിന് മേലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇതിലൂടെ കേന്ദ്രം നടത്തുന്നത്. കേരളത്തില്‍ അടക്കം വിഷയം ചര്‍ച്ചയായ സാഹചര്യത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാണ് ബിജെപിയുടെ പുതിയ നീക്കം എന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനിടെയാണ് തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയത്. ജബല്‍പൂര്‍ വികാരി ജനറല്‍ ഫാദര്‍ ഡേവിസ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോര്‍ജ് ടി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന പുരോഹിതന്മാരെയാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ അക്രമിച്ചത്.

ഇതോടെ ഓംതി പൊലീസ് വിഷയത്തില്‍ ഇടപെട്ടു. വൈദികര്‍ അടങ്ങുന്ന സംഘത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വൈകാതെ തന്നെ ഇവരെ വിട്ടയക്കുകയും ചെയ്തു. ഇതിന് പിന്നാലെ വൈദികര്‍ മറ്റൊരു പള്ളിയില്‍ തീര്‍ത്ഥാടനം നടത്തുകയും വീണ്ടും അക്രമികള്‍ തടയുകയും ചെയ്തു. വൈദികരെ അക്രമികള്‍ തടഞ്ഞുനിര്‍ത്തി റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും പൊലീസിന്റെ സാന്നിധ്യത്തില്‍ ആക്രമിക്കുകയും ചെയ്തു. മണിക്കൂറുകള്‍ പൊലീസ് സ്റ്റേഷനില്‍ തുടര്‍ന്ന ശേഷമാണ് വൈദികരും തീര്‍ത്ഥാടകരും മാണ്ട്ലയിലേക്ക് പോയത്.

Continue Reading

News

വഖഫ് ബിൽ നിയമ രാഷ്ട്രീയ പോരാട്ടത്തിനൊരുങ്ങി മുസ്‌ലിം ലീഗ് 16 ന് കോഴിക്കോട്ട് പ്രതിഷേധ മഹാറാലി

രാജ്യസഭയിലും ബിൽ പാസായതിനെ തുടർന്ന് ചേർന്ന അടിയന്തിര നേതൃയോഗം പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

Published

on

കോഴിക്കോട്: വഖഫ് ഭേദഗതി ബിൽ ബില്ലിനെതിരെ രാഷ്ട്രീയ നിയമ പോരാട്ടം തുടരാൻ മുസ്‌ലിം ലീഗിൻ്റെ ദേശീയ നേതൃയോഗത്തിൽ തീരുമാനം. രാജ്യസഭയിലും ബിൽ പാസായതിനെ തുടർന്ന് ചേർന്ന അടിയന്തിര നേതൃയോഗം പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദർ മെയ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു.

ബില്ലിനെതിരെ ദേശീയ തലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും ബില്ലിൻ്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിക്കാനും യോഗം തീരുമാനമെടുത്തു. ഇതോടനുബന്ധിച്ച് ഏപ്രിൽ 16 ന് കോഴിക്കോട് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കും. ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

ദേശീയ തലത്തിൽ ഓരോ സംസ്ഥാനത്തും നടക്കുന്ന പ്രക്ഷോഭങ്ങളുടെ തിയതി അതാത് സംസ്ഥാന കമ്മിറ്റികൾ കൂടി തീരുമാനിച്ച് പ്രഖ്യാപിക്കും ..മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് ബില്ലിലൂടെ സർക്കാർ നടപ്പാക്കിയത് എന്ന് യോഗം വിലയിരുത്തി. ഇത് ചൂണ്ടിക്കാട്ടി അടിയന്തിരമായി സുപ്രിം കോടതിയെ സമീപിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.ഇതിനായി ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെയും മുസ്‌ലിം ലീഗ് എം പി മാരെയും ചുമതലപ്പെടുത്തി.

രണ്ടാം മോദി സർക്കാറിന്റെ കാലത്ത് കൊണ്ട് വന്ന സി എ എ ക്ക് സമാനമായ നിയമമാണ് മൂന്നാം മോദി സർക്കാറിന്റെ വഖഫ് ബില്ലെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മതേതര ജനാധിപത്യ ശക്തികളെ ചേർത്ത് നിർത്തിക്കൊണ്ടുള്ള വമ്പിച്ച ബഹുജന സമരം ഇതിനെതിരെ ഉയർന്ന് വരുമെന്ന് പ്രഖ്യാപിച്ചു. മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തിനെതിരെയാണ് കേന്ദ്ര സർക്കാർ ഇന്ന് കടന്നു കയറുന്നത് നാളെ മറ്റ് മത ന്യൂനപക്ഷ ൾക്കു നേരെ ഇതാവർത്തിക്കും.

സംവരണമടക്കമുള്ള ന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ ഓരോന്നായി ഇല്ലാതാക്കുന്ന വിശാലമായ പദ്ധതിയുടെ ഭാഗമാണ് വഖഫ് ബിൽ എന്ന് മതേതര സമൂഹത്തിന് തിരിച്ചറിയാനാകണം. യോജിച്ച പോരാട്ടമാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നത്.വഖഫ് ബില്ലിന് തൊട്ടുപിന്നാലെ പാതിരാവിൽ മണിപ്പൂരിലെ രാഷ്ട്രപതി ഭരണത്തിനുള്ള നിയമവും പാസാക്കിയെടുത്തു എന്നത് ശ്രദ്ധേയമാണ്.

നൂറ് കണക്കിനാളുകൾ കൊല്ലപ്പെടുകയും ക്രൈസ്തവ ആരാധനാലയങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്ത മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കാത്ത പ്രധാനമന്ത്രിയുടെ ക്രൈസ്തവ സ്നേഹത്തിൻ്റെ കാപട്യം തിരിച്ചറിയാനുള്ള വിവേകം ആ സമൂഹത്തിനുണ്ട്. പൗരത്വ സമരത്തിന് സമാനമായ ജനകീയ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും മുസ്‌ലിം ലീഗ് ഇതിന്റെ മുന്നിലുണ്ടാകുമെന്നും യോഗം പ്രഖ്യാപിച്ചു.

ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി, ട്രഷറർ പി പി അബ്ദുൾ വഹാബ് എം പി, സീനിയർ വൈസ് പ്രസിഡണ്ട് അബ്ദുസമദ് സമദാനി എം പി, ഡോ: എം കെ മുനീർ എം എൽ എ,നവാസ് ഗനി എം പി, ഹാരിസ് ബീരാൻ എം പി, ദസ്തഗീർ ആഖ, ഖുർറം അനീസ് ഉമർ ,സി കെ സുബൈർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Continue Reading

Trending