Connect with us

Video Stories

വേദനയാകുന്ന വൈദ്യപഠനം

Published

on

വൈദ്യപരവും അനുബന്ധവുമായ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയുടെ കാര്യത്തില്‍ രാജ്യവും പ്രത്യേകിച്ച് കേരളവും ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന അനിശ്ചിതത്വവും അതുമൂലമുള്ള ആശങ്കകളും പലതവണകളായി നാം വാര്‍ത്താമാധ്യമമാര്‍ഗേ ചര്‍വണമാക്കിക്കഴിഞ്ഞതാണ്. മെഡിക്കല്‍ ബിരുദത്തിന്റെ കാര്യത്തില്‍ രാജ്യത്ത് കൊടിയ അഴിമതിയും അനീതിയുമാണ് വാഴുന്നതെന്ന് സുപ്രീംകോടതി പല തവണയായി ചൂണ്ടിക്കാട്ടുകയും അതിന് തടയിടുന്നതിനായി ഇടയ്‌ക്കെല്ലാം പല താക്കീതുകളും നിര്‍ദേശങ്ങളും മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഓരോദിവസം കഴിയുംതോറും ആ അവസ്ഥയില്‍നിന്ന് തരിമ്പ് പോലും രാജ്യം മുന്നോട്ടുപോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കേരളത്തിലെ എം.ബി.ബി.എസ്, ബി.എ.എം.എസ് സീറ്റുകളുടെ കാര്യത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന അനിശ്ചിതാവസ്ഥ. ഈ മാസം 19ന് കേരളത്തിലെ സ്വാശ്രയ കോളജ് സംബന്ധിച്ച കേസില്‍ വ്യക്തമായ പഠന നിര്‍ദേശങ്ങള്‍ക്കായി സുപ്രീംകോടതിയുടെ എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് മുന്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ നന്ദന്‍ നിലകേനിയെ ചുമതലപ്പെടുത്തിയത് വിഷയത്തിന്റെ ഗൗരവം ഉന്നതനീതിപീഠം പൂര്‍ണമായും ഉള്‍ക്കൊണ്ടുവെന്നതിന് തെളിവാണ്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെ അമികസ ്ക്യൂറിയായി നിയമിച്ചതും ശ്ലാഘനീയം തന്നെ. രാജ്യത്തെ വിദഗ്ധ പ്രൊഫഷണല്‍ സ്ഥാപനമായ റ്റാറ്റ കണ്‍സള്‍ട്ടന്‍സിയുടെ സേവനം തേടാമെന്ന നിര്‍ദേശവും വലിയ പ്രതീക്ഷകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
2016ല്‍ സുപ്രീംകോടതി നിര്‍ദേശിച്ചതനുസരിച്ച് രാജ്യത്താകമാനം ഒറ്റ പ്രവേശനപരീക്ഷയെന്നതു നടപ്പാക്കിയെങ്കിലും സംസ്ഥാനങ്ങളിലെ സീറ്റുകളുടെ അപര്യാപ്തതയാണ് ഇപ്പോഴും കീറാമുട്ടിയായി നിലകൊള്ളുന്നത്. സമൂഹത്തിലെ മാന്യമായതും സ്ഥിരവുമായ വരുമാനമാര്‍ഗം എന്ന നിലക്ക് കൂടുതല്‍ പേര്‍ മെഡിക്കല്‍- അനുബന്ധ മേഖലകളിലേക്ക് തിരിയുകയാണെന്ന സത്യം ഒരുവശത്തെങ്കില്‍, അതിനുതക്ക സൗകര്യങ്ങളുള്ള സീറ്റുകള്‍ ഇല്ലാതിരിക്കുന്നത് വലിയ സാമൂഹിക പ്രശ്‌നമാണ് സൃഷ്ടിക്കപ്പെടുന്നത്. കേരളത്തില്‍നിന്ന് ഒരു ലക്ഷത്തിലധികം പേരാണ് കഴിഞ്ഞവര്‍ഷം അഖിലേന്ത്യാപ്രവേശന പരീക്ഷയായ നീറ്റ് എഴുതിയത്. ഇതില്‍ റാങ്ക് പട്ടികയില്‍ വന്നത് അറുപതിനായിരത്തോളം പേരും സീറ്റുകളുള്ളത് ഏതാണ്ട് അയ്യായിരത്തോളവും. എം.ബി.ബി.എസിന് മാത്രം കേരളത്തിലെ വിവിധ ഗവ. മെഡിക്കല്‍ കോളജുകളിലായി ഉള്ളത് ഏതാണ്ട് ആയിരം സീറ്റ് മാത്രമാണ്. സ്വകാര്യ സ്വാശ്രയ മേഖല കൂട്ടിയാല്‍ രണ്ടായിരത്തോളവും. പിന്നീട് വരുന്ന റാങ്കുകാര്‍ക്ക് ദന്തല്‍, ആയുര്‍വേദം, സിദ്ധ, യുനാനി, ഫോറസ്ട്രി, അഗ്രിക്കള്‍ച്ചര്‍ തുടങ്ങിയവക്ക് ചേരേണ്ടിവരുന്നു.
രാജ്യത്തെ ആരോഗ്യമേഖലയിലെ ആവശ്യകതയും ഭാവിയും കണ്ടറിഞ്ഞ് അതിനനുസൃതമായ അളവില്‍ കോഴ്‌സുകളും സീറ്റുകളും തുടങ്ങാന്‍ അവസരം ലഭിക്കുന്നില്ലെന്ന പരാതിയാണ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ളതെങ്കില്‍ സര്‍ക്കാരും പരിശോധനാഏജന്‍സികളും പറയുന്നത് മറ്റൊന്നാണ്. മതിയായ സൗകര്യങ്ങളൊരുക്കാതെ പഠനസ്ഥാപനങ്ങള്‍ തുടങ്ങാന്‍ ലാഭക്കൊതിയന്മാരായ കച്ചവടക്കാര്‍ ഈ രംഗത്തേക്ക് വരുന്നതാണ് പ്രശ്‌നമെന്നാണ് അത്. അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സില്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഭാവി ഡോക്ടര്‍മാരുടെയും അനുബന്ധ പ്രൊഫഷണലുകളുടെയും മികവിനെ അത് ബാധിക്കുമെന്നത് തീര്‍ച്ചതന്നെ. ഇതിന് പക്ഷേ വന്‍തുക ചെലവ് വരുമെന്ന വാദമാണ് സ്വകാര്യ കോളജ് മാനേജ്‌മെന്റുകള്‍ ഉയര്‍ത്തുന്നത്. ഇവ രണ്ടും സമഞ്ജസമായ രീതിയില്‍ സംയോജിപ്പിക്കുകയും സര്‍ക്കാര്‍ ഏജന്‍സികളെയും സ്വകാര്യ വിദ്യാഭ്യാസ സംരംഭകരെയും രമ്യതയിലാക്കേണ്ടത് ഇവിടുത്തെ ഭരണകൂടത്തിന്റെ കടമയാണ്. നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ഫീസ് താങ്ങാന്‍ കഴിയാതെ സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ മെഡിക്കല്‍ വിദ്യാഭ്യാസ തൊഴില്‍ മേഖലയില്‍നിന്ന ്പുറന്തള്ളുകൊണ്ടിരിക്കുന്നത് രാജ്യത്തിനും സമൂഹത്തിനും പൗരന്മാരുടെ തുല്യതയോടെയുള്ള ക്ഷേമത്തിനും ഒട്ടും യോജിച്ചതല്ല. ഇതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ് ആത്മാര്‍ത്ഥതയോടെയുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടത്.
കേരളത്തിലെ നാല് മെഡിക്കല്‍ കോളജുകളുടെ കാര്യത്തില്‍ കേരള ഹൈക്കോടതി ഉത്തരവിട്ട അനുമതി സുപ്രീംകോടതി റദ്ദാക്കിയതിനെതുടര്‍ന്ന് കാല്‍ ലക്ഷത്തോളം പേരാണ് ഈ മാസം ആദ്യം വെട്ടിലായത്. മോപ്പപ് കൗണ്‍സലിങിനായി തിരുവനന്തപുരത്തെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സീറ്റുകള്‍ അനുവദിച്ചുകിട്ടിയിട്ടും കോടതി നിര്‍ദേശത്തെതുടര്‍ന്ന് പിന്നീട് വീടുകളിലേക്ക് വെറും കയ്യോടെ തിരിച്ചുപോകേണ്ടിവന്നു. അധ്യയന വര്‍ഷം ആരംഭത്തില്‍ തന്നെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതുപോലെ മെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ കാര്യത്തില്‍ കണിശമായ തീരുമാനം സര്‍ക്കാരുകള്‍ക്ക് എടുക്കാനാകുന്നില്ല. ഇതിനുപിന്നില്‍ മറിയുന്ന കോടികളുടെ കോഴയാണ് രാഷ്ട്രീയ ഭരണ നേതൃത്വത്തെകൊണ്ട് കുട്ടികളുടെ ഭാവിയെ വെച്ച് പന്താടുന്ന അവസ്ഥയിലെത്തിക്കുന്നത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഇത് അക്ഷന്തവ്യമായ വീഴ്ചയെന്നേ വിശേഷിപ്പിക്കാനാകൂ.
സെപ്തംബര്‍ 23ന് അനുവദിച്ച ആയുര്‍വേദ ബിരുദ (ബി.എ.എം.എസ്) കോഴ്‌സിലെ 100 സീറ്റുകളുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നത് മറ്റൊരു പ്രഹരമായിരിക്കുകയാണ്. കോഴിക്കോട് കെ.എം.സി.ടി കോളജിലെ പുതുതായി ഹൈക്കോടതി അനുമതി നല്‍കിയ 40 സീറ്റുകളിലേക്ക് പ്രവേശനപരീക്ഷാകമ്മീഷണര്‍ പ്രവേശനം നടത്തുകയും കുട്ടികള്‍ അതനുസരിച്ച് രണ്ടുലക്ഷം രൂപയോളം ഫീസായി അടക്കുകയും ചെയ്തുകഴിഞ്ഞു. പല വിദ്യാര്‍ത്ഥികളും നിലവിലെ പഠനം അവസാനിപ്പിച്ചാണ് അവരിഷ്ടപ്പെട്ട കോഴ്‌സുകളില്‍ ചേരാനെത്തിയതെന്നതിനാല്‍ ഇത് വീണ്ടും നിഷേധിക്കുന്നത് അവരോടുള്ള കൊടിയ അനീതിയും അവഹേളനവുമാണ്. മുതിര്‍ന്ന തലമുറയെയും സര്‍ക്കാര്‍ സംവിധാനത്തോടുമുള്ള അവമതിപ്പിനേ ഇതിടയാക്കൂ. സുപ്രീംകോടതിയുടെ വിധിയിലൂടെ നിലവിലെയും വരുംകാലത്തേയും മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ പോരായ്മകളും അരുതായ്മകളും വേദനകളും ഇല്ലാതാക്കാനുള്ള പ്രായോഗികമായ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരികയും ആയത് ഭരണകൂടങ്ങള്‍ ഇച്ഛാശക്തിയോടെ നടപ്പാക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് രാജ്യത്തിനാകെയുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending