Connect with us

Video Stories

ഇന്ധന വിലയ്ക്ക് ബ്രേക്കിടേണ്ടത് ആര്?

Published

on

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അധിക നികുതി വേണ്ടെന്നു വെക്കാന്‍ മനസുകാണിക്കാത്ത സംസ്ഥാന സര്‍ക്കാര്‍, രൂക്ഷമായ പ്രതിസന്ധിയുടെ തീച്ചുഴിയില്‍ എണ്ണിയൊഴിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ വില കുറക്കട്ടെ എന്ന മര്‍ക്കടമുഷ്ടി തുടരുന്ന സംസ്ഥാന സര്‍ക്കാര്‍ പൊതുജനങ്ങളുടെ പ്രയാസം കണ്ടില്ലെന്നു നടിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ദിനംപ്രതി ഇന്ധന വില കുതിച്ചുയരുന്നത് സഞ്ചാര മേഖലയെ മാത്രമല്ല ബാധിക്കുന്നതെന്ന യാഥാര്‍ത്ഥ്യം പിണറായി സര്‍ക്കാര്‍ ഉള്‍ക്കൊള്ളണം. പെട്രോളിനും ഡീസലിനും വില കത്തിക്കയറുന്നതനുസരിച്ച് നിത്യോപയോഗ വസ്തുക്കളില്‍ വിലവര്‍ധനവ് പ്രകടമാവുന്നത് കണ്ടില്ലെന്നു നടിക്കാനാവില്ല. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചാല്‍ കേരളത്തിലെ നികുതിയും കുറയുമെന്ന സംസ്ഥാന ധനകാര്യമന്ത്രിയുടെ വരട്ടുതത്വമാണ് കേരളത്തെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിക്കുന്നത്. വലിയ വായയില്‍ വിടുവായത്തം പറഞ്ഞു കേന്ദ്രം നികുതി കുറക്കുന്നതും കാത്തിരുന്നാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വാണംപോലെ കുതിച്ചുയരുമെന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ഈ ഒളിച്ചുകളി തുടരുന്ന പക്ഷം വരുന്ന വര്‍ഷക്കാലം വറുതിയുടെ വറച്ചട്ടിയില്‍ കിടന്ന് വെന്തുരുകാനായിരിക്കും പൊതുജനങ്ങളുടെ വിധി. പലചരക്കുകളുടെയും പച്ചക്കറിയുടെയും വിലക്കയറ്റം രൂക്ഷമാകുന്ന മഴക്കാലത്തിനു മുമ്പേ കരുതല്‍ സ്വീകരിക്കേണ്ട സംസ്ഥാന സര്‍ക്കാറിന്റെ ഇക്കാര്യത്തിലെ നിസംഗതയാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതിഭാരത്തിലും പ്രതിഫലിക്കുന്നത്.
കേന്ദ്രത്തില്‍ ബി.ജെ.പിയും കേരളത്തിലും ഇടതുസര്‍ക്കാറും അധികാരത്തില്‍ വന്നതിനു ശേഷമാണ് പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതിയില്‍ മാറ്റമില്ലാതിരിക്കുകയും ഇന്ധന വിലവര്‍ധനവ് പിടിച്ചുകെട്ടാന്‍ കഴിയാതെ വരികയും ചെയ്തത്. പൊതുജനങ്ങളുടെ പ്രയാസമോര്‍ത്ത് പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതി വേണ്ടെന്നു വെക്കാന്‍ യു.ഡി.എഫ് കാണിച്ച ആര്‍ജവം എല്‍.ഡി.എഫിന് ഇല്ലാതെപോയത് കടുത്ത ജനവഞ്ചനയാണ്. ബി.ജെ.പി സര്‍ക്കാര്‍ അടിക്കടി വില കൂട്ടുമ്പോഴെല്ലാം നികുതി കുറക്കാന്‍ തയാറല്ലെന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ തുടരുന്നത്. നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് നയത്തോട് എല്ലാ കാര്യങ്ങളിലും താദാത്മ്യപ്പെടുന്ന പിണറായി വിജയന്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധനവിലും മോദി പ്രിയം പിന്തുടരുന്നുവെന്നര്‍ത്ഥം. എക്‌സൈസ് തീരുവ കുറക്കാന്‍ തയാറല്ലെന്നും സംസ്ഥാനങ്ങള്‍ വേണമെങ്കില്‍ നികുതി കുറക്കട്ടേയെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ വില വര്‍ധനവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ സംസ്ഥാനങ്ങളെ നികുതി കുറക്കാന്‍ നിര്‍ബന്ധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിന് വഴങ്ങേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ പിടിവാശിയാണ് പൊതുജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നത്. കേന്ദ്രം അടിക്കടി എക്‌സൈസ് തീരുവ കൂട്ടയതു മാത്രമാണ് വില കൂടാന്‍ കാരണമെന്നും സംസ്ഥാന സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടില്ല എന്നുമാണ് ധനകാര്യമന്ത്രി തോമസ് ഐസക് ഇവ്വിഷയകമായി ന്യായം നിരത്തുന്നത്. ഇത് തത്വത്തില്‍ സര്‍ക്കാറിന്റെ കഴിവുകേട് ഏറ്റുപറയുന്നതും പൊതുജനങ്ങളുടെ പ്രയാസങ്ങളെ പുച്ഛത്തോടെ കാണുന്നതുമാണ്. അധികാരത്തില്‍ കയറിയതിനു ശേഷം ഇതേ പല്ലവി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാറിന് പ്രായോഗിക ബുദ്ധിയേക്കാള്‍ പ്രധാനം പ്രതിസന്ധികളില്‍ പിന്തിരിഞ്ഞോടുന്ന കുബുദ്ധിയാണെന്ന് എല്ലാ കാര്യങ്ങളിലുമെന്ന പോലെ ഇന്ധന വിലയുടെ കാര്യത്തിലും വീണ്ടും വീണ്ടും തെളിയിക്കുകയാണ്.
പെട്രോളിന്റെയും ഡീസലിന്റെയും വില നിര്‍ണയാധികാരം കേന്ദ്ര സര്‍ക്കാറില്‍ നിക്ഷിപ്തമല്ലാത്തതിനാല്‍ വില്‍പ്പന നികുതി വേണ്ടെന്നു വെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മാത്രമെ ഇപ്പോഴത്തെ പ്രശ്‌നത്തിന് പരിഹാരമാകൂ. എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും വില്‍പ്പന നികുതി ഈടാക്കുന്നുണ്ടെന്നു പറഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ കടിച്ചുതൂങ്ങുന്നത്. മദ്യത്തിന്റെയും ഇന്ധനത്തിന്റെയും നികുതിയാണ് സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗമെന്ന ധനകാര്യ മന്ത്രിയുടെ കാര്‍ക്കശ്യമാണ് മാറിച്ചിന്തിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കാത്ത ഘടകങ്ങളിലൊന്ന്. അതിനാല്‍ പിണറായി സര്‍ക്കാറിന്റെ കാലത്ത് രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഏഴില്‍ താഴെ സംസ്ഥാനങ്ങള്‍ മാത്രമാണ് പെട്രോളിന് കേരളത്തേക്കാള്‍ നികുതി ഈടാക്കുന്നത്. ആന്ധ്രയും തെലങ്കാനയും കഴിഞ്ഞാല്‍ രാജ്യത്ത് ഡീസലിന് കൂടുതല്‍ നികുതി ചുമത്തുന്നതും കേരളമാണ്. ഇതു കാരണം കഴിഞ്ഞ വര്‍ഷം 6899 കോടി രൂപയാണ് സംസ്ഥാനത്തിന്റെ വാറ്റ് വരുമാനം.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന സമയത്ത് 4515 കോടി രൂപയില്‍ നിന്നാണ് പിണറായി സര്‍ക്കാര്‍ ഈ വര്‍ധനവുണ്ടാക്കിയത്. സംസ്ഥാന സര്‍ക്കാറിന് മേനി ചുളിയാതെ കിട്ടുന്ന വരുമാനമായിട്ടു പോലും ഈ അധിക നികുതി വേണ്ടെന്നു വെക്കാന്‍ ധൈര്യപ്പെടാത്തത് ഭരണപരാജയത്തിന്റെ കുഴിയില്‍ വീണു കിടക്കുന്നതു കൊണ്ടാണ്. മറ്റു വരുമാന മാര്‍ഗങ്ങള്‍ വഴിമുട്ടി നില്‍ക്കുകയും ഭരണകൂടം നിഷ്‌ക്രിയമായി നോക്കി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ‘കത്തുന്ന പുരയുടെ ഊരുന്ന കഴുക്കോല്‍ ലാഭം’ എന്ന കാഴ്ചപ്പാടിലാണ് പിണറായി സര്‍ക്കാര്‍.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പെട്രോള്‍ വില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍ ലിറ്റിന് 78.38 രൂപയാണ് വില. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡീസല്‍ വില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള നമ്മുടെ സംസ്ഥാനം ലിറ്റര്‍ ഡീസലിന് ഈടാക്കുന്നത് 71.38 രൂപയും. പെട്രോളിന് നികുതി ഇനത്തില്‍ 17.59 രൂപ സംസ്ഥാനത്തിനും എക്‌സൈസ് തീരുവയായി കേന്ദ്രത്തിന് 19.48 രൂപയും കിട്ടുന്നു. ഡീസലിന് കേന്ദ്ര തീരുവ 15.33 രൂപയും സംസ്ഥാന നികുതി 13.20 രൂപയുമാണ്. ഇതിനു പുറമെയാണ് കേരളത്തില്‍ പെട്രോളിനും ഡിസലിനും ലിറ്ററിന് ഒരു രൂപ അധിക വില്‍പ്പന നികുതി ചുമത്തുന്നത്. ഇതുകൂടി കണക്കിലെടുത്താല്‍ ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് കേരളത്തിന് 18.59 രൂപയും ഡിസലിന് 14.20 രൂപയുമാണ് ലഭിക്കുന്നത്. പൊതുജനങ്ങളെ പിഴിഞ്ഞെടുത്ത് കുത്തക മുതലാളിമാരുടെ കീശ വീര്‍പ്പിക്കുമ്പോള്‍ ഒരു കാര്യം സര്‍ക്കാര്‍ ഓര്‍ക്കുന്നതു നന്ന്. ഇനിയും പകല്‍ക്കൊള്ള തുടര്‍ന്നാല്‍ പൊതുജനങ്ങളുടെ പ്രതിഷേധാഗ്നി കത്തിയാളാന്‍ പെട്രോളും ഡീസലും തന്നെ മതിയായ കാരണമായി ഭവിക്കും.

film

റീ എഡിറ്റഡ് എമ്പുരാന്‍ തീയറ്ററുകളിലേക്ക്; ലൈസന്‍സ് ലഭിച്ചാല്‍ നാളെ രാവിലെ മുതല്‍ പ്രദര്‍ശനം തുടങ്ങും

ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കാനാണ് തീരുമാനം.

Published

on

റീ എഡിറ്റഡ് എമ്പുരാന്‍ തീയറ്ററുകളില്‍ ഡൗണ്‍ലോഡിങ് തുടങ്ങി. ലൈസന്‍സ് ലഭിച്ചാല്‍ നാളെ രാവിലെ മുതല്‍ പ്രദര്‍ശനം ആരംഭിക്കും. അതേസമയം ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കാനാണ് തീരുമാനം.

ഇരുപത്തിനാല് വെട്ടിനു ശേഷമാണ് എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിലേക്ക് എത്തുന്നത്. വില്ലന്റെ പേരടക്കം മാറ്റം വരുത്തിയിട്ടുണ്ട്.

അതേസമയം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയല്ല റീ എഡിറ്റെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബല്‍രാജ് ബജ്‌റംഗിക്ക് പകരം ബല്‍ദേവ് എന്നും നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് നീക്കിയിട്ടുമുണ്ട്.

കൂടാതെ സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനം കടന്നുപോകുന്ന രംഗങ്ങളും, പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എന്‍ഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. 2 മിനിറ്റ് 8 സെക്കന്‍ഡ് ആണ് ചിത്രത്തില്‍ നിന്ന് വെട്ടിയത്.

Continue Reading

kerala

എമ്പുരാന്‍ സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞുള്ള സിനിമയെന്ന് കെ സി വേണുഗോപാല്‍; സംഘടിത ആക്രമണത്തിന്റെ ഉത്തരം കിട്ടിയെന്നും എംപി

എമ്പുരാന് പിന്നിലുള്ളവർ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിർപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണ്.

Published

on

എമ്പുരാനെതിരെ എന്തിനാണ് ഈ സംഘടിത ആക്രമണം നടത്തുന്നതെന്നതിന് ഉത്തരം ഈ സിനിമ കണ്ടപ്പോൾ തനിക്ക് ലഭിച്ചെന്ന് കെ.സി. വേണുഗോപാൽ എംപി. സാങ്കൽപ്പികമാണെന്ന് പറയുന്നുണ്ടെങ്കിൽപ്പോലും, സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞുള്ള സിനിമയാണ് എമ്പുരാൻ എന്നതിൽ അവർക്കുള്ള അമർഷവും കേരളത്തെ ചുറ്റിപ്പറ്റി സംഘപരിവാർ നടത്താൻ ഉദ്ദേശിക്കുന്ന ചില മായികമായ, വസ്തുതക്ക് നിരക്കാത്ത കാര്യങ്ങൾ സിനിമയിലൂടെ പുറത്ത് വന്നിട്ടുണ്ടോ എന്നുള്ള ആശങ്കയുമാണ് സംഘപരിവാറിന്റെ ആക്രമണത്തിന് പിന്നിൽ. ഈ രണ്ടിന്റെയും ആഘാതത്തിൽ നിന്നുണ്ടായിട്ടുള്ള വൻ കേന്ദ്രങ്ങളിൽ നിന്നുള്ള ഗൂഢാലോചനയാണ് സിനിമക്കെതിരായ ആക്രമണം. എമ്പുരാന് പിന്നിലുള്ളവർ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിർപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണ്.

ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരുപോലെ ഈ സിനിമയിൽ പരാമർശിക്കപ്പെടുന്നുണ്ട്. അവ രണ്ടും ഒരുപോലെ അപകടകരവും സാധാരണക്കാരായ മനുഷ്യരെ തകർക്കുന്നതുമാണ്. കേരളത്തിൽ കുറെക്കാലമായി സംഘപരിവാർ സ്വയം പ്രചരിപ്പിക്കുന്നത് അവർ വിശുദ്ധപശുക്കളും ഹിന്ദുക്കളുടെ സംരക്ഷകരും സമാധാനകാംക്ഷികളുമാണെന്ന നരേറ്റീവാണ്. ആ നരേറ്റീവിനെ ഇല്ലാതാക്കുന്നതാണ് ഈ സിനിമ. അതുകൊണ്ട് ഈ സിനിമ ആളുകൾ കാണുന്നതിനെ സംഘപരിവാർ ഭയപ്പെടുന്നു. ഈ സിനിമയുടെ ആവിഷ്കാരം സംഘപരിവാറിന്റെ അജണ്ടകൾക്ക് എതിരാണ്.

തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന സമീപനമാണ് സംഘപരിവാറിന്റേത്. പൃഥ്വിരാജിനെതിരെ സംഘപരിവാർ മാധ്യമങ്ങൾ അഴിച്ചുവിട്ടത് കൃത്യമായ ആക്രമണം. ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ നേരിട്ട് മൂന്ന് എഡിറ്റോറിയലുകളാണ് എമ്പുരാനെതിരെ ഇറക്കിയത്.

കേരളാ സ്റ്റോറിക്കും എമർജൻസിക്കും കശ്മീർ ഫയൽസിനും ആക്സിഡന്റൽ പ്രൈം മിനിസ്റ്ററിനും അനുമതി കൊടുത്ത സെൻസർബോർഡ് തന്നെയാണ് എമ്പുരാനും അനുമതി നൽകിയത്. അനുമതി നൽകി സിനിമ പുറത്തിറക്കിയ ശേഷം, അഭിനേതാക്കളെയും സംവിധായകനെയും തിരക്കഥാകൃത്തിനെയും ഭീഷണിപ്പെടുത്തി സിനിമയിലെ ഭാഗങ്ങൾ വെട്ടിക്കളയുമ്പോൾ അവർ മനസ്സിലാക്കാത്തത്, വെട്ടിക്കളയുന്ന ഭാഗങ്ങൾ ജനം തിരഞ്ഞുപിടിച്ചു കാണും എന്നതാണ്. ഈ ജനാധിപത്യ രാജ്യത്ത് ഇ.ഡി.യെയും സി.ബി.ഐ.യെയും മറ്റ് ഏജൻസികളെയും ഉപയോഗിച്ച് എല്ലാവരെയും തീർത്തുകളയാമെന്നാണ് സംഘപരിവാറിന്റെ ചിന്തയെങ്കിൽ അത് നടക്കില്ല.

സിനിമ കാണുന്നവരെല്ലാം ഗോദ്ര സംഭവത്തെ കുറിച്ചുള്ള സത്യവും അന്വേഷിക്കും. സംഘപരിവാർ വിവക്ഷിക്കുന്നത് മാത്രമല്ല രാജ്യസ്നേഹം. സംഘപരിവാറിന് സിനിമയെ സിനിമയായി കാണാൻ പറ്റുന്നില്ല. അവരുടെ അജണ്ട വെളിച്ചത്ത് വരുന്നതിൽ ഭയന്നാണ് അവർക്കതിന് കഴിയാത്തത്. കോൺഗ്രസിനെതിരെയും ധാരാളം സിനിമകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആ സിനിമകൾക്കെതിരെ ആരും അക്രമം അഴിച്ചുവിട്ടിട്ടില്ലെന്ന് കെ. സി. വേണുഗോപാൽ പറഞ്ഞു.

Continue Reading

film

‘എമ്പുരാന്‍ കാണില്ല, ഇത്തരം സിനിമാ നിര്‍മ്മാണത്തില്‍ നിരാശന്‍’: രാജീവ് ചന്ദ്രശേഖര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ കാണില്ലെന്നും ഇത്തരം സിനിമാനിര്‍മ്മാണത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ആരാധകരും അസ്വസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം പുറത്ത് വരുന്നതിന് മുമ്പ് എമ്പുരാന്‍ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ സിനിമ റിലീസായതിനു പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. പിന്നാലെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും വിവാദഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? – അതെ.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കുറിച്ചിരുന്നു.

 

Continue Reading

Trending