Connect with us

Video Stories

കഞ്ചിക്കോട് കോച്ച്ഫാക്ടറി ഇനിയും പരിഹസിക്കരുത്

Published

on

പാലക്കാട്ടെ വാളയാര്‍ അതിര്‍ത്തിയിലുള്ള കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച് ഒരുദശകവും ശിലയിട്ട് ആറു വര്‍ഷവും പിന്നിടുമ്പോള്‍ മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഈ സ്വപ്‌ന പദ്ധതിയെ ഞെക്കിക്കൊല്ലുകയാണ്. പ്രതിവര്‍ഷം നാനൂറ് കോച്ചുകള്‍ നിര്‍മിക്കാന്‍ കഴിയാവുന്നതും പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കാവുന്നതുമായ 550 കോടിയുടെ തൊഴില്‍ദാനപദ്ധതി അതുകൊണ്ട് മാത്രമല്ല, ഇന്ത്യയുടെ ആധുനിക റെയില്‍വെകോച്ചുകളുടെ നിര്‍മാണത്തില്‍ പുത്തന്‍ കാല്‍വെയ്പ് സൃഷ്ടിക്കുമെന്നാണ് പ്രത്യാശിച്ചിരുന്നത്. കഴിഞ്ഞ നാലു തവണയും പാലക്കാടിന്റെ ലോക്‌സഭാപ്രതിനിധികളായി ചെന്ന ഇടതുപക്ഷം പദ്ധതി പ്രാണവായുകിട്ടാതെ നിലയ്ക്കുമ്പോഴും ക്രിയാത്മകമായ ഒരുനീക്കവും നടത്താന്‍ കഴിയാതെ പ്രശ്‌നത്തെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാക്കി മാറ്റിയിരിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കവെ വീണ്ടുമൊരിക്കല്‍കൂടി പ്രശ്‌നം പൊതുജന മധ്യത്തിലേക്ക് കൊണ്ടുവന്ന പാലക്കാട് എം.പിയും പദ്ധതി ഇനി വേണ്ടെന്ന് വ്യംഗ്യമായി പറഞ്ഞ കേന്ദ്ര റെയില്‍വ വകുപ്പുമന്ത്രി പീയൂഷ് ഗോയലും കേരളത്തിന്റെ ന്യായമായൊരു ആവശ്യത്തോടും ഇവിടുത്തെ ജനതയോടും പരസ്യമായ വെല്ലുവിളി നടത്തിയിരിക്കുകയാണ്. കേരളത്തോട് കൊടുംചതിയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് പറയുന്ന ഇടതുപക്ഷം വിഷയത്തില്‍ ഇന്ന് ഡല്‍ഹിയില്‍ തനിച്ച് സമരത്തിന് ഇറങ്ങുകയാണെന്ന് പ്രഖ്യാപിച്ചതുതന്നെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയാണെന്നാണ് കരുതേണ്ടത്. അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ ഈയൊരു പൊതുആവശ്യത്തിന് വേണ്ടി യു.ഡി.എഫ് ജനപ്രതിനിധികളുള്‍പ്പെടെയുള്ള എല്ലാ നേതാക്കളെയും പങ്കെടുപ്പിച്ച് ഐക്യമുന്നേറ്റത്തിന് അവര്‍ തയ്യാറാകുമായിരുന്നു.
2008ല്‍ യു.പി.എ സര്‍ക്കാര്‍ പാലക്കാട് കോച്ച് ഫാക്ടറി പ്രഖ്യാപനം നടത്തുമ്പോള്‍ കേവലം ഒരു കേന്ദ്ര പദ്ധതി എന്നതിനേക്കാളുപരി അത് 1980 മുതല്‍ കേരളത്തിന് വാഗ്ദാനം ചെയ്ത കോച്ച്ഫാക്ടറിയുടെ നിരാസത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പശ്ചാത്താപം കൂടിയായിരുന്നു. അക്കാലത്ത് നിലനിന്നിരുന്ന പഞ്ചാബിലെ ഖലിസ്ഥാന്‍ തീവ്രവാദത്തെ നേരിടാന്‍ യുവാക്കള്‍ക്കുള്ള തൊഴില്‍ദാനപദ്ധതിയായാണ് അവിടുത്തെ കപൂര്‍ത്തലയിലേക്ക് പദ്ധതി എടുത്തുമാറ്റപ്പെട്ടത്. ഇതിന്റെ പേരില്‍ കേന്ദ്രം കനിയണമെങ്കില്‍ തോക്കെടുക്കണമെന്ന രീതിയില്‍ വിവാദ പ്രസ്താവന നടത്തിയ സംസ്ഥാന മന്ത്രിക്ക് കോടതിയുടെ ഇടപെടലിനെതുടര്‍ന്ന് രാജിവെക്കേണ്ടിപോലും വന്നു. സ്വതവേ തളര്‍ന്നുകിടക്കുന്ന കേരളത്തിലെ വ്യാവസായിക-തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള വന്‍ വികസന കുതിപ്പിനുള്ള നാഴികക്കല്ലായാണ് പുതിയ പദ്ധതി വിശേഷിപ്പിക്കപ്പെട്ടത്. കേരളത്തിന്റെ റെയില്‍വെ വികസനത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുകള്‍ക്ക് എന്നും ചിറ്റമ്മനയമാണുള്ളതെന്ന ആരോപണവും നിലനിന്നിരുന്നു. ഇതിനൊക്കെ പരിഹാരമായാണ് പദ്ധതി പുനരാരംഭിക്കാന്‍ ഡോ.മന്‍മോഹന്‍സിംഗിന്റെയും സോണിയാഗാന്ധിയുടെയും പ്രത്യേകതാല്‍പര്യത്താല്‍ പാലക്കാട് പദ്ധതി വീണ്ടും പ്രഖ്യാപിക്കപ്പെട്ടത്.
ആദ്യഘട്ടത്തില്‍ സൗജന്യമായി 500 ഏക്കര്‍ഭൂമി ആവശ്യപ്പെട്ട കേന്ദ്ര റെയില്‍വെ മന്ത്രാലയവും റെയില്‍വെബോര്‍ഡും പിന്നീട് 239 ഏക്കര്‍ മതിയെന്ന് സമ്മതിച്ചു. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് ഒച്ചിഴയുന്ന വേഗത്തിലായിരുന്നു സ്ഥലമേറ്റെടുക്കല്‍. കാത്തുകാത്തിരുന്ന സ്വപ്‌നപദ്ധതി കൈയിലെത്തിയിട്ടും ഭൂമി ഏറ്റെടുത്ത് നല്‍കി പദ്ധതി ആരംഭിക്കാന്‍ സടകുടഞ്ഞ് സൗകര്യമൊരുക്കുക എന്ന ദൗത്യം നിറവേറ്റാതെ പദ്ധതി വഴി യു.ഡി.എഫിന് എന്തെങ്കിലും നേട്ടം കിട്ടുമോ എന്ന് ചികഞ്ഞ് രാഷ്ട്രീയം കണ്ടെത്തുകയായിരുന്നു സി.പി.എം നേതൃത്വവും അന്നത്തെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരും. സ്വാഭാവികമായും 2009ല്‍ തുടര്‍ന്നുവന്ന രണ്ടാം യു.പി.എ സര്‍ക്കാരും പദ്ധതിയുമായി മുന്നോട്ടുപോയി. ഇതേസമയം 2011ല്‍ കേരളത്തിലും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വനഭൂമിയടക്കം ഒറ്റവര്‍ഷം കൊണ്ട് മുഴുവന്‍ സ്ഥലവും വിലകൊടുത്തുവാങ്ങി ഏറ്റെടുത്ത് വിട്ടുനല്‍കി. കഞ്ചിക്കോട്ടെ മലനിരയില്‍ ഇതിനുചുറ്റും കൂറ്റന്‍മതിലും പണിതു. തുടര്‍ന്ന് റെയില്‍വെ മന്ത്രി ദിനേശ് ത്രിവേദിയുടെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും സാന്നിധ്യത്തില്‍ 2012 ഫെബ്രുവരിയില്‍ പാലക്കാട് കോട്ടമൈതാനത്ത് പദ്ധതി ശിലാസ്ഥാപനം നടത്തി. ഇതിനിടയിലെല്ലാം സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പ്രാദേശിക നേതൃത്വങ്ങള്‍ രാഷ്ട്രീയ സമരങ്ങളുമായി രംഗത്തുവന്നു. ഇതിനിടെ സ്ഥലം എം.പി എം.ബി രാജേഷ് തന്നെ കോച്ച് ഫാക്ടറി പൊതുമേഖലയില്‍നിന്ന് മാറ്റി എന്ന ആരോപണവുമായി രംഗത്തെത്തി. റെയില്‍വെ മന്ത്രാലയത്തിന്റെ പക്കല്‍ പുതിയ കോച്ച്ഫാക്ടറിക്കായി പണമില്ലെന്നായിരുന്നു പറഞ്ഞകാരണം. പകരം കേന്ദ്ര പൊതുമേലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) യുമായി സഹകരിച്ച് പദ്ധതി നിര്‍മാണം ആരംഭിക്കാമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കിയെങ്കിലും സ്വകാര്യ പി.പി.പി മാതൃകയില്‍ പദ്ധതി നിര്‍മിക്കുമ്പോള്‍ സെയിലിന് പങ്കു വഹിക്കാനാകില്ലെന്ന യാഥാര്‍ത്ഥ്യം സി.പി.എമ്മുകാരനായ പാലക്കാട്ടെ മുന്‍ എം.പി എന്‍.എന്‍ കൃഷ്ണദാസ് തന്നെ രാജേഷിനെ തിരുത്തി. ഇതോടെ ഇരുവരും തമ്മിലായി തര്‍ക്കം. പിന്നീട് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട്ട് തന്നെയുള്ള ബെമലും രംഗത്തെത്തിയെങ്കിലും തല്‍സ്ഥിതി തുടര്‍ന്നു. 2014ല്‍ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ കഴിഞ്ഞ രണ്ടുമൂന്നു ബജറ്റുകളില്‍ കേവലം ലക്ഷങ്ങള്‍ മാത്രമാണ് ഫാക്ടറിക്കായി കേന്ദ്രം നീക്കിവെച്ചത്. കഴിഞ്ഞയാഴ്ച മന്ത്രി പീയൂഷ് ഗോയല്‍ തന്നെ റെയില്‍വെ പാര്‍ലമെന്റി സമിതി യോഗത്തില്‍ പുതിയ കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ മന്ത്രാലയം ആഗ്രഹിക്കുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. പദ്ധതിക്ക് മരണമണി മുഴങ്ങിയെന്ന് ആശങ്കപ്പെട്ടിരിക്കെ രാഷ്ട്രീയമായ തിരിച്ചടി ഭയന്ന് മന്ത്രി ഗോയല്‍ തന്നെ വാക്കുമാറ്റിപ്പറഞ്ഞിരിക്കുന്നു. പദ്ധതി ഉപേക്ഷിച്ചെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായി ഇദ്ദേഹം. അതായത് പദ്ധതി തുടങ്ങുമെന്നോ ഇല്ലെന്നോ പറയാന്‍ മന്ത്രിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ തയ്യാറല്ലെന്നര്‍ത്ഥം. അടുത്തതെരഞ്ഞെടുപ്പുവരെ ഇതിനെ വലിച്ചിഴച്ച് ചര്‍ച്ചാവിഷയമാക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെങ്കില്‍ കേരളത്തോട് വിരോധമില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും. ഫലത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പദ്ധതി പ്രവര്‍ത്തനക്ഷമമാവില്ലെന്നുതന്നെയാണ് കരുതേണ്ടത്. ഇനി സ്വകാര്യസംരംഭകരെ കണ്ടെത്തിയാല്‍ തന്നെ നിര്‍മാണം തുടങ്ങാന്‍ ചുരുങ്ങിയത് മൂന്നുകൊല്ലമെങ്കിലും എടുക്കും. അതുവരെ പൊതുജനത്തെ കബളിപ്പിച്ചുകൊണ്ട് ഭരണക്കാര്‍ക്ക് മുന്നോട്ടുപോകാം. മോദി സര്‍ക്കാര്‍ റെയില്‍വെ ബജറ്റുതന്നെ ഇല്ലാതാക്കിയിരിക്കുന്നു. കേരളം സ്ഥലമേറ്റെടുത്തുതരുന്നില്ലെന്ന് പറയുന്ന മന്ത്രി ഗോയല്‍ എടുത്തുനല്‍കിയവയുടെ കാര്യത്തിലുള്ള അനിശ്ചിതത്വം എന്തുകൊണ്ടാണ് തീര്‍ക്കാത്തത്? പതിറ്റാണ്ടായി കാത്തിരുന്ന പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്രം വൈരനിര്യാതന നിലപാടാണ് തുടരുന്നതെങ്കില്‍ അതിനെതിരെ അതിശക്തമായ പ്രക്ഷോഭത്തിന് നാം ഒറ്റക്കെട്ടായി തയ്യാറാകണം. പുതിയ കോച്ചുകള്‍ ആവശ്യമില്ലെന്ന ്പറയുന്ന മന്ത്രിതന്നെയാണ് തങ്ങളുടെ സര്‍ക്കാര്‍ ഭരിക്കുന്ന യു.പിയില്‍ പുതിയ കോച്ച് ഫാക്ടറിക്ക് സ്ഥലം ഏറ്റെടുത്തുനല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അറിയുമ്പോള്‍ കൊടുംവഞ്ചനയുടെ ബാക്കിപത്രമാണ് അനാവൃതമാകുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഷാഫി കലക്കിയ നാടകമെന്ന സാധ്യതയാണ് പറഞ്ഞത്’; പാതിരാ റെയ്ഡില്‍ നിലപാട് മാറ്റി പി.സരിന്‍

പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

Published

on

ഷാഫി പറമ്പിലിന്റെ നാടകമാണ് പാതിര റെയ്ഡ് എന്ന നിലപാട് മാറ്റി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന്‍. ജില്ലാ സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. ഷാഫി കലക്കിയ നാടകമാണ് എന്ന സാധ്യതയാണ് താന്‍ പറഞ്ഞത്. പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

”രണ്ട് തരത്തിലുള്ള സാധ്യതകളും പരിശോധിക്കപ്പെടേണ്ടതാണ് എന്നാണ് പറഞ്ഞത്. അവിടെ കള്ളപ്പണം എത്തിയിട്ടുണ്ടെന്ന കൃത്യമായ വിവരംവച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞുകഴിഞ്ഞു. ഞാനിത് അന്വേഷിക്കാന്‍ അതിന്റെ പിന്നാലെ നടന്നിട്ടില്ല.

പ്രചരണത്തിന്റെ തിരക്കിലായിരുന്നു. കോണ്‍ഗ്രസിന്റെ അന്തര്‍നാടകങ്ങളറിയുന്ന ഒരാളെന്ന നിലയില്‍ ബോധപൂര്‍വം ഒരു വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിച്ചതാണോ എന്നും പരിശോധിക്കണം. ഇനി അല്ലായെന്ന തെളിവ് വരുമ്പോള്‍ അതും പരിശോധിക്കണം. ഇതെങ്ങെനയാണ് പുറത്തുവന്നത്. കോണ്‍ഗ്രസുകാര് ചോര്‍ത്താതെ ഇതു പുറത്തുവരില്ല. ചോര്‍ത്തിയതാണോ? അതോ ഇങ്ങനെയൊരു പുകമറ സൃഷ്ടിക്കണോ? എന്നും പരിശോധിക്കണമെന്നും സരിന്‍ പറഞ്ഞു.

Continue Reading

Video Stories

നടൻ ഷാരൂഖ് ഖാന് വധഭീഷണി

കഴിഞ്ഞവർഷം അദ്ദേഹത്തിന് നേരെ ഭീഷണി സന്ദേശം എത്തിയതിനെത്തുടർന്ന് Y+ കാറ്റഗറിയിലേക്ക് ഷാരൂഖിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു

Published

on

നടൻ സൽമാൻ ഖാന് പിന്നാലെ കിംഗ് ഖാനും വധഭീഷണി. ഫോണിലൂടെയാണ് വധഭീഷണി സന്ദേശം എത്തിയത്. ഫൈസാൻ എന്ന് പരിചയപ്പെടുത്തിയ ആളാണ് ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇയാളെ തിരഞ്ഞു മുംബൈ പൊലീസ് ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.

സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയതിന് കർണാടകയിൽ നിന്ന് ബികാറാം ജലാറാം ബിഷ്ണോയ് എന്നയാളാണ് അറസ്റ്റിലായത്. ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനെന്ന് ഇയാൾ അവകാശപ്പെടുകയും സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കണമെങ്കില്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്നുമാണ് സന്ദേശത്തില്‍ ഇയാൾ ആവശ്യപ്പെട്ടത്.

Continue Reading

News

ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും കേസ് അവസാനിക്കില്ല; സുപ്രീംകോടതി

2022ല്‍ രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റിയിലുണ്ടായ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

Published

on

ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും കേസ് അവസാനിക്കില്ലെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ചുളള രാജസ്ഥാന്‍ ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി.

2022ല്‍ രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റിയിലുണ്ടായ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ചായിരുന്നു കേസ്. ഇതില്‍ നടപടിക്രമങ്ങളെല്ലാം പൊലീസ് പൂര്‍ത്തിയാക്കുകയും ചെയ്തു.

എന്നാല്‍ അധ്യാപകന്‍ അതിജീവിതയുടെ കുടുംബത്തില്‍ നിന്നും പരാതിയില്ലെന്ന് എഴുതിവാങ്ങുകയും ചെയ്തു. കേസ് തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായതാണെന്നും നടപടിക്രമങ്ങള്‍ ആവശ്യമില്ലെന്നും എഴുതിവാങ്ങുകയായിരുന്നു. ഇത് സ്വീകരിച്ച പൊലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. രാജസ്ഥാന്‍ ഹൈക്കോടതിയും പ്രതിയെ വെറുതെവിട്ടു.

എന്നാല്‍ ഈ നടപടി ചോദ്യം ചെയ്ത് രാംജി ലാല്‍ ബൈര്‍വാ എന്ന സാമൂഹികപ്രവര്‍ത്തകന്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ നിരീക്ഷണം.

രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീംകോടതി പ്രതിക്കെതിരെ വീണ്ടും കേസെടുത്ത് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു.

 

 

Continue Reading

Trending