Connect with us

Video Stories

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ബാക്കിപത്രം

Published

on

ചരിത്രത്തില്‍ തുല്ല്യതയില്ലാത്തവിധം അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടമാക്കിയാണ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദരാബാദില്‍ സമാപനമായിരിക്കുന്നത്. കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രമേയത്തിലെ തര്‍ക്ക ഭാഗത്തിന്‍മേല്‍ തലനാരിഴ വ്യത്യാസത്തിനാണ് വോട്ടെടുപ്പ് ഒഴിവായത്. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യവും ധാരണയും പാടില്ലെന്ന പി.ബി അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഭേദഗതി നിര്‍ദേശിക്കുകയും ഇരു വിഭാഗവും നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തതോടെയാണ് വോട്ടെടുപ്പിന്റെ വക്കോളമെത്തിയ സംഭവ വികാസങ്ങള്‍ക്ക് 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയായത്. ഇതോടെ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തില്‍ തന്നെ വ്യക്തമായ വിഭാഗീയത രൂപപ്പെട്ടിരിക്കുകയാണ്.
രാജ്യത്തെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളോട് പുറം തിരിഞ്ഞു നിന്നുകൊണ്ട് പ്രകാശ് കാരാട്ടും അദ്ദേഹത്തിന്റെ പിന്‍ബലമായി വിലയിരുത്തപ്പെടുന്ന കേരള ഘടകവും സ്വീകരിച്ചുപോരുന്ന അന്ധമായ കോണ്‍ഗ്രസ് വിരോധത്തെ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് തൂത്തെറിഞ്ഞുവെന്നത് മതേതര വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസിക്കാന്‍ വക നല്‍കുന്നതാണ്. കേന്ദ്ര കമ്മിറ്റിയിലും സമ്മേളന പ്രതിനിധികള്‍ക്കുമിടയിലും തങ്ങള്‍ക്കുള്ള മുന്‍തൂക്കം ഉപയോഗപ്പെടുത്തി കോണ്‍ഗ്രസ് വിരുദ്ധ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ പ്രമേയം നിഷ്പ്രയാസം പാസാക്കിയെടുക്കാമെന്നായിരുന്നു കാരാട്ട് അനുകൂലികളുടെ കണക്കുകൂട്ടല്‍. എന്നാല്‍ അപ്രതീക്ഷിത നീക്കത്തിലൂടെ ബംഗാള്‍ ഘടകത്തിനൊപ്പം മുതിര്‍ന്ന നേതാവ് വി.എസ് അച്ചുതാനന്ദനുള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെ സീതാറാം യെച്ചൂരി വിജയം നേടിയെടുത്തിരിക്കുകയാണ്. രഹസ്യവോട്ടെടുപ്പെന്ന യെച്ചൂരിയുടെ തുറുപ്പ്ചീട്ടിനു മുന്നില്‍ മറുഭാഗം മുട്ടുമടക്കുകയായിരുന്നു.
രഹസ്യ വോട്ടെടുപ്പ് നടന്നാല്‍ പരസ്യമായി പിന്തുണക്കാന്‍ മടിക്കുന്ന പലരും ഒപ്പമുണ്ടാവുമെന്നും അതുവഴി വിജയം ഉറപ്പിക്കാമെന്നും യെച്ചൂരി കണക്കുകൂട്ടിയപ്പോള്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ പിന്തുണക്കുന്ന പലരും കാലുവാരുമെന്ന ഭയത്തിലായിരുന്നു കാരാട്ടും കൂട്ടരും. അതോടെയാണ് തുടക്കത്തില്‍ ഒരു ഭേദഗതിയും അംഗീകരിക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞ അവര്‍ ഒടുവില്‍ നിലപാടുമാറ്റാന്‍ തയ്യാറായത്. പ്രമേയത്തില്‍ ഉന്നയിച്ച ഭേദഗതികള്‍ പിന്‍വലിക്കില്ലെന്ന മുതിര്‍ന്ന അംഗം വി.എസ് അച്ചുതാനന്ദന്റെ കടുംപിടുത്തവും ഇവരെ പ്രതിരോധത്തിലാക്കി. പാര്‍ട്ടി പിളര്‍പ്പിന്റെ സമയത്ത് ഇറങ്ങിപ്പോന്ന 32 പേരില്‍ ജീവിച്ചിരിക്കുന്ന രണ്ടേരണ്ടുപേരില്‍ ഒരാളെന്ന നിലയില്‍ വി.എസിന് ലഭിച്ചേക്കാവുന്ന വൈകാരിക പിന്തുണയും സ്വാഭാവികമായും ഇവര്‍ ഭയപ്പെടുകയായിരുന്നു.
കേരളഘടകത്തിന്റെ ശക്തമായ സമ്മര്‍ദ്ദമാണ് കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ വേണ്ടെന്ന കാരാട്ടിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിന് പിന്നില്‍ എന്നത് വ്യക്തമാണ്. സംസ്ഥാനത്ത് ഭരണപരമായും രാഷ്ട്രീയ പരമായും കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന പാര്‍ട്ടിയുടെ ഏക പിടിവളളി ബി.ജെ.പി വരുദ്ധതയെന്ന ആയുധം മാത്രമാണ്. നരേന്ദ്ര മോദി സര്‍ക്കാറിന്റെ താല്‍പര്യങ്ങളോട് തീര്‍ത്തും സമരസപ്പെട്ട് മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാര്‍ ബി.ജെ.പിക്കെതിരായുള്ള വൈകാരിക പ്രകടനങ്ങളിലൂടെയാണ് ന്യൂനപക്ഷങ്ങളുള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി കഴിഞ്ഞാല്‍ കേരളത്തില്‍ തങ്ങളുടെ പ്രസക്തി തന്നെ ചോദ്യംചെയ്യപ്പെടുമെന്ന ആശങ്കയാണ് ആസുരമായ ഈ വര്‍ത്തമാന സാഹചര്യത്തിലും കോണ്‍ഗ്രസ് വിരോധത്തിന്റെ മേല്‍ നിലകൊള്ളാന്‍ അവരെ പ്രേരിപ്പിക്കുന്നത്. ബംഗാളുള്‍പ്പെടെയുള്ള പാര്‍ട്ടിക്ക് ആളനക്കമുള്ള ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമ്പോള്‍ രാഷ്ട്രീയ പ്രബുദ്ധതക്ക് പേരുകേട്ട കേരളത്തിലെ പ്രതിനിധികള്‍ വെച്ചുപുലര്‍ത്തുന്ന ഈ സമീപനം സംസ്ഥാനത്തിനാകെ അപമാനം വരുത്തിവെക്കുന്നതാണ്. യെച്ചൂരിക്കെതിരെ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ നടത്തിയ രൂക്ഷവിമര്‍ശനങ്ങളും ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ്.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കരടു രാഷ്ട്രീയ പ്രമേയത്തില്‍ ഭേദഗതി വരുത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും രണ്ടാം തവണയും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിക്ക് മുന്നിലുള്ളത് ദുര്‍ഘടമായ പാതയാണ്. പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മറ്റിയിലുമുള്ള മുന്‍തൂക്കമുപയോഗിച്ച് തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ കാരാട്ടും സംഘവും നടത്തിക്കൊണ്ടിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ തന്നെ പല നേതാക്കളുടേയും സംസാരഭാഷയും ശരീര ഭാഷയും നിലപാടിനേറ്റ തിരിച്ചടി തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ളതാണ്. കരടു പ്രമേയത്തില്‍ നിന്ന് ധാരണ എന്ന പദം മാറ്റിയതുകൊണ്ട് കോണ്‍ഗ്രസുമായി ധാരണ ഉണ്ടാക്കിക്കൊള്ളണമെന്നില്ലെന്ന വൃന്ദകാരാട്ടിന്റെ പ്രസ്താവനതന്നെ ഇതിനുദാഹരണമാണ്. അപ്രതീക്ഷിതമായി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ഉയര്‍ന്നുവന്ന വിശാഖ പട്ടണം കോണ്‍ഗ്രസില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ കരുത്തനായാണ് യെച്ചൂരിയുടെ രണ്ടാം വരവ്. ഹൈദരാബാദ് സമ്മേളനത്തില്‍ ലഭിച്ച മുന്‍തൂക്കം വഴി പി.ബിയിലും സി.സിയിലും കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പക്ഷെ പാര്‍ട്ടിക്ക് ഭരണം കൈയ്യിലുള്ള ഏക സംസ്ഥാനമായ കേരളത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണ മുന്നോട്ടുള്ള പാതയില്‍ അദ്ദേഹത്തിന് ഏറെ നിര്‍ണായകമായിരിക്കും.
സ്വാതന്ത്ര്യാനന്തര ഭാരതം ഏറ്റവും കറുത്തിരുണ്ട സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ പുരോഗമന പ്രസ്ഥാനമെന്ന് അവകാശവാദമുന്നയിക്കുന്ന സി.പി.എമ്മിനെ പോലുള്ള ഒരു പ്രസ്ഥാനം മുഖ്യ ശത്രുവിനെ തീരുമാനിക്കുന്നതില്‍ ഇപ്പോഴും തമ്മിലടിച്ചുകൊണ്ടിരിക്കുന്നത് ആ പാര്‍ട്ടി ചെന്നുപെട്ടിരിക്കുന്ന ആശയ ദാരിദ്ര്യത്തിന്റെ ആഴം വ്യക്തമാക്കിത്തരുന്നതാണ്. രാജ്യത്തിന്റെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ പ്രത്യയശാസ്ത്രപരമായ ശാഠ്യത്തിന്റെ മേല്‍ അള്ളിപ്പിടിച്ച് ജനാധിപത്യ മതേതരത്വ കൂട്ടായ്മക്ക് തുരങ്കം വെക്കുന്നതിലൂടെ അവര്‍ പരോക്ഷമായി ഫാസിസ്റ്റുകള്‍ക്ക് ചുവന്നപരവതാനി വിരിച്ചു കൊടുക്കുകയായിരുന്നു ഇത്രയും കാലം. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനം ആശ്വാസം പകരുന്നതാണെങ്കിലും അത് വളരേ നേരിയ മുന്‍തൂക്കത്തില്‍ മാത്രമാണെന്നത് ആശങ്ക അവശേഷിപ്പിക്കുന്നുണ്ട്.

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending