Connect with us

More

തമ്പുരാന്‍ തന്നെ ശക്തന്‍

Published

on

രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന കാലത്ത് വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകളായി ഉറഞ്ഞുതുള്ളിയെന്നത് പരമാര്‍ഥം. ഗാന്ധിയനെന്ന് പേരു കേട്ട അണ്ണാ ഹസാരെ മുതല്‍ പേര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലെ ചരടുവലിച്ചത് ഗോഡ്‌സെ വാദികളായിരുന്നുവെന്ന് ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുന്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായി കേവലം കണക്കപ്പിള്ളയുടെ കസേരയില്‍ നിന്ന് പിലാത്തോസ് ആയി മാറിയ ആളാണ്. ടുജി സ്‌പെക്ട്രം, കല്‍ക്കരി ഖനി വിതരണം, കോമണ്‍ വെല്‍ത്ത് ഗെയിംസ് എന്നീ വിഷയങ്ങളില്‍ വിനോദ് റായി പുറത്തുവിട്ട ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ യു.പി.എ സര്‍ക്കാറിനെ നിര്‍ത്തിപ്പൊരിക്കുകയും നരേന്ദ്ര മോദിക്ക് അവസരം ഒരുക്കുകയും ചെയ്തു.
വിനോദ് റായി വീണ്ടും കേരളത്തില്‍ വരികയാണ്. സംസ്ഥാന വികസനത്തിലെ രജത ചിഹ്നമായി മാറുമെന്ന് തോമസ് ഐസക് സ്വപ്‌നം കാണുന്ന കിഫ്ബിയുടെ ധന വിനിയോഗം പരിശോധിക്കുന്ന കമ്മീഷന്റെ ചെയര്‍മാനായാണ് ഉത്തര്‍പ്രദേശുകാരന്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വരവ്. സംസ്ഥാനത്തിന്റെ വികസനം സാധ്യമാക്കാന്‍ ഇഷ്ടം പോലെ കടമെടുക്കണമെന്ന് തീരുമാനിച്ചുറച്ചിരിക്കുകയാണ് പിണറായി വിജയനും സംഘവും. അതിന് ഒരു മറയാണ്- ബ്രാഹ്മണനല്ലാത്ത താന്‍ വേദസാരങ്ങള്‍ ഉരുവിട്ടതിന്റെ ശാപം ഒഴിവാക്കാന്‍ ശാരികപ്പൈതലിനെക്കൊണ്ട് എഴുത്തഛന്‍ പാടിക്കുന്നുണ്ടല്ലോ, അതു പോലൊരു വിദ്യ- കിഫ്ബി. കിന്‍ഫ്ര മുതല്‍ നിരവധി സ്ഥാപനങ്ങള്‍ ഇതേ ഉദ്ദേശ്യത്തോടെ കേരളത്തില്‍ പല ഘട്ടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളതിനാല്‍ ഇതു കൂടി കിടക്കട്ടെ, അതില്ലാത്തതുകൊണ്ടിനി വികസനം വരാതിരിക്കണ്ട എന്ന് വി.എസ് അച്യുതാനന്ദന്‍ പോലും വിചാരിച്ചു കാണണം.
1972 ബാച്ച് ഐ.എ.എസുകാരനായ വിനോദ് റായിക്ക് ആദ്യ നിയമനം തൃശൂരിലായിരുന്നു. സബ് കലക്ടറായി കേരള സാംസ്‌കാരിക തലസ്ഥാനത്തെത്തിയ റായി കലക്ടറായി സേവനം അനുഷ്ഠിച്ച് എട്ടു വര്‍ഷത്തിന് ശേഷമാണ് അവിടം വിടുന്നത്. തൃശൂരില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ രണ്ടാം ശക്തന്‍ തമ്പുരാന്‍ എന്ന അപരനാമം ലഭിച്ചു. ഇന്ത്യക്കാകെ ഇന്ത്യന്‍ ഇന്‍ഫ്ര സ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ് ഉണ്ടാക്കാന്‍ നേതൃത്വം നല്‍കിയ റായിക്ക് കേരളത്തിലേത് വളരെ ചെറിയ കാര്യം മാത്രമാവും. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കു നോക്കാനായി കേരളത്തിലെത്തുമ്പോള്‍ കിഫ്ബിയുടെ അക്കൗണ്ട് കൂടി നോക്കിയാല്‍ മതിയാവും. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി നടത്തുന്ന യാത്രയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടിവരുന്നുവെന്ന ആക്ഷേപം ഉയര്‍ന്നപ്പോള്‍ അതിലെന്ത് തെറ്റെന്ന് തിരിച്ചു ചോദിച്ചയാളാണ്. ‘ സ്‌നേഹിതന്റെ മക്കളുടെ വിവാഹം നടക്കുന്നു. അതില്‍ പങ്കെടുക്കണം. വിമാന ടിക്കറ്റെടുക്കാന്‍ പണമില്ല. ഈ അവസരത്തില്‍ കല്യാണം നടക്കുന്ന സ്ഥലത്ത് സര്‍ക്കാര്‍ വക ഒരു പരിപാടി സംഘടിപ്പിക്കും. യാത്രാ ചെലവ് സര്‍ക്കാരില്‍ നിന്ന് വാങ്ങുകയും ചെയ്യും.’ സി.എ.ജിയായിരിക്കെ അലറുന്ന കടുവയെന്ന പേര് എടുത്തണിഞ്ഞ വിനോദ് റായി തന്നെ ഇങ്ങനെ പറഞ്ഞത്.
ഈ കേരള കേഡര്‍ സിവില്‍ സര്‍വന്റ് കലക്ടര്‍ പണിക്ക് ശേഷം കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയായും ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച ശേഷമാണ് കേന്ദ്ര സര്‍ക്കാറിലെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിക്കാനായി ഡല്‍ഹിക്ക് പോയത്. ധന, പ്രതിരോധ വകുപ്പുകളിലായിരുന്നു ഏറിയ കൂറും സേവനം. 1948 മെയ് 23ന് ഉത്തര്‍ പ്രദേശിലെ ഗാസിപൂരില്‍ ജനിച്ച റായി രാജസ്ഥാനിലെ ബിര്‍ള പബ്ലിക് സ്‌കൂളിലെ പഠനത്തിന് ശേഷം ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഹാര്‍വാഡില്‍ നിന്ന് പൊതു ഭരണത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കി. സിവില്‍ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഉടനെയായിരുന്നു സി.എ.ജിയായി നിയമിച്ചത്. 2008ല്‍ ഈ നിയമനം പി. ചിദംബരത്തിന്റേതായിരുന്നു. 2013ല്‍ റായി ചുമതല ഒഴിയുമ്പോഴേക്കും രാജ്യത്തെ ഏറ്റവും പ്രധാന തസ്തികയായി സി.എ.ജി മാറി. പ്രമാദമായ അഴിമതിക്കഥകള്‍ പുറത്തുവിട്ട റായി യു.പി.എ സര്‍ക്കാറിനെ നിര്‍ത്തിപ്പൊരിച്ചു. സി.എ.ജി ഭവനില്‍ നിന്ന് ഇറങ്ങിയ വിനോദ് റായിക്ക് വെറുതെ ഇരിക്കേണ്ടിവന്നിട്ടില്ല. ഐക്യ രാഷ്ട്ര സംഘടനയുടെ എക്‌സ്റ്റേണല്‍ ഓഡിറ്റേഴ്‌സ് പാനലില്‍ അംഗമായി. യു.എന്‍ അക്കൗണ്ടുകളെ ചിട്ടയിലാക്കുന്നതില്‍ റായി വഹിച്ച പങ്കിനെ സെക്രട്ടറി ബാന്‍ കി മൂണ്‍ പ്രത്യേകം ശ്ലാഘിച്ചതാണ്. അനുപം ഖേറിനൊപ്പം പദ്മഭൂഷണ്‍ പട്ടവും ലഭിച്ചു.
ഈയിടെയാണ് ഇദ്ദേഹം ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ തലവനായി നിയമിക്കപ്പെട്ടത്. ഉടനെ തന്നെ ചില ബാങ്കുകളുടെ ലയനത്തെക്കുറിച്ച് സംസാരിക്കുന്നു. അതിലൊന്ന് കേരളത്തിന്റെ ബാങ്കായ എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കണമെന്ന് റായി ആവശ്യപ്പെടുമ്പോള്‍ കേരളനിയമസഭ ഒന്നടങ്കം അതു പാടില്ലെന്ന് വ്യക്തമാക്കിയതാണ്. റെയില്‍വേയില്‍ സ്വകാര്യവത്കരണത്തിന് ഉപദേശം നല്‍കിയ ഇദ്ദേഹം പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെയും പി.പി.പി പദ്ധതിച്ചെലവുകളേയും സി.എ.ജിയുടെ ഓഡിറ്റിങ് പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു. ടു.ജി സ്‌പെക്ട്രം കേസില്‍പെട്ട മുന്‍ കേന്ദ്ര മന്ത്രി രാജയുടെ പുസ്തകത്തില്‍ പറയുന്നു. റായി യു.പി.എ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ നടന്ന അന്താരാഷ്ട്ര ഗൂഢാലോചനയിലെ കണ്ണിയാണെന്ന്. ഈ ശക്തന് വേറെ ഒരു തമ്പുരാനുണ്ടെന്ന്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മിക്സ്ചര്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം, അഞ്ച് വയസുകാരന് ദാരുണാന്ത്യം

കുട്ടി കഴിച്ച ആഹാരസാധനങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചു

Published

on

തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിൽ ദേഹാസ്വാസ്ഥ്യവും ഛർദ്ദി അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു.
മടത്തറ നെല്ലിക്കുന്ന് താഹന മൻസിലിൽ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ (5) ആണ് മരിച്ചത്. കുടുംബം കുമ്മിൾ കിഴുനിലയിൽ വാടകയ്ക്കു താമസിച്ചുവരുകയായിരുന്നു. കുമ്മിൾ ഏയ്ഞ്ചൽ സ്കൂൾ എൽ കെ ജി വിദ്യാർഥിയാണ് മരണപ്പെട്ട ഇഷാൻ.

ബുധനാഴ്ച പുലർച്ചെ ഛർദ്ദി അനുഭവപ്പെട്ട കുട്ടിയെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലേദിവസം ബേക്കറിയിൽനിന്നു വാങ്ങിയ മിക്സ്ചർ കഴിച്ചശേഷമാണ് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കുട്ടി കഴിച്ച ആഹാരസാധനങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചു. വിശദ പരിശോധനക്ക് ശേഷമേ എന്താണ് കാരണമെന്ന് വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.

Continue Reading

crime

ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ജിജോ തില്ലങ്കേരി അറസ്റ്റില്‍

വീട്ടില്‍ സാധനം വാങ്ങാന്‍ എത്തിയ ദളിത് യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി

Published

on

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്‍. ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് നടപടി. മുഴക്കുന്ന് പൊലീസ് ആണ് ജിജോയെ അറസ്റ്റ് ചെയ്തത്.

നവംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ സാധനം വാങ്ങാന്‍ എത്തിയ ദളിത് യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി ചൂണ്ടിക്കാട്ടി.

Continue Reading

Film

‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഇനി ഒടിടിയിൽ

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്

Published

on

അന്താരാഷ്ട്ര തലത്തിൽ തരംഗങ്ങൾ സൃഷ്ടിച്ച ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ (പ്രഭയായ് നിനച്ചതെല്ലാം)  ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. 2025 ജനുവരി 3ന് ചിത്രത്തിന്റെ സ്ട്രീമിം​ഗ് ആരംഭിക്കും. 29-ാമത് ഐഎഫ്എഫ്കെയിലും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പ്രദർശിപ്പിച്ചിരുന്നു.

പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം നവംബർ 22ന് തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയിൽ വിതരണം ചെയ്തത്. ഫ്രാൻസിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളിൽ പ്രശംസ പിടിച്ചുപറ്റിയതിനും അവിടുത്തെ വിശാലമായ തിയറ്റർ റിലീസിനും ശേഷമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിൽ റിലീസ് ചെയ്തത്.

കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് പുരസ്കാരം നേടിയിരുന്നു ചിത്രം. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രവുമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending