Connect with us

Video Stories

നാക്കിലിരിപ്പ്

Published

on

ചക്കയുടെ ഗുണമറിയാന്‍ ചൂഴ്ന്നുനോക്കുന്നതുപോലെ പ്ലാത്തോട്ടത്തില്‍ ചാക്കോ മകന്‍ ജോര്‍ജിന്റെ മനമറിയാന്‍ ആ തടിയും വയറും നോക്കിയാല്‍ പോരാ. അതിയാന്റെ നാവില്‍നിന്നെന്താണ് വരുന്നതെന്നുകൂടി കേള്‍ക്കണം, ഓരോമണിക്കൂറിനും. അതായത് എല്ലില്ലാത്ത നാവ്. വി.എസ് പക്ഷം, പിണറായിപക്ഷം എന്നൊക്കെപോലെ കേരളകോണ്‍ഗ്രസ് വിഭാഗങ്ങള്‍, വി.എസ്.ഡി.പി, സ്വതന്ത്രന്‍, ജനപക്ഷം തുടങ്ങിയവപോലെ തരാതരംനോക്കിയല്ല, സമയാസമയം നോക്കിയാണ് ആ അനര്‍ഗളപ്രവാഹം. മൂപ്പര്‍ക്ക് ഒരൊറ്റലക്ഷ്യമേയുള്ളൂ. നാട് നന്നായി കാണണം. അതിന് എതിരുനില്‍ക്കുന്നവരെയൊക്കെ കട്ടയ്ക്ക്‌നിന്ന് അടിച്ചൊതുക്കും. അതിനീ തടിയൊന്നും വേണ്ട. അര്‍ജുനന് ആവനാഴി പോലെ ആയുധമെല്ലാം പിറന്ന പടികിട്ടിയ ആ നാവ് മതി.
സ്ത്രീകള്‍ രാത്രിയില്‍ പുറത്തിറങ്ങുന്നത് മറ്റേവിചാരം കൊണ്ടല്ലേ..തുടങ്ങി വന്ദ്യവയോധിക നേതാവ് കെ.ആര്‍ ഗൗരിയമ്മയെവരെ അധിക്ഷേപിക്കാനും പി.സി ക്ക് ഒട്ടും കൂസലില്ല. ഹൈറേഞ്ചില്‍ പി.സിയെ വെല്ലാന്‍ പിന്നെ ഒരാളേയുള്ളൂ. അത് മണിയാശാനാണ്. കോതയ്ക്ക് പാട്ടെന്ന് പറഞ്ഞാലും വേണ്ടില്ല. എല്ലാം കഴിഞ്ഞ് കോട്ടയം പ്രസ്‌ക്ലബ് കയറി ഒരു മാപ്പങ്ങ് തട്ടും.
ആക്രമിക്കപ്പെട്ട നടിക്കെതിരെ മാത്രമല്ല, വേണ്ടിവന്നാല്‍ ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷയെവരെ വിരട്ടിനോക്കും. കമ്മീഷന്‍ അധ്യക്ഷ പക്ഷേ ഒരു പിടുത്തമങ്ങിട്ടു: സ്ത്രീകളെ ആക്ഷേപിച്ചതിന് ഡല്‍ഹിയിലെ ആസ്ഥാനത്തെത്തി വിശദീകരണം തരണം. അതിന് പണമില്ലെന്നായി ജോര്‍ജ്. എന്നാല്‍ അതെഴുതിത്തരണമെന്ന് രേഖാശര്‍മയും. ഹോ. ഇതൊക്കെ വല്യകാര്യോ മറ്റോ ആണോ എന്ന് പി.സിയും. നേരെ പി.സി പോയത് രേഖയുടെ മടയിലേക്ക്. കോട്ടയം പൂഞ്ഞാര്‍ മണ്ഡലത്തിലെ എരുമേലി ശബരിമലയില്‍പെടുന്നതിനാല്‍ നല്ല സ്‌കോപ്പുമുണ്ട്. ബി.ജെ.പിയുടെ ഒ. രാജഗോപാലുമൊത്ത് പി.സി നിയമസഭയിലേക്ക്. വേഷം കട്ടക്കറുപ്പ്. സര്‍ക്കാരിനെതിരെ യു.ഡി.എഫ് പോരാടുമ്പോള്‍ ജോര്‍ജും രാജഗോപാലും സൊറ പറഞ്ഞിരുന്നു. ഇനിയുള്ള കാലം കേരളത്തിലെ സത്യക്രിസ്ത്യാനികളെല്ലാം പൂഞ്ഞാര്‍വഴി ബി.ജെ.പിയിലെത്തുമെന്ന് ചിലര്‍ നാവില്‍ വെള്ളമൂറ്റിയിരിക്കുമ്പോഴാണ് അതാ പി.സിയുടെ അടുത്ത ലോങ്ജംപ്. ഇത്തവണ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറുണ്ടെന്ന് പറഞ്ഞാണ് അച്ചായന്‍ വാര്‍ത്തയായത്.
വാര്‍ത്തയില്ലാതെ എന്ത് സേവനമെന്നാണ് പി.സിയുടെ ചോദ്യം. നെഗറ്റീവ് പബ്ലിസിറ്റിയാണെങ്കിലും ജോര്‍ജിനും അതുകണ്ട് ചാനലുകാര്‍ക്കും നാട്ടുകാര്‍ക്കും സന്തോഷം. തൃശൂരിലെ ടോള്‍ പ്ലാസയില്‍ ടിയാന്റെ കാര്‍ കൗണ്ടറിലെ ബംഗാളിപയ്യന്‍ തടഞ്ഞിട്ടു. എം.എല്‍.എ രക്തം തിളച്ചു. സിനിമാസ്റ്റൈലില്‍ വെഹിക്കിള്‍ സ്റ്റോപ്പര്‍ വളയ്ച്ച് നാല് തെറിവിളി. സ്‌റ്റോപ്പര്‍ ഉയര്‍ന്നു. തൊഴിലാളികളുടെ പ്രശ്‌നത്തിലിടപെട്ട് തോക്കെടുത്ത് ആഞ്ഞ പി.സിയെയും മലയാളി കണ്ടു. വെടിവെച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല. അതാണ് പ്ലാത്തോട്ടത്തില്‍ ജോര്‍ജ്. തോട്ടത്തില്‍ കുറെവെച്ചതാ. കൊള്ളാതായതോടെയാണ് നാട്ടിലിറങ്ങിയത്. കേരള കോണ്‍ഗ്രസ് മാണിയില്‍നിന്ന് പുറത്താക്കിയപ്പോള്‍ എ.കെ.ജി സെന്ററില്‍ കയറിയെങ്കിലും 2016ല്‍ സി.പി.എം പി.സി ഇല്ലാതെ പൂഞ്ഞാര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ജോര്‍ജുണ്ടോ വിടുന്നു. നേരെ ചെന്നങ്ങ് നോമിനേഷന്‍ കൊടുത്തു. കൈവിട്ട കളിയാണെന്നറിയാഞ്ഞിട്ടല്ല. വോട്ടെണ്ണിയപ്പോള്‍ 27,821 വോട്ടിന് വിജയിച്ചിരിക്കുന്നു. ഇരുമുന്നണിയോടും പടവെട്ടി ജോര്‍ജ് നേടിയ വിജയം രാഷ്ട്രീയത്തില്‍ പിന്നെ എന്തിനുമുള്ള ലൈസന്‍സായി. യു.പി.എയുടെ കേന്ദ്ര ഭരണം അടുത്തുവരുന്നു. ഇനി കാവിയും കമ്യൂണിസ്റ്റും പറഞ്ഞിരുന്നിട്ട് കാര്യമില്ല. ഒരു കത്ത് ചെന്നിത്തലക്ക് കൊടുത്തു. വരട്ടെ, നോക്കാം.
പൂഞ്ഞാര്‍ പ്ലാത്തോട്ടത്തില്‍ വീട്ടില്‍ ചാക്കോയുടെ പുത്രന്‍ മകന്‍ ഷോണിനെയും നേരെ തന്റെ ലാവണത്തിലെടുത്തിട്ടു. പയറ്റിവാടാ മക്കളേ. ചാനല്‍ ചര്‍ച്ചക്ക് മോനെങ്കിലും ഉണ്ടല്ലോ. ഭാവി മലര്‍ന്നുകിടക്കുന്നു. ഈരാറ്റുപേട്ടയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ഭാര്യ ഉഷയും ഇളയമകന്‍ ഷേനുമുണ്ട് കൂടെ. മരുമകള്‍ നടന്‍ ജഗതിയുടെ മകള്‍ പാര്‍വതി. 2011-15 കാലത്ത് കേരളകോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാനായിരിക്കെ സര്‍ക്കാര്‍ ചീഫ്‌വിപ്പ് ഇട്ടെറിഞ്ഞ് പോയത് കുരുത്തക്കേട് കൊണ്ടാണെന്ന് കെ.എം മാണി. അതോടെ മാണിസാര്‍ വെറും മാണിയായി. ഇടക്ക് ജോസഫിനൊപ്പവുംകൂടി. പിന്നെ സെക്യുലര്‍ കേരളകോണ്‍. ഉണ്ടാക്കി. 1970കളില്‍ കെ.എസ്.സിയിലൂടെ അറസ്റ്റുവരിച്ചാണ് തുടക്കം. മൂന്നു സിനിമകളിലും തലകാട്ടി. ’80 മുതല്‍ആറു തവണ എം.എല്‍.എയായിട്ടും മന്ത്രിപ്പണി കിട്ടിയില്ലെന്ന ചോദ്യത്തിന് കയ്യിലിരിപ്പ്, അല്ല നാവിലിരിപ്പ് തന്നെയാണ് ഉത്തരം. ശത്രുക്കള്‍ പി.സിയുടെ ശത്രു അയാളുടെ നാവാണെന്ന്് പറയും. എന്തുചെയ്യാന്‍. സ്വന്തമായിപ്പോയില്ലേ. അതിനെയും തള്ളിപ്പറയാന്‍ പറ്റില്ലല്ലോ.

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending