ശ്രീകുമാരന്‍തമ്പിക്ക് ക്ഷോഭമുണ്ട്. മുപ്പത് സിനിമകള്‍ സംവിധാനം ചെയ്യുകയും എഴുപത്തിയെട്ട് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുകയും ഇരുപത്തിരണ്ട് ചിത്രങ്ങള്‍ നിര്‍മിക്കുകയും മുവായിരത്തിലേറെ പാട്ടുകള്‍ എഴുതുകയും ചെയ്ത തമ്പിക്ക് മലയാള സിനിമക്കുള്ള സമഗ്ര സംഭാവനയുടെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം വൈകിപ്പോയതില്‍ സഹൃദയര്‍ക്കാകെയും ക്ഷോഭമുണ്ടായിരുന്നു. മലയാള ഭാഷയുടെ മാദകഭംഗിയെ മലര്‍മന്ദഹാസത്തിലും കിളിക്കൊഞ്ചും നാടിന്റെ ഗ്രാമീണശൈലിയെ പുളിയിലക്കരയിലും തെളിയിച്ച ശ്രീകുമാരന്‍ തമ്പിക്കാണ് ഈ വര്‍ഷത്തെ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം.
തന്നെ സിനിമാപാട്ടുകാരനായി ഒതുക്കാന്‍ ശ്രമിച്ചുവെന്നതാണ് എഴുപതിന്റെ യൗവനത്തിലും ക്ഷോഭിക്കാന്‍ തമ്പിയെ പ്രേരിപ്പിക്കുന്നത്. വയലാര്‍, പി.ഭാസ്‌കരന്‍, ഒ.എന്‍.വിക്ക് ശേഷമുള്ളയാള്‍ എന്നാണ് ശ്രീകുമാരന്‍ തമ്പിയെ പാട്ടെഴുത്തില്‍ വിശേഷിപ്പിക്കുകയെങ്കിലും അവര്‍ക്കൊപ്പം നില്‍ക്കാന്‍ കരുത്തുള്ളയാളാണ് തമ്പി. പതിനെട്ടാം വയസ്സില്‍ പി.ഭാസ്‌കരനെ പറ്റി ലേഖനമെഴുതി പ്രസിദ്ധീകരിച്ച തമ്പിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനരചയിതാവാണ് ഭാസ്‌കരന്‍ മാഷ്. ആദ്യത്തെ കവിതാ സമാഹാരം തമ്പി പ്രസിദ്ധീകരിച്ചപ്പോള്‍ വയലാറാണ് മുഖവുര നടത്തിയത്. കൂത്തമ്പലവും കൂടിയാട്ടവും കഥകളിവിളക്കും നവരാത്രിമണ്ഡപവും ചെട്ടിക്കുളങ്ങര ഭരണിയും അമ്പലപ്പുഴ പാല്‍പ്പായസവും വൈക്കത്തഷ്ടമിയും ആലപ്പുഴപ്പട്ടണവും അച്ചന്‍കോവിലാറും കാവാലം ചുണ്ടനും തിരുവാതിര ഞാറ്റുവേലയും ഓച്ചിറക്കളിയും അഷ്ടമുടിക്കായലും ഭരണങ്ങാനം പെരുന്നാളും വേമ്പനാട്ടുകായലും ഇടവപ്പാതിയുമൊക്കെയായി ചിരപരിചിതമായ ദൃശ്യബിംബങ്ങളേറെ പാട്ടിന്റെ ഹൃദയസരസ്സിലേക്കാവാഹിച്ച ശ്രീകുമാരന്‍ തമ്പിയെ കൂടാതെ മലയാളത്തിലെ ഇഷ്ട ഗാനങ്ങളുടെ പട്ടിക സാധ്യമല്ലെന്നതുകൊണ്ടുകൂടിയാവാം മലയാള സഹൃദയലോകം തമ്പിയെ പാട്ടുകാരനാക്കി മാറ്റാന്‍ ശ്രമിച്ചത്. യേശുദാസ് മാത്രം തമ്പിയുടെ അഞ്ഞൂറിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. ലളിതഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, നാടക ഗാനങ്ങള്‍… അങ്ങനെ പല വിഭാഗങ്ങളിലുംപെട്ട പാട്ടുകള്‍ അദ്ദേഹം രചിച്ചു. തിരുവനന്തപുരം ആകാശവാണി ആദ്യത്തെ പാട്ട് പ്രക്ഷേപണം ചെയ്യുമ്പോള്‍ തമ്പിക്ക് വയസ്സ് പത്തൊമ്പതാണ്.
കൊല്ലും കൊലയ്ക്കും അധികാരമുണ്ടായിരുന്ന ജന്മികുടുംബത്തിന്റെ ഇങ്ങേയറ്റത്താണ് ഹൃദയങ്ങളെ യോജിപ്പിച്ച, യൗവനങ്ങളെ ത്രസിപ്പിച്ച പാട്ടുകളെഴുതിയ ശ്രീകുമാരന്‍ തമ്പിയുടെ ജനനം. ആലപ്പുഴ ഹരിപ്പാട് കളരിക്കല്‍ കൃഷ്ണപിള്ള ഭവാനിക്കുട്ടി തങ്കച്ചിയുടെ അഞ്ചു മക്കളില്‍ മൂന്നാമന്‍. സഹോദരന്‍ പി.ജി തമ്പി അഭിഭാഷകനും മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും. പി.വി തമ്പി നോവലെഴുത്തുകാരന്‍. ഹരിപ്പാട്ടെ ഗവ. ബോയ്‌സ് സ്‌കൂളിലും ഹരിപ്പാട് സനാതനധര്‍മ കോളജിലും തൃശൂര്‍ എഞ്ചിനീയറിങ് കോളജിലും പഠിച്ച തമ്പി കോഴിക്കോട് അസിസ്റ്റന്റ് ടൗണ്‍പ്ലാനറായിരിക്കെ ജോലി രാജിവെച്ച് കലാപ്രവര്‍ത്തനത്തിലേക്കിറങ്ങിയതാണ്. മകന്‍ രാജകുമാരന്‍ തമ്പി തെലുങ്ക് സംവിധായകനായിരുന്നു. ആത്മഹത്യ ചെയ്തു.
1966ല്‍ ‘കാട്ടുമല്ലിക’ എന്ന ചിത്രത്തിനു വേണ്ടി ‘താമരത്തോണിയിലാലോലമാടി’ എന്ന പാട്ടെഴുതിയാണ് സിനിമാഗാനരംഗത്തേക്കു വന്നത്. സംവിധാനം, നിര്‍മ്മാണം, തിരക്കഥ, സംഭാഷണരചന, സംഗീതസംവിധാനം എന്നിങ്ങനെ ചലച്ചിത്രത്തിന്റെ സമഗ്ര മേഖലയിലും പ്രതിഭ തെളിയിച്ച ഒരേയൊരാളെ കേരളം പാട്ടെഴുത്തുകാരന്‍ എന്ന് മാത്രം വിളിച്ചുകളഞ്ഞു. തോപ്പില്‍ ഭാസിക്കും എസ്.എല്‍ പുരം സദാനന്ദനും ശേഷം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചത് തമ്പിയാണ്. സിനിമയില്‍ പാട്ടിനുള്ള സ്ഥാനം ‘സിറ്റുവേഷണല്‍’ ആണെന്ന് അദ്ദേഹം പറയും. അതുകൊണ്ടു തന്നെ ഈണം ആദ്യം തയ്യാറാക്കി അതിലേക്ക് വാക്കുകള്‍ തിരുകിക്കയറ്റുന്ന രീതിയോട് തമ്പി കലഹിച്ചു. കഥാഘടനയ്ക്കനുസരിച്ച്, കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന തരത്തിലെഴുതുന്ന കവിതയാണ് സിനിമാഗാനങ്ങള്‍. രാഗവും താളവും പദവും തമ്മിലുള്ള സമ്പൂര്‍ണ്ണ ലയവിന്യാസമാണ്. ഗാനസംവിധായകനും ഗാനരചയിതാവും ഒരുമിച്ചിരുന്ന് സിനിമാസംവിധായകന്റെ മനസ്സിലെ ദൃശ്യഭാഷയെ സംഗീതഭാഷയാക്കി വിവര്‍ത്തനംചെയ്യുന്ന ഒരു രാസപ്രക്രിയയാണിത്. ഇവിടെയാണ് ഒരു ഗാനരചയിതാവിന്റെ വൈദഗ്ധ്യം പ്രസക്തമാകുന്നത്.
1960-70 കാലത്തെ മലയാള സിനിമാ സംഗീതത്തിന്റെ സുവര്‍ണകാലം എന്ന് വിശേഷിപ്പിക്കുന്നു. വയലാര്‍, പി ഭാസ്‌കരന്‍, ഒ.എന്‍. വി, ശ്രീകുമാരന്‍തമ്പി തുടങ്ങിയവരുടെ രചനക്കൊപ്പം ദക്ഷിണാമൂര്‍ത്തി, ബാബുരാജ്, എം.എസ് വിശ്വനാഥന്‍, ദേവരാജന്‍, കെ. രാഘവന്‍, സലില്‍ചൗധരി, എം.കെ അര്‍ജുനന്‍ എന്നിവരുടെ ഈണവും എ. എം രാജ, കമുകറ, യേശുദാസ്, ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍, പി. സുശീല, എസ്. ജാനകി, വാണി ജയറാം തുടങ്ങിയവരുടെ ശബ്ദവും ചേര്‍ന്നാണ് ഈ കാലത്തിന് സൗവര്‍ണ ശോഭ ലഭിച്ചത്.
അകലെ അകലെ നീലാകാശം, ഉത്തരാ സ്വയംവരം, ഹൃദയ സരസ്സിലെ, പൊന്‍വെയില്‍ മണിക്കച്ച, വാല്‍ക്കണ്ണെഴുതി വനപുഷ്പം, സന്ധ്യക്കെന്തിനു സിന്ദൂരം, ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍, ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി, പൗര്‍ണ്ണമി ചന്ദ്രിക തൊട്ട് വിളിച്ചു, വൈക്കത്തഷ്ടമി നാളില്‍, കസ്തൂരി മണക്കുന്നല്ലോ കാറ്റെ, സുഖമൊരു ബിന്ദു, ഒരു മുഖം മാത്രം, എത്ര ചിരിച്ചാലും ചിരി തീരുമോ, ചന്ദ്രികയില്‍ അലിയുന്നു, അവള്‍ ചിരിച്ചാല്‍ മുത്തു ചിതറും, മലര്‍കൊടി പോലെ, പൂവിളി പൂവിളി പൊന്നോണമായി, ചന്ദ്ര ബിംബം നെഞ്ചിലേറ്റും, സാമ്യമകന്നൊരുദ്യാനമേ, പാടാത്ത വീണയും പാടും, കൂത്തമ്പലത്തില്‍ വെച്ചൊ, ഇന്നുമെന്റെ കണ്ണുനീരില്‍, സുഖമെവിടെ ദുഃഖമെവിടെ, ഉണരുമീ ഗാനം, പാടാം നമുക്കു പാടാം, സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയില്‍, ബന്ധുവാര് ശത്രുവാര്, നീയെവിടെ നിന്‍ നിഴലെവിടെ….. ഹിറ്റ് ഗാനങ്ങള്‍. കേരളത്തെ കേളികൊട്ടിയുയര്‍ത്തിയതും തമ്പി. ‘അവള്‍ ചിരിച്ചാല്‍ മുത്തു ചിതറും’, ‘അവള്‍ നടന്നാലോ ഭൂമി തരിക്കും’ എന്നു തുടങ്ങി ലളിത സുന്ദരമാകണം വരികള്‍ തമ്പിക്ക്. ‘നാലുകാലുള്ളോരു നങ്ങേലിപ്പെണ്ണിനെ കോലുനാരായണന്‍ കട്ടോണ്ട് പോയ’ കഥ പറയാനും അയല പൊരിച്ചുവെച്ചും കരിമീന്‍ വറുത്തുവെച്ചും മച്ചുനനെ ഉണ്ണാന്‍ ക്ഷണിക്കുന്ന മലയാളി തമ്പിക്ക് നന്നെ പരിചയം.