Connect with us

Video Stories

ടി.പി സെന്‍കുമാര്‍ സ്വപ്‌നം കാണട്ടെ!

Published

on

‘ന്യൂനപക്ഷത്തിനുള്ള എല്ലാ അവകാശങ്ങളും ഭൂരിപക്ഷത്തിനുമുണ്ടെന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കണം.അതോടെ ഇപ്പോഴുള്ള എല്ലാപ്രശ്‌നങ്ങളും തീരും. ഒരു അവകാശവും കൂടുതല്‍ വേണ്ട. 1950ല്‍ ഭരണഘടന തയ്യാറാക്കുന്ന സമയത്ത് ഹിന്ദുക്കളുടെ ജനസംഖ്യ 90 ശതമാനമായിരുന്നു. ന്യൂനപക്ഷ ജനസംഖ്യ 9 ശതമാനത്തില്‍നിന്ന് 21 ശതമാനമായി കുറഞ്ഞു. പാകിസ്താനില്‍ ഹൈന്ദവര്‍ 28 ശതമാനത്തില്‍നിന്ന് ഒരുശതമാനമായി വര്‍ധിച്ചു. ബംഗ്ലാദേശില്‍ 33 ശതമാനത്തില്‍നിന്ന് 4 ശതമാനമായി വര്‍ധിച്ചു. ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തിന്റെ അവകാശം പോലും കൊടുക്കാത്ത മറ്റൊരു രാജ്യവും ലോകത്തില്ല. സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും നിസ്സംഗരായി ഇരുന്നാല്‍ നമ്മുടെ സനാതന സംസ്‌കാരത്തെ നുണബോംബുകളും ആയുധങ്ങളും ഉപയോഗിച്ച് ഇല്ലാതാക്കുന്നവരുടെ മുമ്പില്‍ നാം എത്തിപ്പെടും. നമ്മുടെ ധര്‍മത്തെ ചവിട്ടിയരച്ചവര്‍ക്കല്ല അതിനെ സംരക്ഷിക്കാനെത്തിയവര്‍ക്ക് വോട്ടുകള്‍ നല്‍കി മറുപടിനല്‍കണം.’ (ടി.പി സെന്‍കുമാര്‍-2019 ജനുവരി 20).
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന അയ്യപ്പ സംഗമത്തിലാണ് അയ്യപ്പ കര്‍മസമിതിയുടെ വൈസ്‌ചെയര്‍മാന്‍ ടി.പി സെന്‍കുമാര്‍ മേല്‍പരാമര്‍ശങ്ങള്‍ അല്‍പം പരിഹാസച്ചുവയോടെ വിളമ്പിയത്. മാതാഅമൃതാനന്ദമയിയും ശ്രീശ്രീ രവിശങ്കറുടെ പ്രതിനിധിയും ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്ത വേദിയില്‍ കേരളത്തിലെ മുന്‍ പൊലീസ് മേധാവിയായ സെന്‍കുമാര്‍ നടത്തിയ പ്രസംഗം ഇതേ വേദിയിലെ സ്വാമിചിദാനന്ദപുരിയുടെ രാഷ്ട്രീയ ധോരണിയേക്കാള്‍ തീവ്രമായിരുന്നു. സെന്‍കുമാറിന്റെ പ്രസംഗത്തിലെ വിവരങ്ങള്‍ വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്നത് പോകട്ടെ, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് വര്‍ഗീയ വിദ്വേഷത്തിന് വഴിവെക്കുന്നത് എന്തു ശിക്ഷയാണ് ക്ഷണിച്ചുവരുത്തുക എന്ന് അറിയാത്ത ആളാവില്ല ഈ റിട്ട. പൊലീസ് മേധാവി. മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും ചില തെറ്റിദ്ധാരണകള്‍ക്ക് വഴിവെക്കുമെന്ന ഭയത്താല്‍ സെന്‍കുമാറിന്റെ വിടുവായിത്തത്തെ തിരുത്തല്‍ അനിവാര്യമായിരിക്കുന്നു.
1947ലെ വര്‍ഗീയ കലുഷിതമായ ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍നിന്നുകൊണ്ടാണ് പണ്ഡിറ്റ് നെഹ്‌റുവിനെയും ഡോ. അംബേദ്കറെയും മൗലാനാആസാദിനെയും പോലുള്ള 284 ദീര്‍ഘദൃക്കുകള്‍ നമ്മുടെ മഹത്തായ ഭരണഘടനക്ക് രൂപംനല്‍കിയത്. ചടുല സംവാദങ്ങളുടെയും തലനാരിഴകീറിയ വാദപ്രതിവാദങ്ങളുടെയും ഫലമായിരുന്നു അത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നതാണ് ഭരണഘടനയുടെ മുഖമുദ്രാവാക്യം. അതിലെ മൗലികാവകാശങ്ങളെല്ലാംതന്നെയും ഏതെങ്കിലും വിഭാഗത്തിന് വേണ്ടിയുള്ളതല്ല. ഇവിടുത്തെ മതങ്ങളെയും നാനാജാതികളെയും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെയും കൃത്യമായി അഭിസംബോധന ചെയ്യുന്നുണ്ടതില്‍. മത-ജാതി-വര്‍ഗ-ഭാഷാപരമായ ന്യൂനപക്ഷങ്ങള്‍ ഏതൊരു സമൂഹത്തിലും ഭൂരിപക്ഷത്തിന്റെ ഇച്ഛക്കും താല്‍പര്യങ്ങള്‍ക്കും വഴങ്ങേണ്ടിവരുന്നു എന്നതിനാലാണ് അവര്‍ക്ക് പ്രത്യേകാവകാശങ്ങള്‍ എല്ലാ സമൂഹങ്ങളും പരികല്‍പിച്ചുകൊടുത്തിട്ടുള്ളത്. അത് ഏതെങ്കിലുമൊരു മത വിഭാഗത്തിന്റെ ഔദാര്യമല്ലെന്നും ന്യൂനപക്ഷങ്ങളുടെയും സര്‍വപൗരന്മാരുടെയും സുരക്ഷയും സംരക്ഷണവും സ്വാസ്ഥ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുമാണെന്നും ഭരണഘടനാവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൊഴില്‍-വിദ്യാഭ്യാസ രംഗങ്ങളില്‍ ജാതിമതവിഭാഗങ്ങളുടെ ഉന്നമനത്തിനായി സംവരണം ഏര്‍പെടുത്തിയതും മത ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അനുമതിയുമൊക്കെ ഈ ഉയര്‍ന്ന ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ സംഘ്പരിവാര്‍ സൈദ്ധാന്തികര്‍ സ്വാതന്ത്ര്യത്തിനുമുമ്പേ ഇതിനെതിരായി നിലയുറപ്പിക്കുന്നു. ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും മോദി-മോഹന്‍ഭഗവത്തുമാരുടെയും ഹിന്ദു രാഷ്ട്ര അജണ്ടയുടെ ഭാഗമാണിത്. അതിന് ചിലര്‍ ശബരിമലയെയും പാകിസ്താനെയും കൂട്ടുപിടിക്കുന്നുവെന്ന് മാത്രം. ഇന്ത്യ ഇന്നും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി നില്‍ക്കുന്നത് അതിന്റെ പാരമ്പര്യവും രാഷ്ട്രപിതാവ് മുതല്‍ പ്രബോധിപ്പിച്ച അഹിംസ, സ്‌നേഹം, സാഹോദര്യം മുതലായവ കൊണ്ടുമാണ്. സനാതനധര്‍മത്തിനും തീര്‍ച്ചയായും അതില്‍ പങ്കുണ്ട്. പുത്തരിക്കണ്ടത്തുകേട്ട വിഷ സനാതനമല്ല അത്. ഇനി ഈ ന്യൂനപക്ഷാനുകൂല്യങ്ങളെല്ലാം എഴുതിവെച്ചിട്ടുപോലും ദലിതുകളുടെയും, പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിംകളുടെയും അവസ്ഥയെന്ന് പഠനത്തിലൂടെ ചൂണ്ടിക്കാട്ടിയതും ബദല്‍ പദ്ധതികള്‍ നിര്‍ദേശിച്ചതും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രജീന്ദര്‍ സച്ചാറായിരുന്നു. രാജ്യത്തെ അത്യുന്നത തസ്തികകളും ജനപ്രാതിനിധ്യ പദവികളും ബഹുഭൂരിപക്ഷവും ഇന്നും കയ്യടക്കിവെച്ചിരിക്കുന്നത് ഹൈന്ദവരെന്നതിനേക്കാള്‍ ഭൂപ്രഭുക്കളായ സവര്‍ണ കുലജാതരാണെന്നറിയാന്‍ സെന്‍കുമാറിലെ സിവില്‍ സര്‍വീസ് ബിരുദധാരി ഭരണഘടനയല്ലെങ്കിലും സ്ഥിതിവിവരക്കണക്കുകളെങ്കിലും ഒന്നോടിച്ചുവായിക്കണം. ഇദ്ദേഹം പോരാടേണ്ടത് അതിനെതിരെയാണ്. മറിച്ച് ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ഭൂരിപക്ഷത്തിന്റെ എന്തവകാശമാണ് രാജ്യം തട്ടിപ്പറിഞ്ഞതെന്നുകൂടി സെന്‍കുമാര്‍ വ്യക്തമാക്കണം. ഇനി മത വിശ്വാസത്തിന്റേതാണ് വിഷയമെങ്കില്‍ തങ്ങളോടൊപ്പം ന്യൂനപക്ഷങ്ങളുമുണ്ടെന്ന് ഇദ്ദേഹത്തിന് അറിയാതെവരില്ലല്ലോ.
ഇനി ഇന്ത്യയിലെ ന്യൂനപക്ഷ ജനസംഖ്യ വര്‍ധിച്ചുവരുന്നുവെന്ന നിഗമനം നോക്കാം. കഴിഞ്ഞ 20 വര്‍ഷത്തെ കണക്കെടുത്താല്‍ ഏറ്റവും കുറവ് ജനസംഖ്യാവളര്‍ച്ചയാണ് ഇപ്പോള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടേത്. 1991-2001 കാനേഷുമാരി അനുസരിച്ച് ഇന്ത്യന്‍ മുസ്‌ലിംകളുടെ വര്‍ധന 32.8 ശതമാനമായിരുന്നെങ്കില്‍ 2001-2011ല്‍ ഇത് 24.6 ആയി ചുരുങ്ങി. 14.4 ശതമാനമാണ് ഇപ്പോള്‍ രാജ്യത്തെ മുസ്‌ലിം ശതമാനം. ഇങ്ങനെപോയാല്‍ 2050ല്‍ പോലും ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയുടെ ശതമാനം 18.4 മാത്രമേ ആകുകയുള്ളൂവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു ജനസംഖ്യാവളര്‍ച്ചയിലും സമാനമായ കുറവ് പ്രകടമാണെങ്കിലും മുസ്‌ലിംകളെയും ഇതര ന്യൂനപക്ഷ വിഭാഗങ്ങളെയും പ്രതിപ്പട്ടികയിലാക്കിയുള്ള ചില അല്‍പബുദ്ധികളുടെ കസര്‍ത്ത് വിദ്യാസമ്പന്നരായ ഹൈന്ദവ സഹോരങ്ങളുടെ ബോധത്തെ പരിഹസിക്കുന്നതാണ്. ആര്‍.എസ്.എസ്സില്‍ ചേര്‍ന്നത് വിവരം വെച്ചതുകൊണ്ടാണെന്ന് പറയുന്ന സെന്‍കുമാറിന് എന്താണ് സത്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലോ. സി.പി.എം എം.എല്‍.എക്കും സിനിമാതാരത്തിനുംപോലെ റിട്ട. പൊലീസ് ഉദ്യോഗസ്ഥനും ഭൈമീകാമുകനാവാന്‍ തീര്‍ച്ചയായും യഥേഷ്ടം അവകാശമുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ നാലഞ്ചു ശതമാനം പേര്‍ ക്രിമിനലുകളാണെന്ന 2017 ജൂണ്‍ 30ലെ പ്രസ്താവം തിരിഞ്ഞുകൊത്തുകയാണോ. ഒഞ്ചിയത്ത് ടി.പി ചന്ദ്രശേഖരനെ കൊന്നത് 51 വെട്ട് വെട്ടിയാണെങ്കില്‍ കേരളത്തിന്റെ സര്‍വമത സാഹോദര്യത്തിനുനേര്‍ക്ക് വെട്ടിയ 101 വെട്ടാണ് ഈ കാവിയണിഞ്ഞ ടി.പിയുടേത്.

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending