നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 മെയ് 25ന് ദിവസങ്ങള്‍ക്കുശേഷമുള്ള ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തിയ കണക്കുപ്രകാരമുള്ള പൊതുകടത്തിന്റെ 50 ശതമാനത്തോളമായി ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് കേന്ദ്ര സര്‍ക്കാരിന്റെ ധനകാര്യവകുപ്പ് പുറത്തുവിട്ടത്. അതിങ്ങനെയാണ്: 2014 ജൂണില്‍ 54,90,283 ലക്ഷം കോടി രൂപയായിരുന്ന രാജ്യത്തിന്റെ പൊതുകടം ഇന്ന് 82,03,253 ലക്ഷം കോടി. അതായത് 43 ശതമാനം വര്‍ധനവ്. 68 ലക്ഷം കോടിയാണ് ഇന്ത്യയുടെ ആഭ്യന്തര കടം. വിദേശകടമാകട്ടെ 5.25 ലക്ഷം കോടിയും. 8.55 ലക്ഷം കോടിയാണ് മറ്റു കടബാധ്യതകള്‍. ഇന്ത്യാരാജ്യം ചരിത്രത്തിലിതേവരെ കണ്ടിട്ടില്ലാത്ത കടമാണിതെന്ന് മാത്രമല്ല, വെറും നാലേകാല്‍ വര്‍ഷകാലയളവില്‍ ഇത്രയും കുത്തനെ കടം ഉയരുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. മോദി സര്‍ക്കാര്‍ നാലു വര്‍ഷവും മൂന്നു മാസവും കഴിഞ്ഞപ്പോഴത്തെ 2018 സെപ്തംബറിലാണ് കണക്കാണിത്. 2014ല്‍ 42000 രൂപയായിരുന്ന ഒരു ഇന്ത്യന്‍ പൗരന്റെ ഋണബാധ്യത മോദിയുടെ കാലത്ത് 63000 രൂപയായി വര്‍ധിച്ചിരിക്കുന്നുവെന്നര്‍ത്ഥം. രാജ്യത്തിന്റെ പൊതുഖജനാവിന് ഇത്രയും വലിയ ബാധ്യത മോദിസര്‍ക്കാര്‍ വരുത്തിവെച്ചുവെന്നത് 130 കോടി ജനത ഞെട്ടലോടെയാണ് കഴിഞ്ഞദിവസം ശ്രവിച്ചത്. ഇതെല്ലാം മോദിക്കോ മന്ത്രിമാര്‍ക്കോ അല്ല, രാജ്യത്തിനും അതിലെ ജനങ്ങള്‍ക്കും മേലെയാണ് വന്നുനിപതിക്കുക. സ്വന്തമായ നയമോ സാമ്പത്തിക ഭരണപരമായ പ്രാവീണ്യമോ ഇല്ലാതെ പരമാവധി കടമെടുത്ത് രാജ്യം പോറ്റുക എന്ന നിലയിലേക്ക് ഭരണകൂടം ചെന്നെത്തിയിരിക്കുന്നത് മോദി ഭരണകൂടത്തിന്റെ അപകട സംവിധാനത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ല. ആരുടെ മേലാണ് ഇതിന്റെ ഭാരം ഏറ്റവും കൂടുതല്‍ വന്നുപതിക്കുക എന്നത് ഊഹിക്കാവുന്നതേ ഉള്ളൂ. നാം നല്‍കുന്ന ഓരോ വസ്തുവിന്റെയും സേവനത്തിന്റെയും നികുതിയിലൂടെ വേണം ഈഭാരം രാജ്യം ഇനി ഇറക്കിവെക്കേണ്ടത്. സമ്പന്നന്‍ കൂടുതല്‍ ധനികനാകുന്ന ചങ്ങാത്ത മുതലാളിത്തത്തിലൂന്നിയ ദുര്‍ഭരണ നയങ്ങളാണ് ഈ ദു:സ്ഥിതി വരുത്തിവെച്ചതെന്ന് പകല്‍പോലെ അറിയാവുന്ന രഹസ്യം. വിദേശയാത്രകള്‍ക്കും പ്രതിമാനിര്‍മാണത്തിനുമായി പാവപ്പെട്ടവന്റെ നികുതിപ്പണത്തില്‍ നിന്നെടുത്ത് ധൂര്‍ത്തടിച്ചതാണീ കടം.
എവറസ്റ്റ് പോലുള്ള മേല്‍കടബാധ്യതകളുടെ കണക്കുകളോടൊപ്പമാണ് കഴിഞ്ഞദിവസം രാജ്യത്തെ റിലയന്‍സ് പോലുള്ള കുത്തക സ്വകാര്യകമ്പനികള്‍ നേടിയ ലാഭത്തിന്റെ പടുകൂറ്റന്‍ കണക്കുകളും കഴിഞ്ഞദിവസം പുറത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തായ മുകേഷ് അംബാനിയുടെ റിലയന്‍സ്, ഗുജറാത്തുകാരനായ അസിംപ്രേജിയുടെ വിപ്രോ പോലുള്ള സ്വകാര്യ കമ്പനികളുടെയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെയും ലാഭമാണ് റോക്കറ്റുപോലെ ഉയര്‍ന്നതായി കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
നടപ്പുസാമ്പത്തിക വര്‍ഷത്തിലെ 2018 ഒക്ടോബര്‍-ഡിസംബര്‍ കാലയളവിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് 10,251 കോടി രൂപ ലാഭം നേടിയിരിക്കുന്നത്. പെട്രോളിയം, പ്രകൃതിവാതകം, ജിയോ മൊബൈല്‍ തുടങ്ങിയ മേഖലകളിലൂടെയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഈ തുക ജനങ്ങളില്‍നിന്ന് അടിച്ചെടുത്തത്. ഇന്ത്യയില്‍ ഇതാദ്യമായാണ് മൂന്നുമാസം കൊണ്ട് പതിനായിരം കോടി രൂപ ലാഭം നേടുന്ന സ്വകാര്യ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാറിയത്. 1,09,905 കോടിയായിരുന്ന വരുമാനമാണ് 2018-19ന്റെ മൂന്നാംപാദത്തില്‍ 1,71,336 കോടിയായി കുത്തനെ വര്‍ധിച്ചത്. അതായത് 55.9 ശതമാനം വര്‍ധന. 2018-19 ആദ്യപാദത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ലാഭം വര്‍ധിച്ചത് 50 ശതമാനമായിരുന്നു. മൂന്നാം പാദത്തില്‍ 7883.22 കോടിയായാണ് കൂടിയത്. രണ്ടിരട്ടി വര്‍ധന. വിപ്രോയുടെ ലാഭം കഴിഞ്ഞ ഒക്ടോബര്‍-ഡിസംബറില്‍ മാത്രം 2544.5 കോടിയാണ്. കഴിഞ്ഞവര്‍ഷം ഇതേകാലയളവിലെ ലാഭത്തില്‍നിന്ന് 31.8 ശതമാനത്തിന്റെതാണ് മോദിയുടെ ഗുജറാത്ത് ആസ്ഥാനമായ വിപ്രോയുടെ കുതിപ്പ്. പെട്രോളിയം വില കുത്തനെ കുറയുകയും ജനങ്ങള്‍ക്ക് കൂടുതല്‍ തുക പെട്രോളിനും ഡീസലിനും പാചകവാതകത്തിനും ഒടുക്കേണ്ടിവരികയും ചെയ്ത കാലഘട്ടത്തില്‍ തന്നെയാണ് ഈ നെടുങ്കന്‍ ആദായം റിലയന്‍സും വിപ്രോയും നേടിയതെന്നതിനെ ചെറുതായി കാണാനാകില്ല. നിലവില്‍ ലോകത്തെ വ്യാപാര സൗഹൃദ സൂചികയില്‍ ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിപ്പോള്‍ 77-ാം സ്ഥാനത്താണ്. ഇതില്‍ ലോകത്തെ 50-ാം സ്ഥാനത്തേക്ക് രാജ്യത്തെ ഉയര്‍ത്താനും ഈപതിനൊന്നാം മണിക്കൂറിലും പരിശ്രമിക്കുകയാണെന്ന മോദിയുടെ വാക്കുകളെ സുബോധമുള്ള ആരെങ്കിലും മുഖവിലക്കെടുക്കുമെന്ന് കരുതുക വയ്യ.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നതിന്റെ സൂചനകള്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പുതന്നെ പുറത്തുവന്നിരുന്നു. അതിലൊന്നായിരുന്നു റിസര്‍വ ്ബാങ്കുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഏറ്റുമുട്ടല്‍. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍നിന്ന് വന്‍തുക വേണമെന്ന് സര്‍ക്കാര്‍ ശഠിച്ചതും അതിനെ ബാങ്ക് ഗവര്‍ണര്‍ ശക്തിയായി എതിര്‍ത്തതും വാര്‍ത്തയായി. പുതിയ ഗവര്‍ണര്‍ ശക്തികാന്ത്ദാസ് പറയുന്നത് കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ച് നാല്‍പതിനായിരംകോടി രൂപ കൈമാറുമെന്നാണ്. ലോക സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ 2008 കാലഘട്ടത്തില്‍ ഇന്ത്യയെ ഉലയാത്ത കപ്പലായി കൊണ്ടുനടന്ന ഡോ. മന്‍മോഹന്‍സിങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ കരുതല്‍ ധനത്തിലും സ്വര്‍ണബോണ്ടിലും തൊടാതിരുന്നതും പൊതുമേഖലാബാങ്കുകളെ ശക്തിപ്പെടുത്തിനിര്‍ത്തിയതും ലോകത്തിനാകെ മാതൃകയും രാജ്യത്തിന് പ്രയോജനകരവുമായിരുന്നുവെന്ന് സാമ്പത്തിക വിദഗ്ധരെല്ലാം ഏക സ്വരത്തില്‍ സമ്മതിക്കുന്നതാണ്. അധികാരത്തില്‍വന്നാല്‍ 15 ലക്ഷം രൂപ ഓരോരുത്തരുടെയും അക്കൗണ്ടിലിടുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഈ വലിയ കടഭാരമാണ് തലയില്‍ കയറ്റിവെച്ചിരിക്കുന്നതെന്നത് സങ്കടകരമായ യാഥാര്‍ത്ഥ്യം മാത്രമായിരിക്കുന്നു. അതിസമ്പന്നര്‍ക്കും കള്ളപ്പണക്കാര്‍ക്കുമാണ് മോദികാലത്ത് ഗുണം ലഭിച്ചതെന്നതിന് ഉദാഹരണമാണ് വിജയ് മല്യയും നീരവ ്‌മോദിയെയും പോലുള്ള ബാങ്ക് വായ്പാതട്ടിപ്പുവീരന്മാര്‍ക്ക് പച്ചപ്പരവതാനി വിരിച്ചതും പിന്നീട് പണവുമായി രാജ്യം വിടാന്‍ എല്ലാസൗകര്യവുമൊരുക്കിക്കൊടുത്തതും. ഇപ്പോഴാണ് മോദിയും കൂട്ടരും രാമക്ഷേത്രവും ശബരിമലയും പശുവും കശ്മീരും ആയുധങ്ങളാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പരിശ്രമിക്കുന്നത്. ഇത് തിരിച്ചറിയാന്‍ സ്വന്തം അനുഭവജ്ഞാനം മാത്രം മതി ഈ ജനവിരുദ്ധ സര്‍ക്കാരിനെ കെട്ടുകെട്ടിക്കാനെന്ന് ജനത്തിനുറപ്പുണ്ട്.