Connect with us

Video Stories

വത്സല പിതാവേ മാപ്പ്

Published

on

തെരഞ്ഞെടുപ്പ് പൂര്‍വ പ്രവചനങ്ങള്‍ പാളിയില്ല. കര്‍ണാടകയില്‍ കുമാരണ്ണ സി.എം മേക്കറല്ല, സി.എം ആയി. സത്യപ്രതിജ്ഞാ ചടങ്ങിനെ പ്രതിപക്ഷ കക്ഷികളുടെ മഹാസംഗമ വേദിയുമാക്കി. 2019 ലെ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ അവസാനത്തെ പൊതു തെരഞ്ഞെടുപ്പായിക്കൂടായ്കയില്ലെന്ന് ഏതാണ്ട് തിരിച്ചറിഞ്ഞതിന്റെ സൂചന ആ മഹാ കൈകോര്‍ക്കലില്‍ രാജ്യം കാണുന്നു. ബംഗളൂരു അങ്ങനെ രാജ്യത്തിന്റെ പ്രതീക്ഷയായി മാറുകയാണ്.
ഒന്നും അത്ര എളുപ്പമല്ലെന്ന് എല്ലാര്‍ക്കും അറിയാം. കേവലം രണ്ട് സീറ്റ് മാത്രമുള്ള മേഘാലയയില്‍ പോലും ഭരണം പിടിച്ച, സ്വന്തമായി രാഷ്ട്രപതിയും ഗവര്‍ണറും ബെല്ലാരി ട്രഷറിയും ഉള്ള ബി.ജെ.പി തല്‍ക്കാലം പിന്‍വാങ്ങിയെന്നേയുള്ളൂ. ഒന്നാഞ്ഞു വലിക്കാനുള്ള സമയം ശ്രീരാമുലുമാര്‍ക്ക് കിട്ടാത്തവിധം ചരിത്രപരമായ കോടതി ഇടപെടല്‍ തരപ്പെടുത്തിയതുകൊണ്ട് മാത്രമാവാം ഈ വിജയം. പക്ഷേ ഒന്നുണ്ട്. പണ്ട് ധരംസിങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താഴെയിട്ടതുപോലെ ആര്‍ക്കും തട്ടിപ്പിടഞ്ഞ് പിരിഞ്ഞുപോകാന്‍ കഴിഞ്ഞെന്നുവരില്ല. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് അതീവ താല്‍പര്യമുണ്ട് ബംഗളൂരുവിലെ സംഭവവികാസങ്ങളില്‍.
ക്രീഡാ തല്‍പരനാണ് ഹരന്തനഹള്ളി ദേവെഗൗഡ കുമാരസ്വാമി. 2004ല്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയ ധരംസിങ് മന്ത്രിസഭയെ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ കുത്തിമറിച്ചിട്ട് ബി.ജെ.പിയുടെ പിന്തുണ തേടിയാണ് കുമാരണ്ണ ആദ്യം ഈ കസേരയിലേറുന്നത്. 20 മാസം കഴിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്കെന്ന് കരാറുണ്ടാക്കിയിരുന്നു. കാലാവധി തീരാനിരിക്കെ പറ്റില്ലെന്നായി കുമാരസ്വാമി. ബി.ജെ.പി കെറുവിക്കാതിരിക്കുമോ? അവര്‍ പിന്തുണ പിന്‍വലിച്ചിട്ട് പോയി. കുമാരസ്വാമിക്ക് മനംമാറ്റം വന്നപ്പോള്‍ യെദ്യൂരപ്പയെ മുഖ്യനാക്കി പിന്തുണ കൊടുത്തു. വിശ്വാസ വോട്ട് തേടിയപ്പോഴേക്കും മനം തിരിച്ചുമാറി. അങ്ങനെ യെദ്യൂരപ്പക്ക് ഏഴ് ദിവസത്തെ മുഖ്യമന്ത്രിയായി തുടക്കം കുറിക്കാന്‍ അവസരം നല്‍കിയ ആളാണ് കുമാരസ്വാമി. ധരംസിങിനെ മറിച്ചിട്ട് ബി.ജെ.പിയുമായി കൂടിയപ്പോഴേ വത്സല പിതാവ് മുന്‍ പ്രധാനമന്ത്രി ദേവഗൗഡ ഉപദേശിച്ചതാണ്, മോനേ ബി.ജെ.പിയോട് കൂടല്ലേയെന്ന്.
ഇപ്പോള്‍ മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലിക്കഴിഞ്ഞ ഉടനെ കുമാരസ്വാമി കുമ്പസരിച്ചു- ബി.ജെ.പിയോട് കൂടിയത് അച്ഛന് ഏറെ മനോവിഷമം ഉണ്ടാക്കിയതാണ്. അതില്‍ ഖേദമുണ്ട്. അച്ഛനോടും രാജ്യത്തോടും മാപ്പ് ചോദിക്കുന്നു. ശുദ്ധ മതേതരനായി പിതാവിനെപ്പോലെ ശിഷ്ടകാലം മുഖ്യമന്ത്രിയായി കഴിയാനാണ് ആഗ്രഹം എന്ന് തന്റെ വിനയം അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. അവിടെത്തന്നെയാണ് കോണ്‍ഗ്രസുകാര്‍ക്കും സംശയം. അഞ്ചു കൊല്ലവും കുമാരണ്ണ തന്നെയാണോ അണ്ണാ സി.എം?
സിനിമ പിടിത്തം, വിതരണം, പ്രദര്‍ശനം എന്നിവയിലാണ് കുമാരസ്വാമിയുടെ പ്രധാന താല്‍പര്യം. അച്ഛന്റെ പണി കാര്‍ഷികം കഴിഞ്ഞാല്‍ പിന്നെ രാഷ്ട്രീയമാണെന്നതിനാല്‍ അതുകൂടി ചെയ്യുന്നുവെന്ന് മാത്രം. ഭാര്യ അനിതക്ക് ജീവിതത്തില്‍ മാത്രമല്ല പാര്‍ട്ണര്‍ഷിപ്പ്, രാഷ്ട്രീയമടക്കം എല്ലാ ഇടപാടിലും ഉണ്ട്. സിനിമാ നിര്‍മാണത്തിലും വിതരണത്തിലും പങ്കാളിയാണ്. കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കെ നിയമസഭാംഗമായ അനിത അക്കാലത്തെ അഴിമതിക്കേസിലും കൂട്ടുപ്രതിയായി. വ്യാജരേഖ സമര്‍പ്പിച്ച കമ്പനിക്ക് മൈനിങ് കരാര്‍ നല്‍കിയ കേസിലും വിശ്വഭാരതി ഹൗസിങ് സഹകരണ സൊസൈറ്റിയുമായി സഹകരിച്ച കേസിലും. ഒരിടത്തു മാത്രം അനിതക്ക് പങ്കാളിത്തം കിട്ടിയില്ല. കന്നഡ, തമിഴ് പ്രസിദ്ധ നടി രാധികയുമായുള്ള കുമാരണ്ണയുടെ ഇടപാടില്‍. അതില്‍ ഷാമിക എന്ന മകള്‍ തെളിവായുണ്ടെങ്കിലും ബഹുഭാര്യാത്വം സംബന്ധിച്ച് കുമാരസ്വാമിക്കെതിരായ പരാതിയില്‍ ഹൈക്കോടതിക്ക് തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ടിടത്ത് ജയിച്ച കുമാരസ്വാമി രാമനഗര വിടുകയാണ്. അവിടെ അനിതയാണ് ജനവിധി തേടുക.
1996ല്‍ കനകപുരയില്‍ നിന്ന് ലോക്‌സഭയിലേക്ക് കന്നി മത്സരം നടത്തിയ കുമാരസ്വാമി ജയിച്ചു. പക്ഷേ 1998ല്‍ ഇവിടെ എം.വി ചന്ദ്രശേഖരമൂര്‍ത്തിയോട് തോറ്റുവെന്ന് മാത്രമല്ല കെട്ടിവെച്ച കാശ് പോയി. 1999ല്‍ നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും തോറ്റു. 2004, 2008, 2013 ഇപ്പോള്‍ 2018 രാമനഗര നിയമസഭാമണ്ഡലം കുമാരസ്വാമിയെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. 2009ല്‍ ബംഗളൂരു റൂറലില്‍നിന്ന് ലോക്‌സഭയിലുമെത്തി. രാമനഗര ഒരിക്കല്‍ കുമാരസ്വാമിക്ക് നല്‍കിയത് 40000 വോട്ടിന്റെ ഭൂരിപക്ഷമാണ്. ആ ഉറപ്പുകൊണ്ടുതന്നെയാണിപ്പോള്‍ ഭാര്യക്ക് വേണ്ടി രാനഗര നീക്കിവെക്കുന്നത്.
മാണ്ഡ്യ, ബംഗളൂരു റൂറല്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ജെ.ഡി.എസ് തോറ്റത് കുമാരസ്വാമിക്ക് വലിയ ആഘാതമായി. പ്രതിപക്ഷ നേതൃസ്ഥാനവും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനവും രാജിവെക്കാന്‍ ഒരുങ്ങിയതാണ്. പാര്‍ട്ടി സമ്മതിച്ചില്ലെന്ന് മാത്രം. മൂന്നു തോല്‍വികളും അനേകം വിജയങ്ങളും സ്വന്തമാക്കിയ കുമാരസ്വാമിയും കര്‍ഷകര്‍ക്ക് വേണ്ടിയാണ് ആണയിടുന്നത്. ഗവര്‍ണര്‍ വാലയുടെ തിണ്ണബലത്തില്‍ മണിക്കൂറുകള്‍ മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയും കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. കര്‍ഷകരെ സേവിക്കാന്‍ വേണ്ടി മാത്രമാണ് താനിത്രയും കഷ്ടപ്പെട്ടതെന്ന് തടിയൂരാന്‍ നേരത്തും യെദ്യൂരപ്പ പ്രഖ്യാപിച്ചതാണ്. ആ ആനുകൂല്യങ്ങള്‍ പിന്‍വലിച്ചാല്‍ പ്രക്ഷോഭമെന്നാണ് പ്രതിപക്ഷത്തിന്റെ ഭീഷണി. അവശേഷിക്കുന്ന രണ്ട് മണ്ഡലങ്ങളിലെ ഫലങ്ങളും രാമനഗര ഉപതെരഞ്ഞെടുപ്പും അതിലേറെ ഭൂരിപക്ഷം മന്ത്രിമാര്‍ ഉള്ള സഖ്യകക്ഷിയും എല്ലാം കുമാരസ്വാമിക്ക് വെല്ലുവിളിയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വരെയെങ്കിലും ഈ സഖ്യം തുടരണമെന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് നിര്‍ബന്ധമുണ്ട്.

kerala

‘ഷാഫി കലക്കിയ നാടകമെന്ന സാധ്യതയാണ് പറഞ്ഞത്’; പാതിരാ റെയ്ഡില്‍ നിലപാട് മാറ്റി പി.സരിന്‍

പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

Published

on

ഷാഫി പറമ്പിലിന്റെ നാടകമാണ് പാതിര റെയ്ഡ് എന്ന നിലപാട് മാറ്റി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന്‍. ജില്ലാ സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. ഷാഫി കലക്കിയ നാടകമാണ് എന്ന സാധ്യതയാണ് താന്‍ പറഞ്ഞത്. പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

”രണ്ട് തരത്തിലുള്ള സാധ്യതകളും പരിശോധിക്കപ്പെടേണ്ടതാണ് എന്നാണ് പറഞ്ഞത്. അവിടെ കള്ളപ്പണം എത്തിയിട്ടുണ്ടെന്ന കൃത്യമായ വിവരംവച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞുകഴിഞ്ഞു. ഞാനിത് അന്വേഷിക്കാന്‍ അതിന്റെ പിന്നാലെ നടന്നിട്ടില്ല.

പ്രചരണത്തിന്റെ തിരക്കിലായിരുന്നു. കോണ്‍ഗ്രസിന്റെ അന്തര്‍നാടകങ്ങളറിയുന്ന ഒരാളെന്ന നിലയില്‍ ബോധപൂര്‍വം ഒരു വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിച്ചതാണോ എന്നും പരിശോധിക്കണം. ഇനി അല്ലായെന്ന തെളിവ് വരുമ്പോള്‍ അതും പരിശോധിക്കണം. ഇതെങ്ങെനയാണ് പുറത്തുവന്നത്. കോണ്‍ഗ്രസുകാര് ചോര്‍ത്താതെ ഇതു പുറത്തുവരില്ല. ചോര്‍ത്തിയതാണോ? അതോ ഇങ്ങനെയൊരു പുകമറ സൃഷ്ടിക്കണോ? എന്നും പരിശോധിക്കണമെന്നും സരിന്‍ പറഞ്ഞു.

Continue Reading

Video Stories

നടൻ ഷാരൂഖ് ഖാന് വധഭീഷണി

കഴിഞ്ഞവർഷം അദ്ദേഹത്തിന് നേരെ ഭീഷണി സന്ദേശം എത്തിയതിനെത്തുടർന്ന് Y+ കാറ്റഗറിയിലേക്ക് ഷാരൂഖിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു

Published

on

നടൻ സൽമാൻ ഖാന് പിന്നാലെ കിംഗ് ഖാനും വധഭീഷണി. ഫോണിലൂടെയാണ് വധഭീഷണി സന്ദേശം എത്തിയത്. ഫൈസാൻ എന്ന് പരിചയപ്പെടുത്തിയ ആളാണ് ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇയാളെ തിരഞ്ഞു മുംബൈ പൊലീസ് ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.

സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയതിന് കർണാടകയിൽ നിന്ന് ബികാറാം ജലാറാം ബിഷ്ണോയ് എന്നയാളാണ് അറസ്റ്റിലായത്. ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനെന്ന് ഇയാൾ അവകാശപ്പെടുകയും സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കണമെങ്കില്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്നുമാണ് സന്ദേശത്തില്‍ ഇയാൾ ആവശ്യപ്പെട്ടത്.

Continue Reading

News

ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും കേസ് അവസാനിക്കില്ല; സുപ്രീംകോടതി

2022ല്‍ രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റിയിലുണ്ടായ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

Published

on

ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും കേസ് അവസാനിക്കില്ലെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ചുളള രാജസ്ഥാന്‍ ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി.

2022ല്‍ രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റിയിലുണ്ടായ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ചായിരുന്നു കേസ്. ഇതില്‍ നടപടിക്രമങ്ങളെല്ലാം പൊലീസ് പൂര്‍ത്തിയാക്കുകയും ചെയ്തു.

എന്നാല്‍ അധ്യാപകന്‍ അതിജീവിതയുടെ കുടുംബത്തില്‍ നിന്നും പരാതിയില്ലെന്ന് എഴുതിവാങ്ങുകയും ചെയ്തു. കേസ് തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായതാണെന്നും നടപടിക്രമങ്ങള്‍ ആവശ്യമില്ലെന്നും എഴുതിവാങ്ങുകയായിരുന്നു. ഇത് സ്വീകരിച്ച പൊലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. രാജസ്ഥാന്‍ ഹൈക്കോടതിയും പ്രതിയെ വെറുതെവിട്ടു.

എന്നാല്‍ ഈ നടപടി ചോദ്യം ചെയ്ത് രാംജി ലാല്‍ ബൈര്‍വാ എന്ന സാമൂഹികപ്രവര്‍ത്തകന്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ നിരീക്ഷണം.

രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീംകോടതി പ്രതിക്കെതിരെ വീണ്ടും കേസെടുത്ത് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു.

 

 

Continue Reading

Trending