Connect with us

Video Stories

സമാധാനം പറയേണ്ടത് ഇനി മുഖ്യമന്ത്രിയാണ്

Published

on

‘പഴകിയ തരുവല്ലിമാറ്റിടാം, പുഴയൊഴുംവഴി വേറെയാക്കിടാം, കഴിയുമിവ മനസ്വിമാര്‍ മനസ്സൊഴിവതശക്യമൊരാളിലൂന്നിയാല്‍’. പ്രണയത്തെക്കുറിച്ചാണ് കവി കുമാരനാശാന്റെ ഈ കവിതാശകലമെങ്കിലും കണ്ണൂരിലെ സി.പി.എം പ്രവര്‍ത്തകരെ സംബന്ധിച്ച് പകയാണ് ഈ വികാരത്തിന് പകരം വെക്കാനുള്ളത്. ശത്രുവായി സ്വയം നിശ്ചയിച്ചവരെ ഏതുവിധേനയും അരിഞ്ഞുതള്ളുന്നതുവരെ ഈ കാപാലികര്‍ക്ക് മറ്റൊരുവിധ ചിന്തയുമില്ല. അനുഭവിച്ചവന് അത് മറ്റുള്ളവരെക്കൊണ്ട് അനുഭവിപ്പിക്കാന്‍ ത്വരയുണ്ടാകുമെന്നത് മന:ശാസ്ത്ര തത്വങ്ങളിലൊന്നാണ്. ആദര്‍ശവും കാലവും രീതിയും ആയുധങ്ങളുമൊന്നും കൊലകള്‍ക്കും കൊല്ലാക്കൊലകള്‍ക്കും പ്രശ്‌നമല്ല. സംസ്ഥാനത്തെ 577 രക്തസാക്ഷി സ്തൂപങ്ങളേക്കാള്‍, സി.പി.എം അധികാരത്തിലേറിയ കഴിഞ്ഞ ഒന്നേമുക്കാല്‍ കൊല്ലത്തെ മാത്രം ഹ്രസ്വ ചരിത്രമെടുത്താല്‍ കണ്ണൂരില്‍ കൊല ചെയ്യപ്പെട്ടവരുടെ എണ്ണം പത്തും അതില്‍ സി.പി.എമ്മുകാര്‍ മൂന്നും എന്നതുമാത്രംമതി സി.പി.എമ്മിന്റെ രീതി പിടികിട്ടാന്‍. കൊലപാതകങ്ങള്‍ക്കും അക്രമ പരമ്പരകള്‍ക്കും ശേഷം ശീതീകൃത മുറികളില്‍ ഇതേപാര്‍ട്ടിക്കാര്‍ വിളിച്ചുചേര്‍ക്കുന്ന ചായക്കോപ്പായോഗങ്ങളുടെ യോഗം തൊട്ടടുത്ത മനുഷ്യക്കശാപ്പുവരെ മാത്രം നീളുന്നതും.
ഫെബ്രുവരി പന്ത്രണ്ടിന് രാത്രി പത്തരക്ക് മട്ടന്നൂരിനടുത്ത് എടയന്നൂരിലെ തട്ടുകടയില്‍വെച്ച് മുപ്പതിന്റെ ഇളപ്പമുള്ള ചെറുപ്പക്കാരന്‍ ശുഹൈബിന്റെ കാലുകളിലേക്കും കൈകളിലേക്കും 41 തവണ വീശപ്പെട്ട കഠാരകള്‍ ഇതേ പാര്‍ട്ടിക്കാരുടെ തന്നെയാണെന്ന് ഇവരുടെ പൊലീസ് തന്നെ പുറത്തുവിട്ടിരിക്കുന്നു. പൊലീസ് തെരഞ്ഞുചെല്ലുമെന്ന് വന്നപ്പോള്‍ ഭയന്നുവിറച്ച് സ്റ്റേഷനിലെത്തിയതാണ് സി.പി.എമ്മുകാരെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദമെങ്കില്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിലെ ആളുകള്‍പോലും അത് സമ്മതിക്കുന്നില്ല; മുടക്കോഴിമലയില്‍നിന്ന് പ്രതികളെ പിടികൂടുകയായിരുന്നുവെന്നാണ് കണ്ണൂര്‍ റെയ്ഞ്ച് ഐ.ജിയുടെ വിശദീകരണം.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുരുതിക്കെതിരെ നാടാകെ ഇളകിമറിയുമ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് പിണറായി സര്‍ക്കാര്‍ എട്ടാം നാള്‍ ഒന്നിളകിയത്. ശുഹൈബ് വധത്തെക്കുറിച്ച് മിണ്ടാതിരിക്കുകയും ‘മാണിക്യമലരായ പൂവി’ നുവേണ്ടി വാദിക്കുകയും ചെയ്ത മുഖ്യന്‍ മന്ത്രി എ.കെ ബാലനെ കണ്ണൂരിലേക്ക് അയച്ച് കൈകഴുകുകയായിരുന്നു. സാംസ്‌കാരിക വകുപ്പുമന്ത്രിയുടെ സാന്നിധ്യത്തില്‍ കണ്ണൂര്‍ കലക്ടറേറ്റ്ഹാളില്‍ വിളിച്ച സര്‍വകക്ഷിയോഗം ഈ പശ്ചാത്തലത്തില്‍ കാര്യമായ ഒരനക്കവും സൃഷ്ടിക്കാന്‍ പോകുന്നില്ലെന്ന് മുസ്‌ലിം ലീഗ് ഉള്‍പ്പെടെ പലരും ചൂണ്ടിക്കാട്ടി. എങ്കിലും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നിരാഹാര സമരം കിടക്കവെ സമാധാനയോഗത്തില്‍ ചില നടപടിയെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് കരുതിയാണ് യു.ഡി.എഫ് പ്രതിനിധികള്‍ മനസ്സില്ലാമനസ്സോടെയാണെങ്കിലും കുറിപ്പുകളുമായി ആ യോഗത്തിലേക്ക് കയറിച്ചെന്നത്. എന്നാല്‍ കൊലപാതകത്തിലെന്നതുപോലെ സമാധാന യോഗത്തിലും ശുദ്ധ ഇരട്ടത്താപ്പാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
വിവിധ പാര്‍ട്ടികളുടെ ഭാരവാഹികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നതെങ്കില്‍ അതനുസരിച്ച് യോഗത്തിനെത്തിയ പ്രതിപക്ഷ നേതാക്കളെയാകെ ഞെട്ടിച്ചുകൊണ്ട് അവിടെ വന്നിരിക്കുന്നത് സി.പി.എമ്മിന്റെ ജില്ലാസെക്രട്ടറി പി. ജയരാജനും രാജ്യസഭാംഗം കെ.കെ രാഗേഷും ജില്ലാപഞ്ചായത്ത് അധ്യക്ഷന്‍ കെ.വി സുമേഷും അടക്കമുള്ള സി.പി.എമ്മിന്റെ ഒരു പടയായിരുന്നു. സ്വാഭാവികമായും ചര്‍ച്ചയില്‍ ഇരകള്‍ക്ക് നല്‍കേണ്ടുന്ന പ്രതിപക്ഷ മര്യാദയെപോലും സര്‍ക്കാര്‍ നിസ്സാരവല്‍കരിക്കുകയായിരുന്നുവെന്നാണ് ഇതോടെ വെളിപ്പെട്ടത്. യു.ഡി.എഫിന്റെ ജനപ്രതിനിധികളെ എന്തുകൊണ്ട് വിളിച്ചില്ല എന്ന ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയുടെ ചോദ്യത്തിന് ഉത്തരം ബാലനില്ലായിരുന്നു. സി.പി.എമ്മിന്റെ ജില്ലയിലെ നിയമസഭാംഗങ്ങളെല്ലാം തൃശൂരിലെ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തിന് ചെന്നതായിരുന്നു ഈ ഇരട്ടപ്പന്തിക്കുകാരണം. രാഗേഷ് എം.പിയാണെങ്കില്‍ ജില്ലാപഞ്ചായത്ത് അധ്യക്ഷന്‍ എന്തിന് വന്നുവെന്ന ചോദ്യത്തിനും മന്ത്രിക്ക് ഉത്തരമുണ്ടായിരുന്നില്ല. ഇതിനിടയില്‍ രാഗേഷിനോട് അവിടെത്തന്നെ ഇരിക്കാന്‍ കല്‍പിക്കുകയായിരുന്നു പി. ജയരാജന്‍. യു.ഡി.എഫിന്റെ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള കെ.സി ജോസഫ്, സണ്ണി ജോസഫ്, കെ.എം ഷാജി എന്നീ എം.എല്‍.എമാരെ വിളിക്കാതിരുന്നത് ചര്‍ച്ചയില്‍ സി.പി.എമ്മിനും സര്‍ക്കാരിനും ആത്മാര്‍ത്ഥതയില്ലെന്നുള്ളതിന്റെ ഉറച്ച തെളിവായിരുന്നു. സ്വാഭാവികമായും യു.ഡി.എഫ് നേതാക്കള്‍ക്ക് യോഗം ബഹിഷ്‌കരിക്കുകയല്ലാതെ വഴിയില്ലെന്നുവന്നു.
പതിറ്റാണ്ടുകള്‍ക്കുമുമ്പ് തങ്ങളിലര്‍പ്പിക്കപ്പെട്ട ചോരയുടെ തിരിച്ചടവാണ് ജയരാജാദികള്‍ ഇപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്നതാണ് സത്യം. ഇനിയൊരു കൊലയും രക്തച്ചൊരിച്ചിലും കണ്ണീരും ഉണ്ടാവരുതെന്ന് ഓരോ നിമിഷവും കേരളം ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും കൊടി നശിപ്പിച്ചവര്‍ക്കെതിരെ സംസാരിച്ചതുപോലുള്ള നിസ്സാര ‘കുറ്റ’ങ്ങള്‍ക്ക് ശുഹൈബുമാരെയും ഷുക്കൂര്‍മാരെയും കൊന്നുതള്ളാന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ഒരുപഞ്ഞവുമില്ല; പ്രത്യയശാസ്ത്രത്തിന്റെ പരിമിതികളുമില്ല. കമ്യൂണിസ്റ്റുകളുടെ ചരിത്രം ലോകംകണ്ട അതിനഗ്നമായ നരഹത്യകളുടേതുകൂടിയാണ്. എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ ജനാധിപത്യത്തിന്റെ ആട്ടിന്‍തോലണിഞ്ഞ് അവര്‍ സമാധാന യോഗങ്ങള്‍ക്കെത്തും. പിന്നെയും അവര്‍കഠാരകളുമായി ആളെവിടും.
മുഖ്യമന്ത്രിയുടെ സ്വന്തം നിയമസഭാമണ്ഡലവും ജില്ലയുമായിരുന്നിട്ടും ഷുഹൈബ് വധംപോലെ കേരളം തിളച്ചുമറിയുന്നൊരു വിഷയത്തില്‍ തിരുവനന്തപുരത്തിരുന്ന് ഉണങ്ങിയൊരു പ്രസ്താവന നടത്തുക മാത്രമാണ് പിണറായി വിജയന്‍ ആ നിഷ്ഠൂര വധത്തിന്റെ ആറാംദിവസം രാത്രി നിര്‍വഹിച്ചത്. മറിച്ച് ആ നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തകന്റെ കദനം തളംകെട്ടിക്കിടക്കുന്ന വീട്ടിലേക്ക് അദ്ദേഹത്തിന്റെ തൂവെള്ളക്കാറൊന്നു ചെന്നിരുന്നുവെങ്കില്‍ എടയന്നൂരില്‍ വെള്ളക്കാറിലെത്തി തെറിച്ചുവീഴ്ത്തിയ ശുഹൈബിന്റെ കട്ടച്ചോരക്കും അവന്റെ ആത്മാവിനും കേരളത്തിന്റെ പൊതുമന:സാക്ഷിക്കും അതൊരു വേറിട്ട സന്ദേശമാകുമായിരുന്നു. തന്റെ ഭരണത്തിന്‍കീഴില്‍ ഇനിയുമൊരു ചോരത്തുള്ളിവീഴാന്‍ പാടില്ലെന്ന മഹത്തായ മുന്നറിയിപ്പും. കൈരളിയുടെ സാഹിത്യ പുംഗവന്മാരായ സച്ചിദാനന്ദനും സക്കറിയയും കെ.ജി.എസും റഫീഖ് അഹമ്മദും തുടങ്ങി മുപ്പതോളം പേര്‍ ഒപ്പുവെച്ച പ്രസ്താവനയില്‍ പറഞ്ഞതുപോലെ കേരളത്തിന്റെയും പ്രത്യേകിച്ച് കണ്ണൂരിന്റെയും മണ്ണില്‍ പടരുന്ന രക്താര്‍ത്തിയുടെ സാംക്രമിക രോഗം അവിടെ അവസാനിക്കുമായിരുന്നു. ഇനി അതിനദ്ദേഹത്തിന് കഴിയുന്നില്ലെങ്കില്‍ അക്കാര്യം ലോകത്തോട് വിളിച്ചുപറയട്ടെ.

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

kerala

‘ഷാഫി കലക്കിയ നാടകമെന്ന സാധ്യതയാണ് പറഞ്ഞത്’; പാതിരാ റെയ്ഡില്‍ നിലപാട് മാറ്റി പി.സരിന്‍

പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

Published

on

ഷാഫി പറമ്പിലിന്റെ നാടകമാണ് പാതിര റെയ്ഡ് എന്ന നിലപാട് മാറ്റി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന്‍. ജില്ലാ സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. ഷാഫി കലക്കിയ നാടകമാണ് എന്ന സാധ്യതയാണ് താന്‍ പറഞ്ഞത്. പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

”രണ്ട് തരത്തിലുള്ള സാധ്യതകളും പരിശോധിക്കപ്പെടേണ്ടതാണ് എന്നാണ് പറഞ്ഞത്. അവിടെ കള്ളപ്പണം എത്തിയിട്ടുണ്ടെന്ന കൃത്യമായ വിവരംവച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞുകഴിഞ്ഞു. ഞാനിത് അന്വേഷിക്കാന്‍ അതിന്റെ പിന്നാലെ നടന്നിട്ടില്ല.

പ്രചരണത്തിന്റെ തിരക്കിലായിരുന്നു. കോണ്‍ഗ്രസിന്റെ അന്തര്‍നാടകങ്ങളറിയുന്ന ഒരാളെന്ന നിലയില്‍ ബോധപൂര്‍വം ഒരു വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിച്ചതാണോ എന്നും പരിശോധിക്കണം. ഇനി അല്ലായെന്ന തെളിവ് വരുമ്പോള്‍ അതും പരിശോധിക്കണം. ഇതെങ്ങെനയാണ് പുറത്തുവന്നത്. കോണ്‍ഗ്രസുകാര് ചോര്‍ത്താതെ ഇതു പുറത്തുവരില്ല. ചോര്‍ത്തിയതാണോ? അതോ ഇങ്ങനെയൊരു പുകമറ സൃഷ്ടിക്കണോ? എന്നും പരിശോധിക്കണമെന്നും സരിന്‍ പറഞ്ഞു.

Continue Reading

Trending