Connect with us

Culture

കര്‍ണാടകയില്‍ നിന്ന് വാര്‍ത്തയുണ്ട്

Published

on

കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് ഡോ.ചന്ദ്രശേഖര കമ്പാറയെ 29നെതിരെ 56 വോട്ടുകള്‍ക്ക് തെരഞ്ഞെടുത്തുവെന്നതില്‍ അത്ഭുതത്തിനും ആശ്ചര്യത്തിനും തെല്ലും ഇടമില്ല. കമ്പാറയോളം തലയെടുപ്പുള്ള എഴുത്തുകാര്‍ രാജ്യത്തെ നന്നെ കുറയും. ജ്ഞാനപീഠ
ജേതാവായ കമ്പാറ കൈവെക്കാത്ത സാഹിത്യ മേഖലകളില്ല. കവിതയാണ് അദ്ദേഹത്തിന്റെ തട്ടകം എന്ന് വിചാരിച്ചോണ്ടിരിക്കാന്‍ വയ്യ. അതിലേറെ മികച്ചതാണ് നോവലുകള്‍. നാടകങ്ങളാകട്ടെ അന്താരാഷ്ട്ര പ്രസിദ്ധം. സംവിധാനം ചെയ്ത സിനിമകള്‍ ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ വാരി. നാടോടി വിജ്ഞാനീയത്തിന്റെയും നാടോടി ദൃശ്യകലാപാരമ്പര്യത്തിന്റെയും മേഖലകളില്‍ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങള്‍ ഒരു പിടി. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച കമ്പാറക്ക് സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് ഏതാനും എതിര്‍ വോട്ടുകളെ കൂടി കാണേണ്ടിവന്നു. കര്‍ണാടകയില്‍ നിന്നുള്ള മൂന്നാമത്തെ അധ്യക്ഷനാണ് കേന്ദ്ര സാഹിത്യ അക്കാദമിക്ക്. 1983ല്‍ വിനായക കൃഷ്ണ ഗോഖക്, 1993ല്‍ യു.ആര്‍.അനന്തമൂര്‍ത്തി. ഇതില്‍ അനന്തമൂര്‍ത്തിയാണ് ഇതിന് മുമ്പ് മത്സരത്തിലൂടെ ഈ പദവിയിലെത്തിയത്. രാജ്യത്തെ സര്‍വ മേഖലകളിലും ആധിപത്യം പുലര്‍ത്താന്‍ ശ്രമിക്കുന്ന സംഘ് പരിവാര്‍ രാഷ്ട്രീയത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്നതാണ് ഇത്തവണത്തെ മത്സരത്തിന് പ്രാധാന്യം നേടിക്കൊടുത്തത്. ഒഡിഷയില്‍ നിന്നുള്ള പ്രതിഭറായ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചു. ജ്ഞാനപീഠ, പദ്മശ്രീ ജേതാവായ പ്രതിഭറായി ഇടതുപക്ഷക്കാരിയായി അറിയപ്പെട്ടവരാണെന്നിരിക്കിലും സാഹിത്യ അക്കാദമി കൂടി കൈക്കലാക്കാനുള്ള സംഘ് അജണ്ടയുടെ ഭാഗമായിപ്പോയി അവര്‍.

കര്‍ണാടകയില്‍ നിന്ന് കേന്ദ്രസാഹിത്യ അക്കാദമിയിലേക്ക് വന്ന അനന്തമൂര്‍ത്തിയാകട്ടെ, കമ്പറാകട്ടെ, പ്രാദേശിക ഭാഷയ്ക്കും സംസ്‌കാരത്തിനും വലിയ പ്രാധാന്യം കല്പിക്കുന്നവരാണ്.വടക്കന്‍ കര്‍ണാടകയിലെ ബെല്‍ഗാമിന്നടുത്ത ഗോദാഗരി ഗ്രാമത്തില്‍ ജനിച്ച കമ്പാറ ദാരിദ്ര്യം മൂലം സ്‌കൂള്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നയാളാണ്. ശിവലാഗി മഠത്തിലെ ജഗദ്ഗുരു സിദ്ധരാമസ്വാമിജിയാണ് ഇദ്ദേഹത്തിന്റെ പഠനച്ചെലവുകള്‍ വഹിച്ചത്. ബിരുദാനന്തരബിരുദം നേടിയ കമ്പാറ കര്‍ണാടകയിലെ നാടോടി തിയറ്ററിനെ കുറിച്ച് പഠിച്ചാണ് ഗവേഷക ബിരുദം കരസ്ഥമാക്കിയത്. യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയിലെ ജോലിക്ക് ശേഷം ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ 20 വര്‍ഷം ജോലി നോക്കി. ചെറുപ്പം മുതലുള്ളതാണ് നാടോടി വിജ്ഞാനീയത്തോടുള്ള കമ്പം. മനുഷ്യന്റെ അധ്വാനത്തിന്റെ വിയര്‍പ്പും കൂട്ടായ്മയുടെ ഉപ്പും ചേര്‍ന്നിട്ടുള്ള നാടോടി സംഗീതം, തിയറ്റര്‍ എന്നിവ കമ്പാറയുടെ നോവലിലും കവിതയിലും നാടകത്തിലും സിനിമയിലും അന്തര്‍ധാരയായി നിന്നു.

വിദ്യാഭ്യാസത്തെയും സാഹിത്യത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള നിലപാടുകള്‍ കൂടിയാണ് കമ്പാറയെ വ്യത്യസ്തനാക്കിയത്. പത്താം തരം വരെയെങ്കിലും വിദ്യാഭ്യാസം കന്നഡയിലാവണമെന്ന് അദ്ദേഹം വാദിച്ചു. മാതൃഭാഷിയാവുമ്പോഴേ അറിവ് കേവല വിവരത്തില്‍നിന്നപ്പുറമുള്ള അനുഭൂതിയാവൂവെന്ന അദ്ദേഹത്തിന്റെ നിലപാട് യുനെസ്‌കോ കൂടി അംഗീകരിച്ചതാണ്. ഹംപിയില്‍ കന്നട സര്‍വകലാശാല കമ്പാറയുടെ സംഭാവനയാണ്. സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായ അദ്ദേഹം സര്‍വകലാശാല കെട്ടിടങ്ങളുടെ ശില്പമാതൃക മുതല്‍ കോഴ്‌സ് കോംപിനേഷനുകള്‍ വരെ കമ്പാറയുടെ ആശയനിദര്‍ശനങ്ങളായി.
ഏറ്റവും ആധുനികമായ വീക്ഷണം സൂക്ഷിക്കുമ്പോഴും സംസ്‌കാരത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്ന് ഊര്‍ജം സ്വീകരിക്കുന്ന രീതി കമ്പാറക്കുണ്ട്. അതുവരെ കന്നഡക്കാര്‍ അത്ര പരിചയിച്ചിട്ടില്ലാത്ത ഉത്തര കന്നഡ ഭാഷാഭേദത്തെ സാഹിത്യത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റി. ഈ രീതിക്ക് വൈക്കം മുഹമ്മദ് ബഷീറിനോളം പോരും കമ്പാറ. 2011ലാണ് ഇദ്ദേഹത്തെ തേടി രാജ്യത്തെ ഏറ്റവും ഉന്നത സാഹിത്യ പുരസ്‌കാരമെന്ന് കരുതുന്ന ജ്ഞാനപീഠം എത്തുന്നത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും സംസ്ഥാന അക്കാദമിയുടെയും പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കമ്പാറയുടെ കാര്യത്തില്‍ ജ്ഞാനപീഠമെത്താന്‍ വൈകിയോ എന്ന ചോദ്യമേ ഉയര്‍ന്നുള്ളൂ. കബീര്‍ സമ്മാന്‍, കാളിദാസ സമ്മാന്‍, പമ്പാ പുരസ്‌കാരം എന്നിവയടക്കം നിരവധി തലത്തില്‍ കമ്പാറ പുരസ്‌കൃതനായി. ആദര സൂചകമായി കര്‍ണാടക ലെഡിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ഇദ്ദേഹത്തെ നോമിനേറ്റ് ചെയ്യുകയുമുണ്ടായി.

ആര്‍.കെ.നാരായണന്റെ മാല്‍ഗുഡിയെ പോലെ കമ്പാറിന് ശിവപുരി സാങ്കല്പിക കഥാപാത്രങ്ങള്‍ മേയുന്ന ഗ്രാമമാണ്. അദ്ദേഹത്തിന്റെ നോവല്‍ കഥാപാത്രങ്ങള്‍ ഇവിടെ ജനിച്ചു ജീവിച്ചുപോന്നു. 25 നാടകങ്ങള്‍, 11 കാവ്യ സമാഹാരങ്ങള്‍, അഞ്ച് നോവലുകള്‍, 16 ഗവേഷണ പ്രബന്ധങ്ങള്‍. സ്വന്തം ഗ്രാമത്തില്‍ ആഴത്തില്‍ വേരുകളാഴ്ത്തിയ കഥകളാണെങ്കിലും മിക്ക കൃതികളും വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യ്‌പ്പെട്ടു. കുലോത്ത് ചിങ്ങരമ്മ എന്ന കൃതി മലയാളത്തിലേക്ക് സി.രാഘവനാണ് വിവര്‍ത്തനം ചെയ്തത്. കരിമായി , സംഗീത, കാടുകുഡുറെ എന്നീ സിനിമകള്‍ കമ്പാറ സംവിധാനം ചെയ്തു. ഇതില്‍ കാടുകുഡുറെ ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ സംഗീതക്ക് സംസ്ഥാനത്തെ മികച്ച ചിത്രമാകാന്‍ കഴിഞ്ഞു. ജീകേ മസ്തര, പ്രണയ പ്രസംഗ തുടങ്ങിയവ ടെലി സീരിയലുകളുമായി.

ആവിഷ്‌കാരങ്ങള്‍ ജനതയുടെ ജീവവായുവാണ്. മത ഗോത്ര വ്യത്യാസങ്ങളുടെ പേരില്‍ ആവിഷ്‌കാരങ്ങളെ വെല്ലുവിളിക്കുകയും ഭരണകൂടം ഈ ആക്രോശക്കാരുടെ ഒത്താശക്കാരാകുകയും ചെയ്യുന്ന ഘട്ടത്തില്‍ സാഹിത്യ അക്കാദമി അധ്യക്ഷന് എഴുന്നേറ്റു നില്‍ക്കണ്ടതായി വരും. അപ്പോള്‍ എഴുന്നേല്‍ക്കുകയെന്നതാണ് മുമ്പിലുള്ള ദൈത്യം.

Film

‘പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ചിത്രത്തിന് റിപീറ്റ്‌ വാല്യൂ കിട്ടില്ല’; റസൂൽ പൂക്കുട്ടി

നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോൾ നിരാശയുണ്ട് എന്ന് റസൂൽ പൂക്കുട്ടി പറയുന്നു

Published

on

തമിഴ് സൂപ്പർ താരം സൂര്യ ഇരട്ട വേഷത്തിലെത്തിയ ചിത്രം കങ്കുവ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം മാത്രമാണ് ലഭിക്കുന്നത്. സിനിമയിലെ ശബ്ദ മിശ്രണത്തിനും പശ്ചാത്തല സംഗീതത്തിനും പല കോണുകളിൽ നിന്ന് വിമർശനം നേരിടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടുകയാണ്.

നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോൾ നിരാശയുണ്ട് എന്ന് റസൂൽ പൂക്കുട്ടി പറയുന്നു. നമ്മുടെ കലാമികവ് ഈ ‘ലൗഡ്‌നെസ്സ് വാറിൽ’ കുരുങ്ങികിടക്കുകയാണ്. ഇതിൽ ആരെയാണ് പഴിക്കേണ്ടത്? ശബ്ദം ഒരുക്കിയ ആളെയോ? അതോ ഓരോരുത്തരുടെ അരക്ഷിതാബോധം പരിഹരിക്കുന്നതിന് അവസാന നിമിഷം കൊണ്ടുവരുന്ന തിരുത്തലുകളെയോ? ഈ പ്രശ്നങ്ങളെ ഉച്ചത്തിൽ തന്നെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ഒരു സിനിമയ്ക്കും റിപീറ്റ് വാല്യു ഉണ്ടാകില്ല എന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു.

കങ്കുവയെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിൽ വന്ന റിവ്യൂ പങ്കുവെച്ചുകൊണ്ടാണ് റസൂൽ പൂക്കുട്ടി തന്റെ അഭിപ്രായം കുറിച്ചത്. ചിത്രം അമിതമായ ശബ്‍ദത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നതായാണ് റിവ്യൂവിൽ പറയുന്നത്. അമിത ശബ്ദത്തിലുള്ള ഡയലോഗുകളും സംഗീതവും പ്രേക്ഷകരിൽ മടുപ്പ് ഉളവാക്കുന്നതായും റിവ്യൂവിൽ പറയുന്നു.

Continue Reading

Film

ദുല്‍ഖറിനും 100 കോടി; ലക്കി ബാസ്‌ക്കര്‍ കുതിക്കുന്നു

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു.

Published

on

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ ആഗോള ഗ്രോസ് കളക്ഷന്‍ 100 കോടി കടന്ന് കുതിക്കുന്നു. റിലീസ് ചെയ്ത് മൂന്നാം വാരത്തിലും മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ് ചിത്രം.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസര്‍ ആയും ലക്കി ഭാസ്‌കര്‍ മാറി. ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍നിന്നും ലഭിക്കുന്നത്.

തെലുങ്കില്‍ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ എന്ന അപൂര്‍വ നേട്ടവും ഈ ചിത്രത്തിന്റെ വിജയത്തോടെ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കി. കേരളത്തില്‍ 20 കോടി ഗ്രോസ് എന്ന നേട്ടം ലക്ഷ്യമാക്കി മുന്നേറുന്ന ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെയാണ് കുതിപ്പ് തുടരുന്നത്. കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. ആവേശവും ആകാംക്ഷയും സമ്മാനിക്കുന്ന രീതിയില്‍ കഥപറയുന്ന ഈ ചിത്രത്തില്‍ കുടുംബ ബന്ധങ്ങളിലെ വൈകാരികതയ്ക്കും പ്രാധാന്യമുണ്ട്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക.

വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ പിരീഡ് ഡ്രാമ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ്. ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ശ്രീകര സ്റ്റുഡിയോസ് ആണ്.

Continue Reading

Film

യഷ്- ഗീതു മോഹന്‍ദാസ് ചിത്രം ‘ടോക്‌സിക്’ നിയമക്കുരുക്കില്‍: സെറ്റ് നിര്‍മിക്കാന്‍ മരം മുറിച്ചതിന് കേസ്

കര്‍ണാടക വനംവകുപ്പാണ് ടോക്‌സിക്കിന്റെ നിര്‍മാതാക്കള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Published

on

യാഷ് നായകനായെത്തുന്ന ‘ടോക്‌സിക്’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വനഭൂമിയില്‍നിന്ന് നിയമവിരുദ്ധമായി മരം മുറിച്ചതിന് നിർമാതാക്കൾക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ണാടക വനംവകുപ്പാണ് ടോക്‌സിക്കിന്റെ നിര്‍മാതാക്കള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കനറാ ബാങ്ക് ജനറല്‍ മാനേജര്‍, ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് (എച്ച്എംടി) ജനറല്‍ മാനേജര്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഗീതു മോഹൻദാസ് ആണ് ചിത്രത്തിന്റെ സംവിധായിക.

കര്‍ണാടക പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ പീന്യയിലെ സ്ഥലം സന്ദര്‍ശിച്ച് വനനശീകരണത്തിന്റെ വ്യാപ്തി പരിശോധിച്ചിരുന്നു. ഉപഗ്രഹചിത്രങ്ങളും അദ്ദേഹം വിശകലനം ചെയ്തു. എച്ച്എംടി കൈവശപ്പെടുത്തിയ സ്ഥലം സംരക്ഷിത വനമായി പ്രഖ്യാപിച്ചിട്ടും സ്ഥലത്തെ മരം മുറിച്ചതിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.

‘‘ടോക്‌സിക് സിനിമയുടെ ചിത്രീകരണം നടക്കുന്ന സ്ഥലം ഞാന്‍ നേരിട്ട് സന്ദര്‍ശിച്ചു. നിയമങ്ങള്‍ ലംഘിച്ചവര്‍ക്കെതിരേ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. നിയമപരമായ അനുമതിയില്ലാതെ വനഭൂമിയില്‍ മരംമുറിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്,’’ അദ്ദേഹം വ്യക്തമാക്കി. ടോക്‌സിക്കിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് മരങ്ങള്‍ മുറിച്ചതായി മന്ത്രി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ കെവിഎന്‍ പ്രോഡക്ഷന്‍സും മോണ്‍സറ്റര്‍ മൈന്‍ഡ് ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. യാഷ് ആണ് ചിത്രത്തിലെ നായകൻ. 2023ലാണ് ചിത്രം പ്രഖ്യാപിച്ചത്. 2025 ഏപ്രില്‍ 10ന് ചിത്രം തിയേറ്ററിലെത്തുമെന്ന് കരുതുന്നു. മയക്കുമരുന്നു മാഫിയയുടെ കഥ പറയുന്ന ചിത്രം ആക്ഷന്‍-ഓറിയന്റഡ് സിനിമയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബോളിവുഡ് നടി കരീന കപൂര്‍ ചിത്രത്തിന്റെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ചിത്രത്തിലെ നായികയാരെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല.

എന്നാൽ മരങ്ങൾ വെട്ടിയിട്ടില്ലെന്ന വാദവുമായി സിനിമാ നിർമാണക്കമ്പനി കെവിഎൻ പ്രൊഡക്ഷൻസ് രംഗത്തെത്തിയിരുന്നു. വനംവകുപ്പിന് വിശദമായ റിപ്പോർട്ട് നൽകുമെന്നും നിർമാതാവായ സുപ്രീത് വ്യക്തമാക്കി. എച്ച്എംടിയെച്ചൊല്ലി രാഷ്ട്രീയപ്പോര് കടുക്കുന്നതിനിടെയാണ് സർക്കാരിന്‍റെ പുതിയ നടപടി. എച്ച്എംടി അനധികൃതമായി ‘തട്ടിയെടുത്ത’ സർക്കാർ ഭൂമി തിരിച്ച് പിടിക്കുമെന്ന് കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എച്ച്എംടിയെ നവീകരിക്കാനുള്ള തന്‍റെ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കാനാണ് സർക്കാർ ശ്രമമെന്നായിരുന്നു കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ആരോപണം.

Continue Reading

Trending