Connect with us

Video Stories

തൊഗാഡിയയുടെ വിലാപം

Published

on

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിശിഷ്യാ മുസ്‌ലിംകള്‍ക്കെതിരെ കടുത്ത വിദ്വേഷ പ്രസംഗങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ടുകൊണ്ടിരുന്ന, തൊഴില്‍ വശാല്‍ അര്‍ബുദ ചികില്‍സകനായ ഡോ. പ്രവീണ്‍ തൊഗാഡിയ എം.ബി.ബി.എസ്, എം.എസ് ലോകത്തിന്റെ മുന്നില്‍ വന്നുനിന്നുകൊണ്ട് തന്നെ ചിലര്‍ ഏറ്റുമുട്ടല്‍ കൊലയിലൂടെ ഇല്ലായ്മ ചെയ്യാന്‍ പോകുന്നുവെന്ന് വിലപിച്ചിരിക്കുന്നു. അഹമ്മദാബാദില്‍ ഈ അറുപത്തി രണ്ടുകാരന്‍ ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ വിശ്വസിച്ചാല്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രത്തോടുള്ള വിരോധമാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് ഒറ്റയടിക്ക് തോന്നിയേക്കാമെങ്കിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസിനെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയിരിക്കുന്നതെന്നതിനാല്‍ സംഘ്പരിവാറും കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളിലേക്കുള്ള സംശയമുനകളാണ് ഒരുമിച്ച് അനാവൃതമാക്കുന്നത്.
അഹമ്മദാബാദിലെ മുറിയില്‍ ചൊവ്വാഴ്ച രാവിലെ പ്രാര്‍ഥനക്കിരിക്കുമ്പോള്‍ ഒരാള്‍വന്ന് പൊലീസ് അറസറ്റുചെയ്യാന്‍ പോകുന്നുവെന്നും വ്യാജ ഏറ്റുമുട്ടലിലൂടെ വകവരുത്താനാണ് അവരുടെ ശ്രമമെന്നും പറഞ്ഞതായി തൊഗാഡിയ പറയുന്നു. ആ സമയം താന്‍ വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷയില്‍ പോയെന്നും മാര്‍ഗമധ്യേ കുഴഞ്ഞുവീണെന്നുമാണ് അദ്ദേഹം വാര്‍ത്താലേഖകരോട് പറയുന്നത്. വര്‍ഗീയ വിദ്വേഷപ്രചാരകന്‍ എന്ന് ഇതിനകം പേരു കേട്ടിട്ടുള്ള വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡണ്ടായ പ്രവീണ്‍ തൊഗാഡിയയെ പിടികൂടാന്‍ പൊലീസ് എത്തിയതില്‍ അത്ഭുതമൊന്നുമില്ല. ഗുജറാത്ത് പൊലീസ് പറയുന്നതനുസരിച്ച് തൊഗാഡിയ അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ ചില സൂത്രപ്പണികള്‍ കാട്ടുകയായിരുന്നുവെന്നാണ് കരുതേണ്ടത്. അക്കാര്യത്തില്‍ ഈ വി.എച്ച്.പി നേതാവിന്റെ നൈപുണ്യത്തെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാകാനും വഴിയില്ല. ഹിന്ദുക്കള്‍ തങ്ങളുടെ അയല്‍ക്കാരായ മുസ്്‌ലിംകളെ ആട്ടിയോടിക്കണമെന്നും മറ്റുമുള്ള പ്രകോപനപരമായ പ്രസംഗങ്ങളാണ് ഇദ്ദേഹത്തിന്റെ വായില്‍ നിന്ന് തുടരെത്തുടരെ വീണുകൊണ്ടിരുന്നത്. പ്രകോപനപരമായതും ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്നതുമായ പ്രസംഗങ്ങളുടെ പേരില്‍ ഇയാള്‍ക്കെതിരെ എണ്ണമറ്റ കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകള്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി പതിറ്റാണ്ടുകളായി കൊണ്ടുനടക്കുന്ന അതിവര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താവും പ്രയോക്താവുമായിരുന്നു തൊഗാഡിയ എന്ന് എല്ലാവര്‍ക്കുമറിയാം. 2002ലെ ഗുജറാത്ത് വംശഹത്യ മുതല്‍ രാജ്യത്ത് അങ്ങോളമിങ്ങോളം കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി നടന്ന കലാപങ്ങളിലൊക്കെ തൊഗാഡിയയുടെ പങ്കാളിത്തം വലുതായിരുന്നു. സാധുക്കളായ ഹിന്ദു ജനവിഭാഗങ്ങളെ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് അകറ്റുന്ന രീതിയിലുള്ള പ്രഭാഷണങ്ങള്‍ ഒരുപരിധിവരെ വിജയിച്ചതിന്റെ തെളിവായിരുന്നു രാജ്യത്ത് അടുത്ത കാലത്ത് കാണേണ്ടിവന്ന ഡസനോളം വര്‍ഗീയസംഘര്‍ഷങ്ങളും മുസ്‌ലിംകള്‍ക്കെതിരെയുള്ള പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടകൊലപാതകങ്ങളും. രാജ്യത്തിന്റെ അഖണ്ഡതക്ക് തൊഗാഡിയ ഏല്‍പിച്ച മുറിവ് അടുത്ത കാലത്തൊന്നും മാഞ്ഞുപോവില്ല. സംഘ്പരിവാറിന് രാജസ്ഥാന്‍, ഗുജറാത്ത്- മാര്‍വാര്‍ മേഖലയിലെ യോഗി ആദിത്യനാഥായിരുന്നു ഇദ്ദേഹം. വി.എച്ച്.പി നേതാവെന്ന നിലയില്‍ രാജ്യത്ത് സംഘ്പരിവാറുകാരുടെ വേദികളില്‍ വര്‍ഗീയപ്പാഷാണം ചീറ്റിയ തൊഗാഡിയയെ വായ തുറക്കാനാകാത്തവിധം തടവിലിടാന്‍ ഒരുമുഖ്യമന്ത്രിക്കും കഴിഞ്ഞതുമില്ല. ഇദ്ദേഹത്തിന്റെ വിദ്വേഷപ്രചാരണത്തില്‍ നിന്ന് വമിച്ച ഇന്ധനമാണ് 2014ല്‍ മോദിക്കും അമിത്ഷാക്കും കേന്ദ്രത്തിലെ അധികാരലബ്ധിക്ക് അവസരം നല്‍കിയതെന്നത് സത്യംമാത്രം. മോദിയുടെ ഒരുകാലത്തെ ഉറ്റ സഹപ്രവര്‍ത്തകനായിരുന്നു തൊഗാഡിയ. 1983ല്‍ വി.എച്ച്.പിയില്‍ ചേര്‍ന്ന തൊഗാഡിയയുടെ പിന്നാലെ തൊട്ടടുത്ത വര്‍ഷമാണ് മോദി ബി.ജെ.പിയില്‍ ചേരുന്നത്. അതിനുമുമ്പ് മോദിക്കൊപ്പം ആര്‍.എസ്.എസ്സിലും അദ്ദേഹം പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലെ ശങ്കര്‍സിങ്‌വഗേല തൊഗാഡിയയെ ജയിലിലടച്ചപ്പോള്‍ മോചനത്തിനുവേണ്ടി പ്രക്ഷോഭം നയിച്ച സുഹൃത്താണ് ഇപ്പോഴത്തെ പ്രധാനമന്ത്രി. മോദിയെ മുഖ്യമന്ത്രിയാക്കിയതില്‍ തൊഗാഡിയയുടെ പങ്കും ചെറുതായിരുന്നില്ല. എന്നാല്‍ അടുത്തകാലത്തായി മോദിസ്്തുതി ഒഴിവാക്കിയുള്ള തൊഗാഡിയയുടെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും പലരിലും സംശയം ഉളവാക്കിയിരുന്നുവെന്നതാണ് സത്യം. ഇതിനുകാരണം ഗുജറാത്ത് കലാപത്തിന്റെയും തുടര്‍ന്നുള്ള മോദിയുടെ രാഷ്ട്രീയ വിജയങ്ങളുടെയുമൊക്കെ ക്രെഡിറ്റ് മോദി തനിച്ച് ഏറ്റെടുക്കുന്നുവെന്നതാണ്.
അതേസമയം ഒരുപൗരന്‍ തന്നെ ചിലര്‍ കൊലപ്പെടുത്താന്‍, അതും സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍, വരുന്നുവെന്ന് പറയുമ്പോള്‍ അതേക്കുറിച്ച് ഉയരുന്ന ആശങ്ക കാണാതിരിക്കാനുമാവില്ല. മോദിയുടെയും അമിത്ഷായുടെയും പ്രവര്‍ത്തന ശൈലികളെക്കുറിച്ച് അറിയുന്നവരെ സംബന്ധിച്ച് തൊഗാഡിയയുടെ വാക്കുകള്‍ അത്ഭുതമേ ഉളവാക്കുന്നില്ല. ഇസ്രത്ജഹാന്‍, സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ പ്രതികളിലൊരാള്‍ ഇന്നത്തെ ബി.ജെ.പി ദേശീയ അധ്യക്ഷനാണ്. സി.ബി.ഐ കുറ്റപത്രം നല്‍കിയ ഗുജറാത്ത് പൊലീസിന്റെ തലപ്പത്തായിരുന്നു ഒരുകാലത്ത് ഈ ഷാ. സൊഹ്‌റാബുദ്ദീന്‍ കേസില്‍നിന്ന് ഷായെ ഒഴിവാക്കാന്‍ തയ്യാറാകാതിരുന്ന സി.ബി.ഐ ജഡ്ജി ലോയയുടെ ദുരൂഹ സാഹചര്യത്തിലെ മരണത്തിനുപിന്നിലെ ആരോപണക്കുന്തമുനയും ഷാക്കെതിരെയാണ്. ഇതിന്മേല്‍ സു്പ്രീംകോടതി വരെ ഇന്ത്യാചരിത്രത്തിലാദ്യമായി രണ്ടുതട്ടിലായത് രാജ്യസ്‌നേഹികളെയാകെ ഞെട്ടിച്ച സന്ദര്‍ഭമാണിത്. ഗുജറാത്ത്, മഹാരാഷ്ട്ര പൊലീസ് സേനകളിലെ ഏറ്റുമുട്ടല്‍ കൊലപാതക വിദഗ്ധര്‍ നിരവധിയാണ്. ഇവര്‍ക്കും പട്ടും വളയും കൊടുത്താണ് പ്രതിയോഗികളെ വകവരുത്താന്‍ മോദിയും കൂട്ടരും ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അബോധാവസ്ഥയിലാണ് തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെന്നുപറയുന്ന തൊഗാഡിയയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. അബോധാവസ്ഥയില്‍ കിടന്നുവെന്നുപറയുന്ന അഹമ്മദാബാദിനടുത്ത കോട്ടാര്‍പൂര്‍ ഇസ്രത്ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല നടന്ന അതേ ഇടമാണെന്നത് കൗതുകം ജനിപ്പിക്കുന്നുണ്ട്. ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഒരാള്‍ക്കുനേരെ വധശ്രമം നടന്നുവെന്ന് പറയുന്നതുതന്നെ രാജ്യത്തിന്റെ സുരക്ഷാസേനക്ക് മാനക്കേടാണ്. വിഷയത്തില്‍ എത്രയും പെട്ടെന്ന് നെല്ലും പതിരും തിരിച്ചറിയേണ്ടതുണ്ട്. അതിനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമാണ്. ഇതെല്ലാം മോദിയുടെ 2019ലെ അഗ്നിപരീക്ഷക്കുള്ള മിതവാദി ചമയലാണോ എന്ന് ശങ്കിക്കുന്നവരെയും കുറ്റപ്പെടുത്താനാകില്ല. ഹജ്ജ് സബ്‌സിഡി റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് തൊഗാഡിയ അതേദിവസം തന്നെ രാമക്ഷേത്രം നിര്‍മിക്കാനും ഗോവ ധനിരോധനം രാജ്യം മുഴുവന്‍ നടപ്പാക്കാനും ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ സര്‍ക്കാര്‍ നിയമം പാസാക്കണമെന്ന് ട്വിറ്ററില്‍ അഭിപ്രായപ്പെടുന്ന തൊഗാഡിയ ആരുടെ കൂടെയാണ് ഇപ്പോഴുമെന്നതില്‍ സാമാന്യബോധമുള്ള ആരിലും സംശയമുളവാക്കുന്നില്ല. അതുകൊണ്ട് തൊഗാഡിയയുടെ വിലാപം കേട്ട് ചിരിക്കാനോ ക്ഷോഭിക്കാനോ കഴിയാത്തവിധം വ്രണിതമാണ് ശരാശരി ഇന്ത്യക്കാരന്റെ മനസ്സ്.

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

kerala

‘ഷാഫി കലക്കിയ നാടകമെന്ന സാധ്യതയാണ് പറഞ്ഞത്’; പാതിരാ റെയ്ഡില്‍ നിലപാട് മാറ്റി പി.സരിന്‍

പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

Published

on

ഷാഫി പറമ്പിലിന്റെ നാടകമാണ് പാതിര റെയ്ഡ് എന്ന നിലപാട് മാറ്റി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന്‍. ജില്ലാ സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. ഷാഫി കലക്കിയ നാടകമാണ് എന്ന സാധ്യതയാണ് താന്‍ പറഞ്ഞത്. പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

”രണ്ട് തരത്തിലുള്ള സാധ്യതകളും പരിശോധിക്കപ്പെടേണ്ടതാണ് എന്നാണ് പറഞ്ഞത്. അവിടെ കള്ളപ്പണം എത്തിയിട്ടുണ്ടെന്ന കൃത്യമായ വിവരംവച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞുകഴിഞ്ഞു. ഞാനിത് അന്വേഷിക്കാന്‍ അതിന്റെ പിന്നാലെ നടന്നിട്ടില്ല.

പ്രചരണത്തിന്റെ തിരക്കിലായിരുന്നു. കോണ്‍ഗ്രസിന്റെ അന്തര്‍നാടകങ്ങളറിയുന്ന ഒരാളെന്ന നിലയില്‍ ബോധപൂര്‍വം ഒരു വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിച്ചതാണോ എന്നും പരിശോധിക്കണം. ഇനി അല്ലായെന്ന തെളിവ് വരുമ്പോള്‍ അതും പരിശോധിക്കണം. ഇതെങ്ങെനയാണ് പുറത്തുവന്നത്. കോണ്‍ഗ്രസുകാര് ചോര്‍ത്താതെ ഇതു പുറത്തുവരില്ല. ചോര്‍ത്തിയതാണോ? അതോ ഇങ്ങനെയൊരു പുകമറ സൃഷ്ടിക്കണോ? എന്നും പരിശോധിക്കണമെന്നും സരിന്‍ പറഞ്ഞു.

Continue Reading

Trending