ന്യൂഡല്‍ഹിയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗം ഉന്നയിച്ച മതന്യൂനപക്ഷങ്ങളെ സംബന്ധിച്ച സുപ്രധാന വിഷയങ്ങള്‍ രാജ്യത്തെ ഓരോ പൗരനും കണ്ണും കാതും കൂര്‍പ്പിച്ച് പഠിക്കേണ്ട ഒന്നാണ്. രാജ്യത്തെ ഇസ്‌ലാമിക പ്രബോധകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായും ന്യൂനപക്ഷങ്ങളുടെ മതാനുഷ്ഠായിയായ വ്യക്തിനിയമങ്ങള്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്ന വൈര നിര്യാതന ബുദ്ധ്യായുള്ള നടപടികളാണ് പാര്‍ട്ടി രാജ്യത്തെ ജനങ്ങളുടെ മുമ്പാകെ തുറന്നുകാട്ടിയിരിക്കുന്നത്.
ഏതൊരു സമൂഹത്തിന്റെയും നിയമപരമായും ധാര്‍മികമായുമുള്ള അടിസ്ഥാന മര്യാദകളുടെയും ചുമതലകളുടെയും ശ്രേണിയിലാണ് ന്യൂനപക്ഷ സുരക്ഷ ഉള്‍പെടുന്നത് എന്നിരിക്കെ കേന്ദ്ര സര്‍ക്കാരിനെതിരെ മുസ്‌ലിം ലീഗ് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ എന്തുകൊണ്ടും വ്യാപകമായി അഡ്രസ് ചെയ്യപ്പെടേണ്ടതുണ്ട്. രാജ്യത്തെ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയായ മുസ്‌ലിം ലീഗ് രാജ്യത്തെ മുസ്‌ലിംകളാദി അധഃസ്ഥിത, പിന്നാക്ക സമുദായങ്ങളുടെ ഉന്നമനമാണ് ലക്ഷ്യം വെക്കുന്നതെന്ന് അതിന്റെ ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
സ്വാതന്ത്ര്യ സമരത്തിലും അതിനുമുമ്പും ശേഷവും രാജ്യത്തിന്റെ ഉല്‍കര്‍ഷക്ക് വേണ്ടി അഹോരാത്രം പോരാടുകയും ജീവത്യാഗം ചെയ്തിട്ടുള്ളതുമായ വിഭാഗമാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. ഇന്ത്യയിലെ 14.2 ശതമാനം വരുന്ന രണ്ടാമത്തെ വലിയ മതാനുയായികളുടെ എണ്ണം 2011ലെ കാനേഷുമാരി പ്രകാരം 17.2 കോടിയാണ്. ഇന്തോനേഷ്യയും പാക്കിസ്താനും കഴിഞ്ഞാല്‍, ലോകത്തെ മൂന്നാമത്തെ വലിയ മുസ്‌ലിം ജന സംഖ്യ കൂടിയാണിത്. സ്വാതന്ത്ര്യം നേടി നീണ്ട ഏഴു പതിറ്റാണ്ടിനു ശേഷമാണ് ഭരണകൂടത്തിലെ ചിലര്‍ അവരുടെ രാജ്യ സ്‌നേഹത്തെ ചോദ്യം ചെയ്തുതുടങ്ങുന്നത്.
ഇവരുടെ ജീവിതാവസ്ഥ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലെല്ലാം പട്ടിക വിഭാഗക്കാരുടെയും ആദിവാസികളുടെയും നിലവാരത്തിലാണ് എന്നാണ് ജസ്റ്റിസ്‌രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയും ജസ്റ്റിസ് മിശ്ര കമ്മീഷനും കണ്ടെത്തിയിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ 2104ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുവരികയാണ്. മത ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസപരവും അനുഷ്ഠാനപരവുമായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന അവസ്ഥയാണ് നാട്ടിലാകെ നടമാടിക്കൊണ്ടിരിക്കുന്നത്.
സംഘ്പരിവാറിന്റെ ഘടകങ്ങളായ ആര്‍.എസ്.എസ്, വി.എച്ച്.പി തുടങ്ങിയ സംഘടനകള്‍ ഒരു വശത്ത് ന്യൂനപക്ഷ ജനതക്കുനേരെ വിവരിക്കാനാവാത്ത രീതിയിലുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇതിനെല്ലാം എതിരു നിന്ന് മത ജാതി വര്‍ണ ഭേദമെന്യേ പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കാനുത്തരവാദിത്തവുമുള്ള ഭരണകൂടം തന്നെ ഇവര്‍ക്കെതിരെ കള്ളക്കേസുകളും മറ്റുമായി മുന്നോട്ടു പോകുന്നത്. അതിലൊന്നാണ് ഭരണഘടനാപരമായി വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുള്ള ചട്ടുകമായി ഉപയോഗിക്കുന്നു എന്നത്.
വ്യവസ്ഥാപിതമായി രാജ്യത്തെ ജനങ്ങളുടെ ബൗദ്ധികവും വിജ്ഞാനീയവും സാമ്പത്തികവുമായ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയും കേസെടുത്ത് പീഡിപ്പിക്കാന്‍ ഏതെങ്കിലുമൊരാളുടെ പരാതി എഴുതി വാങ്ങിയാല്‍ മതി എന്നായിരിക്കുന്നു ഇന്ന്.സി.ബി.ഐയെയും എന്‍.ഐ.എയെയും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ സ്വതന്ത്ര അന്വേഷണ ഏജന്‍സികളെന്ന നിലയിലാണ് നാമെല്ലാം കാണുന്നത്. എന്നാല്‍ പലപ്പോഴും അതിനെ ഭരണ കക്ഷിയുടെ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് സുപ്രീം കോടതി തന്നെ ഒരിക്കല്‍ സി.ബി.ഐ കൂട്ടിലടക്കപ്പെട്ട തത്തയാണോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചത്.
മുംബൈ ആസ്ഥാനമായി രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന ഡോ. സാക്കിര്‍ നായിക്കിനെതിരായ കേസിന് ബംഗ്ലാദേശിലെ ഒരു പത്രത്തില്‍ വന്ന വാര്‍ത്തയുടെ തെളിവേയുള്ളൂ. അദ്ദേഹത്തിന്റെ ലോകോത്തര പ്രശസ്തിയുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ അഞ്ചു വര്‍ഷത്തേക്കാണ് കേന്ദ്ര സര്‍ക്കാര്‍ തിടുക്കപ്പെട്ട് നിരോധിച്ചത്. ഡോ. നായിക്കിന്റെ ഓഫീസിലും ഐ.ആര്‍.എഫിന്റെ കാര്യാലയങ്ങളിലും എന്‍.ഐ.എ സംഘം റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വരികയാണിപ്പോള്‍. ഇതോടൊപ്പം തന്നെ കൊച്ചിയിലെ പീസ് ഫൗണ്ടേഷനു കീഴിലുള്ള പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെയാണ് പൊലീസും എന്‍.ഐ.എയും നടത്തുന്ന നീക്കങ്ങള്‍.
സിലബസ് സംബന്ധിച്ചാണ് പീസ് സ്‌കൂളിനെതിരായ കേസ്. ഇവക്കെല്ലാം ഭീകര പ്രവര്‍ത്തന നിരോധന നിയമ പ്രകാരമുള്ള യു.എ.പി.എ വകുപ്പാണ് ചുമത്തുന്നത് എന്നതാണ് ഖേദകരമായ വസ്തുത. ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ മഷിയിട്ട് നോക്കി രാജ്യദ്രോഹം കണ്ടെത്താനാവുമോ എന്ന ദുഷ്ടലാക്കാണ് എന്‍.ഐ.എ സംഘം കാട്ടുന്ന കോപ്രായങ്ങളിലൂടെ വ്യക്തമാകുന്നത്. ‘ലൗ ജിഹാദും’ മറ്റും ഉന്നം പിഴച്ച വെടിയായപ്പോഴാണിത്. ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളിലൊന്നുമാത്രമായ ഏക സിവില്‍ കോഡും ന്യൂനപക്ഷങ്ങളെ വിരട്ടാനായി കേന്ദ്രം പ്രയോജനപ്പെടുത്തുകയാണ്. സുപ്രീം കോടതിയിലെ ഒരു ഹര്‍ജിയില്‍ വാദം നടന്നുകൊണ്ടിരിക്കെ അലഹബാദ് ഹൈക്കോടതിയുടെ മുത്തലാഖിനെതിരായ വിധിയെ ആയുധമാക്കുകയാണിവര്‍.
സത്യത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന നാനാവിധ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടുകയാണ് ഇക്കൂട്ടരുടെ ഉദ്ദേശ്യം. വൈരുധ്യമെന്തെന്നാല്‍, ബാബരി മസ്ജിദ്, മലേഗാവ്, സംഝോധ എക്‌സ്പ്രസ്, ഗുജറാത്തിലെ നിരവധി ന്യൂനപക്ഷ ഹത്യകള്‍, വ്യാജ ഏറ്റുമുട്ടലുകള്‍ തുടങ്ങിയ അനേകം സംഭവങ്ങളും മന്ത്രിമാരും എം.പിമാരും സംഘ്പരിവാര്‍ നേതാക്കളും നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളുമൊക്കെ സര്‍ക്കാരിന് ‘ദേശീയത’യുടെ ഭാഗം മാത്രമാണ്.
ഈ ഭീകരത മറയ്ക്കാനാണ് ‘ഇസ്‌ലാമിക ഭീകര’തയെക്കുറിച്ച് പുലമ്പുന്നത്. മാനവ ഹൃദയം മരവിച്ചുപോകുംവിധം മ്യാന്മാറിലെ റോഹിംഗ്യ മുസ്‌ലിംകള്‍ അനുഭവിക്കുന്ന കൊടും യാതനകളിലേക്കും രാജ്യത്ത് നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട്, പാവങ്ങള്‍ക്കും സഹകരണ മേഖലക്കുമെതിരായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന ദ്രോഹ നിലപാടുകളിലേക്കുമൊക്കെ മുസ്‌ലിം ലീഗ് ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇനി എന്തു നിലപാടെടുക്കുന്നു എന്നത് സുപ്രധാനമായ ചോദ്യമാണ്. അതല്ലെങ്കില്‍ രാജ്യം നൂറ്റാണ്ടുകളായി ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വര ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സമാന മനസ്‌കര്‍ കൈകോര്‍ക്കുന്ന പോരാട്ടമായിരിക്കും ഫലം.