അഞ്ചുവര്‍ഷവും എട്ടുമാസവുമായി തുടരുന്ന സിറിയയിലെ ആഭ്യന്തരയുദ്ധം വൈദേശിക ശക്തികളുടെ പങ്കാളിത്തത്തോടെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. നാലുവര്‍ഷം മുമ്പ് പ്രതിപക്ഷപോരാളികള്‍ പിടിച്ച രാജ്യത്തെ ഏറ്റവും വലിയ നഗരമായ അലെപ്പോയുടെ പകുതി പ്രദേശം ചൊവ്വാഴ്ചത്തെ കനത്ത ബോംബാക്രമണത്തില്‍ ബഷറുല്‍ അസ്സദിന്റെ ഭരണസൈനികസഖ്യത്തിന് തിരിച്ചുപിടിക്കാനായെങ്കിലും, കഴിഞ്ഞ രണ്ടുദിവസമായി 16000 ത്തോളം പേര്‍ സമീപപ്രദേശങ്ങളിലേക്ക് പലായനം ചെയ്‌തെന്ന് സിറിയന്‍ മനുഷ്യാവകാശ ഒബ്‌സര്‍വേറ്ററി പറയുന്നു.
കേവലം റൊട്ടിപോലുമില്ലാതെ പട്ടിണിയിലാണ് അലെപ്പോയിലെ ജനത. ആരുജയിക്കുന്നുവെന്നതിനപ്പുറം പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാതെ പതിനായിരങ്ങള്‍ പിഞ്ചുകുഞ്ഞുങ്ങളെയുമെടുത്ത് പലായനം ചെയ്യുന്ന കാഴ്ച ഭീതിതമായിരിക്കുന്നു. ഒന്നേകാല്‍ കോടി ജനതയാണ് ഇതിനകം സിറിയയില്‍ നിന്ന് പലായനം ചെയ്തത്. ലോകത്തെ വലിയ പാലായനങ്ങളിലൊന്ന്. രാജ്യത്തെ നാല്‍പതുലക്ഷം പേര്‍ ഇതിനകം കൊലചെയ്യപ്പെട്ടുകഴിഞ്ഞു. ഇതില്‍ കാല്‍ലക്ഷം കുട്ടികളാണ്. പലായത്തിനിടെ തീരത്തടിഞ്ഞ അലന്‍ കുര്‍ദിയുടെ മൃതശരീരവും ഒംറാന്‍ ദഖ്‌നീഷിന്റെ രക്തംപുരണ്ട മുഖവും ലോകത്തിന് മറക്കാനാവില്ല.
വന്‍ കെട്ടിടങ്ങളെല്ലാം തകര്‍ക്കപ്പെട്ട അലെപ്പോ നഗരത്തിലിപ്പോഴുള്ളത് സഖ്യസൈന്യത്തിന്റെ മുരളലുകളും പുകപടലങ്ങളും മാത്രമാണ്. സ്ഥിതി ‘അഗാധമായ ആശങ്ക’ ഉയര്‍ത്തുന്നതാണെന്ന് ഐക്യരാഷ്ട്രസംഘടന വിലയിരുത്തുന്നു. രക്ഷാസമിതി വിളിക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടുകഴിഞ്ഞു. രണ്ടരലക്ഷത്തോളം പേര്‍ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നുമുണ്ട്. ഇവരില്‍ ഒരു ലക്ഷവും കുട്ടികളാണ്. കിട്ടിയതെല്ലാം കവറുകളിലാക്കിയും പിഞ്ചുകുഞ്ഞുങ്ങളെ മാറോടണച്ചുമുള്ള ‘സൂരി’കളുടെ കൂട്ടപ്പലായനം മേഖലയിലും ലോകത്താകെയും കണ്‍നനക്കുന്ന കാഴ്ചകളാണ്. ആകാശത്തും നിലത്തും നിന്നുള്ള ദ്വിമുഖ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്.
ആസ്പത്രികളെല്ലാം ബോംബിംഗില്‍ തകര്‍ന്നതോടെ പരിക്കേറ്റ പതിനായിരങ്ങളുടെ കാര്യമാണ് ഏറെ ദയനീയം. മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ പോയിട്ട് മാറ്റാന്‍ പോലുമാവാത്ത വിധമുള്ള ആക്രമണമാണ് നടക്കുന്നത്. കനത്ത ഷെല്ലാക്രമണമാണ് വിമതര്‍ തിരിച്ചുനടത്തുന്നത്.
റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ അസ്സദ് സൈന്യം നടത്തുന്ന രക്തരൂക്ഷിതമായ ആക്രമണത്തില്‍ വൈകാതെ വിമതര്‍ക്ക് പൂര്‍ണമായി കീഴടങ്ങേണ്ടിവരുമെന്നാണ് പാശ്ചാത്യമാധ്യമങ്ങള്‍ അവകാശപ്പെടുന്നത്. ഐ.എസ് പിടിയിലുള്ള ഇറാഖിലെ മൊസൂള്‍ പിടിച്ചെടുത്ത ആവേശത്തിലാണ് അലെപ്പോയിലേക്ക് സേനകള്‍ നീങ്ങിയത്.
റക്കയും തിരിച്ചുപിടിച്ചടക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ യു.എസ് സേന നടത്തുന്നത്. ഇതോടെ ഐ.എസിന്റെ നിലനില്‍പുതന്നെ പരുങ്ങലിലാവുകയാണെന്നാണ് സൂചനകള്‍. സിറിയയില്‍ അമേരിക്കയും ഫ്രാന്‍സും സഊദിയും തുര്‍ക്കിയും ഖത്തറും സുന്നികളായ വിമതരുടെ പക്ഷത്താണ് . ഐ.എസും സിറിയയില്‍ യുദ്ധരംഗത്തുണ്ട്. എണ്ണത്തിലും വണ്ണത്തിലും അസ്സദ് സൈന്യത്തിന് തന്നെയാണ് മുന്‍തൂക്കം. വിമതര്‍ക്കെതിരെ നാലാമതായി കുര്‍ദുകളുമുണ്ട്.
രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കിടെ സിവിലിയന്‍ ജനതയുടെ ജീവന് പുല്ലുവിലപോലും കല്‍പിക്കപ്പെടുന്നില്ല. സിറിയയിലെ പകുതിയോളം ജനത ഇതിനകം സമീപരാജ്യങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞു. ഫ്രാന്‍സ് പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളാണ് ഇവര്‍ക്ക് അഭയം നല്‍കിയതെങ്കിലും അവിടങ്ങളില്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതിന് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് കനം ലഭിച്ചുവരികയാണ്. അലെപ്പോയില്‍ ഇനിയുള്ള പ്രദേശത്ത് ജനസാന്ദ്രത വളരെ കൂടുതലാണ് എന്നത് യുദ്ധത്തിന്റെ ആള്‍നാശത്തെക്കുറിച്ച് കനത്ത ആശങ്ക ഉയര്‍ത്തുന്നുണ്ട്.
കുട്ടികളും സ്ത്രീകളുമാണ് ഏത് യുദ്ധത്തിന്റെയും വലിയ ഇരകള്‍ എന്നത് മറക്കാനാവില്ല. സിറിയയില്‍ സംഭവിക്കുന്നതും അതുതന്നെ.അസ്സദ് ഭരണകൂടത്തിന് പിന്തുണയുമായി റഷ്യയും എതിരായി അമേരിക്കക്കും ചേര്‍ന്ന് സംയുക്ത സൈനിക നീക്കത്തിന് കഴിഞ്ഞ മാസം കരാറുണ്ടാക്കിയെങ്കിലും വെടിനിര്‍ത്തല്‍ ലംഘിച്ചതിനാല്‍ അത് ഫലവത്താകാതെ പോകുകയായിരുന്നു. അറബ് രാജ്യങ്ങളായ ഇറാഖിലും സിറിയയിലും യമനിലുമൊക്കെ അശാന്തി പടരാന്‍ തുടങ്ങിയത് അമേരിക്ക പോലുള്ള വിദേശശക്തികളുടെ ഇടപെടലിലൂടെയാണ്. ഇതിന് വഴിവെച്ചുകൊടുക്കുന്ന രീതിയിലുള്ള നടപടികള്‍ ഇവിടുങ്ങളിലെ ഭരണാധികാരികള്‍ പലപ്പോഴായി സ്വീകരിക്കുകയും ചെയ്തു.
ലോകപെട്രോളിയത്തിന്റെ 30 ശതമാനവും കൈകാര്യം ചെയ്യുന്ന മേഖലയാണ് സഊദി അടങ്ങുന്ന ജി.സി.സി മേഖല. ലോകം ചലിക്കാന്‍ എണ്ണ അനിവാര്യമായിരിക്കെ വന്‍ശക്തികള്‍ ഇതിലേക്ക് കണ്ണയക്കുന്നതും കടന്നുകയറുന്നതും അസ്വാഭാവികമല്ല. ഖിലാഫത്ത് ഉയര്‍ത്തിപ്പിടിച്ചാണ് റക്ക ആസ്ഥാനമായ ഐ.എസ് സിറിയയിലും ഇറാഖിലും യുദ്ധം നടത്തിവരുന്നത്. പാശ്ചാത്യശക്തികളില്‍ നിന്ന് അറേബ്യയെ മോചിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇതില്‍ ആവേശം പൂണ്ട് ലോകത്തിന്റെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള ചെറുപ്പക്കാര്‍ ‘വിശുദ്ധയുദ്ധം’ പ്രഖ്യാപിച്ച് അവിടേക്ക് ചെന്നിട്ടുണ്ട്. കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരപരാധികളെ കൊന്നൊടുക്കുന്ന ഐ.എസ് രീതിയില്‍ മനംനൊന്ത് തിരിച്ചുവന്നവരും വരാന്‍ കഴിയാത്തവരുമായി അനവധി പേരുണ്ട്.
അമേരിക്കയില്‍ ഒബാമ പടിയിറങ്ങുകയും ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുകയും ചെയ്യുന്ന ജനുവരിയില്‍ സിറിയയെ പൂര്‍ണമായും വിമതരില്‍ നിന്ന് മോചിപ്പിക്കുകയാണ് അസ്സദിന്റെ ലക്ഷ്യം. വിമതര്‍ക്ക് നല്‍കി വരുന്ന പിന്തുണ നിര്‍ത്തിയേക്കുമെന്ന് ട്രംപ് ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്.പരസ്പരം ചേരാനാണ് ട്രംപിനും റഷ്യന്‍ പ്രസിഡണ്ട് പുട്ടിനും താല്‍പര്യം. ബ്രിട്ടനില്‍ വിദ്യാഭ്യാസം നേടി 2000ല്‍ അധികാരത്തിലേറിയ ബഷറുല്‍ അസ്സദ് പാസാക്കിയ ഭരണഘടന പ്രകാരം പ്രസിഡണ്ട് മുസ്്‌ലിമാകേണ്ടതില്ലെന്ന നിയമമാണ് പണ്ഡിതരടക്കമുള്ള വലിയ ജനതയെ വിമതരാക്കിയത്.
അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനെതിരായിരുന്നു അസ്സദ്. അമേരിക്കയെ വിമതരുടെ സഹായത്തിനെത്തിച്ചതും ഇതായിരുന്നു. ജനാധിപത്യവും പൗരാവകാശവും പറയുകയും തങ്ങളുടെ നിക്ഷിപ്തതാല്‍പര്യങ്ങള്‍ക്ക് ലോകരാജ്യങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്ന യു.എസ്സിന്റെ രീതി ഒബാമയും പിന്തുടര്‍ന്നതാണ് സത്യത്തില്‍ ഇന്നത്തെ ഗതിയിലേക്ക് സിറിയയെയും ഒരു പരിധിവരെ മധ്യേഷ്യയെയും കൊണ്ടുചെന്നെത്തിച്ചത്.
ഇന്നത്തെ അവസ്ഥയില്‍ യുദ്ധം നിലച്ചാലും പ്രശ്‌നം നിലനില്‍ക്കുമെന്നുതന്നെയാണ് കരുതേണ്ടത്. റഷ്യയും ഇറാനും കൂടുതല്‍ ശക്തമായി മേഖലയില്‍ പ്രത്യേകിച്ചും എണ്ണയില്‍, കൈവെക്കാനതിട വരുത്തും. എങ്കിലും ഐ.എസ് പോലുള്ള ശക്തികള്‍ പരാജയപ്പെടുക തന്നെ വേണം. സ്വേഷ്ടത്തിനാണെങ്കിലും അന്യരാജ്യങ്ങളില്‍ ഇടപെടില്ലെന്ന ട്രംപിന്റെ നയം പ്രായോഗികത്തിലാകുമോ എന്നതും കാത്തിരുന്നുകാണണം.