Connect with us

Video Stories

തോമസ്ചാണ്ടിയെ ഇനിയും ചുമക്കുന്നതെന്തിന്

Published

on

സംസ്ഥാന ഗതാഗതവകുപ്പുമന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ വ്യവസായി തോമസ്ചാണ്ടി കുട്ടനാട്ടെ സര്‍ക്കാര്‍ ഭൂമിയും കായലും കയ്യേറിയെന്ന് വെളിപ്പെടുന്ന നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടും മുഖ്യമന്ത്രിയും മുഖ്യഭരണകക്ഷിയായ സി.പി.എമ്മും കാട്ടുന്ന വിധേയത്വ മനോഭാവം ഭരണഘടനാതത്വങ്ങള്‍ക്കും നിയമത്തിനും സാമാന്യ നൈതികതക്കും ധാര്‍മികതക്കും കേരളത്തിന്റെ മഹിത രാഷ്ട്രീയ പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്ന തോന്നലാണ് പൊതു ജനങ്ങളില്‍ ഉയര്‍ത്തിവിട്ടിട്ടുള്ളത്. കോടീശ്വരനും പ്രവാസിവ്യവസായിയുമായ തോമസ്ചാണ്ടിയുടെ ആലപ്പുഴയിലെ ആഢംബര റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഒട്ടനവധി പരാതികളാണ് സര്‍ക്കാരിന് മുന്നില്‍ വന്നിട്ടുള്ളത്. മാധ്യമങ്ങളുടെ സത്യാന്വേഷണത്വരയും പ്രതിപക്ഷത്തിന്റെയും പൊതുപ്രവര്‍ത്തകരുടെയും നിതാന്ത ജാഗ്രതയും കൊണ്ട് ഈ സര്‍ക്കാര്‍ മേല്‍വിലാസംകൊള്ള കണ്ണടച്ചാലും മായാത്തവണ്ണം തുറന്നുകാട്ടപ്പെട്ടിട്ട് മാസങ്ങളായെങ്കിലും ഇക്കാര്യത്തില്‍ താന്‍ പിടിച്ച മുയലിന് മൂന്നുകൊമ്പെന്ന പിടിവാശിയിലാണ് ഭരണകൂടവും ഭരണരാഷ്ട്രീയ നേതൃത്വവും. പിണറായി സര്‍ക്കാരിന്റെ കീശയില്‍ കനമുണ്ടെന്ന സന്ദേഹമാണ് ഇതുയര്‍ത്തിവിട്ടിരിക്കുന്നത്.
ആലപ്പുഴ വേമ്പനാട് കായലിന്റെ ഭാഗമായ മാര്‍ത്താണ്ഡം കായലില്‍ വടംകെട്ടിത്തിരിച്ച് പ്ലാസ്റ്റിക് ബോയുകള്‍ സ്ഥാപിച്ച് തന്റെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന് സ്ഥലമൊരുക്കിയിരിക്കുന്ന മന്ത്രിയുടെ ചെയ്തി പൊതുസ്ഥലം കയ്യേറ്റത്തിന്റെ ഗണത്തില്‍വരുമെന്ന് ഏതുകൊച്ചുകുട്ടിക്കും ഒറ്റക്ഷണത്തില്‍തന്നെ ബോധ്യമാകുന്നതാണ്. ഇതിനുപുറമെയാണ് കായലിനോട് ചേര്‍ന്നുള്ള പൊതുഭൂമി റിസോര്‍ട്ടിലേക്കുള്ള പാതയ്ക്കായി കയ്യേറിയതിന് മാധ്യമങ്ങള്‍ പുറത്തുവിട്ട സചിത്രതെളിവുകള്‍. ആലപ്പുഴ നഗരസഭയിലും സര്‍ക്കാരിന്റെ റവന്യൂരേഖകളിലും ഇതുസംബന്ധിച്ച പരാതികളുടെയും തട്ടിപ്പുകളുടെയും ക്രമക്കേടുകളുടെയും രേഖാമൂലമുള്ള തെളിവുകളുണ്ടായിട്ടും മുഖ്യമന്ത്രിയും സര്‍ക്കാരും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനു പിന്നിലെന്തായിരിക്കും? ഇരുപത്തഞ്ചോളം ഫയലുകള്‍ അടുത്തിടെ കാണാതായെന്ന വാര്‍ത്ത വന്നത് ആരോപണങ്ങള്‍ക്ക് വാസ്തവികത ഉണ്ടെന്ന് സ്ഥാപിക്കലാണ്. പതിനെട്ട് ഫയലുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും ഇതില്‍ റവന്യൂ സംബന്ധിച്ച ഫയലുകള്‍ വീണ്ടും അപ്രത്യക്ഷമായിരിക്കുന്നുവെന്നാണ് വാര്‍ത്തകള്‍.
ലേക് പാലസ് റിസോര്‍ട്ട് നിര്‍മിച്ച ഭൂമിതന്നെ തൊണ്ണൂറ് ശതമാനവും കൃഷി നിലമായിരുന്നുവെന്നത് നേരത്തെയുണ്ടായിരുന്ന ആരോപണമാണ്. ആലപ്പുഴ നഗരസഭയില്‍ നിന്ന് കാണാതായ ഫയലുകളില്‍ അഴിമതിയെ കണ്ണി ചേര്‍ക്കുന്ന വിലപ്പെട്ട റവന്യൂ രേഖകളാണ് തിരിച്ചുവരാതിരിക്കുന്നത്. കെട്ടിടാനുമതിയുമായി ബന്ധപ്പെട്ട ഫയലുകളാണ് തിരിച്ചെത്തിയിട്ടുള്ളത്. ഇടതുപക്ഷം നഗരസഭ ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ പതിനെട്ട് കെട്ടിടങ്ങള്‍ക്കായി പതിനൊന്നു ലക്ഷം രൂപ നികുതിയിളവ് അനുവദിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. തഹസില്‍ദാറുടെ റിപ്പോര്‍ട്ടും ജില്ലാ കലക്ടറേറ്റില്‍ നിന്ന് കാണാതായി. കൈനകരി വില്ലേജ് അധികതര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിരുന്ന ഭൂമി കയ്യേറ്റങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ളതായിരുന്നു തഹസില്‍ദാറുടെ റിപ്പോര്‍ട്ട്. ഇത് മന്ത്രിയും മുഖ്യമന്ത്രിയും പറയുന്ന വിതണ്ഡവാദങ്ങള്‍ രേഖകള്‍ പുറത്തുവരില്ലെന്ന ഉറപ്പിലാണെന്നതിന്റെ സ്ഥാപിക്കലാണ്. നിയമസഭയില്‍ മന്ത്രി ചാണ്ടിയും മുഖ്യമന്ത്രിയും ആരോപണങ്ങളെല്ലാം തള്ളുകയും തെളിയിച്ചാല്‍ രാജിവെക്കുമെന്ന് മന്ത്രി വീരവാദം മുഴക്കുകയും ചെയ്തിട്ടും ഈ തെളിവുകളൊന്നും പോരെന്ന തോന്നലുണ്ടാകുന്നത് സ്വയം കുറ്റംസമ്മതിക്കുന്നതിന് തുല്യമാണ്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിസര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ പറയുന്നതാണ് അഴിമതിക്കെതിരെ പോരാട്ടം നടത്തുമെന്ന്. എന്തുകൊണ്ടോ ഇത് പാലിക്കാന്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തില്‍ തയ്യാറാകുന്നില്ല. മന്ത്രിസഭയുടെ ആറുമാസത്തിനകം സ്വജനപക്ഷപാതത്തിന് തന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുകൂടിയായ ഇ.പി ജയരാജന്‍ മന്ത്രിയെയും ഒരു വര്‍ഷം തികയുമ്പോഴേക്കും ലൈംഗികാരോപണക്കുറ്റത്തിന് ഗതാഗതമന്ത്രി ശശീന്ദ്രനെയും രായ്ക്കുരാമാനം പുറത്തുതള്ളിയ പിണറായി വിജയന് ഇക്കാര്യത്തില്‍ മാത്രം എന്തു മനോവൈക്ലബ്യമാണ് വന്നുചേര്‍ന്നിട്ടുള്ളതെന്നത് ദുരൂഹമായി നിലനില്‍ക്കുകയാണ്. അഴിമതി നിരോധന നിയമത്തിലെ പതിമൂന്നാം വകുപ്പുപ്രകാരം മന്ത്രി തോമസ് ചാണ്ടി ചെയ്ത കുറ്റത്തെക്കുറിച്ച് അന്വേഷിച്ച് നിയമ നടപടിയെടുക്കാനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന വിജിലന്‍സ് വകുപ്പ് മേധാവിക്ക് കത്ത് നല്‍കിയിട്ടും മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും ആരോപണവിധേയനായ മന്ത്രിയെ താങ്ങിനിര്‍ത്തിയിരിക്കുന്നത് അവരുടെ തന്നെ മുഖത്തേക്കുള്ള കാര്‍ക്കിച്ചുതുപ്പലാണ്. മുമ്പെങ്ങോ നടന്ന അഴിമതിയാണ് ഇപ്പോള്‍ ഗൂഢോദ്ദേശ്യത്തോടെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്വയം പരിഹാസ്യമായ ഏറ്റുപറച്ചില്‍. കേന്ദ്ര കമ്മിറ്റിയംഗത്തിനെതിരെ സ്വയം നടപടിയെടുത്തിട്ടും സി.പി.എം ചാണ്ടിയുടെ കാര്യത്തില്‍ എടുത്തിരിക്കുന്ന നിലപാട് തമ്മില്‍ ഭേദം തൊമ്മന്‍ എന്ന തോന്നലിലാണോ.
സര്‍ക്കാരിന്റെ തലപ്പത്തിരുന്നുകൊണ്ട് ജനവിധിയുണ്ടെന്ന് പറഞ്ഞ് ഈ കൊള്ളക്ക് കുട പിടിച്ചുകൊടുക്കുന്നത് ഏത് ഉന്നതനായാലും അക്ഷന്തവ്യമായ അപരാധമായേ കാണാനാകൂ. അഴിമതി തൊട്ടുതീണ്ടാത്ത നേതൃത്വമാണ് തങ്ങള്‍ക്കെന്ന ്‌പെരുമ്പറ മുഴക്കുമ്പോഴും മൂന്നാറിലുള്‍പ്പെടെ ഏക്കര്‍ കണക്കിന് പൊതുഭൂമി കയ്യേറിയ കോടീശ്വര പ്രഭുക്കളുടെ പിന്നാലെ ചെങ്കൊടിയേന്തി നടക്കുകയാണ് ഈ തൊഴിലാളി പാര്‍ട്ടിയുടെ നേതൃസരണി. അണികളെ തെറ്റിദ്ധരിപ്പിച്ചും മദ്യമൊഴുക്കി ബോധം നശിപ്പിച്ചും വോട്ട് നേടി അധികാരം പിടിച്ചെടുക്കാമെന്ന ധാര്‍ഷ്ട്യമാണ് ഈ പകല്‍കൊള്ളകള്‍ക്കൊക്കെ സി.പി.എം നേതൃത്വത്തെ വീര്യപ്പെടുത്തുന്നത്. ഭൂമി കയ്യേറ്റത്തിനെതിരെ വീരസ്യം പറയുന്ന സി.പി.ഐയുടെ നാവ് കോടീശ്വര മന്ത്രിയുടെ കാര്യം വന്നപ്പോള്‍ തൊണ്ടയില്‍ കുടുങ്ങിപ്പോയോ. നിലമ്പൂരിലെ ഭരണമുന്നണി എം.എല്‍.എയുടെ കാര്യത്തിലും ഇതേ നയം തന്നെയാണ് സര്‍ക്കാരിനും ഈ മുന്നണിക്കുമുള്ളത്. അഴിമതിക്കേസില്‍ സ്വന്തം നേതാവ് ജയിലിലാക്കിയ മുന്‍മന്ത്രിക്ക് കാബിനറ്റ് റാങ്കിന്റെ താലം നല്‍കി കൂടെക്കൂട്ടിയവരെക്കുറിച്ച് എന്തിനധികം പറയാന്‍. പൊതുമുതലിന്റെ കാര്യത്തില്‍ സര്‍ക്കാരിനും ഭരണമുന്നണിക്കും ലവലേശമെങ്കിലും ആര്‍ജവമുണ്ടെങ്കില്‍ മന്ത്രി തോമസ്ചാണ്ടിയെ തത്്സ്ഥാനത്തുനിന്ന് പുറത്തിടുകയും നിയമദണ്ഡിന് വിട്ടുകൊടുക്കുകയുമാണ് വേണ്ടത്. നികൃഷ്ടമായ പ്രവൃത്തികള്‍ ചെയ്യുന്നവരെ പേറിയാല്‍ നാറിയവനെ പേറുന്നവന്റെ ഗന്ധം സ്വയംസഹിക്കേണ്ടതായിവരും. ആ ദുര്‍ഗന്ധം ഇന്ന് കേരളീയ രാഷ്ട്രീയസമൂഹത്തിലൂടെ അലയടിക്കുന്നത് മണത്തറിയാന്‍ അധികാര ഹുങ്കിനാല്‍ സാമൂഹികഘ്രാണശേഷി നഷ്ടപ്പെട്ടവരെ സംബന്ധിച്ച് എന്തുപറയാനാണ്.

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

Trending