അനീതിയുടെ കൊടിപ്പടമുയര്‍ത്തുകയായിരുന്നു നീതിയുടെ കാവല്‍ക്കാരാകേണ്ടിയിരുന്നവര്‍ ഇന്നലെ. മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ വിലാപത്തെ പൊലീസിന്റെ ലാത്തിയും ബൂട്ടും കൊണ്ട് നേരിട്ട്, വേട്ടക്കാരനൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. അധികാരപ്രയോഗം കൊണ്ട് ജനാധിപത്യത്തെ റദ്ദാക്കി, നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരെ തുറുങ്കിലടക്കാനുള്ള ധാര്‍ഷ്ട്യം ഭരണകൂട ഭീകരതയെന്ന വാക്കില്‍ മാത്രം ഒതുങ്ങില്ല. മാനവികതയുടെ കണിക പോലും തങ്ങളില്‍ ശേഷിക്കുന്നില്ലെന്ന വെളിപ്പെടുത്തലാണ് അധികാര പുംഗവന്മാര്‍ നടത്തിയിട്ടുള്ളത്. ഒരിക്കലും കേരളത്തില്‍ നടക്കില്ലെന്ന് കരുതിയിരുന്ന, അനീതിയുടെ ആഭാസ നൃത്തമാണ് ഇന്നലെ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ നടന്നത്. ജനാധിപത്യ കേരളം ഉയിര്‍കൊണ്ടതിന്റെ അറുപതാം വാര്‍ഷിക ദിനത്തിലാണ് ഈ കളങ്കമുണ്ടായതെന്നത് ചരിത്രത്തിന്റെ വിരോധാഭാസമാകാം. ജനാധിപത്യ പാതയില്‍ ആറ് പതിറ്റാണ്ട് സഞ്ചരിച്ച കേരളത്തെ തിരിച്ചു നടത്തുകയാണ് എല്ലാം ശരിയാക്കാനെത്തിയവര്‍.
പത്തൊമ്പതുകാരനായ ജിഷ്ണു പ്രണോയി എന്ന എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട് 80 ദിവസം കഴിഞ്ഞിട്ടും കുറ്റവാളികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിക്കാനെത്തിയ മാതാവിനെയാണ് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ കണ്‍മുന്നില്‍ പൊലീസുകാര്‍ കൈകാര്യം ചെയ്തത്. ജിഷ്ണുവിന്റെ മാതാവ് മഹിജയെ റോഡിലൂടെ വലിച്ചിഴച്ച് നാഭിക്ക് തൊഴിച്ച ശേഷം ‘കേറടീ…… മോളേ’ എന്ന് അട്ടഹസിക്കാന്‍ പൊലീസ് കാട്ടിയ ധൈര്യം കേരളം നില്‍ക്കുന്ന അപകട മുനമ്പ് എത്രമാത്രം ഭീതിദമാണെന്ന വെളിപ്പെടുത്തലാണ്.
മകന്‍ നഷ്ടപ്പെട്ട വേദനയില്‍ ജീവിക്കുന്ന മഹിജയെന്ന സാധാരണ വീട്ടമ്മയെ, പൊലീസ് കൈകാര്യം ചെയ്തതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, വിഷ്ണു ആത്മഹത്യാ പ്രേരണക്കേസിലെ പ്രതി കൃഷ്ണകുമാറിനെ ചുവപ്പ് പരവതാനി വിരിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഓഫീസിലേക്ക് ആനയിച്ചു കൊണ്ടുപോയി ഉപചരിച്ച് വിട്ടയക്കുന്നതിന് കേരളം സാക്ഷിയായതാണ്. നെഹ്‌റു കോളജ് ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണകുമാറിനെ ആദരിച്ച അതേ പൊലീസാണ് ഇരയായ മഹിജയെ അറസ്റ്റ് ചെയ്ത ശേഷം നടുറോഡിലൂടെ വലിച്ചിഴച്ച് നാഭിക്ക് തൊഴിച്ച്, തെറികൊണ്ട് അഭിഷേകം ചെയ്ത് പൊലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയത്. വേട്ടക്കാരനൊപ്പം വേട്ടയാടാനിറങ്ങിയ സര്‍ക്കാറിന്റെ പൊലീസിനെ ആരാണ് ഇപ്പോള്‍ ഭരിക്കുന്നത്.
സ്വാശ്രയ കോളജ് മാനേജ്‌മെന്റിന്റെ ഇടിമുറിയില്‍ മാനേജുമെന്റിന്റെ ഗുണ്ടകള്‍ ശരിയാക്കിയതില്‍ മനംനൊന്ത് സ്വയം രക്തസാക്ഷിയായ വിഷ്ണു സി.പി.എമ്മിനോട് അനുഭാവം പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു. സി.പി.എമ്മിനെ മാത്രമല്ല, പിണറായി വിജയനെ നെഞ്ചേറ്റിയ ചെറുപ്പക്കാരന്‍. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ പോലും ആ രക്തസാക്ഷിത്വത്തോട് നീതി പുലര്‍ത്താന്‍ ബാധ്യതയുള്ള ഒരു സര്‍ക്കാരാണ് വേട്ടക്കാരനൊപ്പം നിലയുറപ്പിച്ച് വീണ്ടും വീണ്ടും ആ കുടുംബത്തെ വേട്ടയാടുന്നത്. ഹൈദരാബാദ് സര്‍വകലാശാലയില്‍ ഫാസിസത്തിനെതിരായി പോരാടി രക്തസാക്ഷിയായ രോഹിത് വെമുലയെ പോലെ, സ്വാശ്രയ മാനേജുമെന്റിനെതിരെ പോരാടി സ്വയം മരണം വരിക്കുകയായിരുന്നു വിഷ്ണു പ്രണോയി.
മരണം കൊണ്ട് അനീതിയെ ചെറുക്കാന്‍ ശ്രമിച്ച രണ്ടുപേരില്‍ ഒരാളെ തള്ളിപ്പറയാന്‍ കേരളത്തിലെ ഇടതുപക്ഷം പുലര്‍ത്തുന്ന ജാഗ്രത അടിവരയിട്ട് ഉറപ്പിക്കുന്ന ഒരു സത്യമുണ്ട്. തങ്ങള്‍ പുതു മുതലാളിത്തത്തിന് വഴിപ്പെട്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് പല വഴിക്ക് ഒളിഞ്ഞും തെളിഞ്ഞും ഇടതുപാര്‍ട്ടികള്‍ വെളിപ്പെടുത്തുന്നത്. വിഷ്ണുവിന് നീതി ലഭ്യമാക്കാന്‍ വേണ്ടി, മഹിജക്കും കുടുംബത്തിനുമൊപ്പം നിലകൊണ്ട സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗത്തിന്റേയും നിരവധി സി.പി.എമ്മുകാരുടെയും അംഗത്വം പുതുക്കി നല്‍കാതെ അവരെ അനഭിമതരാക്കി മാറ്റിനിര്‍ത്തുന്നതും ഇതുകൊണ്ടാണ്.
മുതലാളിമാര്‍ക്ക് അടിയറവെച്ച പ്രസ്ഥാനത്തെ കൊണ്ട് ഇനി ചൂഷിത, മര്‍ദ്ദിത സമൂഹത്തിന് എന്തുകാര്യം എന്ന ചോദ്യം ഉയരുന്നതും സ്വാഭാവികമാണ്. പ്രത്യയശാസ്ത്രത്തിലും നിലപാടുകളിലും വിശ്വാസം നഷ്ടപെട്ട നേതൃത്വം നയിക്കുന്ന ഒരു പാര്‍ട്ടിക്ക് അനുരൂപമായ സര്‍ക്കാറാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. വ്യക്തിപൂജയില്‍ അഭിരമിക്കുന്ന യുവജന, വിദ്യാര്‍ത്ഥി സംഘടനകളിലെ വിപ്ലവ കേസരികള്‍ക്ക് മന:സാക്ഷി പോലും നഷ്ടപ്പെട്ടിരിക്കുന്നുവെന്നതാണ് ഇടതുപക്ഷത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷികളും തകര്‍ത്തെറിയുന്നത്. അല്ലെങ്കില്‍ വിഷ്ണുവിന്റെ മാതാവിനെ നടുറോഡില്‍ വലിച്ചിഴച്ച്, മര്‍ദ്ദിച്ച്, തെറിവിളിച്ച് പീഡിപ്പിച്ചപ്പോള്‍ പൊലീസിനെ പിന്തുണച്ച് സൈബര്‍ രംഗത്ത് വിപ്ലവ കേസരികള്‍ സജീവമാകുമായിരുന്നില്ല.
പൊലീസിന്റെ കണക്കനുസരിച്ച് ഡി.ജി.പി ഓഫീസിന് മുന്നിലെത്തിയത് 15 ഓളം പേരാണ്. അവരെ നേരിടാനാണ് പൊലീസ് വന്‍ സന്നാഹം ഒരുക്കിയത്. ഡി.ജി.പിയെ കണ്ട് പരാതി പറയാന്‍ എത്തിയ അവരെ നടുറോഡില്‍ തടഞ്ഞ പൊലീസ് പിന്നീട് നടത്തിയ നാടകം കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത ഒന്നാണ്. നാടകീയ രംഗങ്ങള്‍ക്കിടെയാണ് പൊലീസ് കൈക്കരുത്ത് കാട്ടി പ്രതിഷേധ സമരത്തിനെത്തിയവരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു നീക്കിയത്. മ്യൂസിയം എസ്.ഐ മഹിജയെ ക്രൂരമായി മര്‍ദ്ദിച്ചു. വിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനും ക്രൂരമായി മര്‍ദ്ദനമേറ്റു. കേസുമായി മുന്നോട്ടു പോകുന്നതില്‍ ധീരമായ നിലപാട് സ്വീകരിക്കുന്നവരാണ് രണ്ട് പേരും. ഇവരെ മര്‍ദ്ദിച്ച് ഒതുക്കാന്‍ പൊലീസിന് ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത് അതുകൊണ്ടാണ്. എന്നാല്‍ പൊലീസ് മര്‍ദ്ദനത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് ശക്തമായ അന്വേഷണം നടക്കേണ്ടതുണ്ട്. എങ്കില്‍ ജിഷ്ണുവിന്റെ മരണത്തിന് പിന്നിലെ കാരണങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ തെളിഞ്ഞുവരും എന്നുറപ്പാണ്.
മകനെ കൊന്നു കെട്ടിതൂക്കിയവരെ അറസ്റ്റ് ചെയ്യാതെ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം പൊലീസിനോട് ബഹളത്തിനിടെ വിളിച്ചുപറയുന്നുണ്ടായിരുന്നു. കേരള ജനത തങ്ങള്‍ക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസമാണ് അവര്‍ പ്രകടിപ്പിച്ചത്. പൊലീസ് അവരെ അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും മഹിജയുടെ സമരം കേരളം ഏറ്റെടുത്തിരിക്കുന്നു. മഹിജക്കും കുടുംബത്തിനും നീതി ലഭ്യമാകുന്നതുവരെ ഈ സമരം കേരളം ഏറ്റെടുക്കുക തന്നെ ചെയ്യും. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണത്.