Connect with us

Video Stories

വികാര വിക്ഷോഭത്തിന്റെ വെറും വാക്കുകള്‍

Published

on

‘മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടത്. പശുവിന്റെ പേരില്‍ നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. അക്രമങ്ങള്‍ കര്‍ശനമായി തടഞ്ഞ മഹാത്മാ ഗാന്ധിയുടെ നാടാണിത്. എന്തുകൊണ്ടാണ് ആളുകള്‍ ഇതു മറന്നു പ്രവര്‍ത്തിക്കുന്നത്?’. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷത്തില്‍ ഇന്നലെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം വാര്‍ത്തകള്‍ക്ക് വീണ്ടും ചൂടു പകര്‍ന്നിരിക്കുകയാണ്. അമേരിക്കയില്‍ നിന്നു ബീഫ് കഴിച്ചെത്തിയതിന്റെ വീര്യമെന്നും വൈകിയുദിച്ച വിവേകമെന്നുമെല്ലാം പ്രധാനമന്ത്രിയുടെ വാക്കുകളെ വിവക്ഷിച്ചവരും വിലയിരുത്തിയവരുമുണ്ട്. തനിക്കു വിഷമമുണ്ടാക്കിയ ചില കാര്യങ്ങള്‍ മനസിലെ നെരിപ്പോടിലെരിയുന്നതിന്റെ നീറ്റലായാണ് സബര്‍മതി പ്രസംഗത്തില്‍ നരേന്ദ്ര മോദി ഗോ സംരക്ഷണ വിഷയം ഉന്നയിച്ചതെന്ന് അവകാശവാദം. പശു സംരക്ഷണത്തിന്റെ പേരിലുള്ള മനുഷ്യഹത്യ ഗാന്ധിജി അംഗീകരിക്കില്ലെന്നും അക്രമം ഒരിക്കലും പ്രശ്‌ന പരിഹാരമല്ലെന്നുമുള്ള നരേന്ദ്ര മോദിയുടെ വീണ്ടുവിചാരം എത്രമാത്രം ആത്മാര്‍ഥമാണെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
‘പശു ഇറച്ചി കഴിക്കുന്നവന്‍’ എന്ന് ആക്രോശിച്ച് ജുനൈദ് എന്ന പതിനാറുകാരനെ തീവണ്ടിയില്‍ വച്ച് നിഷ്ഠൂരമായി കുത്തിക്കൊന്നതിന്റെ രക്തക്കറ മായും മുമ്പാണ് പ്രധാനമന്ത്രിയുടെ പുതിയ വെളിപാടെന്നത് നിര്‍ണായകമാണ്. പ്രകടമായ മുസ്്‌ലിം അടയാളമാണ് തങ്ങള്‍ അക്രമിക്കപ്പെടാന്‍ കാരണമെന്ന് ജുനൈദിന്റെ സഹോദരന്‍ ഹാഷിം പങ്കുവച്ച വേദന, മതേതരത്വത്തിന്റെ സിരകളില്‍ കത്തിപ്പടര്‍ന്നതിന്റെ നോവ് അനുഭവപ്പെട്ടിട്ടല്ല നരേന്ദ്ര മോദിയുടെ ഈ കുറ്റമേറ്റു പറച്ചില്‍. മറിച്ച്, അധികാര ഗര്‍വിന്റെ അഹന്തയില്‍ സംഘ്പരിവാര്‍ പ്രഭൃതികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കിയതിന്റെ ആകുലതകള്‍ വാക്കുകളില്‍ അലങ്കരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. പശുവിന്റെ പേരു പറഞ്ഞ് മനുഷ്യരെ ക്രൂരമായി കൊന്നുതള്ളുന്ന ഗോരക്ഷകര്‍ക്കെതിരെ മുമ്പും പ്രധാനമന്ത്രി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കാലിത്തൊഴുത്തിലെ പുല്‍ക്കൂനയിലാണ് സംഘ്പരിവാര്‍ കൊണ്ടിട്ടത്. 2015 ഒക്ടോബര്‍ അഞ്ചിന് ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖിനെ പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് സംഘ്പരിവാര്‍ തലക്കടിച്ചു കൊന്നതു മുതല്‍ രാജ്യത്ത് ഇത് നിത്യസംഭവമായി മാറിയിട്ടുണ്ട്. ഏറെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ഇത്തരം ക്രൂരതകള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കടുത്ത ഭാഷയില്‍ പ്രതികരിക്കേണ്ടിയും വന്നിട്ടുണ്ട്. പക്ഷേ ഇതൊന്നും കേള്‍ക്കാന്‍ മാത്രം പ്രധാനമന്ത്രിക്ക് വിധേയരല്ല രാജ്യത്തെ ആര്‍.എസ്.എസും സംഘ്പരിവാറുമെന്നതാണ് യാഥാര്‍ഥ്യം. സ്വന്തം പ്രതിച്ഛായക്ക് കോട്ടം തട്ടുമോ എന്ന ഭയപ്പാടാണ് തങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിയുടെ ക്ഷോഭമെന്ന് തീവ്രഹിന്ദുത്വ വാദികള്‍ക്ക് നന്നായറിയാം. അതിനാല്‍ അദ്ദേഹത്തിന് അടിപ്പെട്ട് നില്‍ക്കാന്‍ അക്കൂട്ടരെ കിട്ടില്ലെന്നര്‍ഥം. അതിനു തെളിവാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ചൂടാറുംമുമ്പ് ഝാര്‍ഖണ്ഡിലെ രാംഗഡില്‍ അസ്‌ക്കര്‍ അന്‍സാരി ബീഫ് കൈവശംവെച്ചുവെന്നാരോപിച്ച് വ്യാഴാഴ്ച ഒരു സംഘം തല്ലിക്കൊന്നത്.
പശുവിന്റെ തുകല്‍ കൈവശം വച്ചുവെന്ന് ആരോപിച്ച് ഗുജറാത്തില്‍ ദലിത് യുവാക്കളെ ഗോരക്ഷകര്‍ കെട്ടിയിട്ട് തല്ലിച്ചതച്ചതിന്റെ പ്രതിഷേധം രാജ്യമെങ്ങും അലയടിച്ചുയര്‍ന്ന സാഹചര്യത്തില്‍ മുമ്പും പ്രധാനമന്ത്രി ഇതേ സ്വരത്തില്‍ പ്രതികരിച്ചതാണ്. ‘ഗോ സംരക്ഷണമെന്ന പേരില്‍ ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ക്ഷുഭിതനാണ്. ഇത്തരം സ്വയം പ്രഖ്യാപിത ഗോരക്ഷകര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാറുകള്‍ നിയമ നടപടി സ്വീകരിക്കണം. ചിലര്‍ രാത്രി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും പകല്‍ ഗോരക്ഷകരായി വാഴുകയുമാണ്. ഇവരെ നിലക്കുനിര്‍ത്തണം’. കഴിഞ്ഞ വര്‍ഷം ആഗസ്ത് ആറിന് ഗോരക്ഷകര്‍ക്കെതിരെ ടൗണ്‍ഹാളില്‍ നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണിത്. തൊട്ടടുത്ത ദിവസം തെലുങ്കാനയില്‍ നടത്തിയ പ്രസംഗത്തില്‍ അല്‍പംകൂടി തീവ്രതയിലാണ് നരേന്ദ്ര മോദി സംസാരിച്ചത്. ‘നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ആരെയെങ്കിലും അക്രമിക്കണമെങ്കില്‍ എന്റെ ദലിത് സഹോദരങ്ങള്‍ക്കു പകരം എന്നെ ആക്രമിക്കൂ. നിങ്ങള്‍ക്ക് ആരെയെങ്കിലും വെടിവെക്കണമെങ്കില്‍ ദലിത് സഹോദരങ്ങള്‍ക്കു പകരം എന്നെ വെടിവെക്കൂ. പശുവിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ വ്യാജ ഗോസംരക്ഷരാണ്. ഗോസംരക്ഷകര്‍ ചമഞ്ഞ് അതിക്രമം നടത്തുന്നവര്‍ പശുക്കളുടെ സംരക്ഷണത്തെ കുറിച്ച് ചിന്തിക്കുന്നില്ല. ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് കുഴപ്പങ്ങള്‍ ഉണ്ടാക്കുക മാത്രമാണ് അവരുടെ ആഗ്രഹം. വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യയുടെ ഐക്യവും സമന്വയവും സംരക്ഷിക്കലാണ് നമ്മുടെ പ്രധാന ഉത്തരവാദിത്വം’. പ്രധാനമന്ത്രിയുടെ ഈ പ്രസംഗവും ഗോസംരക്ഷകരുടെ മനസില്‍ ഒരല്‍പംപോലും ലാഞ്ചനയുണ്ടാക്കിയില്ല.
അക്രമങ്ങള്‍ കര്‍ശനമായി തടഞ്ഞ മഹാത്മാ ഗാന്ധിയുടെ നാട്ടില്‍ എന്തുകൊണ്ടാണ് ആളുകള്‍ ഇത് മനസിലാക്കാതെ പ്രവര്‍ത്തിക്കുന്നത് എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിനുത്തരം അദ്ദേഹത്തിന്റെ മേല്‍ പ്രസംഗങ്ങളില്‍ തന്നെ ഒളിഞ്ഞു കിടക്കുന്നുണ്ട്. സമീപകാലങ്ങളിലായി രാജ്യത്ത് മൃഗത്തിന്റെ പേരില്‍ മനുഷ്യനെ നികൃഷ്ടമായി കൊന്നൊടുക്കുന്ന പ്രവണത ആവര്‍ത്തിക്കപ്പെടുന്നതിന്റെ ഉത്തരവാദി മഹാത്മാ ഗാന്ധി അല്ലല്ലൊ… ഇത് തിരിച്ചറിയാനുള്ള വിവേകമാണ് നരേന്ദ്ര മോദിക്കു വേണ്ടത്. പ്യൂ റിസര്‍ച്ച് സെന്റര്‍ ആഗോള തലത്തില്‍ നടത്തിയ പഠനത്തില്‍ മതവിദ്വേഷ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടക്കുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനത്തുണ്ട് നമ്മള്‍. മതവിദ്വേഷത്തിന്റെ പേരിലുള്ള അക്രമങ്ങള്‍, ജനക്കൂട്ട അതിക്രമങ്ങള്‍, സാമുദായിക ലഹളകള്‍, മതഭീകര പ്രസ്ഥാനങ്ങളുടെ അഴിഞ്ഞാട്ടം ഇവയെല്ലാം മാനദണ്ഡമാക്കി നടത്തിയ പഠനത്തിലാണ് നമ്മുടെ രാജ്യം ഈ നാണക്കേടിന്റെ കിരീടം ചൂടിയത്. മനുഷ്യരേക്കാള്‍ മൃഗങ്ങള്‍ക്ക് മഹത്വം ലഭിക്കുന്ന അവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചതിന്റെ പാപക്കറ ആയിരം ഗംഗയില്‍ കഴുകിക്കളഞ്ഞാലും പ്രധാനമന്ത്രിക്ക് ശുദ്ധീകരിക്കാനാവില്ല. പശുവിന്റെ പേരില്‍ നിരപരാധികളായ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കാനുള്ള അധികാര ശക്തിയാണ് ഭരണകൂടം പ്രയോഗവത്കരിക്കേണ്ടത്. നിവൃത്തികേടിന്റെ നാവനക്കങ്ങളില്‍ വിടുവായത്തം പറഞ്ഞ് ജനങ്ങളെ വിഢികളാക്കുന്ന നരേന്ദ്ര മോദിയുടെ നിലപാട് ഇനിയെങ്കിലും അവസാനിപ്പിക്കണം. ദലിത്-ന്യൂനപക്ഷ പീഡന പര്‍വങ്ങള്‍ എക്കാലവും സഹിച്ചും പൊറുത്തും നിലനില്‍ക്കുന്ന പ്രതിഭാസമാണെന്നു ഭരണകൂടം തെറ്റിദ്ധരിക്കരുത്. രാജ്യത്തിന്റെ സ്വാസ്ഥ്യം ആഗ്രഹിക്കുന്ന ജനത ഇതിനെതിരെ ശക്തമായി സടകുടഞ്ഞെഴുന്നേല്‍ക്കുക തന്നെ ചെയ്യും. മതേതര ഇന്ത്യയെ ഇക്കാലമത്രയും പ്രശോഭിതമാക്കി നിലനിര്‍ത്തിയ രാഷ്ട്രീയ പൊതുബോധം ഇനിയും പ്രതീക്ഷ പൊലിയാതെ ബാക്കി നില്‍ക്കുന്നുണ്ടെന്ന സത്യം ഓര്‍ക്കുന്നത് നന്ന്.

Video Stories

ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായര്‍; പ്രതിപക്ഷ നേതാവ്‌

കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാണ്‌ എംടി.

Published

on

തിരുവനന്തപുരം : ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു. ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കിക്കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞുനിന്ന എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തതു കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളതുനേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ്‌റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല.അങ്ങനെയുള്ളവരാണു കാലത്തെ അതിജീവിക്കുന്നത്.

ആ പേനയില്‍നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്നു ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എംടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം. ‘നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്കു പറയാനറിയാം. ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല’- എന്ന് എംടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അര്‍ഥവത്താണ്. അതു ജീവിതം കൊവ തെളിഞ്ഞതുമാണ്. മനുഷ്യനെ ചേര്‍ത്തുനിര്‍ത്തിയ സ്‌നേഹസ്പര്‍ശം.

Continue Reading

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Trending