സ്വാശ്രയകോളജുകളുടെ നടത്തിപ്പുസംബന്ധിച്ച് സംസ്ഥാനത്ത് ഒട്ടേറെ പരാതികള്‍ കുറെക്കാലമായി നിലനില്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞ മേയില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇക്കൂട്ടര്‍ക്ക് യഥേഷ്ടം അഴിഞ്ഞാടാനുള്ള അവസരമാണ് സംജാതമായിരിക്കുന്നതെന്ന തോന്നലാണ് പൊതുവെ ഉണ്ടായിരിക്കുന്നത്. വിശിഷ്യാ തിരുവില്വാമലയിലെ നെഹ്‌റു, കോട്ടയം ടോംസ് തുടങ്ങിയ എഞ്ചിനീയറിങ് കോളജുകളില്‍ കൊടിയ വിദ്യാര്‍ഥി പീഡനമാണെന്ന് പൊതുജനത്തതിന് വ്യക്തമായത് ഈ മാസം ഏഴിന് നെഹ്‌റു കോളജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണുപ്രണോയിയുടെ ആത്മഹത്യയോടെയാണ്. ഇല്ലാത്ത കോപ്പിയടി ആരോപണം ചുമത്തി കോളജധികൃതര്‍ ക്രൂരമായി മര്‍ദിക്കുകയും മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തതായി ശരീരത്തിലെ പാടുകളില്‍ നിന്ന് വ്യക്തമാണ്. ഇതിലുമെത്രയോ വലിയ പീഡനമായിരിക്കാം ആ പതിനെട്ടുകാരന്റെ മനസ്സിനേറ്റിട്ടുണ്ടാവുക.
ഈ സംഭവങ്ങള്‍ ഉയര്‍ത്തിയ വന്‍ പ്രതിഷേധത്തിന്റെ ചുവടുപിടിച്ചാണ് തിരുവനന്തപുരത്തെ ലോ അക്കാദമിയുടെ നാല്‍പതു വര്‍ഷം പഴക്കമുള്ള നിയമ കോളജില്‍ വിദ്യാര്‍ഥികളൊന്നടങ്കം പ്രിന്‍സിപ്പലിനെതിരെ രംഗത്തുവന്നത്. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ഈ കോളജില്‍ ഹൈദരാബാദ് സര്‍വകലാശാലയിലേതിന് തുല്യമായ കൊടിയ വിദ്യാര്‍ഥി പീഡനമാണെന്നാണ് വിദ്യാര്‍ഥികള്‍ ഒന്നടങ്കം പറയുന്നത്. പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ കുട്ടികളോട് ജാതിവിളിച്ചും ഹോട്ടല്‍ പണിയെടുപ്പിച്ചും വനിതാ ഹോസ്റ്റലില്‍ ക്യാമറ സ്ഥാപിച്ചും മറ്റും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെ നാണിപ്പിക്കുന്ന വിധത്തിലുള്ള വിദ്യാര്‍ഥി വേട്ടയാണ് നടത്തി വന്നിരുന്നതെന്ന് അവര്‍ പറയുന്നു. കോളജിന് പാട്ടത്തിന് നല്‍കിയ ഭൂമി, അഫിലിയേഷന്‍ എന്നിവ സംബന്ധിച്ചും പരാതിയുണ്ട്. പ്രിന്‍സിപ്പലിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഭരണ കക്ഷിയുടേതടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ കഴിഞ്ഞ പതിനേഴു ദിവസമായി കാമ്പസിനകത്ത് സമരത്തിലാണ്.
സംസ്ഥാനത്തെ പ്രതിപക്ഷ-ഭരണ പക്ഷ നേതാക്കളില്‍ പലരും ഇവിടെ കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തി. ബി.ജെ.പി നേതാവ് വി. മുരളീധരന്‍ നിരാഹര സമരത്തിലാണ്. ഇതൊക്കെയായിട്ടും സംസ്ഥാനത്ത് ഒരു സര്‍ക്കാരുണ്ടോ എന്നു തോന്നിപ്പിക്കും വിധമാണ് കാര്യങ്ങള്‍. സ്വശ്രയ കോളജ് ഉടമകള്‍ കച്ചവടക്കാരാണെന്ന് പറഞ്ഞ് തടിതപ്പുകയാണോ ജനം സര്‍വവിധ അധികാര സന്നാഹങ്ങളും നല്‍കി സിംഹാസനത്തിലിരുത്തിയ ഒരു മുഖ്യമന്ത്രിയില്‍ നിന്നുണ്ടാവേണ്ടത്. ജിഷ്ണുവിന്റെ കാര്യത്തില്‍ ഏറെ ദിവസം കഴിഞ്ഞാണ് ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് തന്നെ തയ്യാറായത്. മാസമൊന്നാകുമ്പോഴും ഒരാളെ പോലും അറസ്റ്റുചെയ്യാന്‍ പൊലീസിനായിട്ടില്ല. അഴിമതിക്കേസില്‍ സസ്‌പെന്‍ഷന് വിധേയനായ ഉദ്യോഗസ്ഥനെയാണ് ആദ്യം അന്വേഷണത്തിന് നിയോഗിച്ചിരുന്നത്. കേസില്‍ സര്‍ക്കാരിനെതിരെ അതൃപ്തി രേഖപ്പെടുത്തിയിരിക്കയാണ് ജിഷ്ണുവിന്റെ കുടുംബം.
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ വളരെ ഗുരുതരമായതാണ്. ജാതിപ്പേര് വിളിച്ചതിന് പ്രിന്‍സിപ്പലിനെതിരെ അന്വേഷണത്തിന് സംസ്ഥാന പട്ടിക ജാതി വര്‍ഗ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്്‌ലിംലീഗ് പാര്‍ലമെന്ററി കക്ഷിനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് വി.എം സുധീരന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരെല്ലാം സമരത്തിന് ആധാരമായ പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി എന്നീ സംഘടനകള്‍ സമരത്തില്‍ സജീവമാണ്. രണ്ടാഴ്ചക്കുശേഷം വിദ്യാഭ്യാസ വകുപ്പ് കുട്ടികളുമായി ചര്‍ച്ച നടത്തിയ ശേഷം സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ഉപ സമിതിയെ പ്രശ്‌നം പഠിക്കാന്‍ നിയോഗിച്ചിരിക്കുകയാണ്. ഉപ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടിയെടുക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. കാരണം എസ്.എഫ്.ഐയോട് സമരത്തില്‍ നിന്ന് പിന്തിരിയാന്‍ സി.പി.എം ജില്ലാ നേതൃത്വം സമ്മര്‍ദം ചെലുത്തുന്നുവെന്ന വാര്‍ത്തയാണ് ഇതിനകം പുറത്തുവന്നിരിക്കുന്നത്. പ്രിന്‍സിപ്പലിന്റെ കാര്യത്തില്‍ സി.പി.എമ്മിന്റെ കൂടയില്‍ തന്നെയാണ് പൂട. ലോ അക്കാദമിയിലെ സമരം വിദ്യാര്‍ഥികളുടേത് മാത്രമാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുമാത്രം എന്താണ് ഈ പ്രിന്‍സിപ്പലുമായി സി.പി.എമ്മിന് ബന്ധം എന്നാണ് ജനം സംശയിക്കുന്നത്. മുഖ്യമന്ത്രിയുടെ കക്ഷിയുടെ പിന്തുണയുള്ള ടി.വി ചാനലിലെ സ്ഥിരം അവതാരകയാണ് പാചക വിദഗ്ധയായ ഈ വനിതാപ്രിന്‍സിപ്പല്‍.
അഴിമതിക്കേസില്‍പെട്ട സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരിലൊരാളായ ടോം ജോസിനെ സംരക്ഷിക്കുന്നതിനെതിരെ വിജിലന്‍സ് കോടതി ചീഫ് സെക്രട്ടറിയെ രൂക്ഷമായി വിമര്‍ശിച്ചത് സര്‍ക്കാരിനെ കൂടിയാണ്. മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കിയതിനുശേഷം ജനം അറിഞ്ഞാല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനം വിവരാവകാശ നിയമത്തിനെതിരാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടും അദ്ദേഹം പിറകോട്ടില്ല. ഇതിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി രംഗത്തുവന്നതോടെ മുഖ്യമന്ത്രി തന്നെ ഫെയ്‌സ്ബുക്കിലൂടെ കാനത്തിന് താക്കീത് നല്‍കി. പഴയ സര്‍ക്കാരിനെ പോലെയാണ് ഈ സര്‍ക്കാരുമെന്ന് പ്രചരിപ്പിക്കുന്നത് ഇടതുപക്ഷത്തിന് യോജിച്ചതല്ലെന്നാണ് പിണറായി വിജയന്‍ പറയുന്നത്. സത്യത്തില്‍ തങ്ങള്‍ പ്രധാനപ്പെട്ട ബഹൂഭൂരിപക്ഷം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ നേതാക്കളാണെന്നത് അവര്‍ മറക്കുന്നു. മാവോയിസ്റ്റ്‌വേട്ട, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോര്, റേഷന്‍ വെട്ടിക്കുറക്കല്‍, വിലക്കയറ്റം, സ്വാശ്രയ പ്രശ്‌നം എന്നിവയിലൊക്കെ ഇരു പാര്‍ട്ടികളും രണ്ടു തട്ടിലാണെന്ന് വരുത്തിത്തീര്‍ത്ത് സര്‍ക്കാരിനെതിരായ ജന വികാരത്തെ തണുപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് ബുദ്ധിബോധമുള്ളവര്‍ക്ക് മനസ്സിലാകും.
കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള റെക്കോര്‍ഡ് വിലക്കയറ്റം നാട്ടുകാരുടെ നടുവൊടിക്കുകയാണ്. അരി കിലോക്ക് 15 രൂപ വരെ കൂടിയതിനെതിരെ ഒരക്ഷരം മിണ്ടാന്‍ കാനത്തിനാവുന്നില്ല. പലവ്യഞ്ജനങ്ങളുടെയും പച്ചക്കറിയുടെയും വില വാണം പോലെ കുതിക്കുന്നു. ഇടതു ഭരണത്തില്‍ കമ്യൂണിസ്റ്റുകളായ മാവോയിസ്റ്റുകള്‍ക്കും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും വിവരാവകാശപ്രവര്‍ത്തകര്‍ക്കും ജനത്തിനുതന്നെയും രക്ഷയില്ലെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ഏതായാലും എല്ലാം ശരിയാകും എന്നുപറഞ്ഞ് അധികാര സോപാനത്തിലേറിയവരിപ്പോള്‍ ചക്കരക്കുടത്തില്‍ നിന്ന് തലയല്‍പ്പം പുറത്തേക്കിട്ട് ഇടക്കൊന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും.