Connect with us

Video Stories

ഈ കൂട്ടക്കൊലകള്‍ ആര്‍ക്കുവേണ്ടിയാണ്

Published

on


കേരളത്തിലെ അഞ്ച് ഉപതെരഞ്ഞെടുപ്പുകളുടെ ഫലംവന്ന ദിവസം ഒക്ടോബര്‍ 24ന് വൈകീട്ട് മലപ്പുറം താനൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ 35കാരനായ ഇസ്ഹാഖിനെ മാര്‍ക്‌സിസ്റ്റുകാര്‍ വെട്ടിക്കൊന്നശേഷം, പാലക്കാട് വാളയാറില്‍ ലൈംഗിക പീഡന മരണത്തിലെ പ്രതികള്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെട്ട ദിവസങ്ങളില്‍ മറ്റ്് നാലു മനുഷ്യരെക്കൂടി സംസ്ഥാനത്ത് സര്‍ക്കാര്‍ വെടിവെച്ചുകൊന്നിരിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മാവോയിസത്തിന്റെ പേരിലുള്ള ഏഴാമത്തെ കൊലപാതകമാണിത്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ നേരിട്ടുള്ള ആസൂത്രണത്തിലായിരുന്നു ഇസ്്ഹാഖിനെ കൊലപ്പെടുത്തിയതെങ്കില്‍, പാലക്കാട് അട്ടപ്പാടി വനത്തിനകത്തെ കൂട്ടക്കൊല ഇതേ പാര്‍ട്ടി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ തോക്കിന്‍ കുഴലിലൂടെയാണെന്ന വ്യത്യാസം മാത്രം. രാഷ്ട്രീയ എതിരാളികള്‍ക്കുനേരെ സി.പി.എം നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ മറ്റൊരു വികൃത മുഖമാണിത്.
കേരള പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് സേനാവിഭാഗമാണ് അട്ടപ്പാടി വനത്തിലെ ആനക്കട്ടി മഞ്ചങ്കണ്ടിയില്‍ തമിഴ്‌നാട്, കര്‍ണാടക സ്വദേശികളായ യുവാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയത്. തീവ്രവാദികള്‍ വെടിവെച്ചെന്നും സേനാംഗങ്ങള്‍ തിരിച്ച് വെടിവെച്ചെന്നുമാണ് പൊലീസ് മേധാവി പറയുന്നത്. കര്‍ണാടക സ്വദേശി മണിവാസകം, ചിക്മംഗളൂര്‍ സ്വദേശിനി ശ്രീമതി, തമിഴ്‌നാട്ടുകാരായ കാര്‍ത്തി, സുരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറും തിങ്കളുമായി നടന്ന വെടിവെപ്പില്‍ നിരോധിത കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ കബനീദളം വിഭാഗത്തിന്റെ തലവനാണ് കൊല്ലപ്പെട്ട മണിവാസകം. ഇയാള്‍ രോഗിയുമാണെന്ന് പറയുന്നു. ഇയാളുള്‍പ്പെടെ ഏതാനുംപേര്‍ സംഘടനയുമായി ബന്ധപ്പെട്ട് പശ്ചിമഘട്ട മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണെന്നാണ് പൊലീസ് ഭാഷ്യം. മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിച്ചുവരുന്ന തണ്ടര്‍ബോള്‍ട്ട് സേനയിലെ ഏതാനും പേരാണ് ഓപറേഷനില്‍ പങ്കെടുത്തത്. കൊല്ലപ്പെട്ടവരില്‍നിന്ന് എ.കെ 47 തോക്ക് അടക്കമുള്ള ആയുധ സാമഗ്രികള്‍ കണ്ടെടുത്തതായി പൊലീസ് പറയുന്നു. 2016 നവംബറിലും സമാനരീതിയില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസ് സേന മലപ്പുറം നിലമ്പൂര്‍ വനത്തിനുള്ളില്‍ രണ്ടുപേരെ വെടിവെച്ചുകൊലപ്പെടുത്തുകയുണ്ടായി. പൊലീസിന്റെ വീര്യംകുറക്കുന്ന യാതൊന്നും താന്‍ പറയില്ലെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് അന്ന് പുറത്തുവന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ വയനാട് ലക്കിടിയിലും സി.പി ജലീല്‍ എന്നയാളെ കൊലപ്പെടുത്തി. എന്നാല്‍ ബന്ധുക്കള്‍ ഇയാളുടെ മാവോയിസ്റ്റ് ബന്ധം നിഷേധിച്ചു.
അത്യപൂര്‍വമായി മാത്രമാണ് കേരളത്തില്‍ മാവോയിസ്റ്റ് തീവ്രവാദം പ്രത്യക്ഷപ്പെടുന്നത് എന്നതിനാല്‍ സര്‍ക്കാരിന്റെ നടപടി വലിയ തോതിലുള്ള പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. കേരളത്തിന്റെ പൊലീസ് സേനയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ സമീപനമാണ് ഇതോടെ മാറ്റിമറിക്കപ്പെടുന്നത്. ബലപ്രയോഗത്തിലും സായുധ പരിപാടികളിലുമാണ് കമ്യൂണിസ്റ്റ് സിദ്ധാന്തമെന്ന നിലക്ക് അവര്‍ ഭരിക്കുമ്പോള്‍ ആളുകളെ വെടിവെച്ച് കൊല്ലുന്നതില്‍ താത്വികമായി അത്ഭുതം കൂറേണ്ട കാര്യമില്ല. എന്നാല്‍ ജനാധിപത്യ സംവിധാനത്തിന് കീഴിലാണ് അവര്‍ ഇവിടെ തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതും അധികാരത്തിലിരിക്കുന്നതും എന്നതിനാല്‍ സര്‍ക്കാരിന്റെ നിലപാടിനെ ന്യായീകരിക്കാന്‍ കഴിയില്ല. അക്ഷരാഭ്യാസത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടി പൊരുതുന്ന സംഘടനയാണ് സി.പി.എമ്മാദി ഇന്ത്യന്‍ ഇടതുപക്ഷ കക്ഷികളെന്നാണ് വെപ്പ്. ഇവര്‍ ഭരിക്കുമ്പോള്‍തന്നെ, കവി സച്ചിദാനന്ദന്‍ പറഞ്ഞതുപോലെ, മറ്റൊരു ഇടതുപക്ഷ സംഘടനയെ വെടിയുണ്ടയിലൂടെ ഇല്ലാതാക്കുന്നതിനെ എന്തിന്റെ പേരു പറഞ്ഞാണ് ന്യായീകരിക്കുക.
2014 ഡിസംബറില്‍ പാലക്കാട്ട് അഗളിയില്‍ വനം വകുപ്പിന്റെ ഓഫീസ് തീവെച്ചതുമായി ബന്ധപ്പെട്ടും അതേദിവസംതന്നെ പാലക്കാട് ചന്ദ്രനഗറില്‍ മക്‌ഡോണാള്‍ഡ്‌സ് റെസ്റ്റോറന്റ് ആക്രമിച്ചതുമായി ബന്ധപ്പെട്ടും മാവോയിസ്റ്റുകള്‍ക്കുനേരെ സംശയം ഉയര്‍ന്നിരുന്നു. അന്ന് കേരളത്തിലെ രൂപേഷ്-ഷൈനി ദമ്പതികളെ പൊലീസ് പിടികൂടുകയും പിന്നീട് തമിഴ്‌നാട്ടിലെ കേസിലേക്ക് അവരെ കൈമാറുകയും ചെയ്തു. ഇടക്ക് ചില വനപ്രദേശങ്ങളില്‍ ലഘുലേഖകള്‍ പ്രത്യക്ഷപ്പെടുന്നതൊഴിച്ചാല്‍ കേരളത്തിലെന്നല്ല, തെക്കേ ഇന്ത്യയിലെവിടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയോ പൊലീസിന്റെയോ നേര്‍ക്ക് കാര്യമായ ആക്രമണം ഇതുവരെയും മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നതും അഗളിയില്‍ രാത്രിയാണ് ആക്രമണം നടന്നതെന്നതും ജീവഹാനിക്ക് തങ്ങളില്ലെന്ന സൂചനയാണ്. വയനാട്ടില്‍നിന്ന് ഇടക്ക് മാവോയിസ്റ്റുകളെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ വനംകൊള്ളക്കാരാണെന്ന സംശയങ്ങളുണ്ടുതാനും.
മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് കായിക-ആയുധ ബലം കൊണ്ട് പരിഹാരം കാണുന്നത് കാട്ടാള നിയമമാണ്. ജനാധിപത്യത്തില്‍ ബാലറ്റും നീതിപീഠവുമാണ് പ്രതിഷേധക്കാരുടെ ആയുധം. ചാലക്കുടിയിലും കൊച്ചിയിലും നടന്ന അക്രമങ്ങളില്‍ പിടികൂടിയവരെ അനുകൂലിച്ചുകൊണ്ട് ഹൈക്കോടതി ഇത് ചൂണ്ടിക്കാട്ടിയതാണ്. ആശയത്തെ കൊലപ്പെടുത്തേണ്ടത് മനുഷ്യരെ വധിച്ചല്ല. പിണറായി സര്‍ക്കാര്‍ ഇത് മുഖവിലക്കെടുക്കുന്നില്ലെന്ന് വരുന്നത്, അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഇടതുപക്ഷാശയങ്ങളോട് ഇത്ര ശത്രുതയോ എന്ന സന്ദേഹമുയര്‍ത്തുന്നു. അതേസമയം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ട് തുടങ്ങിയ വനാധിഷ്ഠിത സംസ്ഥാനങ്ങളില്‍ ഖനി മാഫിയക്കെതിരെയും ആദിവാസി സംരക്ഷണത്തിനെന്നും പറഞ്ഞ് നക്‌സലൈറ്റുകള്‍ നടത്തുന്ന ബന്ധിയാക്കല്‍ കൊലപാതകങ്ങള്‍ നേരിടേണ്ടതുതന്നെയാണെന്നതില്‍ സംശയമില്ല. ഈ സര്‍ക്കാരിന്റെ പൊലീസ് കാരണം കേരളത്തില്‍ കസ്റ്റഡിയിലും മറ്റുമായി ഇതിനകം മരിച്ചുവീണത് അമ്പതോളം പേരാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബി.ജെ.പിക്കും വ്യാജ ഏറ്റുമുട്ടലിനുമെതിരെ സുപ്രീംകോടതിയുടെ നിരവധി വിധികളുണ്ടായിട്ടും പഠിക്കാത്തവരാണോ കേരളം ഭരിക്കുന്നത്? അതോ, വാളയാറിലെ മരിച്ചപെണ്‍കുട്ടികളുടെ കേസ് തേച്ചുമായ്ച്ചുകളഞ്ഞ കേരളപൊലീസിന്റെ വീര്യം ഇനിയും കൂട്ടാനാണോ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ പൗരന്മാരെ വീണ്ടും വീണ്ടും പച്ചക്ക്് വെടിവെച്ചു കൊല്ലുന്നത് ?

Video Stories

ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായര്‍; പ്രതിപക്ഷ നേതാവ്‌

കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാണ്‌ എംടി.

Published

on

തിരുവനന്തപുരം : ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു. ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കിക്കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞുനിന്ന എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തതു കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളതുനേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ്‌റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല.അങ്ങനെയുള്ളവരാണു കാലത്തെ അതിജീവിക്കുന്നത്.

ആ പേനയില്‍നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്നു ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എംടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം. ‘നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്കു പറയാനറിയാം. ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല’- എന്ന് എംടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അര്‍ഥവത്താണ്. അതു ജീവിതം കൊവ തെളിഞ്ഞതുമാണ്. മനുഷ്യനെ ചേര്‍ത്തുനിര്‍ത്തിയ സ്‌നേഹസ്പര്‍ശം.

Continue Reading

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Trending