തിരുവനന്തപുരം പേരൂര്‍ക്കടയിലെ ലോ അക്കാദമി ലോകോളജ് പ്രിന്‍സിപ്പലിന്റെ വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ക്കെതിരെ അവരെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസമായി വിദ്യാര്‍ഥികള്‍ ജനകീയ പിന്തുണയോടെ നടത്തിവന്ന സമരത്തിന്റെ വിജയം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ തങ്ക ലിപികളില്‍ കോര്‍ത്തുവെക്കാവുന്ന ഒന്നാണ്. വിദ്യാഭ്യാസ രംഗത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുന്ന വിധത്തില്‍ കഴിഞ്ഞ കുറച്ചുകാലമായി സ്വകാര്യ വിദ്യാഭ്യാസ മാനേജ്‌മെന്റുകള്‍ നടത്തിവരുന്ന പ്രതിലോമകരമായ നടപടികള്‍ക്കും അതിന് ഒത്താശ ചെയ്യുന്ന രാഷ്ട്രീയ പകല്‍മാന്യന്മാര്‍ക്കുമുള്ള ചുട്ട മറുപടിയായിരിക്കുന്നു ഈ സമര വിജയം.
ഇതിന് കാരണക്കാര്‍ ത്യാഗപൂര്‍ണമായി സമരം നടത്തിയ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളോടൊപ്പം കേരളത്തിന്റെ പൊതുമനസ്സുമാണ്. വിദ്യാഭ്യാസ മേഖലയെ സേവനത്തിനു പകരം കച്ചവടമായും വിദ്യാര്‍ഥികളെ ഉത്പന്നമായും കാണുന്നവര്‍ക്കുള്ള കനത്ത മുന്നറിയിപ്പ്്. സ്വകാര്യ കോളജ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ നിയമമില്ലെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് ജനഹിതത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നിരിക്കുന്നു. ജനകീയ സമരത്തെ പിന്നില്‍ നിന്ന് കുത്തുന്നതായിപ്പോയി സി.പി.എമ്മിന്റെയും എസ്.എഫ്.ഐയുടെയും നടപടി.
ഈ വഴിക്കു തന്നെയാണ് ബി.ജെ.പിയും നീങ്ങുന്നതെന്ന സൂചനയാണ് ലോ കോളജില്‍ നിരാഹാരമനുഷ്ഠിച്ചതിന്റെ ക്ഷീണം മാറും മുമ്പ് ബി.ജെ.പി നേതാവ് വി. മുരളീധരന്‍ വിദ്യാര്‍ഥി മരിച്ച പാമ്പാടി നെഹ്‌റു കോളജിന്റെ മാനേജുമെന്റുമായി ഇന്നലെ നടത്തിയ അനുരഞ്ജന ചര്‍ച്ച.
വിദ്യ അര്‍ഥിച്ചെത്തുന്നവരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെടുത്ത ശേഷം അവരെ ജാതിപ്പേരു വിളിച്ചും ഹോട്ടല്‍ പണിയെടുപ്പിച്ചും ഒളിക്യാമറ വെച്ചും ഇടിമുറിയിലിട്ടും ചൂഷണം ചെയ്യുന്നവര്‍ക്കുള്ള താക്കീതാണ് ലോ കോളജ് സമരത്തിന്റെ വിജയം.
ഇത്തരക്കാരുമായി രഹസ്യമുറിയില്‍ ഒത്തുതീര്‍പ്പുണ്ടാക്കി വിദ്യയെ വില്‍ക്കാന്‍ കൂട്ടുനില്‍ക്കുന്ന ഒറ്റുകാര്‍ക്കുള്ള മറുപടി കൂടിയാണിത്. ഒരു വനിതയുടെ ധന ധാര്‍ഷ്ട്യത്തിനുമുന്നിലെ പെണ്ണൊരുമയുടെ വിജയവും. എങ്കിലും ഒരാള്‍ റോഡില്‍ കൊല്ലപ്പെടുകയും രണ്ടു വിദ്യാര്‍ഥികള്‍ ആത്മഹത്യാഭീഷണി മുഴക്കുകയും വേണ്ടി വന്നു ജനഹിതത്തിന് വഴങ്ങാനെന്നത് വിജയാരവങ്ങള്‍ക്കിടയിലും ഉയരുന്ന ആശങ്കയാണ്. വിശേഷിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പരാജയം കൂടിയാണ് ഇതിലൂടെ വ്യക്തമായത്. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ, ബി.ജെ.പി നേതാക്കളായ വി. മുരളീധരന്‍, വി.വി രാജേഷ് എന്നിവരുടെ നിരാഹാരവും ഫലം കണ്ടിരിക്കുന്നു.
കുറ്റക്കാരിയായ പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്തുകയും പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ അപേക്ഷ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചു വര്‍ഷത്തേക്ക് മാറ്റിനിര്‍ത്തപ്പെട്ട പ്രിന്‍സിപ്പല്‍ ഇടക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പ്‌വരുത്തേണ്ടത് ഇനി സര്‍ക്കാരിന്റെ ചുമതലയാണെന്ന് കരാറില്‍ പറയുന്നു. സമരം കത്തിനില്‍ക്കുന്നതിനിടെ എല്ലാം ശരിയാക്കിയെന്നവകാശപ്പെട്ട് കോളജ് മാനേജ്‌മെന്റിന് അനുകൂലമായ നിലപാടെടുത്ത് സമരത്തില്‍ നിന്ന് പിന്മാറിയ എസ്.എഫ്.ഐക്ക് ഇന്നലെ വിദ്യാഭ്യാസ മന്ത്രിയുമായുള്ള മൂന്നാംവട്ട ചര്‍ച്ചയില്‍ പുതിയ കരാറിലും ഒപ്പിടാന്‍ തോന്നിയതിലെ രാഷ്ട്രീയ വിരുത് അല്‍ഭുതം തന്നെ.
കെ.എസ്.യു, എം.എസ്.എഫ്, എ.ഐ.എസ്.എഫ് എന്നീ സംഘടനകളാണ് ആദ്യം സമരവുമായി രംഗത്തിറങ്ങുന്നത്. ഇവരും എ.ബി.വി.പിയും ‘വിദ്യാര്‍ഥി ഐക്യ’വുമാണ് ഇന്നലെനടന്ന ഒത്തുതീര്‍പ്പിന് തയ്യാറായത്. കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി പി.നായരെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവുമായായിരുന്നു മേല്‍സംഘടനകള്‍ ജനുവരി ഒമ്പതിന് കോളജ് പടിക്കല്‍ പന്തല്‍ കെട്ടി സമരം ആരംഭിച്ചത്. ശേഷം അപമാനം ഭയന്ന് എസ്.എഫ്.ഐയും സമര രംഗത്തേക്ക് കടന്നുവന്നു.
ഇടക്കുണ്ടായ ചര്‍ച്ചയില്‍ പ്രിന്‍സിപ്പലിനെ അഞ്ചുവര്‍ഷത്തേക്ക് മാറ്റിനിര്‍ത്തുമെന്ന് കരാറില്‍ പറഞ്ഞിരുന്നെങ്കിലും അത് ലംഘിച്ച് പ്രിന്‍സിപ്പല്‍ കോടതിയെ സമീപിക്കാനുള്ള സാധ്യത മറ്റു വിദ്യാര്‍ഥികള്‍ ഉന്നയിച്ചെങ്കിലും കരാറിന് വഴങ്ങുകയാണ് ഏറെക്കാലത്തെ വിദ്യാര്‍ഥി സംഘടനാപാരമ്പര്യമുള്ള എസ്.എഫ്.ഐ ചെയ്തത്.
സമാന നിലപാടായിരുന്നു കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗത്തിലെ സി.പി.എം പ്രതിനിധികളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും. ഇത് വിദ്യാര്‍ഥി സമരം മാത്രമാണെന്ന വാദമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉയര്‍ത്തിയതെങ്കിലും വി.എസ് അച്യുതാനന്ദനും മുന്നണി ഘടകക്ഷിയായ സി.പി.ഐയും പ്രശ്‌നം കത്തിച്ചുനിര്‍ത്തിയതിന് സി.പി.എമ്മില്‍ നിന്നും മുഖ്യമന്ത്രിയില്‍ നിന്നും അവര്‍ക്ക് കണക്കിന് കിട്ടി.
തൃശൂര്‍ പാമ്പാടിയിലെ നെഹ്‌റു എഞ്ചിനിയറിങ് കോളജില്‍ ഒന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ജനുവരി ഏഴിന് കോളജ് ഹോസ്റ്റലില്‍ ദുരൂഹ നിലയില്‍ മരണപ്പെട്ടതാണ് ലോ കോളജിലെ സമരത്തിനും പ്രചോദനമായത്.
പരീക്ഷയില്‍ കോപ്പിയടിച്ചുവെന്ന് പറഞ്ഞ് കോളജ് മാനേജ്‌മെന്റ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതാണ് മരണത്തിന് ഹേതു. സമ്മര്‍ദത്തെതുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് വിട്ടെങ്കിലും ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കോട്ടയം മറ്റക്കരയിലെ ടോംസ് എഞ്ചി. കോളജ്, കണ്ണൂര്‍ വിമല്‍ ജ്യോതി എഞ്ചി. കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമാനമായ പ്രതിഷേധമുയരുകയുണ്ടായെങ്കിലും ലോകോളജ് സമരത്തിന് മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും നല്‍കിയ പിന്തുണ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്.
1968ല്‍ സര്‍ക്കാര്‍ നല്‍കിയ 11.49 ഏക്കറിലാണ് ലോ അക്കാദമി ട്രസ്റ്റ് എന്ന രീതിയിലാരംഭിച്ച കോളജ് പ്രവര്‍ത്തിച്ചുവന്നിരുന്നതെന്നും ഇവിടെ സ്വന്തക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും മാര്‍ക്ക് ദാനം പതിവായിരുന്നുവെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിരിക്കയാണ്. വനിതാപ്രിന്‍സിപ്പലും അവരുടെ പിതാവും സഹോദരങ്ങളുമടങ്ങുന്ന ട്രസ്റ്റിനാണ് കോളജ് ചുമതല. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പിയാണ് സ്വാതന്ത്ര്യ സമര സേനാനിയും തിരുകൊച്ചി മന്ത്രിയുമായിരുന്ന നടരാജപിള്ളയില്‍ നിന്ന് ഈ ഭൂമി പിടിച്ചെടുത്തത്.
പിന്നീട് ഇ.എം.എസ്, കെ. കരുണാകരന്‍ മന്ത്രിസഭകള്‍ സദുദ്ദേശ്യത്തോടെ ഭൂമി കൈമാറുകയായിരുന്നു. കരാറിനു വിരുദ്ധമായി ഇതിലിപ്പോള്‍ ഹോട്ടലും സഹകരണ ബാങ്കുമൊക്കെയാണ് കോളജിനുപുറമെ പ്രവര്‍ത്തിച്ചുവരുന്നത്. ഫലത്തില്‍ കേരളത്തെ മുഴുവന്‍ വഞ്ചിക്കുകയാണ് അക്കാദമി ചെയതത്. റവന്യൂ വകുപ്പ് അന്വേഷിക്കുന്ന ഭൂമിയുടെ കാര്യത്തിലും വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ചതിന് പട്ടിക വര്‍ഗ കമ്മീഷന്‍ നിര്‍ദേശ പ്രകാരം എടുത്ത കേസിന്റെ കാര്യത്തിലും സി.പി.എമ്മും സര്‍ക്കാരും ഇനിയും ഒളിച്ചുകളി നടത്തരുത്. ജിഷ്ണുവിന്റെ കുടുംബത്തിന്റെ പരാതിക്കും നെഹ്‌റു കോളജ് അടക്കമുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥി പീഡനങ്ങള്‍ക്കും അറുതിവരുത്താനാകണം ഇനി സര്‍ക്കാര്‍ ശ്രമം.