Connect with us

Video Stories

നീതിയെ വേട്ടയാടുന്ന ഭരണകൂടം

Published

on


ബി.ജെ.പിയുമായി ഫാസിസത്തെ ചേര്‍ത്തുനിര്‍ത്തുന്ന നിരവധി ഘടകങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ ഉത്തര്‍പ്രദേശ് മുഖ്യമുന്ത്രി യോഗ് ആദിത്യനാഥ് വരെയുള്ളവര്‍ പിന്തുടരുന്ന നയങ്ങളില്‍ ഫാസിസത്തിന്റെ ചേരുവകള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രകടവുമാണ്. യോഗി ആദിത്യനാഥാണ് ഇക്കാര്യത്തിന്‍ മുമ്പന്‍. നിരവധി സംഭവങ്ങള്‍ യോഗിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കി നിരപരാധികളെ വേട്ടയാടുന്ന ഒട്ടേറെ സംഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഡോ. കഫീല്‍ഖാനെതിരെ കള്ളക്കേസെടുത്ത് അദ്ദേഹത്തെ ജയിലിലടച്ച സംഭവം. ഗോരഖ്പൂരില്‍ 60 കുട്ടികള്‍ മരിച്ച സംഭവം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സംബന്ധിച്ച ഏറെക്കുറെ വ്യക്തിപരം കൂടിയായിരുന്നു. 12ാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി ആയി 26-ാം വയസ്സില്‍ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത് ഖൊരഖ്പൂരില്‍ നിന്നാണ്. പിന്നീട് തോല്‍വി അറിയാതെ എല്ലാ തിരഞ്ഞെടുപ്പിലും അദ്ദേഹം ഖൊരഖ്പൂരില്‍ നിന്ന് ലോക്‌സഭയിലെത്തി. ലോക്‌സഭാ എം.പിയായിരിക്കെയാണ് 44ാം വയസ്സില്‍ യോഗി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്. തീവ്ര ഹിന്ദുത്തിന് അപ്പുറം തീവ്ര മുസ്‌ലിം വിരുദ്ധത മുഖമുദ്രയാക്കിയ നേതാവിന് കിട്ടിയ അംഗീകാരമായാണ് യോഗിയുടെ മുഖ്യമന്ത്രി പദത്തെ ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. മറ്റൊന്നു കൂടിയുണ്ട്, മഹന്ത് ദിഗ് വിജയ് നാഥിന്റെ നേതൃത്വത്തിലായിരുന്നു 1949 ല്‍ ബാബറി മസ്ദിജ് പിടിച്ചെടുക്കാനുള്ള ശ്രമം നടന്നത്. ദിഗ് വിജയ് നാഥിന്റെ പിന്‍ഗാമി മഹന്ത് അവൈദ്യനാഥിന്റെ പിന്‍ഗാമിയാണ് യോഗി ആദിത്യനാഥ്.
2017 ഓഗസ്റ്റിലാണ് ഗോരഖ്പൂരിലെ ബാബ രാഘവദാസ് മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ 60 കുട്ടികള്‍ കൊല്ലപ്പെട്ടത്. ഓക്‌സിജന്‍ വിതരണ കമ്പനിക്ക് ബില്‍തുക നല്‍കുന്നതിലുണ്ടായ കാലതാമസാണ് ഓക്‌സിജന്‍ ക്ഷാമത്തിന് കാരണമായതും പിഞ്ചുകുഞ്ഞുങ്ങള്‍ ദാരുണമായി മരിക്കുന്നതിന് ഇടയാക്കിയതും. ഭരണപരാജയം അടയാളപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ പ്രതികൂട്ടലാക്കപ്പെട്ട ദിവസങ്ങളായിരുന്നു അത്. യോഗി ആദിത്യനാഥിന്റെ സ്വന്തം തട്ടകമായ ഗോരഖ്പൂരില്‍ നടന്ന ദുരന്തം യു.പി മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് ഏല്‍പിച്ച കളങ്കം ചെറുതല്ല. ഉത്തരവാദിത്തത്തില്‍ നിന്ന് വഴുതിമാറാന്‍ യു.പി സര്‍ക്കാരുണ്ടാക്കിയ കഥയില്‍ വില്ലനായി തീരുകയായിരുന്നു ഡോ. കഫീല്‍ഖാന്‍. കുട്ടികളുടെ മരണം പുറംലോകത്തെത്തിച്ചതും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമവുമാണ് യോഗി സര്‍ക്കാരിനെ ചൊടിപ്പിച്ചത്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഡോക്ടറെ ജയിലിലടച്ചായിരുന്നു സര്‍ക്കാര്‍ പ്രതികരിച്ചത്. ഒമ്പത് മാസത്തിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിക്കാതിരിക്കാന്‍ അധികാരസീമകള്‍ ലംഘിച്ചും സര്‍ക്കാര്‍ ശ്രമം നടത്തി.
അഴിമതി, ചികിത്സാ പിഴവ്, കൃത്യനിര്‍വഹണത്തിലെ വീഴ്ച, സ്വകാര്യ ചികിത്സ തുടങ്ങിയ കുറ്റങ്ങളാണ് കഫീല്‍ഖാനെതിരെ ചുമത്തിയത്. 60 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവം ദേശീയശ്രദ്ധ നേടിയതോടെ, കഫീല്‍ഖാന് അനനുകൂലമായി മാധ്യമങ്ങള്‍ രംഗത്തെത്തിയെങ്കിലും യു.പി സര്‍ക്കാര്‍ തെറ്റ് തിരുത്തിയില്ല. പകരം കഫീല്‍ഖാനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസ് ബലപ്പെടുത്തി. ജനാധിപത്യ വാദികളുടേയും മാധ്യമങ്ങളുടേയും വായടപ്പിക്കുന്നതിന് ഒരു അന്വേഷണവും പ്രഖ്യാപിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹിമാന്‍ഷു കുമാറി (സ്റ്റാമ്പ്സ് & രജിസ്റ്റ്രേഷന്‍ ഡിപ്പാര്‍ട്മെന്റ്) നായിരുന്നു അന്വേഷണ ചുമതല.
അന്വേഷണ റിപ്പോര്‍ട്ടില്‍ ഡോ.കഫീല്‍ഖാനെ കുറ്റവിമുക്തനാക്കിയെന്ന് മാത്രമല്ല, അന്നേ ദിവസം സാധ്യമായ എല്ലാ ശ്രമങ്ങളും കഫീല്‍ഖാന്‍ നടത്തിയെന്നും ഓക്സിജന്‍ ദൗര്‍ലഭ്യത്തെക്കുറിച്ച് മുന്‍ കൂട്ടി അറിയിച്ചിരുന്നെന്നും ചൂണ്ടിക്കാട്ടുന്നു. കഫീല്‍ഖാന്‍ 54 മണിക്കൂറിനുള്ളില്‍ 500 ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരുന്നെന്നും ഡോക്ടര്‍ക്ക് എതിരെ ഉന്നയിച്ച ആരോപണം നിലനില്‍ക്കുന്നതല്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഓക്സിജന്‍ സിലിണ്ടറുകളുടെ കരാര്‍, സംരക്ഷണം തുടങ്ങിയവയുടെ ഉത്തരവാദിത്വം താരതമ്യേന ജൂനിയര്‍ ഡോക്ടറായിരുന്ന കഫീല്‍ഖാന് ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഓക്സിജന്‍ കുറവാണെന്ന കാര്യം ആദ്യം അറിയിക്കാത്തതാണ് കുട്ടികളുടെ കൂട്ട മരണത്തിന് കാരണമായതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇതിന്റെ പേരിലാണ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ സര്‍ക്കാരിന്റെ ആരോപണങ്ങള്‍ പൂര്‍ണമായി അസത്യമായിരുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. മനുഷ്യ ജീവനോട് കരുണ കാട്ടിയ ഡോ.കഫീല്‍ഖാനെതിരെ സര്‍ക്കാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തെറ്റാണെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും തുടര്‍ന്നും അദ്ദേഹത്തെ വേട്ടയാടുമെന്ന് യു.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കഫീല്‍ ഖാന് യാതൊരു വിധത്തിലുമുള്ള ക്ലീന്‍ ചിറ്റും നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഏറ്റവുമൊടുവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഫീല്‍ ഖാനെതിരായി വകുപ്പ് തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ നടപടിയെടുത്തിട്ടില്ലെന്ന് മാത്രമാണ് സര്‍ക്കാരിന്റെ വാദം. നാല് കേസുകളില്‍ രണ്ടെണ്ണം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് പറയുന്ന യു.പി സര്‍ക്കാരിന് കഫീല്‍ഖാനോടുള്ള പക തീര്‍ന്നിട്ടില്ലെന്ന് വ്യക്തം. മാധ്യമങ്ങള്‍ക്ക് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കിയെന്നതാണ് ഒരു കേസ്. സര്‍ക്കാര്‍ വിരുദ്ധവും രാഷ്ട്രീയപരവുമായ പ്രസ്താവനകള്‍ ഡോക്ടര്‍ നടത്തിയെന്നതാണ് മറ്റൊരു ആരോപണം.
ജനാധിപത്യത്തില്‍ നിന്ന് ഫാസിസത്തിലേക്ക് ഭരണകൂടം വഴിമാറുന്നതിനുള്ള ഉദാഹരണമാണ് ഖഫീല്‍ഖാനെതിരായ കേസും യു.പി സര്‍ക്കാര്‍ നിലപാടുകളും. യു.പിയിലെ നിയമവാഴ്ചക്ക് എന്തോ തകരാര്‍ സംഭവിച്ചുവെന്ന് തെളിയിക്കുന്ന ഒരു ഇര മാത്രമാണ് കഫീല്‍ഖാന്‍. ദേശീയ ശ്രദ്ധ ആകര്‍ഷിച്ച നിരവധി ഇരകള്‍ വേറെയുണ്ട്. മാധ്യമ ശ്രദ്ധ കിട്ടാത്ത, ആരാലുമറിയാതെ തടവറകളില്‍ കഴിയുന്ന ആയിരക്കണക്കിന് പേര്‍ ഇതിന് പുറമെയാണ്. അപരാധികളെ ഒപ്പം നിര്‍ത്തി രക്ഷിക്കുകയും നിരപരാധികളെ ശിക്ഷിക്കുകയും ചെയ്യുകയെന്ന നിലപാടാണ് കഫീല്‍ഖാന്‍ സംഭവത്തില്‍ തെളിയുന്നത്. കഫീല്‍ഖാന്‍ നിരപരാധിയാണെന്ന് പ്രഖ്യാപിച്ചാല്‍ സ്വാഭാവികമായും 60 കുട്ടികള്‍ മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കായിരുന്നുവെന്ന ചോദ്യം ഉയരും. അവരെ കണ്ടെത്താന്‍ ഒരു അന്വേഷണം നടത്താനുള്ള ധാര്‍മിക ചുമതലയില്‍ നിന്ന് ആദിത്യനാഥിന്റെ യു.പി സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. കുറ്റവാളികള്‍ ആരാണെന്ന് സര്‍ക്കാരിന് വ്യക്തതയുള്ളതിനാല്‍ ഇങ്ങനെയൊരു അന്വേഷണം ഉണ്ടാകാനുള്ള വിദൂര സാധ്യതപോലുമില്ല. സത്യത്തിന് നേരെ വാതില്‍ കൊട്ടിയടക്കുകയും നീതിനിഷേധത്തിന് കാവല്‍ നില്‍ക്കുകയുമാണ് യു.പി സര്‍ക്കാര്‍. ഈ സര്‍ക്കാരിന് ഫാസിസ്റ്റ് ഭരണകൂടമെന്നല്ലാതെ മറ്റെന്ത് വിശേഷണമാണ് നല്‍കാനാകുക.

Video Stories

ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായര്‍; പ്രതിപക്ഷ നേതാവ്‌

കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാണ്‌ എംടി.

Published

on

തിരുവനന്തപുരം : ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു. ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കിക്കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞുനിന്ന എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തതു കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളതുനേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ്‌റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല.അങ്ങനെയുള്ളവരാണു കാലത്തെ അതിജീവിക്കുന്നത്.

ആ പേനയില്‍നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്നു ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എംടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം. ‘നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്കു പറയാനറിയാം. ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല’- എന്ന് എംടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അര്‍ഥവത്താണ്. അതു ജീവിതം കൊവ തെളിഞ്ഞതുമാണ്. മനുഷ്യനെ ചേര്‍ത്തുനിര്‍ത്തിയ സ്‌നേഹസ്പര്‍ശം.

Continue Reading

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Trending