Connect with us

Video Stories

കെവിന്‍ വധക്കേസ് വിധി പാഠമാകണം

Published

on


‘പഴകിയ തരുവല്ലി മാറ്റിടാം, പുഴയൊഴുകുംവഴി വേറെയാക്കിടാം, കഴിയുമവ മനസ്വിമാര്‍ മനസ്സൊഴിവതശക്യമൊരാളിലൂന്നിയാല്‍’. മഹാകവി കുമാരനാശാന്റെ അര്‍ത്ഥസമ്പുഷ്ടവും കാലിക പ്രസക്തിയുള്ളതുമായ മലയാളത്തിന്റെ വരികള്‍. ഒരു പെണ്‍കുട്ടിക്ക്് പരപുരുഷനിലുണ്ടാകുന്ന പ്രണയമെന്ന ചേതോവികാരത്തെ ആരു തടുത്താലും തടയാനാവില്ലെന്നാണ് കവി ഉണര്‍ത്തുന്നത്. കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ പി. ജോസഫും സഹപാഠിയായിരുന്ന കൊല്ലം തെന്മല സ്വദേശിനി നീനുചാക്കോയും തമ്മിലുണ്ടായ പ്രണയ വിവാഹത്തിന്റെ പേരില്‍ നടന്ന കേരളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയെ ഇതുമായി ചേര്‍ത്തുവായിക്കണം. ഇതുസംബന്ധിച്ച കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ പുറപ്പെടുവിച്ച ശിക്ഷാവിധി അതുകൊണ്ടുതന്നെ പ്രതികളെയും പൊതുസമൂഹത്തെയും സംബന്ധിച്ച് ഏറെ പ്രസക്തവും മുന്നറിയിപ്പിന്റെ സ്വഭാവമുള്ളതുമാണ്. പതിനാല് പ്രതികളില്‍ നാലുപേരെ നേരത്തെ വെറുതെവിട്ട കോടതി ബാക്കിപത്തു പേര്‍ക്കും ഇരട്ട ജീവപര്യന്തം വിധിച്ചത് രാജ്യത്തൊരിടത്തും ഇനിയൊരിക്കലും ഇത്തരത്തിലൊരു വധം സംഭവിച്ചുകൂടെന്ന നിശ്ചയദാര്‍ഢ്യത്തോടെയായിരിക്കണം.
മനുഷ്യജീവന്‍ ദൈവികമാണ്. അതുകൊണ്ടുതന്നെ മറ്റൊരാളുടെ ജീവന്‍ കവര്‍ന്നെടുക്കാനുള്ള അവകാശം മനുഷ്യര്‍ക്കില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ അവളുടെ പൂര്‍ണ സമ്മതത്തോടെ വിവാഹംചെയ്തു എന്നതുകൊണ്ട് 23 വയസ്സുമാത്രം പ്രായമുള്ള ദലിത്ക്രിസ്ത്യന്‍ യുവാവിനെ അതേ ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട വധുവിന്റെ വീട്ടുകാര്‍ നിഷ്‌കരുണം കൊന്ന് പുഴയില്‍തള്ളിയതിനെ സാമാന്യബോധമുള്ള ആര്‍ക്കും നീതീകരിക്കാനാവില്ല. കേസില്‍ വാദികളുടെയും പ്രോസിക്യൂഷന്റെയും സാക്ഷികളുടെയും പ്രതികളുടെയുമൊക്കെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടാണ് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്. ദുരഭിമാനക്കൊലയായി പരിഗണിച്ച് വിധിപ്രസ്താവം പതിമൂന്നുദിവസത്തേക്ക് നീട്ടിവെച്ചതുതന്നെ നീതിപീഠം അതീവ സൂക്ഷ്മതയോടെ കേസിനെ പരിഗണിച്ചുവെന്നതിന് തെളിവാണ്. നീനുവിന്റെ പിതാവ് ചാക്കോയടക്കം നാലു പേരെ മതിയായ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചതും മുഖ്യപ്രതിയും ചാക്കോയുടെ മകനുമായ സാനു ചാക്കോക്ക് ജീവപര്യന്തം ശിക്ഷനല്‍കിയതും കോടതിയുടെ നിഷ്പക്ഷതക്കുള്ള ദൃഷ്ടാന്തമായി.
കൊലപാതകം (302), തട്ടിക്കൊണ്ടുപോകല്‍ (364 എ) എന്നീ വകുപ്പുകളിലായാണ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. എല്ലാവരും നാല്‍പതിനായിരം രൂപ വീതം പിഴയൊടുക്കണം. ഇതില്‍നിന്ന് ഒന്നാം സാക്ഷി അനീഷ് സെബാസ്റ്റ്യന് ലക്ഷം രൂപയും ബാക്കിയുള്ളതില്‍നിന്ന് നീനുവിനും കെവിന്റെ പിതാവിനും തുല്യമായി നല്‍കുകയും വേണം. ഇരട്ട ജീവപര്യന്തം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. അതുകൊണ്ടുതന്നെ താരതമ്യേന ഇളംപ്രായക്കാരായ പ്രതികള്‍ക്ക് പുറത്ത് ശിഷ്ട ജീവിതം തുടരാനാകും. വധശിക്ഷ ഒഴിവാക്കപ്പെട്ടതും ഈയൊരു പരിഗണന വെച്ചുകൊണ്ടാണ്. ജീവപര്യന്തത്തിനുപുറമെ ചില പ്രതികള്‍ക്ക് കഠിന തടവും വിധിച്ചിട്ടുണ്ട്. സംഭവത്തിലെ സുപ്രധാനമായ വസ്തുത താന്‍ സ്‌നേഹിച്ച് വിവാഹം ചെയ്ത കെവിന്റെ വീട്ടുകാരുമൊത്താണ് നീനു ഇപ്പോഴും കഴിയുന്നതെന്നതാണ്. അതുകൊണ്ട് നീനുവിന് നല്‍കുന്ന തുക അര്‍ഹമായതുതന്നെ. കേസ് നടത്തിപ്പിനും മറ്റുമായി കെവിന്റെ പിതാവ് രാജന്‍ എന്ന ജോസഫിന് നല്‍കുന്ന തുകയും അനര്‍ഹമല്ല. സാധാരണയില്‍നിന്ന് ഭിന്നമായി വെറും 90 ദിവസം കൊണ്ടാണ് കേസ് വിചാരണനടത്തി വിധി പറഞ്ഞതെന്നത് മാതൃകാപരമാണ്. അതേസമയം തര്‍ക്കത്തെ കൊലപാതകത്തിലേക്ക് എത്തിച്ചത് പൊലീസിലെ എ.എസ്.ഐ, ഡ്രൈവര്‍ എന്നിവരുടെ കുബുദ്ധികൊണ്ടുകൂടിയാണെന്നത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്.
2018 മെയ് 28നായിരുന്നു കേരളത്തെ ഞെട്ടിച്ച കെവിന്റെ അരുംകൊല. പൊലീസ് മാധ്യസ്ഥതയിലിരിക്കുന്ന പരാതിയായിട്ടും നീനുവിന്റെ സഹോദരന്‍ സാനുചാക്കോയും സുഹൃത്തുക്കളുമാണ് അര്‍ധരാത്രി കെവിനെ കാറില്‍ പിടിച്ചുകെട്ടിക്കൊണ്ടുപോയി ചാലിയക്കര പുഴയില്‍ കൊന്നുതള്ളിയത്. മുങ്ങിമരണം എന്നായിരുന്നു ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് കൊലപാതകമാണെന്ന് തെളിയിക്കാന്‍ പിന്നീട് സാഹചര്യത്തെളിവുകളേ പൊലീസിന് ഉണ്ടായിരുന്നുള്ളൂ. കാറിലെ രക്തക്കറ, കൊല്ലുമെന്ന് രണ്ടാം പ്രതി നിയാസ് ഭീഷണിമുഴക്കിയെന്ന കെവിന്റെ ഫോണ്‍ സന്ദേശം, ചെളി തേച്ച നമ്പര്‍ പ്ലേറ്റ്, മുങ്ങിമരണമല്ലെന്ന പൊലിസ് സര്‍ജന്റെ മൊഴി, പൊലീസുദ്യോഗസ്ഥരുടെയും ജോസഫിന്റെയും നീനുവിന്റെയും മൊഴികള്‍ ഇവയെല്ലാം വിധിക്ക് തുണയായി. കീഴ് ജാതിയില്‍പെട്ടയാളെ വിവാഹം ചെയ്യുന്നത് കുടുംബത്തിന് അപമാനമാകുമെന്ന് പിതാവും മറ്റും പറഞ്ഞതായ നീനുവിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കാമുകനോ ഭര്‍ത്താവോ കൊല്ലപ്പെട്ടാല്‍ സ്വന്തം വീട്ടില്‍ രക്ഷിതാക്കളുടെ തണലിലേക്ക് തിരിച്ചുപോകേണ്ട പെണ്‍കുട്ടി ഭര്‍ത്താവിന്റെ ബന്ധുക്കളോടൊപ്പം പ്രയാസപ്പെട്ട് ജീവിക്കുക. അപൂര്‍വതയാണ് കെവിന്‍ കൊലക്കേസിന്റെ പ്രാധാന്യം. മകള്‍ തങ്ങള്‍ക്കെതിരെ ലവലേശംപോലും മനശ്ചാഞ്ചല്യമില്ലാതെ അന്വേഷണോദ്യോഗസ്ഥരുടെ മുന്നിലും കോടതിയിലും മൊഴി നല്‍കിയത് രക്ഷിതാക്കളായ ചാക്കോക്കും കൂടുംബത്തിനുമുള്ള തിരിച്ചടിയായി. എന്തുകൊണ്ട് ഇവ്വിധം മകള്‍ പ്രതികാരവാഞ്്ഛ പുലര്‍ത്തുന്നുവെന്ന് ആലോചിക്കാനുള്ള വിശാലമനസ്‌കത ചാക്കോക്കും കുടുംബത്തിനും ഉണ്ടാകേണ്ടിയിരുന്നു.
രാജ്യത്ത് ദുരഭിമാനക്കൊലകളുടെ പരമ്പരയാണ് അടുത്തകാലത്തായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതില്‍ മഹാഭൂരിപക്ഷവും ഉത്തരേന്ത്യയിലാണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ രണ്ടുവര്‍ഷംമുമ്പ് നടന്ന ദുരഭിമാനക്കൊലയും കോട്ടയം സംഭവവും താരതമ്യേന വിദ്യാസമ്പന്നവും ഉച്ചനീചത്വം കുറഞ്ഞുവെന്നഭിമാനിക്കുന്നതുമായ തെക്കേ ഇന്ത്യയില്‍ സംഭവിച്ചുവെന്നത് വല്ലാത്ത അപമാനമാണ്. നൊന്തുപ്രസവിച്ച് തോലോലിച്ച്, നാടല്ലാനാടുകളില്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശുകൊണ്ട് ഇഷ്ടപ്പെട്ടതെല്ലാം നല്‍കി കാലും കൈയും വളരുന്നതും കാത്തിരിക്കുന്നവരുടെ മക്കള്‍ മുതിര്‍ന്നു കഴിയുമ്പോള്‍ ഒരുപ്രഭാതത്തില്‍ വിട്ടുപിരിയുന്നതുമൂലം മാതാപിതാക്കള്‍ക്കുണ്ടാകുന്ന അടക്കാനാവാത്ത മാനസിക പ്രയാസത്തെ വിലമതിക്കാനാകില്ല. എന്നാല്‍ ജാതീയവും സാമ്പത്തികവുമായ പരിഗണനകള്‍വെച്ചുമാത്രം മക്കളുടെ ഭാവി ജീവിത തീരുമാനത്തെ അളക്കുന്നതും അതിനുവേണ്ടി സ്വജീവിതം അപകടത്തിലാക്കുന്നതും ബുദ്ധിയുള്ളവര്‍ക്ക് ഭൂഷണമല്ല. രാജ്യത്തെ ഉന്നത നീതിപീഠം ഇതിനനുസൃതമായാണ് ദുരഭിമാനക്കൊല എന്ന സംജ്ഞയില്‍പെടുത്തി ഇത്തരം കേസുകള്‍ കൈകാര്യംചെയ്യാനും അപൂര്‍വങ്ങളില്‍ അപൂര്‍വ കേസായി പരിഗണിക്കാനും ഉത്തരവിട്ടത്. തിരുത്താന്‍ ശ്രമിക്കാം, ഒരുപരിധിവരെ. തല്ലാനും തള്ളാനും കൊല്ലാനും മാത്രമല്ല, മറക്കാനും പൊറുക്കാനുമുള്ളതുകൂടിയാണ് വൈവേകമായ മനുഷ്യജീവിതമെന്നത് മറന്നുപോകരുത്.

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending