Connect with us

News

കര്‍ഷകരെ കൊലയ്ക്ക് കൊടുക്കരുത്

Published

on

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ലായ കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചക്ക് വഴിവെക്കുന്ന മൂന്നു നിര്‍ണായക നിയമങ്ങള്‍ കര്‍ഷകരുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത പ്രതിഷേധത്തെ വകവെക്കാതെ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തുകഴിഞ്ഞു. കര്‍ഷിക ഉല്‍പന്ന വ്യാപാര വാണിജ്യബില്‍-2020, കര്‍ഷക (ശാക്തീകരണ, സംരക്ഷണ) ബില്‍-2020 എന്നിവയാണ് തിങ്കളാഴ്ച രാജ്യസഭയില്‍ സര്‍ക്കാര്‍ പാസാക്കിയെടുത്തത്. രണ്ട് ബില്ലുകളും ശബ്ദവോട്ടോടെ പാസായതായാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അവശ്യവസ്തു (ഭേദഗതി) നിയമം കഴിഞ്ഞയാഴ്ച ലോക്‌സഭ പാസാക്കിയിരുന്നു. ബില്ലുകള്‍ വോട്ടിനിടണമെന്ന പ്രതിപക്ഷ ആവശ്യം രാജ്യസഭാഡെപ്യൂട്ടി ചെയര്‍മാന്‍ തള്ളിയാണ് ശബ്ദവോട്ടോടെയുള്ള നിയമനിര്‍മാണം. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് യഥേഷ്ടം ലാഭം കൊയ്യാനും അതിന്റെ പങ്കുപറ്റാനും പരമാവധി പരിശ്രമിച്ചുവരുന്ന മോദി സര്‍ക്കാരിനെ സംബന്ധിച്ച് രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയെകൂടി അവര്‍ക്കായി ലേലത്തിന് വെക്കുന്നത് ലളിതമായി പറഞ്ഞാല്‍ ജനങ്ങളെ കൊലയ്ക്ക് കൊടുക്കലാണ്. കോണ്‍ഗ്രസും മുസ്്‌ലിംലീഗും സി.പി.എമ്മും ടി.എം.സിയും ശിവസേനയും ജനതാദളും (എസ്) ബില്ലിനെ ശക്തിയായി എതിര്‍ക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തില്‍ കണ്ടതുപോലുള്ള പിടിവാശിയിലാണ് മോദി സര്‍ക്കാര്‍.കോവിഡ് കാലത്ത് ജനങ്ങളുടെ ശ്രദ്ധതിരിച്ച് കര്‍ഷകര്‍ക്കെതിരായും കുത്തകകള്‍ക്ക് അനുകൂലമായും നിയമങ്ങള്‍ പാസാക്കിയെടുക്കുന്ന സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഗൂഢതന്ത്രത്തിന് പ്രതിപക്ഷവും ജനതയും വഴങ്ങില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് ലോക്‌സഭയിലും രാജ്യസഭയിലുമായി കണ്ടത്.

നിലവില്‍ കര്‍ഷകരും സാധാരണക്കാരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷികാനുബന്ധബില്ലുകള്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷം പഞ്ചാബിലും ഹരിയാനയിലും നിന്നായി 226.56 ലക്ഷം ടണ്‍ അരിയും 201.14 ലക്ഷം ടണ്‍ ഗോതമ്പുമാണ് സര്‍ക്കാര്‍ സംഭരിച്ചത്. 80293 കോടി രൂപ വിലവരുന്ന ഇവ സംഭരിച്ചത് കര്‍ഷകരില്‍നിന്ന് നേരിട്ടാണ്- കാര്‍ഷികോല്‍പന്ന വിപണന സമിതികള്‍ (എ.പി.എം.സി) മുഖേന. ഇതാണ് പുതിയ നിയമത്തിലൂടെ നിലയ്ക്കാന്‍ പോകുന്നത്. നിലവിലുള്ള സംഭരണ സംവിധാനവും താങ്ങുവില സമ്പ്രദായവും എടുത്തുകളയുന്നു എന്നതാണ ്ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്ത് ഏതിടത്തും കാര്‍ഷികോത്പന്നങ്ങള്‍ വിപണനം നടത്താന്‍ കഴിയുമെന്ന ബില്ലിലെ വ്യവസ്ഥ കേള്‍ക്കുമ്പോള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്ന് തോന്നുമെങ്കിലും, ഫലത്തിലത് കുത്തകകള്‍ക്ക് കാര്‍ഷിക വിപണി തുറന്നുകൊടുക്കാനുള്ള പടപ്പുറപ്പാടാണ്. നേരത്തെതന്നെ കുത്തകകള്‍ക്ക് കാര്‍ഷിക മേഖലയെ തുറന്നുകൊടുത്ത മോദി സര്‍ക്കാര്‍ ഇപ്പോള്‍ അവരുടെ ഉത്പന്നങ്ങള്‍ യഥേഷ്ടം വിപണിയിലെത്തിക്കാനുള്ള സൗകര്യമാണ് ഒരുക്കിക്കൊടുക്കുന്നത്. ഇതിലൂടെ സംഭവിക്കാന്‍ പോകുന്നത് സാധാരണക്കാരും നാമമാത്രവുമായ കര്‍ഷകര്‍ കഠിനാധ്വാനംകൊണ്ട് ഉത്പാദിപ്പിച്ചെടുത്ത വിളകള്‍ കുത്തകകളുടേതുമായി മല്‍സരിക്കണമെന്നാണ്. ആധുനിക സംവിധാനങ്ങളും സാങ്കേതികവിദ്യയും വിനിമയശേഷിയുമുള്ള ഉത്പാദകരുമായി ചെറുകിട-നാമമാത്ര കര്‍ഷകന്‍ മല്‍സരിക്കണമെന്നാണ്. ഫലത്തില്‍ പുലിയെയും ആടിനെയും സംരക്ഷണത്തിന്റെ പേരില്‍ ഒരേ തൊഴുത്തില്‍ കെട്ടുന്ന അവസ്ഥയാണിത്. പരാതികളില്‍ മറ്റൊന്ന് കരാര്‍ കൃഷി വ്യാപകമാക്കുന്നുവെന്നതാണ്. മറ്റൊന്ന് ധാന്യങ്ങളെയും സവാള, സസ്യഎണ്ണ, ഉരുളക്കിഴങ്ങ് തുടങ്ങിയവയെ അവശ്യവസ്തു എന്ന ആനുകൂല്യത്തില്‍നിന്ന് ഒഴിവാക്കുമെന്നതാണ്. കുത്തകകള്‍ക്കും വ്യാപാരികള്‍ക്കും യഥേഷ്ടം പൂഴ്ത്തിവെപ്പ് നടത്താനും തങ്ങളുടെ ഇച്ഛാനുസരണം വില നിശ്ചയിക്കാനും ഇത് വഴിവെക്കും. നിലവില്‍ സാധാരണ കര്‍ഷകര്‍ക്ക് പ്രാദേശിക ചന്തകളും സര്‍ക്കാര്‍ സംഭരണം വഴിയും കിട്ടിയിരുന്ന വിലപോലും കടുത്ത മല്‍സരത്തിനിടെ നഷ്ടപ്പെടുമെന്നര്‍ത്ഥം. ലാഭകരമല്ലാതായാല്‍ കൃഷിഭൂമി പതിയെ കുത്തകകള്‍ക്ക് കൈമാറാന്‍ കര്‍ഷകര്‍ തയ്യാറാകും.

ഇതേ കോവിഡ് കാലത്തുതന്നെയാണ് രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളെയും പ്രതിരോധ മേഖലയെയും പ്രകൃതി സമ്പത്തിനെയും വിമാനത്താവളങ്ങളെയുമെല്ലാം കൂട്ടത്തോടെ കുത്തകകള്‍ക്ക് കൈമാറുന്ന രീതി നാം ഞെട്ടലോടെ കണ്ടത്. ഇതിനെതിരായ പോരാട്ടത്തിനിടെയാണ് കര്‍ഷകരുടെ രോഷംകൂടി സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി പഞ്ചാബിലും ഹരിയാനയിലും അലയടിക്കുന്ന പ്രതിഷേധാഗ്നി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണിപ്പോള്‍. മുഴുപ്പട്ടിണിയിലും അരപ്പട്ടിണിയിലുമായി കഴിയുന്ന രാജ്യത്തെ വലിയ ശതമാനംവരുന്ന കര്‍ഷകരോട് മോദി സര്‍ക്കാര്‍ ചെയ്യുന്നത് ക്രൂരതയാണെന്ന് പറഞ്ഞാല്‍പോരാ, രാജ്യത്തെ ശതകോടി ജനതയാണ് ഇതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കാന്‍പോകുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം അതിരൂക്ഷമാകുമെന്ന് മാത്രമല്ല, രാജ്യത്തെ ജനസംഖ്യയുടെ ബഹുഭൂരിപക്ഷംപേരും പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥവരും. ഇന്ത്യയില്‍ പ്രതിദിനം പത്ത് കര്‍ഷകരെങ്കിലും ജീവനൊടുക്കുന്നുണ്ടെന്നാണ് 2017ലെ കണക്ക്. കഴിഞ്ഞ മൂന്നു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക ആത്മഹത്യാകണക്ക് പുറത്തുവിടുന്നില്ല. 2020 ഓടെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഇരട്ടിവില ലഭ്യമാക്കുമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും വാഗ്ദാനം ചെയ്ത മോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലെത്തിയതോടെ കര്‍ഷകരെതന്നെ ഇല്ലാതാക്കാനുള്ള നയമാണ് സ്വീകരിച്ചിരിക്കുന്നത്. വില ഇരട്ടിയാക്കുന്നതിന്റെ ഗുണം ലഭിക്കുന്നത് ഫലത്തില്‍ കര്‍ഷകര്‍ക്കല്ല കുത്തകകള്‍ക്കാണ് എന്നതാണ് കൗതുകകരമായിരിക്കുന്ന വസ്തുത.

രാജ്യത്തെ കര്‍ഷകരുന്നയിക്കുന്ന വിമര്‍ശനങ്ങളൊന്നും ചെവിക്കൊള്ളാത്ത മോദിക്കും ബി.ജെ.പിക്കും ആരോടാണ് യഥാര്‍ത്ഥത്തില്‍ കൂറെന്ന് ഇത് വ്യക്തമാക്കുന്നു. സ്വന്തം മുന്നണിയിലെ ഘടകക്ഷികളിലൊന്നായ ശിരോമണി അകാലിദളിന്റെ പ്രതിനിധിയും വനിതയുമായ ഭക്ഷ്യസംസ്‌കരണവകുപ്പുമന്ത്രി ഹര്‍സിമ്രത് കൗര്‍ബാദല്‍ രാജിവെച്ചിട്ടുപോലും കാര്‍ഷിക വിരുദ്ധ നിയമവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയതിന്റെ പിന്നില്‍ വലിയ സാമ്പത്തിക നേട്ടങ്ങള്‍ സര്‍ക്കാരിലെ ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന പരാതി ശരിവെക്കപ്പെടുകയാണ്. കര്‍ഷകരെന്നാല്‍ നാടിന്റെ നട്ടെല്ലാണ്. ഇന്ത്യയുടെ 70 ശതമാനം ജനതയും കാര്‍ഷിക വൃത്തിയിലൂടെ ജീവിതം പുലര്‍ത്തുമ്പോള്‍ കാര്‍ഷികമേഖലയെ അവരില്‍നിന്ന് പിടിച്ചെടുക്കുന്നത് മല്‍സ്യത്തെ കരക്കുപിടിച്ചിടുന്നതിന് തുല്യമാണ്. ജനങ്ങളെയും രാജ്യത്തെ സംബന്ധിച്ചോളം ആത്മഹത്യാപരവും. ഇതര മേഖലകളെയെല്ലാം കുത്തകകള്‍ക്ക് തുറന്നിടുമ്പോള്‍ ജനകോടികള്‍ക്ക് അന്നമൂട്ടുന്ന കാര്‍ഷിക രംഗത്തെയെങ്കിലും ജനങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ ബി.ജെ.പി സര്‍ക്കാര്‍ സന്മനസ്സുകാണിക്കണം.

 

india

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് എം.പി ഹാരിസ് ബീരാന്‍

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.

Published

on

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും സതേണ്‍ റയില്‍വെ തിരുവനതപുരം ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി അഡ്വ. ഹാരിസ് ബീരാന്‍ എം.പി. നഞ്ചന്‍കോട്ടെ 300 ഏക്കര്‍ ഭൂമി എല്ലാ കാലത്തും ചര്‍ച്ചയില്‍ വരിക എന്നല്ലാതെ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്ന അനാസ്ഥ പരിഹരിക്കണമെന്നും കേരളത്തില്‍ റയില്‍വെ വികസനം ഉറപ്പ് വരുത്തണമെന്നും ഹാരിസ് ബീരാന്‍ എം.പി ആവശ്യപ്പെട്ടു.

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. നെടുമ്പാശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍, പുതിയ ട്രെയിനുകളും കോച്ചുകളും, തലശ്ശേരി മൈസൂര്‍ പാത, ചെങ്ങന്നൂര്‍ പമ്പ (ശബരിമല) പാത തുടങ്ങിയ പുതിയ റയില്‍വെ പാതകളും, തിരൂര്‍ അടക്കം മലബാറിലെ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിക്കാത്ത റെയില്‍വേ ബോര്‍ഡിനെതിരെയുള്ള ജന രോഷവും എം.പി ബോധ്യപ്പെടുത്തി.

എം.പി ചെയര്‍മാന് നിവേദനം സമര്‍പ്പിച്ചു. പ്രശ്‌ന പരിഹാരത്തിന് സതേണ്‍ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷണല്‍ റയില്‍വെ മാനേജറുമായി കൂടിയാലോചിച്ച് ഉചിത നടപടി സ്വീകരിക്കും എന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി.

പിന്നീട് തിരുവനന്തപുരത്തെത്തിയ ഹാരിസ് ബീരാന്‍, തിരുവനന്തപുരം ഡി.ആര്‍.എം ഡോ. മനീഷ് തപ്ലയാനുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് കൂടെനില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Continue Reading

kerala

കരുനാഗപ്പള്ളിയില്‍ ബസ് സ്‍കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു

ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. 

Published

on

കൊല്ലം മാരാരിത്തോട്ടത്ത് ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന യുവതിയാണ് മരണപ്പെട്ടത്. സുനീറ ബീവിയാണ് മരിച്ചത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

ഇന്ന് വൈകിട്ട് 6.15നാണ് അപകടം നടന്നത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ പോകവേ എതിരെ വന്ന സ്വകര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് ബൈക്കിൽ ഇടിച്ച് സുനീറ ബീവി ബസിന് അടിയിൽപ്പെടുകയും തുടർന്ന് വാഹനം യുവതിയുടെ ദേഹത്തുകൂടെ കയറി ഇറങ്ങുകയുമായിരുന്നു.

യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കുകളോടെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ് അമിത വേഗതയിലായിരുന്നുവെന്ന പരാതിയെ തുടർന്ന് ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

crime

പൊലീസുകാരിയെ തീക്കൊളുത്തി വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ

ആക്രമണം ആസൂത്രിതമെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. 

Published

on

പയ്യന്നൂർ കരിവള്ളൂരിൽ പൊലീസുകാരിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ ഭർത്താവ് രാജേഷ് പിടിയില്‍. സംഭവ ശേഷം ഒളിവില്‍ പോയ രാജേഷിനെ പുതിയ തെരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ആക്രമണം ആസൂത്രിതമെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

കരിവള്ളൂർ പലിയേരി ദിവ്യശ്രീയാണ് (35) മരിച്ചത്. കാസർക്കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ദിവ്യശ്രീ. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ദിവ്യശ്രീയുടെ അച്ഛൻ വാസുവിനും വെട്ടേറ്റു. കഴുത്തിനും വയറിനും വെട്ടേറ്റ വാസുവിനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ബിഎംഎച്ച് ആശുപത്രിയിലെത്തിച്ചു.

ഇന്ന് വൈകീട്ട് ആറ് മണിയോടെ വീട്ടിലെത്തിയാണ് രാജേഷ് ആക്രമണം നടത്തിയത്. കൊല നടത്താനായി പെട്രോളും കൊടുവാളുമായി രാജേഷ് വീട്ടിലെത്തുകയായിരുന്നു. പെട്രോൾ ദിവ്യശ്രീയുടെ ദേഹത്ത് ഒഴിക്കാൻ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. പിന്നാലെ കഴുത്തിനു വെട്ടുകയായിരുന്നു. ഇതു തടയാൻ ശ്രമിച്ചപ്പോൾ കൈകൾക്കും വെട്ടേറ്റു. ഇതു തടയാൻ വന്ന പിതാവ് വാസുവിന് കഴുത്തിനും വയറിനുമാണ് വെട്ടേറ്റത്. ഇദ്ദേഹത്തിൻ്റെ നിലയും ഗുരുതരമാണ്.

ശബരിമല ഡ്യൂട്ടി കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ദിവ്യശ്രീ വീട്ടില്‍ മടങ്ങിയെത്തിയത്. കൊല നടന്ന ദിവസം കണ്ണൂര്‍ കുടുംബ കോടതിയില്‍ കേസ് പരിഗണിച്ചിരുന്നു. നേരത്തെയും രാജേഷ് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് പൊലീസ് കേസുണ്ട്.

കുടുംബ കോടതിയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ വൈകീട്ടാണ് രാജേഷിന്റെ അക്രമം. ബഹളം കേട്ട് നാട്ടുകാരെത്തിയപ്പോള്‍ രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രണയ വിവാഹിതരായ ദിവ്യശ്രീയും രാജേഷും കുറച്ചു കാലമായി അകന്നാണ് കഴിയുന്നതെന്നാണ് വിവരം. ഇതിൻ്റെ വൈരാഗ്യത്തിലാണ് പ്രതിയായ രാജേഷ് ആസൂത്രിത കൊലപാതകം നടത്തിയത്. ഇരുവരും തമ്മിൽ സ്ഥിരം വഴക്കായതിനെ തുടർന്നാണ് യുവതി സ്വന്തം വീട്ടിലേക്ക് മാറിയത്.

റിട്ട. മിലിറ്ററി ഇന്റലിജന്‍സ് സര്‍വിസ് ഉദ്യോഗസ്ഥനാണ് പിതാവ് കെ വാസു. രാജേഷ് നേരത്തെ ടാക്സി ഡ്രൈവറായിരുന്നു. പരേതയായ റിട്ട. ജില്ലാ നഴ്‌സിങ് ഓഫിസര്‍ പാറുവാണ് ദിവ്യശ്രീയുടെ മാതാവ്. സഹോദരി: പ്രബിത (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- ചെറുപുഴ). മകന്‍: ആശിഷ് (ഏഴാം ക്ലാസ് വിദ്യാര്‍ഥി).

പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പ്രതിയായ ഭർത്താവ് രാജേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

Continue Reading

Trending