Connect with us

Video Stories

ഇറാന്‍ യുദ്ധഭീതി ലഘൂകരിക്കണം

Published

on

പുരാതന പേര്‍ഷ്യന്‍ സംസ്‌കൃതിയുടെ കളിത്തൊട്ടിലായ ഇറാനില്‍ ആഗോള സമൂഹത്തെ ഭീതിയിലാഴ്ത്തി യുദ്ധകാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിട്ട് നാളേറെയായി. അമേരിക്ക ഒരുവശത്തും ഇറാന്‍ മറുഭാഗത്തുമായി നടത്തിക്കൊണ്ടിരിക്കുന്ന വാക്‌പോരും സാമ്പത്തിക ഉപരോധ നടപടികളും ചില സമയങ്ങളില്‍ കായികമായ രീതിയിലേക്ക് വഴിമാറുന്നത് പശ്ചിമേഷ്യയിലും ലോകത്താകെയും ആശങ്കവിതയ്ക്കുന്നു. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തതെങ്കിലും അതിലുംകടന്ന് മേഖലയിലെ വിവിധ രാജ്യങ്ങള്‍ ഉള്‍പെടുന്ന സംഘര്‍ഷത്തിലേക്ക് സ്ഥിതിഗതികള്‍ വഴുതുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കരാര്‍ പരിധിയിലധികം യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ നടത്തിയെന്നാണ് അമേരിക്ക കുറ്റപ്പെടുത്തുന്നത്. എന്നാല്‍ പരിധിയിലും കുറവാണ് ശേഖരമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പരിശോധനക്കുശേഷം പറഞ്ഞു. ലോകജനതയെ ചലിപ്പിക്കുന്ന പെട്രോളിയം സമ്പത്തിന്റെ പ്രധാനകേന്ദ്രവും അതിന്റെ നിര്‍ണായക ഗതാഗത ഇടനാഴിയുമാണ് ഇറാനുള്‍പ്പെടെയുള്ള മധ്യപൂര്‍വദേശം. അതുകൊണ്ട് തര്‍ക്കങ്ങള്‍ സമാധാനപരമായും പരസ്പര വിശ്വാസത്തിലൂടെയും പരിഹരിക്കണമെന്നാണ് സമാധാനകാംക്ഷികളെല്ലാം ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും.
ജൂലൈ ഏഴിന് ആണവ കരാറില്‍ നിന്ന് പിന്മാറുമെന്നാണ് ഇറാന്റെ അറിയിപ്പ്. ഇറാന്‍ തീക്കളി കളിക്കുകയാണെന്ന്് അമേരിക്കയും. കഴിഞ്ഞമാസം ഇറാന്റെ അതിര്‍ത്തി കടന്നെത്തിയ യു.എസ് ഡ്രോണ്‍ വിമാനം ഹോര്‍മൂസ് തീരത്ത് വെടിവെച്ചിട്ടതാണ് അമേരിക്കയെ ചൊടിപ്പിച്ചതും പ്രശ്‌നം ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതും. തിരിച്ചടിക്കാന്‍ അമേരിക്കന്‍ സൈനികമേധാവികളും സി.ഐ.എയും തീരുമാനിച്ചെങ്കിലും പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് സൈനികനടപടി മാറ്റിവെക്കുകയായിരുന്നു. ആളപായം സംഭവിച്ചില്ലല്ലോ എന്നാണ് ട്രംപ് പറഞ്ഞന്യായം. ഒരുയുദ്ധമുഖത്തേക്ക് പശ്ചിമേഷ്യയെ വലിച്ചിഴക്കാതിരിക്കാന്‍ ട്രംപ് കാട്ടിയ ദീര്‍ഘവീക്ഷണം ശ്ലാഘനീയംതന്നെ. എന്നാല്‍ പ്രദേശത്ത് ഭീതിയുടെ കാര്‍മേഘം ഒഴിഞ്ഞുപോയിട്ടില്ലെന്നും യുദ്ധത്തിന് സാധ്യതയുണ്ടെന്നുമാണ് ഇന്നലെ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവന വിരല്‍ചൂണ്ടുന്നത്.
അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ അരമണിക്കൂറിനകം ഇസ്രാഈലിനെ തകര്‍ക്കുമെന്നാണ് ഇറാന്‍ സുരക്ഷാകാര്യകമ്മീഷന്‍ ചെയര്‍മാന്‍ മുജ്തബ സുന്നൂര്‍ നടത്തിയ പ്രതികരണം. ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയിലെ ഭരണകൂടത്തെ പിന്തുണക്കുന്ന ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രാഈല്‍ നടത്തിയ ആക്രമണമാണ് ഇറാന്റെ പ്രസ്താവനക്ക് ഹേതുവായത്. ട്രംപ് യുദ്ധം ഒഴിവാക്കിയത് പരാജയ ഭീതിമൂലമായിരുന്നുവെന്നും അമേരിക്കയുടെ 36 സൈനികകേന്ദ്രങ്ങള്‍ തങ്ങളുടെ നിരന്തരനിരീക്ഷണത്തിലാണെന്നും മുജ്തബ പറഞ്ഞു.
അത്യാധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് ഒരു യുദ്ധമുണ്ടായാല്‍ വിജയം ഏതെങ്കിലുമൊരു ചേരിക്ക് മാത്രമാകില്ലെന്ന് ആയത്തുല്ല അലി ഖംനഈയും ഹസന്‍ റൂഹാനി ഭരണകൂടവും ഓര്‍ക്കുന്നത് നന്ന്. ഇസ്രാഈലിനെ തകര്‍ക്കാമെന്ന ഇറാന്റെ ലക്ഷ്യം പരാജയപ്പെടുത്താന്‍ അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ യൂറോപ്യന്‍ ഭരണകൂടങ്ങളില്‍ നല്ലൊരുപങ്കും കൈകോര്‍ത്ത് നില്‍ക്കുകയാണ്.
അറേബ്യന്‍-മുസ്്‌ലിം ചേരിയില്‍തന്നെ പലരാജ്യങ്ങളിലെയും ഭരണകൂടങ്ങള്‍ പരസ്പരധാരണയോടെയല്ല പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഗള്‍ഫിലെ പ്രമുഖ രാജ്യമായ സഊദിഅറേബ്യയോട് നിരന്തരം ഏറ്റുമുട്ടുന്ന ശൈലിയാണ് ഇറാനുള്ളത്. ഇസ്രാഈലിനെയും അമേരിക്കയെയും നേരിടുമ്പോള്‍ മുസ്്‌ലിം-പൗരസ്ത്യലോകം എത്രത്തോളം ഒരുമിക്കുമെന്ന് കണ്ടറിയണം. 2015ല്‍ അമേരിക്കയടക്കം ആറു രാഷ്ട്രങ്ങള്‍ ഇറാനുമായി ഒപ്പുവെച്ച ആണവായുധ നിരായുധീകരണ കരാറാണ് പിന്നീട് അമേരിക്കയുടെ ഏകപക്ഷീയമായ പിന്മാറ്റത്തിനും സംഘര്‍ഷം രൂപപ്പെടുന്നതിനും കാരണമായത്. 2017ല്‍ ട്രംപ് ഭരണകൂടം കരാറില്‍നിന്ന് പിന്മാറുകയും ഇറാനെതിരെ ഉപരോധം ഏര്‍പെടുത്തുകയുമായിരുന്നു. തനിച്ച് മാത്രമല്ല, സര്‍വരാഷ്ട്രങ്ങളോടും തങ്ങളുമായി സഹകരിച്ച് ഇറാനെ മുട്ടുകുത്തിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയോടും അമേരിക്ക ഇക്കാര്യത്തില്‍ തീവ്രമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. പരമ്പരാഗത സൗഹൃദ രാജ്യമെന്ന നിലക്ക് അതിന് പൂര്‍ണമായും തയ്യാറല്ലെന്ന നിലപാടിലാണ് നാം. ഇത് ട്രംപിനെ പ്രകോപിപ്പിച്ചതിന് തെളിവാണ് ഇന്ത്യയില്‍ നിന്നുള്ള കഴിഞ്ഞവര്‍ഷം അലുമിനിയം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് ചുമത്തിയ അധികതീരുവ. സമാനമായ തിരിച്ചടി നാം അമേരിക്കക്ക് നല്‍കുകയുംചെയ്തു. പാക്കിസ്താനെ ഒഴിവാക്കിയുള്ള ഛബ്രഹാര്‍ തുറമുഖത്തിന്റെയും എണ്ണഗതാഗതത്തിന്റെയുംകാര്യത്തില്‍ ഇറാനെ കൈവിടാന്‍ നമുക്കാവില്ല. എങ്കിലും ഒരുയുദ്ധമുണ്ടായാല്‍ നാം എവിടെയാണ് നില്‍ക്കുകയെന്ന ചോദ്യം മോദിയുടെ ഭരണത്തില്‍ ബാക്കിനില്‍ക്കുകയാണ്. എന്തുകൊണ്ടും യുദ്ധവും ആള്‍നാശവും ഒഴിവാക്കുകയാണ് ആധുനികസാംസ്‌കാരികമനുഷ്യന് കരണീയമായിട്ടുള്ളത്. അത് ഒന്നും പുതുതായി നേടിത്തരുന്നില്ലെന്ന് മാത്രമല്ല, അതീവലോലവും പരിമിതവുമായ ജൈവസമ്പത്തിനെ ഒരു പരിധിവരെ ഇല്ലാതാക്കാനുമേ ഉപകരിക്കുകയുമുള്ളൂ.
ഇത് തിരിച്ചറിഞ്ഞായിരിക്കണം ഭാവിയിലേക്കുള്ള മനുഷ്യരുടെ കാല്‍വെപ്പുകളോരോന്നും. ഇന്നത്തെ പ്രശ്‌നത്തിന് മുഖ്യകാരണം ട്രംപിന്റെ മുസ്്‌ലിം വിരുദ്ധതയും യുദ്ധക്കൊതിയും പശ്ചിമേഷ്യയെ കൈവെള്ളയിലാക്കാനുള്ള തന്ത്രവുമാണ്. അത്യമൂല്യമായ പെട്രോളിയം സമ്പത്താണ് പശ്ചിമേഷ്യയെയും ഗള്‍ഫിനെയും നിലനിര്‍ത്തുന്നതെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ടാണ് പണ്ടേ മടുത്ത സാമ്രാജ്യക്കൊതിയുമായുള്ള ട്രംപിന്റെ നീക്കങ്ങള്‍. കുളംകലക്കി മീന്‍ പിടിക്കാനുള്ള അവസാനത്തെ അടവായിവേണം ട്രംപിന്റെ ഓരോ നീക്കത്തെയും കാണാനെന്ന് ഇതരരാജ്യങ്ങളോട്, പറയേണ്ടതില്ല.

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Video Stories

ഷാൻ വധക്കേസ്; പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌ പ്രവർത്തകൻ അറസ്റ്റിൽ

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്.

Published

on

ഷാന്‍ വധക്കേസില്‍ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌  പ്രവർത്തകൻ അറസ്റ്റിൽ. ആലപ്പുഴ പറവൂർ വടക്ക് ദേവസ്വം വെളി വീട്ടിൽ എച്ച്. ദീപക്കിനെയാണ് (44) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ഒളിവിൽ പോകാൻ വേണ്ട സഹായം ചെയ്തതിനാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്.

കൊലക്കേസിലെ അഞ്ച്‌ പ്രതികളുടെയും ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷന്‍റെ അപ്പീലിലായിരുന്നു ഹൈക്കോടതി നടപടി. കേസിലെ മറ്റ് 5 പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്. 19ന് രാവിലെ ബിജെപി നേതാവ് രൺജീത് ശ്രീനിവാസും കൊല്ലപ്പെട്ടു. പിന്നാലെ തന്നെ അന്വേഷണം നടത്തി രണ്ട് കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഒന്നര വർഷമായി പ്രതികൾ ജാമ്യത്തിൽ കഴിയുകയാണ്. അതേസമയം, ബി.ജെ.പി നേതാവ് രൺജീത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് മുഴുവൻ കൂട്ടവധശിക്ഷ വിധിച്ചിരുന്നു.

Continue Reading

Trending