തീവ്രവാദം മനുഷ്യകുലത്തിന്റെ മുഖ്യ വ്യാകുലതകളിലൊന്നാണ്. ഐ.എസ് എന്നറിയപ്പെടുന്ന രാജ്യാന്തര ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ (ഐസിസ്) യിലേക്ക് നമ്മുടെ കൊച്ചു കേരളത്തില്‍ നിന്ന് ചെറുപ്പക്കാര്‍ ചേക്കേറിയെന്ന വാര്‍ത്തകള്‍ വരികയും അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ മുന്‍കാലങ്ങളിലെ പോലെ തീവ്രവാദത്തിനെതിരെ ശക്തമായ പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിരിക്കയാണ്.
സിറിയയിലെ അല്‍റക്ക ആസ്ഥാനമായി, ഇറാഖ് അധിനിവേശ കാലത്ത് രൂപീകരിക്കപ്പെട്ട അല്‍ഖ്വയ്ദയുമായി അനുഭാവമുള്ള ഭീകര സംഘടനയാണ് ഐ.എസ്. സംഘടനയുടെ നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയാണത്രെ. പാശ്ചാത്യരടക്കമുള്ള വൈദേശിക അധിനിവേശത്തെ ചെറുക്കുകയാണ് ലക്ഷ്യമെന്ന് പറയുന്ന ഇവര്‍ ചെയ്തുകൂട്ടുന്നത് പരസ്യമായി ശത്രുക്കളുടെ തലവെട്ടുക, ജനവാസ പ്രദേശങ്ങളില്‍ ബോംബ് വര്‍ഷിക്കുക തുടങ്ങിയ കൊടും പാതകങ്ങളാണ്. തകര്‍ന്നടിയുന്ന സ്വന്തം നാട്ടില്‍ ജീവിക്കാനാവാതെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ് ഇക്കൂട്ടര്‍ സംരക്ഷിക്കുമെന്ന് പറയുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനത. സിറിയയിലെ റഷ്യ, ഇറാന്‍ പിന്തുണയുള്ള ബഷറുല്‍ അസദ് ഭരണകൂടവും ഐ.എസും അമേരിക്കയും നടത്തുന്ന യുദ്ധം രാജ്യത്തെ പകുതിയോളം ജനതയെ ഇതിനകം നാമാവശേഷമാക്കിക്കഴിഞ്ഞു.
ഒരു നിരപരാധിയെ അകാരണമായി കൊന്നാല്‍ മനുഷ്യകുലത്തെ മുഴുവന്‍ കൊന്നതിനുതുല്യമെന്നും ഒരാളെ രക്ഷിച്ചാല്‍ മനുഷ്യകുലത്തെ മുഴുവന്‍ രക്ഷിച്ചതിനുതുല്യമെന്നും പഠിപ്പിച്ച ഒരു മതത്തിന്റെ പേരിലാണ് ഈ നരാധമന്മാര്‍ ഇത്തരം കൊടും ക്രൂരതകള്‍ കാട്ടിക്കൂട്ടുന്നത്. തന്റെ മകന്‍ ഏതെങ്കിലും ഭീകരവാദ സംഘടനയില്‍ ചേര്‍ന്നെങ്കില്‍ അവന്റെ മയ്യിത്ത് പോലും കാണേണ്ടെന്ന് കാസര്‍കോട്ടെ പടന്നയില്‍ കാണാതായ യുവാവിന്റെ പിതാവ് പ്രഖ്യാപിച്ചത് കേരളത്തിനെങ്കിലും മറക്കാനാവില്ല. ചെകുത്താന്റെ കൂട്ടുകാരെ ഇസ്‌ലാമിന്റെ തത്വശാസ്ത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി പരാജയപ്പെടുത്തേണ്ടത് മനുഷ്യ സ്‌നേഹികളുടെ ധാര്‍മിക ബാധ്യതയും സമൂഹത്തിന്റെ സമാധാന പൂര്‍ണമായ നിലനില്‍പിന് അനിവാര്യവുമാണ്.
കേരളത്തിനു അപരിചിതമായ തീവ്രവാദ സമീപനങ്ങളുമായി ചിലര്‍ രംഗത്തുവന്നപ്പോള്‍ തന്നെ മുസ്‌ലിം ലീഗും വിവിധ മുസ്്‌ലിം സംഘടനകളും തീവ്രവാദ വിരുദ്ധ കാമ്പയിനുകളുമായി രംഗത്തുവന്നത് കേരളം കാത്തുസൂക്ഷിച്ചുവരുന്ന മതേതരത്വത്തിന്റെയും ശാന്തിയുടെയും പാരമ്പര്യത്തിലുള്ള വിശ്വാസവും ഉത്തരവാദിത്തവും കൊണ്ടാണ്. കഴിഞ്ഞ ജൂലൈയിലാണ് സംസ്ഥാനത്തുനിന്ന് 21 യുവാക്കള്‍, മൂന്നു സ്ത്രീകളടക്കം, ഒരുമിച്ച് കാണാതായ വാര്‍ത്ത പ്രത്യക്ഷപ്പെടുന്നത്. മതം മാറിയ തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമയും എറണാകുളം സ്വദേശിനി മറിയയും അവരുടെ ഭര്‍ത്താക്കളോടൊപ്പം നാടുവിട്ടുവെന്നായിരുന്നു ആദ്യ വാര്‍ത്ത.
തൊട്ടദിവസങ്ങളില്‍ കാസര്‍കോട്ടെ പടന്ന, തൃക്കരിപ്പൂര്‍ പ്രദേശങ്ങളില്‍ നിന്ന് പതിനേഴ് പേരും ഐ.എസില്‍ ചേരാനായി രാജ്യം വിട്ടെന്ന് രക്ഷിതാക്കള്‍ പൊലീസിന് പരാതി നല്‍കി. കാണാതായവര്‍ക്ക് മുംബൈ ആസ്ഥാനമായ പ്രമുഖ പണ്ഡിതന്‍ ഡോ. സാക്കിര്‍ നായിക്കിന്റെ ഇസ്്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. തുടര്‍ന്ന് യു.എ.പി.എ ചുമത്തി മുംബൈയില്‍ നിന്ന് രണ്ടുപേരെ പൊലീസ് അറസറ്റ് ചെയ്തു കേസെടുത്തു. എന്നാല്‍ കേരള പൊലീസ് നടത്തിയ രണ്ടുമാസം നീണ്ട അന്വേഷണത്തില്‍ യുവാക്കള്‍ ഐ.എസിലേക്ക് പോയതായി വ്യക്തമായ ഒരു വിവരം ലഭിച്ചില്ല. ഓഗസ്റ്റിലാണ് ദേശീയ അന്വേഷണ ഏജന്‍സി( എന്‍. ഐ.എ) അന്വേഷണം ഏറ്റെടുത്തത്.
ഇതിനിടെ ഒക്ടോബര്‍ മൂന്നിന് കണ്ണൂരിലെ കനകമലയില്‍ നിന്ന് തമിഴ്‌നാട്ടുകാരടക്കം അഞ്ചുയുവാക്കളെ എന്‍.ഐ.എ ആന്ധ്ര, തെലുങ്കാന പൊലീസിന്റെ സഹായത്തോടെ പിടികൂടി. കേരളത്തില്‍ പലയിടത്തും സ്‌ഫോടനം നടത്താന്‍ സംഘം പരിപാടിയിട്ടതായാണ് എന്‍.ഐ.എ വെളുപ്പെടുത്തിയിരിക്കുന്നത്. തിരുനെല്‍വേലിയില്‍ നിന്ന് തൊടുപുഴയിലേക്ക് മുമ്പെന്നോ കുടിയേറിയ കുടുംബത്തിലെ ഒരു യുവാവ് ഐ.എസില്‍ പ്രവര്‍ത്തിച്ചശേഷം ക്രൂരതകളില്‍ മനം മടുത്ത് തിരിച്ചുവന്നതായും പറയുന്നു. ഇവരെയെല്ലാം കൊച്ചിയിലെ ആസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണെങ്കിലും ഇതുവരെയും മേല്‍പരാമര്‍ശിക്കപ്പെട്ട കേസുകളിലൊന്നും മതിയായ തെളിവുകള്‍ ബോധ്യപ്പെടുത്തപ്പെട്ടിട്ടില്ല.
ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഫാസിസ്റ്റ് കടന്നാക്രമണത്തെ ചെറുത്തുതോല്‍പിക്കാന്‍ തീവ്രവാദ നിലപാട് വേണമെന്ന് വാദിക്കുന്ന വ്യക്തികളും സംഘടനകളും പ്രസ്ഥാനങ്ങളുമുണ്ടെന്നത് മറക്കുന്നില്ല. സംഘപരിവാറിന്റെ ലക്ഷ്യവും ഈ പരിണതിതന്നെയാണ്. എന്നാല്‍ ഇവ രണ്ടിനെയും ആശയപരവും രാഷ്ട്രീയവും നിയമപരവുമായി ഒരുമിച്ചുനിന്ന് എതിര്‍ ക്കാന്‍ എന്നും കേരളീയ മനസ്സ് സര്‍വാത്മനാ തയ്യാറായിട്ടുണ്ട്. കേരളത്തിലെ മത, സാമൂഹിക സംഘടനകളെല്ലാം മുമ്പത്തെ പോലെ ഇപ്പോഴും കണിശമായ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നതിനു തെളിവാണ് കേരളത്തിലെ മുഖ്യധാരാ മുസ്‌ലിം സംഘനടകളുടെ ഊര്‍ജിതമായ തീവ്രവാദ വിരുദ്ധ പ്രചാരണ പരിപാടികള്‍. ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങള്‍ ഈ യജ്ഞത്തിനു വിലങ്ങുതടിയായിക്കൂടാ.
കഴിഞ്ഞ ദിവസം എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ, കാണാതായ മെറിന്‍ എന്ന മറിയ ഇവിടെ അധ്യാപികയായിരുന്നെന്നും രാജ്യ വിരുദ്ധ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നെന്നുമുള്ള പരാതി ഉയര്‍ന്നു. ഇത് സ്‌കൂള്‍ അധികൃതര്‍ ശക്തമായി നിഷേധിച്ചിട്ടുണ്ട്. മുസ്‌ലിംകളും ദലിതരും വ്യാപകമായി പീഡിപ്പിക്കപ്പെടുന്നതിനിടെയാണ് ജനമനസ്സുകളില്‍ വീണ്ടും ആശങ്കയേറ്റുന്ന ഇത്തരം നടപടികള്‍ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികളില്‍ നിന്നുണ്ടാകുന്നത്. അതേസമയം ന്യൂനപക്ഷാവകാശങ്ങള്‍ ഇല്ലാതാക്കാനും ഹിന്ദുത്വ ദേശീയതക്കും വേണ്ടി ഓടി നടക്കുന്ന മോദി സര്‍ക്കാരിനു കീഴില്‍ കൂടുതല്‍ ജാഗ്രത കാട്ടേണ്ട കടമ പ്രസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുണ്ടെന്നതും മറന്നുകൂടാ.
യുവാക്കളുടെ ക്രിയാശേഷി നിര്‍മാണാത്മകമായ മേഖലകളിലേക്ക് തിരിച്ചുവിട്ട് പൊതുജീവിത നിലവാരം മെച്ചപ്പെടുത്താനാണ് ആധുനിക സമൂഹവും ഭരണകൂടവും ശ്രമിക്കേണ്ടത്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ പല സന്ദര്‍ഭത്തിലുമുള്ള നിലപാട്് മറിച്ചാണ്. എപ്പോഴത്തെയും പോലെ ഐ.എസ് കാര്യത്തിലും നെഗറ്റീവ് പബ്ലിസിറ്റി വഴി കാടിളക്കി വോട്ടുബാങ്ക് നിക്ഷേപം കൂട്ടാനാണ് ബി.ജെ.പിയുടെ ശ്രമം. പക്ഷേ അന്വേഷണ ഏജന്‍സികളുടെ കര്‍ത്തവ്യനിര്‍വഹണം അങ്ങനെയായിക്കൂടാ. രാജ്യപുരോഗതിയെക്കുറിച്ച് ഗീര്‍വാണം നടത്തുന്നവര്‍ ഓര്‍ക്കേണ്ട അനിവാര്യമായ വാക്കാണ് സമാധാനം. അല്‍പമായ വൈകാരികത കൊണ്ടോ കേവലമായ ഭിന്ന താല്‍പര്യങ്ങള്‍ കൊണ്ടോ തീവ്രവാദമെന്ന സത്വത്തെ നശിപ്പിച്ചുകളയാനാവില്ലെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാകണം.