Connect with us

Video Stories

കുടിയേറാത്ത കണ്ണേ മടങ്ങുക

Published

on


അഭയാര്‍ത്ഥി ദുരിതത്തില്‍ നിന്നും ജീവിതത്തിന്റെ മറുകര തേടിയിറങ്ങിയ അച്ഛനും മകള്‍ക്കും പാതിവഴിയില്‍ ജീവന്‍ നഷ്ടപ്പെട്ട കാഴ്ച ലോകത്തിന്റെ കരളലിയിക്കുന്നതാണ്. അച്ഛന്റെ ടീഷര്‍ട്ടിനുള്ളില്‍ കരുതല്‍ തേടിയ കുഞ്ഞു വലേറിയയും കുഞ്ഞോമനയെ കൈവിടാതെ കൂട്ടിപ്പിടിച്ചു കിടക്കുന്ന അച്ഛന്‍ മാര്‍ട്ടിനസും അഭയാര്‍ത്ഥി വിരുദ്ധ രാഷ്ട്രീയത്തിന്റെ ചെളിക്കുഴിയില്‍ മരിക്കാത്ത ചിത്രമായി പതിച്ചിരിക്കുകയാണ്. അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് തടയുന്നതിന്റെ പേരില്‍ അമേരിക്കയും മെക്‌സിക്കോയും നടപ്പിലാക്കുന്ന കര്‍ശന നയങ്ങളുടെ ഒടുവിലത്തെ ഇരയാണ് ലോകത്തെ കരയിച്ചുകിടന്ന ഈ അച്ഛനും മകളും. രണ്ടു രാഷ്ട്രങ്ങളും തങ്ങളുടെ അധീശത്വം അരക്കിട്ടുറപ്പിക്കാനുള്ള അതിവ്യഗ്രതയില്‍ ആട്ടിയോടിക്കപ്പെടുന്ന ആയിരങ്ങള്‍ ആരാരും കാണാത്ത ആഴിക്കടലില്‍ മുങ്ങി മരിക്കുന്നത് പതിവായിരിക്കുകയാണ്. ഐലാന്‍ കുര്‍ദിക്കുശേഷം കഴിഞ്ഞ ദിവസം ലോകത്തിന്റെ കണ്ണുനനയിച്ച അച്ഛനും മകള്‍ക്കുമിടയില്‍ പിടഞ്ഞുവീണു മരിച്ചവരുടെ നിലവിളികള്‍ ആരും കേട്ടില്ലെന്നതാണ് കരളുരുകുന്ന ഇത്തരം കാഴ്ചയുടെ ആവര്‍ത്തനം. ഹോണ്ടുറാസിലും ഗ്വാട്ടിമലയിലും എല്‍സാല്‍വഡോറിലും അനിയന്ത്രിതമായി തുടരുന്ന ആക്രമണങ്ങളും ദാരിദ്ര്യവും ഇനിയും ലോകം കണ്ണുതുറന്നു കണ്ടില്ലെങ്കില്‍ ഇവ്വിധം ദയനീയ കാഴ്ചകള്‍ക്ക് അവസാനമുണ്ടാകില്ല. കുടിയേറ്റത്തിനെതിരെ കര്‍ശന നിലപാടെടുക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റെ നിലപാടുകളാണ് കുടിയേറ്റക്കാരെ കൂടുതല്‍ സാഹസത്തിലേക്കും അപകടത്തിലേക്കും തള്ളിവിടുന്നതെന്ന കാര്യം തീര്‍ച്ച. കുടിയേറ്റം വ്യാപകമായതോടെ അതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റക്കാര്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കാത്തിരിക്കണമെന്ന നയമാണ് ട്രംപ് പിന്തുടരുന്നത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണമെങ്കില്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്നര്‍ത്ഥം. അപകടംപിടിച്ച പാതകളിലൂടെ നീങ്ങാന്‍ അഭയാര്‍ത്ഥികളെ പ്രേരിപ്പിക്കുന്ന വികാരം ഇതാണ്. അതുകൊണ്ടുതന്നെ അമേരിക്ക വിചാരിച്ചാല്‍ മാത്രമേ കുടിയേറ്റക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയുകയുള്ളൂ. കുടിയേറ്റക്കാരെ ഒന്നൊഴിയാതെ കുടിയൊഴിപ്പിക്കാനുള്ള ട്രംപിന്റെ നികൃഷ്ടമായ തീരുമാനത്തിനെതിരെ ലോകം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നവെന്നതാണ് ലോകത്തെ നടുക്കിയ ചിത്രത്തിന്റെ പാഠം.
അമേരിക്ക-മെക്‌സിക്ക അതിര്‍ത്തിയില്‍ റിയോ ഗ്രാന്റെ നദിക്കരയിലാണ് കഴിഞ്ഞ ദിവസം വലേറിയയുടെയും മാര്‍ട്ടിനസിന്റെയും മൃതദേഹം നൊമ്പരക്കാഴ്ചയായി അടിഞ്ഞുകൂടിയ നിലയില്‍ കണ്ടത്. എല്‍ സാല്‍വദോറില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ച അഭയാര്‍ത്ഥികളായ ഓസ്‌കാര്‍ ആല്‍ബര്‍ട്ടോ മാര്‍ട്ടിനസ് രെമിരസും മകള്‍ വലേറിയയും വെള്ളംകുടിച്ചു വീര്‍ത്ത ശരീരവുമായി ഒറ്റക്കുപ്പായത്തിനുള്ളില്‍ കമഴ്ന്നുകിടക്കുന്ന ചിത്രം അങ്ങേയറ്റം ഹൃദയഭേദകമാണ്. മകളെ അമേരിക്കയുടെ കരക്കെത്തിച്ച ശേഷം ഭാര്യയെ കൊണ്ടുപോകാനായി തിരിക്കുന്നതിനിടെ മകള്‍ വെള്ളത്തില്‍ വീണത് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും ചുഴിയില്‍പെട്ടത്. ഈ കുടുംബം മെക്‌സിക്കോയില്‍ എത്തിയിട്ട് രണ്ടു മാസത്തിലേറെയായി. കൊടും ചൂടില്‍ വെന്തുരുകുന്ന അഭയാര്‍ത്ഥി ക്യാമ്പിലെ താമസം അസഹനീയമായപ്പോള്‍ നദി കടന്ന് അക്കരെ പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ മൂന്നിനാണ് എല്‍ സാല്‍വദോറില്‍ നിന്ന് ഓസ്‌കാര്‍ കുടുംബവുമായി അമേരിക്കയിലേക്ക് പുറപ്പെട്ടത്. അമേരിക്കയില്‍ അഭയം കണ്ടെത്താനുള്ള ശ്രമങ്ങള്‍ വൈകിയതോടെയാണ് നീന്തി അതിര്‍ത്തിയിലെത്താന്‍ രെമിരസ് തീരുമാനിച്ചത്. എന്നാല്‍ പുതുജീവിതത്തിലേക്കു പ്രതീക്ഷയോടെ നീന്തിക്കയറാനാകാതെ പാതിവഴിയില്‍ പിടഞ്ഞുവീണു മരിക്കാനായിരുന്നു ആ അച്ഛന്റെയും മകളുടെയും വിധി. ഇത് കുടിയേറ്റത്തെ കാടത്തമായി കാണുന്ന അമേരിക്കന്‍ അച്ചുതണ്ടിനെതിരെയുള്ള അടങ്ങാത്ത പ്രതിഷേധാഗ്നിയായി പടര്‍ന്നുപിടിച്ചിരിക്കുകയാണ്.
പഞ്ചാരമണലിനെ പുല്‍കി ചേതനയറ്റു കിടന്നിരുന്ന ഐലാന്‍ കുര്‍ദിയെ ലോകം ഇന്നും മറന്നിട്ടില്ല. മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടുമുങ്ങി തീരത്തടിഞ്ഞ ഐലാനായിരുന്നു അഭയാര്‍ത്ഥി ദുരിതത്തിന്റെ ഇതുവരെയുള്ള നേര്‍ചിത്രം. ഇപ്പോള്‍ ഐലാനെപ്പോലെ തന്നെ വേദനയാവുകയാണ് മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട അച്ഛന്റെയും മകളുടെയും ചിത്രം.
കുടിയേറ്റക്കാരെ പ്രതിരോധിക്കാന്‍ കിഴക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള പുറപ്പാടിലാണ് ഡൊണാള്‍ഡ് ട്രംപ്. മതില്‍ കെട്ടാന്‍ അനുമതിയില്ലെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നായിരുന്നു കഴിഞ്ഞ ജനുവരിയില്‍ ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ഡെമോക്രാറ്റുകള്‍ തടസം നില്‍ക്കുന്നതിനാലാണ് ട്രംപിന് തീരുമാനവുമായി സധൈര്യം മുന്നോട്ടുപോകാന്‍ കഴിയാത്തത്. അഭയാര്‍ത്ഥികളെ അകറ്റിനിര്‍ത്താന്‍ കിഴക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനവും അഭിമാന പ്രശ്‌നവുമാണ്. മൂന്നു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച മതിലിന്റെ കാര്യത്തില്‍ അമേരിക്കയെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത ട്രംപ് അഭയാര്‍ത്ഥി നയം കടുപ്പിച്ചാണ് കുടിയേറ്റക്കാരോട് പക തീര്‍ക്കുന്നത്. മതിലിനുള്ള 570 കോടി ഡോളറിന്റെ ധനാഭ്യാര്‍ത്ഥന ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകള്‍ എതിര്‍ത്തത് ഷട്ട് ഡൗണ്‍ എന്ന ഭരണപ്രതിസിന്ധിയിലാണ് രാജ്യത്തെ കൊണ്ടെത്തിച്ചത്. ലാകമെമ്പാടും ഭയാനകമായ നിലയിലുള്ള അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കിന് കാരണക്കാരായ അമേരിക്കക്ക് കാലം തിരിച്ചടി നല്‍കുന്നതിന്റെ തുടക്കമായിരുന്നു അത്.
ഈ നൂറ്റാണ്ട് അഭിമുഖീകരിക്കുന്ന ഏറ്റവും സങ്കീര്‍ണ പ്രശ്‌നമാണ് അഭയാര്‍ത്ഥികള്‍. ഏഴ് കോടിയിലധികം പേരാണ് ഇന്ന് ലോകത്ത് അഭയാര്‍ത്ഥികളായുള്ളത്. പാശ്ചാത്യ ശക്തികളുടെ ആര്‍ത്തിയും യുദ്ധകൊതിയും ആയുധക്കച്ചവട തന്ത്രവുമാണ് ഇത്രയേറെ അഭയാര്‍ത്ഥികളെ സൃഷ്ടിച്ചെടുത്തത്. അഭയാര്‍ത്ഥികളേയും അനധികൃത കുടിയേറ്റക്കാരേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ ഉഴലുകയാണ് യൂറോപ്പും അമേരിക്കയും. രണ്ടാം ലോക യുദ്ധത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥി പ്രവാഹത്തിന്റെ പതിന്മടങ്ങാണ് ഇപ്പോഴത്തെ അഭയാര്‍ത്ഥികളുടെ കണക്ക്. സിറിയയില്‍ 5.5 മില്യണ്‍ അഭയാര്‍ത്ഥികളാണുള്ളത്. ഏഴ് വര്‍ഷത്തിനകം നാലു ലക്ഷം പേരാണ് ഇതില്‍ മരിച്ചുവീണത്. 2.9 മില്യണ്‍ അഭയാര്‍ത്ഥികളെ തുര്‍ക്കി സ്വീകരിച്ചു. ലബനാനിലും ജോര്‍ദാനിലുമുള്ള ക്യാമ്പുകളില്‍ 6.60 മില്യണും ഇറാഖിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ 2.40 മില്യണ്‍ കുടിയേറ്റക്കാരുമാണുള്ളത്. ഈജിപ്തില്‍ 1.22,000 പേരും സിറിയയിലെ ഫലസ്തീന്‍ ക്യാമ്പില്‍ 4.60 ലക്ഷം കുടിയേറ്റക്കാരും സൗത്ത് സുഡാനില്‍ അഭയാര്‍ത്ഥികളായി 7.37 ലക്ഷം പേരും പാക്കിസ്താനില്‍ 1.6 ലക്ഷം അഫ്ഗാന്‍ അഭയാര്‍ത്ഥികളുമുണ്ട്. ബംഗ്ലാദേശില്‍ ഏഴ് ലക്ഷം മ്യാന്‍മര്‍ അഭയാര്‍ത്ഥികള്‍. ഇന്ത്യയിലുമുണ്ട് പതിനായിരക്കണക്കിന് മ്യാന്മര്‍ അഭയാര്‍ത്ഥികള്‍. അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും അവരെ മനുഷ്യരായി കാണാനും പരിഗണിക്കാനുമുള്ള മനോഭാവം ലോകശക്തികള്‍ക്ക് പകര്‍ന്നുനല്‍കാനുമുള്ള ധാര്‍മിക ഉത്തരവാദിത്വം ഐക്യരാഷ്ട്ര സംഘടനക്കുണ്ട്. ലോക മന:സാക്ഷി ഞെട്ടിത്തരിച്ച ദുരന്ത ചിത്രത്തിലേക്കെങ്കിലും യു.എന്നിന്റെ കണ്ണു പതിയട്ടെ എന്നു പ്രാര്‍ത്ഥിക്കാം.

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Video Stories

ഷാൻ വധക്കേസ്; പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌ പ്രവർത്തകൻ അറസ്റ്റിൽ

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്.

Published

on

ഷാന്‍ വധക്കേസില്‍ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌  പ്രവർത്തകൻ അറസ്റ്റിൽ. ആലപ്പുഴ പറവൂർ വടക്ക് ദേവസ്വം വെളി വീട്ടിൽ എച്ച്. ദീപക്കിനെയാണ് (44) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ഒളിവിൽ പോകാൻ വേണ്ട സഹായം ചെയ്തതിനാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്.

കൊലക്കേസിലെ അഞ്ച്‌ പ്രതികളുടെയും ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷന്‍റെ അപ്പീലിലായിരുന്നു ഹൈക്കോടതി നടപടി. കേസിലെ മറ്റ് 5 പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്. 19ന് രാവിലെ ബിജെപി നേതാവ് രൺജീത് ശ്രീനിവാസും കൊല്ലപ്പെട്ടു. പിന്നാലെ തന്നെ അന്വേഷണം നടത്തി രണ്ട് കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഒന്നര വർഷമായി പ്രതികൾ ജാമ്യത്തിൽ കഴിയുകയാണ്. അതേസമയം, ബി.ജെ.പി നേതാവ് രൺജീത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് മുഴുവൻ കൂട്ടവധശിക്ഷ വിധിച്ചിരുന്നു.

Continue Reading

Trending