Connect with us

Video Stories

കയ്യേറ്റക്കാര്‍ക്കു മുമ്പില്‍ കാലിടറുന്നവരോട്

Published

on

കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചുവെന്ന ആരോപണം നേരിടുന്ന മന്ത്രിയെ വാരിപ്പുണരാനുള്ള മുഖ്യമന്ത്രിയുടെ വ്യഗ്രത വൃത്തികെട്ട കൂട്ടുകെട്ടിന്റെ ചുരുളഴിക്കുന്നതാണ്. കയ്യേറ്റക്കാരെ കയ്യാമം വെക്കുമെന്നു കട്ടായം പറഞ്ഞവര്‍, തിണ്ണമിടുക്കില്‍ കണ്ണില്‍ കണ്ടതെല്ലാം തനിക്കാക്കുന്നവര്‍ക്കു മുമ്പില്‍ കാലിടറുന്നത് കാട്ടു നീതിയാണ്. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് തെല്ലും സങ്കോചമില്ലാതെ സാമാജികര്‍ക്കു മുമ്പില്‍ തട്ടിവിട്ട മുഖ്യമന്ത്രിയുടെ തൊലിക്കട്ടിക്കു മുമ്പില്‍ കാണ്ടാമൃഗവും തലകുനിച്ചുപോകും. പുറമ്പോക്ക് ഭൂമി കയ്യേറി എന്ന പേരില്‍ നടന്‍ ദിലീപിന്റെ ഡി-സിനിമാസിനെതിരെ നടപടിയെടുക്കാന്‍ കാണിച്ച ആര്‍ജവത്തിന്റെ ഒരംശം പോലും ലെയ്ക്ക് പാലസ് റിസോര്‍ട്ടിനെതിരെ ഉണ്ടായില്ലെന്നത് യാദൃച്ഛികതയായി കാണാനാവില്ല. ഒരേ തൂവല്‍ പക്ഷികളുടെ ചിറകടുപ്പത്തില്‍ സഫലമാകുന്ന രാഷ്ട്രീയ ലാഭം തന്നെയാണ് ‘ഇരട്ടച്ചങ്കു’കളില്‍ ഓട്ടവീഴ്ത്തുന്നത് എന്നര്‍ത്ഥം.
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടായ ലെയ്ക്ക് പാലസിലേക്ക് സര്‍ക്കാര്‍ പണം ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചുവെന്നും കായല്‍ കയ്യേറിയെന്നുമാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഏറെ വിവാദമായതോടെ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്ത് നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ഇന്നലെ പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. അധികാര ദുര്‍വിനിയോഗമാണ് നടന്നിട്ടുള്ളതെന്നും സമഗ്ര അന്വേഷണത്തിലൂടെ ഇത് തെളിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ടെന്നും പ്രതിപക്ഷം ഉന്നയിച്ചെങ്കിലും മന്ത്രിയെ വെള്ള പൂശുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് ചട്ടവിരുദ്ധമാണെന്ന വാദമുയര്‍ത്തി സ്പീക്കര്‍ സര്‍ക്കാറിനെ സംരക്ഷിക്കാന്‍ രംഗത്തുവരികയും ചെയ്തു. അഴിമതിയുടെ നാണക്കേട് മറയ്ക്കാന്‍ തലയില്‍ മുണ്ട് മൂടിക്കെട്ടി രക്ഷപ്പെടാനുള്ള വിഫല ശ്രമമായി മാത്രമേ ഈ നീക്കങ്ങളെ കാണാന്‍ കഴിയുകയുള്ളൂ. അഴിമതി മുക്ത കേരളമെന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലേറിയവര്‍ക്ക് ഇക്കാരണത്താല്‍ രണ്ടാമതൊരു മന്ത്രിയെകൂടി കുടിയൊഴിപ്പിക്കേണ്ടി വരുമോ എന്ന വിഹ്വലതയാണ് ഈ പൊറാട്ടു നാടകങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. കായല്‍ കയ്യേറ്റ വാര്‍ത്ത കേരളം മുഴുവന്‍ പാട്ടായ സാഹചര്യത്തില്‍ അഗ്നിശുദ്ധി വരുത്തേണ്ട ബാധ്യത മന്ത്രിക്കും സര്‍ക്കാറിനും ഒരുപോലെയുണ്ട്. അതല്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരോട് അസഹിഷ്ണുത പ്രകടിപ്പിച്ച് ആട്ടിയോടിക്കാമെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമാണ്. നിയമസഭയില്‍ ചര്‍ച്ച ചെയ്താല്‍ അഴിമതിയുടെ മൂടുപടം അഴിഞ്ഞുവീഴുമെന്നാണോ സര്‍ക്കാറിന്റെ ഭയം? മന്ത്രി തെറ്റുകാരനല്ലെങ്കില്‍, ആരോപണം രാഷ്ട്രീയ പ്രേരിതമാണെങ്കില്‍ എന്തിന് മുഖ്യമന്ത്രിയുടെ മുട്ടുവിറക്കണം? കയ്യേറ്റക്കാര്‍ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കണമെന്ന ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്റെ നിലപാടിനോട് സര്‍ക്കാറിന് യോജിച്ചുപോകാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? നെറികെട്ട രാഷ്ട്രീയ കൂട്ടുകച്ചവടത്തിന്റെ പങ്കുകാരോടുള്ള പ്രതിബദ്ധതക്ക് പക്ഷേ, സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്നത് ഓര്‍ക്കുന്നത് നന്ന്.
കായല്‍ കയ്യേറ്റവും നെല്‍വയല്‍, തണ്ണീര്‍ത്തട നിയമവും ലംഘിച്ചുള്ള നിര്‍മാണങ്ങളും ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ നിലനില്‍പ്പിന് ശക്തമായ ഭീഷണി ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സര്‍ക്കാര്‍ സംവിധാനങ്ങളെ കൂട്ടുപിടിച്ച് നടത്തിയ കയ്യേറ്റങ്ങളുടേയും ക്രമക്കേടുകളുടേയും കഥകളുടെ ചുരുളുകള്‍ ഓരോ ദിവസവും കെട്ടഴിഞ്ഞു വരികയാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭത്തിന് കോപ്പുകൂട്ടിത്തുടങ്ങുകയും ചെയ്തു. വിവാദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട നിര്‍ണായ ഫയലുകള്‍ ആലപ്പുഴ നഗരസഭയില്‍ നിന്ന് കാണാതായതില്‍ ദുരൂഹ തളംകെട്ടി നില്‍ക്കുന്നുണ്ട്. ഭൂമി കയ്യേറി എന്ന ആരോപണത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് നഗരസഭാ ഓഫീസില്‍ നിന്ന് റിസോര്‍ട്ടുമായി ബന്ധപ്പെട്ട 32 ഫയലുകള്‍ കാണാതായത്. ഭൂമി കയ്യേറ്റം കണ്ടെത്താന്‍ റിസോര്‍ട്ടില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്ന സമയത്തു തന്നെ ഫയലുകള്‍ അപ്രത്യക്ഷമായത് അക്ഷന്തവ്യമായ വീഴ്ചയാണ്. ഫയല്‍ കണ്ടെത്താന്‍ നഗരസഭാ സെക്രട്ടറി സെര്‍ച്ച് ഓര്‍ഡര്‍ നല്‍കിയിട്ടും ഇതുവരെ ഫലമുണ്ടായിട്ടില്ല. ശക്തമായ മാഫിയയുടെ പിന്‍ബലമില്ലാതെ നഗരസഭാ ഓഫീസില്‍ നിന്ന് ഫയലുകള്‍ നഷ്ടപ്പെടാനിടയില്ല. സര്‍ക്കാറിന്റെ നിസംഗതയും ഉദ്യോഗസ്ഥരുടെ ഒത്താശയും വേണ്ടുവോളം ലഭിച്ചതു കൊണ്ടാണ് ഇത് സംഭവിച്ചത്. ഇതിനു മറുപടി പറയാന്‍ ബാധ്യസ്ഥരായ സര്‍ക്കാര്‍ വസ്തുതകള്‍ക്കു മുന്നില്‍ ഒളിച്ചുകളിക്കുന്നത് മര്യാദക്കേടല്ലാതെ മറ്റെന്താണ്?
ഇത് സംബന്ധിച്ച് എന്തെങ്കിലും ഒരഭിപ്രായം പറയുന്നതിന് മുന്നണിയിലെ മറ്റു മന്ത്രിമാരാരും തയ്യാറായില്ല എന്നത് അഴിമതി എന്ന മാരാകാര്‍ബുദത്തിന്റെ ആഴം അടയാളപ്പെടുത്തുന്നുണ്ട്. മന്ത്രിയുടെ ചെയ്തിയോടുള്ള മനം മടുപ്പാണോ അതോ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ഭരണമുന്നണിയുടെ കൂട്ടായ നീക്കമാണോ എന്നറിയാന്‍ പൊതുജനത്തിന് താത്പര്യമുണ്ട്. സ്വന്തം പാര്‍ട്ടിക്കാര്‍ക്കു പോലും താത്പര്യമില്ലാത്ത വിധം മന്ത്രിക്കെതിരെ പാളയത്തില്‍ പടയൊരുക്കം ശക്തമായിട്ടുണ്ടെന്നത് ചേര്‍ത്തുവായിക്കേണ്ടതാണ്. നാറിയവനെ പേറിയാല്‍ പേറിയവനും നാറുമെന്ന തിരിച്ചറിവാണ് ന്യായീകരണ വാദികള്‍ക്കു വേണ്ടത്. ലെയ്ക്ക് പാലസ് റിസോര്‍ട്ടിലേക്ക് മാത്രമായി ലക്ഷങ്ങള്‍ ചെലവഴിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിങ് വക റോഡ് ടാറിങ് നടത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് വിവാദമായിരിക്കുന്നത്. വലിയകുളം മുതല്‍ സീറോ ജെട്ടിവരെ ഒരു കിലോമീറ്റര്‍ നീളമുള്ള റോഡില്‍ ലെയ്ക്ക് പാലസ് റിസോര്‍ട്ട് വരെയുള്ള നാനൂറ് മീറ്റര്‍ മാത്രമാണ് ടാറിങ് നടത്തിയത്. ഹാര്‍ബര്‍ എഞ്ചിനീയറിങ്് വകുപ്പിന്റെ ലക്ഷങ്ങളുടെ ഫണ്ട് ഉപയോഗിച്ചാണ് ലെയ്ക്ക് പാലസിന്റെ ഗെയ്റ്റ് വരെയെത്തുന്ന റോഡ് ടാര്‍ ചെയ്തത് എന്ന ആരോപണം അത്ര നിസാരമായി കണ്ടുകൂടാ. ഇവ സാധൂകരിക്കുന്ന സാഹചര്യത്തെളിവുകളില്‍ നിന്ന് മന്ത്രിയുടെ പങ്ക് വ്യക്തമാകുന്നുണ്ടെങ്കില്‍ അതില്‍ സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ മടി കാണിക്കുന്നതില്‍ അര്‍ത്ഥമില്ല.
പതിനഞ്ചു മാസത്തിനിടെ ഭൂമി കയ്യേറിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും നേരത്തെ കയ്യേറിയിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കുമെന്നും മുടന്തന്‍ ന്യായങ്ങള്‍ നിരത്തി രക്ഷപ്പെടാമെന്നത് റവന്യൂ വകുപ്പ് മന്ത്രിയുടെ വ്യാമോഹം മാത്രമാണ്. കഴിഞ്ഞ സര്‍ക്കാറിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി കൈകഴുകാമെന്ന വിചാരം അല്‍പ്പത്തമാണ്. ഈ കള്ളക്കളിക്കു ചൂട്ടുപിടിക്കുന്നതാരെന്ന് അന്നം കഴിക്കുന്നവര്‍ക്ക് നന്നായറിയാം. അതിനാല്‍ കായല്‍ മാഫിയക്ക് മുമ്പില്‍ കൈക്കൂപ്പി നില്‍ക്കാതെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണം. പൊതുജന പ്രക്ഷോഭം കത്തിയാളും മുമ്പ് പാപപ്പണ്ടാരങ്ങളെ പടിക്കു പുറത്താക്കാന്‍ ‘കടക്ക് പുറത്ത്’ എന്ന് ആക്രോശിച്ചവര്‍ക്ക് ആര്‍ജവമുണ്ടോ എന്നറിയാന്‍ കാത്തിരിക്കുകയാണ് പൊതുജനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Video Stories

അഡ്‌ലെയ്ഡില്‍ ഇന്ത്യക്കെതിരെ ഓസീസിന് പത്ത് വിക്കറ്റ് വിജയം

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

Published

on

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കിയെന്നതില്‍ രോഹിത്തിനും സംഘത്തിനും ആശ്വസിക്കാം. അഡലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്‌സില്‍ 175 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ ഓസീസിന് ജയിക്കാന്‍ 19 റണ്‍സ് മതിയായിരുന്നു.

ഓപ്പണര്‍മാരായ നഥാന്‍ മക്‌സ്വീനെയും (10) ഉസ്മാന്‍ ഖ്വാജയും (ഒമ്പത്) അനായാസം അതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പമെത്തി. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് ജയിച്ചിരുന്നു.

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിലും അല്‍പമെങ്കിലും പൊരുതിന്നെത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. 47 പന്തില്‍ 42 റണ്‍സെടുത്താണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്‌സിലും നിതീഷ് കുമാര്‍ (42) തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 128 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പേ ഋഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 31 പന്തില്‍ 28 റണ്‍സെടുത്ത പന്തിനെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്മിത്തിന്റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് നിതീഷ് കുമാര്‍ പൊരുതിനിന്നെങ്കിലും 14 പന്തില്‍ ഏഴു റണ്‍സെടുത്ത ആര്‍. അശ്വിന്‍ കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഹര്‍ഷിത് റാണയും (പൂജ്യം) വന്നപോലെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ ഖ്വാജക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഇതിനിടെ വമ്പനടികള്‍ക്ക് ശ്രമിച്ച നിതീഷ് കുമാറിനെയും കമ്മിന്‍സ് മക്‌സ്വീനെയുടെ കൈകളിലെത്തിച്ചു.

എട്ടു പന്തില്‍ ഏഴു റണ്‍സെടുത്ത മുഹമ്മദ് സിറാജിനെ ബോളണ്ടും മടക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 175 റണ്‍സില്‍ അവസാനിച്ചു. 180 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിയായി ഓസീസിനെ ട്രാവിസ് ഹെഡ്ഡിന്റെ (140) തകര്‍പ്പന്‍ സെഞ്ച്വറി 337ല്‍ എത്തിച്ചിരുന്നു. പേസര്‍മാരായ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും നാല് വിക്കറ്റ് പ്രകടനമാണ് ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 157ല്‍ ഒതുക്കിയത് മിച്ചം.

ആദ്യ ദിനം ഒരു വിക്കറ്റിന് 86 റണ്‍സിലാണ് ഓസീസ് കളി നിര്‍ത്തിയത്. പിറ്റേന്ന് ഇവരെ 337ല്‍ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷയില്‍ ബാറ്റിങ്ങിന് ഇറങ്ങി.

എന്നാല്‍, നാലാം ഓവറില്‍ ഓപണര്‍ കെ.എല്‍. രാഹുലിനെ (7) ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിറകിലുണ്ടായിരുന്ന അലക്‌സ് കാരിയുടെ കൈകളിലേക്കയക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 12. ഒന്നാം ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ വീണ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ 28 റണ്‍സ് സംഭാവന ചെയ്ത് മറ്റൊരു പേസറായ സ്‌കോട്ട് ബോളണ്ടിന് വിക്കറ്റ് സമ്മാനിച്ചു. കാരിക്ക് രണ്ടാം ക്യാച്ച്. 42ല്‍ രണ്ടാം ഓപണറെയും നഷ്ടമായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും ചുമലുകളിലായി.

ഒരിക്കല്‍ക്കൂടി പരാജിതനായ കോഹ്‌ലി (11) കാരിയുടെ ഗ്ലൗസില്‍ത്തന്നെ അവസാനിച്ചു. ബോളണ്ടിനായിരുന്നു വിക്കറ്റ്. 66ല്‍ കോഹ്‌ലിയും കരക്ക് കയറിയതോടെ ഋഷഭ് പന്തെത്തി. മറുതലക്കല്‍ പ്രതീക്ഷ നല്‍കി!യ ഗില്‍ വ്യക്തിഗത സ്‌കോര്‍ 28ല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡായി. നാലിന് 86. ക്യാപ്റ്റന്‍ രോഹിതും പന്തും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. 105ല്‍ എത്തിയപ്പോള്‍ രോഹിത്തിന്റെ (5) കുറ്റി കമ്മിന്‍സ് തെറിപ്പിച്ചു. ഇവിടെ വെച്ചാണ് പന്തും റെഡ്ഡിയും സംഗമിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റണ്‍സെടുത്തു പുറത്തായി. നാലു സിക്‌സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ മാര്‍നസ് ലബുഷെയ്‌നും (126 പന്തില്‍ 64) ഓസീസിനായി തിളങ്ങി.

നേഥന്‍ മക്‌സ്വീനി (109 പന്തില്‍ 39), മിച്ചല്‍ സ്റ്റാര്‍ക്ക് (15 പന്തില്‍ 18), അലക്‌സ് കാരി (32 പന്തില്‍ 15) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡിക്കും ആര്‍. അശ്വിനും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Continue Reading

Trending