Connect with us

Video Stories

പ്രതിപക്ഷ ഐക്യം കൂടുതല്‍ തിളങ്ങട്ടെ

Published

on

കിണറ്റില്‍നിന്ന് കരകയറാന്‍ കേവലമായ ആവേശം പോരാ. കൂടെ മതിയായ ഉപകരണങ്ങളും വേണം. അതുപോലെ രാജ്യമിപ്പോള്‍ നിപതിച്ചിരിക്കുന്ന കെണിയില്‍നിന്ന് രക്ഷപ്പെടാനും വെറും ആഗ്രഹപ്രകടനമോ പ്രസ്താവനകളോ മതിയാവില്ല. ദീര്‍ഘദര്‍ശിത്വമായ നയനിലപാടുകളും തന്ത്രങ്ങളുമാണ് അതിനായി പ്രയോഗവല്‍കരിക്കേണ്ടത്. നാലേമുക്കാല്‍ വര്‍ഷം കൊണ്ട് രാജ്യത്തെ തകര്‍ത്ത് തരിപ്പണമാക്കി വര്‍ഷങ്ങള്‍ പിന്നാക്കമാക്കിയ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചുനിന്നാലല്ലാതെ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും അതേപടി നിലനിര്‍ത്താന്‍ കഴിയില്ലെന്ന് ഇതിനകം വ്യക്തമായതാണ്. കൂടുതല്‍ ശുഭോദര്‍ക്കമായ നീക്കങ്ങളാണ് പ്രതിപക്ഷ കക്ഷികളില്‍നിന്ന് പൊതുതെരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂറില്‍ മഹാഭൂരിപക്ഷം ജനതയും പ്രതീക്ഷിക്കുന്നതും ആവശ്യപ്പെടുന്നതും. അതിന് വിലങ്ങുതടിയാകുന്ന ഒരുവിധനീക്കവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.
ഇക്കഴിഞ്ഞ നവംബര്‍-ഡിസംബറിലായി നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാവോട്ടെടുപ്പിന്റെ ഫലങ്ങള്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ക്ക്, വിശേഷിച്ച് കോണ്‍ഗ്രസിന് ആവേശവും ആത്മവിശ്വാസവും പകരുന്നവയാണ്. അഞ്ചില്‍ മൂന്നിലും-മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്- കോണ്‍ഗ്രസിന് ഭരണരൂപവല്‍കരണം സാധ്യമായി. തിങ്കളാഴ്ച ഈ മൂന്നുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. രാവിലെയും ഉച്ചക്കും വൈകീട്ടുമായി നടന്ന മൂന്നു തലസ്ഥാനങ്ങളിലെയും സത്യപ്രതിജ്ഞാചടങ്ങുകളില്‍ സോണിയാഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ പോലുള്ള നേതാക്കളും സജീവ സാന്നിധ്യമറിയിക്കുകയുണ്ടായി. പ്രതിപക്ഷ ഐക്യത്തിന്റെ പുത്തന്‍ കാഹളമാണ് അവിടങ്ങളില്‍ മുഴങ്ങിയത്. ഇതിനുമുമ്പ് ഡിസംബര്‍ പത്തിന് ഡല്‍ഹിയിലും 21 പ്രതിപക്ഷകക്ഷികളുടെ നേതാക്കള്‍ പങ്കെടുത്ത സംയുക്തയോഗവും കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ചേരുകയുണ്ടായി. ഡല്‍ഹിയിലെ സ്ഥിരവൈരിയായ ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി അരവിന്ദ്‌കെജ്‌രിവാള്‍, സ്റ്റാലിന്‍, സമാജ്‌വാദിപാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു, ലോക്താന്ത്രിക് ജനതാദളിലെ ശരത്‌യാദവ്, എന്‍.സി.പി നേതാവ് ശരത്പവാര്‍ തുടങ്ങിയവര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. 2019ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കണമെന്ന ഏകഅജണ്ടയിലാണ് യോഗം നടന്നത്. ഞായറാഴ്ച ഡി.എം.കെ നേതാവ് അന്തരിച്ച മുത്തുവേല്‍ കരുണാനിധിയുടെ പ്രതിമാഅനാച്ഛാദനച്ചടങ്ങിലും ഈ ഐക്യം പ്രോജ്വലമായി. സോണിയയെയും രാഹുലിനെയും കൂടാതെ ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരായ സി.പി.എം നേതാവ് പിണറായി വിജയനും നായിഡുവും ഈ ചടങ്ങില്‍ പങ്കെടുത്തു. യോഗത്തില്‍ സംസാരിച്ച കരുണാനിധിയുടെ പുത്രന്‍ കൂടിയായ എം.കെ സ്റ്റാലിന്‍, അടുത്തപ്രധാനമന്ത്രിയായി രാഹുല്‍ഗാന്ധി വരണമെന്ന് അഭിപ്രായപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടുന്നത് ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിനുശേഷം പൊതുവെ രാജ്യത്ത് കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും അനുകൂലമായി നേതാക്കള്‍ക്കിടയിലും കൂടുതല്‍ അനുകൂലമായ അന്തരീക്ഷം ഉയര്‍ന്നുവരുന്നുവെന്നതാണ്.
അതേസമയം തന്നെ ഈ അന്തരീക്ഷത്തെ ആശങ്കപ്പെടുത്തുന്നത്, ഡല്‍ഹിയിലും ചെന്നൈയിലും മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാചടങ്ങുകളിലും കാണാതിരുന്ന ചില പ്രതിപക്ഷ നേതൃമുഖങ്ങളെക്കുറിച്ചുള്ളതാണ്. ഇവിടെയെവിടെയും പ്രതിപക്ഷത്തെ പ്രമുഖ കക്ഷികളായ മമത ബാനര്‍ജിയും ബി.എസ്.പി നേതാവ് മായാവതിയും പങ്കെടുത്തില്ല. പ്രതിപക്ഷത്തിന്റെ ഐക്യമില്ലാതെ രാജ്യത്ത് ബാധിച്ചിരിക്കുന്ന വര്‍ഗീയതയെയും ബി.ജെ.പി സര്‍ക്കാരിനെയും തൂത്തെറിയാന്‍ കഴിയില്ലെന്ന് അറിയാവുന്നവര്‍ തന്നെയാണ് മമതയും മായാവതിയും. എന്നിട്ടും ലോക്‌സഭാതെരഞ്ഞെടുപ്പിന് മൂന്നുമാസം മാത്രമുള്ളപ്പോള്‍ പോലും അവര്‍ സംയുക്തയോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത് ആരുടെ ഗുണത്തിനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നാണ് കഴിഞ്ഞദിവസം തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പിക്കെതിരെയാണ് പ്രധാന പോരാട്ടമെന്ന് മമതയും സി.പി.എം നേതാവ് സീതാറാം യെച്ചൂരിയും പറയുന്നു. എന്നിട്ടും അവിടെ എന്തുകൊണ്ട് ബി.ജെ.പിക്കെതിരായ വിശാല സഖ്യത്തിന് ഇവര്‍ തയ്യാറാകുന്നില്ല. എങ്ങനെയും തങ്ങളുടെ വോട്ടുകള്‍ വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെങ്കില്‍ മധ്യപ്രദേശില്‍ ഇത്തവണയും കഴിഞ്ഞ തവണ യു.പിയിലും അനുഭവിക്കേണ്ടിവന്ന തിക്തഫലം പ്രതിപക്ഷത്തിന് ആവര്‍ത്തിക്കും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയിച്ച ഗോരഖ്പൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബി.എസ്.പി-എസ്.പി സഖ്യം നേടിയ ഗംഭീര വിജയം ഇവര്‍ മറക്കരുത്. കര്‍ണാടകയിലെയും ഗുരുദാസ്പൂര്‍, അജ്മീര്‍ തുടങ്ങിയ ലോക്‌സഭാമണ്ഡലങ്ങളിലെയും യു.പി.എ സഖ്യത്തിന്റെ വിജയങ്ങളും എല്ലാവര്‍ക്കും പാഠമാകണം. കര്‍ണാടകത്തില്‍ 2017 മേയിലെ നിയമസഭാതെരഞ്ഞെടുപ്പിന്‌ശേഷം ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ബി.ജെ.പിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതിരുന്നതിനെതുടര്‍ന്ന് മുഖ്യമന്ത്രി യെദിയൂരപ്പക്ക് രാജിവെച്ചുപോകേണ്ടിവന്നുവെന്നത് കാണിക്കുന്നത്, കോണ്‍ഗ്രസ് എന്തുവിട്ടുവീഴ്ചക്കും തയ്യാറാണ് എന്നതാണ്. തങ്ങളേക്കാള്‍ എം.എല്‍.എമാര്‍ കുറവായിരുന്നിട്ടും ജനതാദളിന്റെ (എസ്) കുമാരസ്വാമിയെയാണ് അവിടെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കിയത്. ഈ വിശാലചിന്താഗതിയാവണം പ്രതിപക്ഷത്തെ മുഴുവന്‍ കക്ഷികളെയും നയിക്കേണ്ടത്. തെരഞ്ഞെടുപ്പിനുശേഷം സഖ്യമാകാമെന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവനയില്‍ പ്രകടമാകുന്നത് തങ്ങളുടെ കയ്യിലുള്ളവ ഇനിയും നഷ്ടപ്പെടരുതെന്ന തോന്നലാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ ചെയ്ത വോട്ടിന്റെ വെറും 33 ശതമാനംമാത്രം കൊണ്ടാണ് അവര്‍പോലും പ്രതീക്ഷിക്കാതെ ബി.ജെ.പി 282 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയതെന്ന കാര്യം വിസ്മരിക്കപ്പെടരുത്.
പുതിയ ഭീഷണി തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു മോദിയും കൂട്ടരുമെന്ന ്‌തെളിയിക്കുന്നതാണ് കഴിഞ്ഞദിവസം ഗുജറാത്തില്‍ വൈദ്യുതി കുടിശിക ബി.ജെ.പി സര്‍ക്കാര്‍ എഴുതിത്തള്ളിയത്. അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം മധ്യപ്രദേശിലും രാജസ്ഥാനിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാട്ടിയ ആര്‍ജവമാണ് ബി.ജെ.പിയെ ഭയപ്പെടുത്തുന്നതെന്ന ്‌വ്യക്തം. കാര്‍ഷികടങ്ങള്‍ ദേശീയാടിസ്ഥാനത്തില്‍ എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ഗാന്ധി ചൊവ്വാഴ്ച നടത്തിയ പരാമര്‍ശം അദ്ദേഹം പ്രധാനമന്ത്രിപദത്തിലേക്ക് കൂടുതല്‍ കൂടുതല്‍ യോഗ്യനാകുന്നുവെന്നതിന്റെ നിദര്‍ശനമാണ്. ഈ ആവേശത്തിനും ജനേച്ഛക്കും പരമാവധി പിന്തുണ ഉറപ്പാക്കുകയാണ് യഥാര്‍ത്ഥ മതേര വിശ്വാസികളുടെ ഇന്നിന്റെ അടിയന്തിരകടമ. അല്ലാതിരുന്നാല്‍ കുടംകമഴ്്ത്തി വെള്ളമൊഴിച്ച ഫലമാകും 2019ലും; ഇന്ത്യ എന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്കിന്റെ അന്ത്യവും.

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending