Connect with us

Video Stories

വികസനക്കുതിപ്പിന് പച്ചക്കൊടി

Published

on

വികസനരഥയോട്ടത്തിലെ പുതിയ നാഴികക്കല്ല് പിന്നിടുകയാണ് ഇന്ന് കൊച്ചു കേരളം. സംസ്ഥാനത്തിന്റെ എക്കാലത്തെയും ബൃഹത് പദ്ധതികളിലൊന്നായ കൊച്ചി മെട്രോയുടെ ശില്‍പികള്‍ക്ക് മാത്രമല്ല, മൂന്നരക്കോടി മലയാളിക്കും അഭിമാനത്തിന്റെ പുളക മുഹൂര്‍ത്തം. രാവിലെ പതിനൊന്നിന് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിന് സമീപം ഉദ്ഘാടനം ചെയ്യപ്പെടുന്നത് ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ചെറിയ ഭാഗമാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന കൊച്ചി മെട്രോ സംസ്ഥാനത്തിന്റെ തുടര്‍ വികസനത്തിന് പ്രചോദനമാകുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ അധികാരത്തില്‍ മാറിമാറിവന്ന ജനാധിപത്യമുന്നണി സര്‍ക്കാരുകളാണ് വന്‍ വികസന പദ്ധതികളുടെ ശില്‍പികളെന്ന കാര്യം ഇത്തരുണത്തില്‍ സ്മരണീയമാണ്. കൊച്ചിയിലെതന്നെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ തുടങ്ങിയ വന്‍ പദ്ധതികളില്‍ യു.ഡി.എഫ് സര്‍ക്കാരുകളുടെ പങ്ക് നിസ്സീമമാണെന്ന് ആരും സമ്മതിക്കും. വിഴിഞ്ഞവും കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും ഇക്കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ സംഭാവനയായിരുന്നെങ്കില്‍ കൊച്ചി വിമാനത്താവളം പ്രഗല്‍ഭനായ കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ മാനസപുത്രിയായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിന്റെ തദ്ദിശയിലെ ആത്മവിശ്വാസത്തിന്റെ പ്രതീകമാകുകയാണ് കൊച്ചി മെട്രോ.
നൂറു ചതുര ശ്രകിലോമീറ്ററോളം വിസ്താരമുള്ള കൊച്ചി മഹാനഗരത്തില്‍ 13.4 കിലോമീറ്റര്‍ദൂരം വരുന്ന ആദ്യഘട്ടം കൊണ്ട് മതിയായ യാത്രക്കാരോ വരുമാനമോ ഉണ്ടാവില്ലെങ്കിലും മഹാരാജാസ് കോളജ്, ഫോര്‍ട്ട് കൊച്ചി, തൃപ്പൂണിത്തുറ പേട്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് വരുംനാളുകളില്‍ മെട്രോ ഓടിയെത്തുമ്പോള്‍ പദ്ധതി മുഴുവനായി ട്രാക്കിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അരലക്ഷത്തോളം വാഹനങ്ങളാണ് കൊച്ചി നഗത്തില്‍ പ്രതിദിനം സഞ്ചരിക്കുന്നത്. പ്രതിവര്‍ഷം മുപ്പതിനായിരത്തിലധികം വാഹനങ്ങള്‍ വര്‍ധിക്കുന്നു. മിക്കവാറും ഒരാള്‍ മാത്രം യാത്രചെയ്യുന്ന സ്വകാര്യ കാറുകളാണ് കുരുക്കിന് ഒരു കാരണം. യൂറോപ്പിലെ പോലെ പൊതുഗതാഗത സംവിധാനത്തിലൂടെ ഇവരെ മെട്രോയിലെത്തിക്കാന്‍ കഴിണമെങ്കില്‍ പദ്ധതി മുഴുവന്‍ യാഥാര്‍ഥ്യമാകണം. ഒപ്പം തന്നെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള ഉപപാതകളുടെ നിര്‍മാണവും നടക്കണം. മാലിന്യം കൊണ്ട് പൊറുതിമുട്ടുന്ന കൊച്ചിക്കാര്‍ക്ക് ശുദ്ധമായവായു ഉറപ്പുവരുത്താനും മെട്രോ മൂലം കഴിയും. കൊച്ചിയുടെ വിനോദ സഞ്ചാരരംഗം കുതിച്ചുയരുന്നതിലൂടെ മികച്ച വരുമാനം കേരളത്തിന് സ്വായത്താമാക്കാനുമാകും. ഡല്‍ഹി മെട്രോറെയില്‍ കോര്‍പറേഷന്‍ രൂപകല്‍പനയും നിര്‍മാണവും നടത്തിയ മലയാളികളുടെ അഭിമാനമായ മെട്രോമാന്‍ ഇ. ശ്രീധരനാണ് കൊച്ചി മെട്രോയുടെ മുഖ്യ ഉപദേശകന്‍ എന്നതിനാല്‍ കേരളത്തിന്റെ പതിവു കാലതാമസങ്ങളെല്ലാം ഒഴിവാക്കിയാണ് പദ്ധതി നിശ്ചിത സമയത്തില്‍ നിന്ന് അല്‍പം വൈകിയെങ്കിലും യാഥാര്‍ഥ്യമാക്കാനായത്. 2011ല്‍ പണിയാരംഭിച്ചതുമുതല്‍ ഓരോതീയതിയും എഴുതി പ്രദര്‍ശിപ്പിച്ചായിരുന്നു നിര്‍മാണം മുന്നോട്ടുപോയത്. എന്നാല്‍ സമരങ്ങളും തൊഴിലാളികളുടെ അഭാവവും മറ്റും കൊണ്ട് പണി അല്‍പം നീണ്ടുപോകുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നിതാന്തമായ താല്‍പര്യവും ജാഗ്രതയും പുലര്‍ത്തിയതാണ് ഈ മഹാവിജയത്തിന് കാരണം. ഇ.ശ്രീധരനും കൊച്ചിമെട്രോറെയില്‍ കോര്‍പറേഷന്‍ (കെ.എം.ആര്‍.എല്‍) എം.ഡി ഏലിയാസ്‌ജോര്‍ജും ഇക്കാര്യത്തില്‍ വഴികാട്ടികളായി. ആദ്യഘട്ടത്തില്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തടസ്സങ്ങള്‍ ആശങ്ക ജനിപ്പിച്ചെങ്കിലും കൊച്ചി ജനതയൊന്നടങ്കം പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് അഹമഹമികയാ പിന്തുണ നല്‍കി. റെയില്‍ പാലങ്ങളുടെ നിര്‍മാണം മുതല്‍ താഴത്തെ റോഡുകളുടെയും പാര്‍ക്കിങ് സംവിധാനങ്ങളുടെയും കാര്യത്തില്‍ വരെ അഭൂതപൂര്‍വമായ സഹകരണമാണ് ലഭിച്ചത്. കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ മെട്രോകളുമായി തട്ടിച്ചുനോക്കുമ്പോള്‍ വൈകിയാണെങ്കിലും ഒരുപാട് മാതൃകകള്‍ സൃഷ്ടിച്ചിരിക്കുകയാണ് കൊച്ചി മെട്രോ. ഭിന്നലിംഗക്കാര്‍ക്കും കുടുംബശ്രീ വനിതകള്‍ക്കും നല്‍കിയ തൊഴില്‍ പങ്കാളിത്തം, സൗരോര്‍ജം, പൂര്‍ണമായ ഡിജിറ്റല്‍ ടിക്കറ്റുകള്‍, യാത്രക്കാര്‍ക്ക് സൗജന്യ സൈക്കിള്‍ സവാരി തുടങ്ങിയവ ഇതില്‍ പ്രധാനം. രണ്ടു പതിറ്റാണ്ടിലധികം നീണ്ട ആശയ രൂപീകരണത്തിന്റെ ഫലമായിരുന്നു 2001ല്‍ ആന്റണി സര്‍ക്കാര്‍ അനുമതി നല്‍കിയ പദ്ധതി. 2005ല്‍ പദ്ധതി രൂപരേഖ അംഗീകരിക്കല്‍. 2007ല്‍ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചു. തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വീണ്ടും ചലനമുണ്ടായി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിന്റെ താല്‍പര്യപ്രകാരമായിരുന്നു അനുമതി. 2011ലാണ് ഇപ്പോഴത്തെ അഡീ. ചീഫ് സെക്രട്ടറി ടോംജോസിന് ആദ്യ ചുമതല നല്‍കിയത്. അന്നാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ രൂപീകരിക്കുന്നത്. ആദ്യ ഘട്ടമായി 5100 കോടി രൂപ യു.പി.എ സര്‍ക്കാര്‍ അനുവദിച്ചു. അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ നഗര വികസന മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയും പൊതുമരാമത്തു വകുപ്പു മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞും റെയില്‍ വകുപ്പു വഹിച്ച ആര്യാടന്‍ മുഹമ്മദും വഹിച്ച പങ്കു വലുതാണ്.
നിര്‍ഭാഗ്യവശാല്‍ പതിവുപോലെ സൗരോര്‍ജ പദ്ധതി ഉദ്ഘാടനം, ഉദ്ഘാടനത്തീയതി, വേദിയിലാരൊക്കെയാവണം എന്നീ കാര്യത്തിലെല്ലാം അനാവശ്യമായ വിവാദങ്ങളുണ്ടായി. പുതിയ പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കുന്നതിലും ചിലര്‍ കാണിക്കുന്ന ഈ പ്രവണത ബഷീര്‍ കഥയിലെ എട്ടുകാലിമമ്മൂഞ്ഞിനെ പോലെ ജനതയുടെ മുന്നില്‍ സ്വയം ജാള്യരാകാനേ ഉപകരിക്കുന്നുള്ളൂ. കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ലൈറ്റ് മെട്രോ പദ്ധതിയുടെ ഓഫീസുകള്‍ പൂട്ടിയത് ഇക്കഴിഞ്ഞ ദിവസമാണ്. ജല മെട്രോ പോലുള്ള പദ്ധതികളും കാത്തിരിക്കുന്നു. ആരൊക്കെ മമ്മൂഞ്ഞ് ചമഞ്ഞാലും ചരിത്രയാഥാര്‍ഥ്യങ്ങളായ സൂര്യതേജസ്സിനെ പാഴ്മുറംകൊണ്ട് മറയ്ക്കാനാവില്ലല്ലോ. കൊച്ചി മെട്രോ നിധിയാണ്; ഇത് വരുംകാലപദ്ധതികള്‍ക്ക് പുതിയ കാഴ്ചപ്പാട് പകരുമെന്ന ഇ. ശ്രീധരന്റെ വാക്കുകള്‍ക്ക് അര്‍ഥതലങ്ങളേറെയാണ്. ഇദ്ദേഹത്തിനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും ഉദ്ഘാടന വേദിയില്‍ കസേര നല്‍കാന്‍ പോലും തയ്യാറാകാതെ പ്രധാനമന്ത്രിയുടെ ഓഫീസ് അതിന്റെ ബഹുമാന്യത തകര്‍ക്കുകയായിരുന്നു. ഏതിലും അഴിമതിക്ക് വക കണ്ടെത്തുന്നവര്‍ കൊച്ചി മെട്രോയെക്കുറിച്ച് അത് പറയാതിരിക്കുന്നതുതന്നെ ഇ. ശ്രീധരന്റെ അചഞ്ചലമായ വ്യക്തിത്വത്തിനുള്ള തെളിവാണ്. കൊച്ചിയുടെ വാതായനങ്ങള്‍ ലോകത്തിന് തുറന്നുകൊടുക്കുന്ന മെട്രോയെ യാഥാര്‍ഥ്യമാക്കിയ മെട്രോമാനെ അര്‍ഹമായി ആദരിക്കാം. ഉമ്മന്‍ചാണ്ടി പറഞ്ഞതു പോലെ കേരളത്തിലൊന്നും നടക്കില്ലെന്ന പരാതി മാറി ആത്മവിശ്വാസം പകരുകയാണ് കൊച്ചിമെട്രോ.

Video Stories

ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായര്‍; പ്രതിപക്ഷ നേതാവ്‌

കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാണ്‌ എംടി.

Published

on

തിരുവനന്തപുരം : ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു. ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കിക്കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞുനിന്ന എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തതു കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളതുനേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ്‌റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല.അങ്ങനെയുള്ളവരാണു കാലത്തെ അതിജീവിക്കുന്നത്.

ആ പേനയില്‍നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്നു ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എംടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം. ‘നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്കു പറയാനറിയാം. ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല’- എന്ന് എംടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അര്‍ഥവത്താണ്. അതു ജീവിതം കൊവ തെളിഞ്ഞതുമാണ്. മനുഷ്യനെ ചേര്‍ത്തുനിര്‍ത്തിയ സ്‌നേഹസ്പര്‍ശം.

Continue Reading

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Trending