കലയുടെ കണ്ണായ കണ്ണൂരില്‍ ഉല്‍സവാന്തരീക്ഷത്തില്‍ അമ്പത്തേഴാമത് സംസ്ഥാന സ്‌കൂള്‍ കലാമേളക്ക് തിരശീല ഉയര്‍ന്നപ്പോള്‍ തന്നെ മേളക്കു പുറത്തുള്ള കള്ളക്കളികളെക്കുറിച്ചുള്ള ആശങ്കകളും പിന്നണിയില്‍ നിന്നുയരുന്നു. 232 ഇനങ്ങളിലായി പന്ത്രണ്ടായിരത്തോളം വരുന്ന കൊച്ചുകലാകാരന്മാരും കലാകാരികളും വേദികളില്‍ തങ്ങളുടെ പ്രതിഭ പുറത്തെടുക്കാനെത്തുന്നത് കേരളത്തിന്റെ കലാ രംഗത്തെ വളര്‍ച്ചക്കും ഭാവിക്കും വലിയ നേട്ടമാണെങ്കിലും ഇതിന്റെ നടത്തിപ്പിനെക്കുറിച്ചും വിധി നിര്‍ണയത്തെക്കുറിച്ചുമുള്ള പരാതി പ്രളയങ്ങള്‍ പായസത്തിലെ കല്ലുകടിയാകുകയാണ്.
യേശുദാസ്, ജയചന്ദ്രന്‍, വിനീത്, മഞ്ജുവാര്യര്‍, കാവ്യാമാധവന്‍ പോലുള്ള ഒട്ടനവധി കലാകാരന്മാരും സംഗീതജ്ഞരും വളര്‍ന്നുവന്ന മേളയാണ് ഇത്. അതുകൊണ്ടുതന്നെ സിനിമയിലേക്കുള്ള കവാടമെന്ന വിശേഷണം ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ സ്‌കൂള്‍ കലാമേളക്ക് ചാര്‍ത്തിക്കിട്ടിയിരിക്കുന്നു. സബ്ജില്ലാ കലാമേളകളിലും ജില്ലാ കലോല്‍സവങ്ങളിലും നിന്ന് ഉയര്‍ന്നുകേട്ട ക്രമക്കേടുകളും അഴിമതികളും പതിവുപോലെ ഇത്തവണയുംനമ്മെ വ്യാകുലപ്പെടുത്തുന്നതാണ്.
ഒരു വിധികര്‍ത്താവ് തനിക്ക് നാലു ലക്ഷം രൂപ തന്നാല്‍ ഒന്നാമതെത്തിക്കാം എന്ന് രക്ഷിതാവിനോട് വാഗ്ദാനം ചെയ്യുന്ന മൊബൈല്‍സംസാരം പരസ്യമാകുകയുണ്ടായി. തൃശൂര്‍ ജില്ലാ കലോല്‍സവത്തിനിടെ മാര്‍ക്ക് കുറഞ്ഞതിന് കുട്ടിയുടെ മാതാവ് വിധി കര്‍ത്താവിന്റെ കരണത്തടിച്ചതും നാം കേട്ടു. കോഴിക്കോട് ജില്ലാ കലോല്‍സവത്തിനിടെ വിജിലന്‍സ് പരിശോധന. കലാമണ്ഡലത്തിലെ പ്രശസ്ത നര്‍ത്തകിയുടെ പേരില്‍ ആള്‍മാറാട്ടവും നടന്നു. മേളയിലെ വിജയത്തിലൂടെ സിനിമയിലും മറ്റും മുഖം കാണിക്കാമെന്ന കൊതിയാണ് ചിലര്‍ക്കെങ്കില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് മക്കളെ പണം കായ്ക്കുന്ന താരങ്ങളാക്കാമെന്ന ആര്‍ത്തിയാണ് മറ്റുചില രക്ഷിതാക്കള്‍ക്ക്.
ഒന്നാം സ്ഥാനം നേടിയവരാണ് മുന്‍കാലങ്ങളില്‍ കേരളത്തിന്റെ കലാ സംഗീത രംഗങ്ങളില്‍ പിന്നീട് ഉയര്‍ന്നുവന്നിട്ടുള്ളതെന്ന് പിന്‍വാതില്‍ ശരണക്കാര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. ക്ലാസിക് നൃത്തയിനങ്ങളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചെത്തുന്ന പലരും ഈ അനഭിലഷണീയ പ്രവണതകള്‍ക്ക് കൂട്ടുനില്‍ക്കുന്നവരാണ്. ഇതൊക്കെ വ്യക്തമാക്കുന്നത് കലോല്‍സവ വിധി നിര്‍ണയത്തിലെ നിഷ്പക്ഷത ഇപ്പോഴും അമ്മാത്തെത്തിയിട്ടില്ല എന്നുതന്നെ.
തന്റെ കുട്ടിക്ക് ഒന്നാം സ്ഥാനം തന്നെ ലഭിക്കണമെന്ന വാശിയുമായി വന്‍തുക ചെലവഴിച്ച് കലോല്‍സവത്തിനെത്തുന്ന കൊച്ചമ്മമാരെ നിലക്കുനിര്‍ത്താന്‍ സംഘാടകര്‍ക്ക് കഴിയണം. മേളയില്‍ ആയിരക്കണക്കിന് അപ്പീലുകള്‍ എത്തുന്നുവെന്നതും ഫലങ്ങള്‍ കോടതി കയറുന്ന പ്രവണതയും ഭൂഷണമല്ല. വിധി നിര്‍ണയം ഉപജില്ലാ തലങ്ങളില്‍ തന്നെ കുറ്റമറ്റതാക്കാനായാലേ അനാവശ്യമായ അപ്പീലുകള്‍ കുറക്കാനാകൂ. ഇതിനാകണം വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കേണ്ടത്. മാപ്പിള കലാമല്‍സരങ്ങള്‍ക്കും അനഭിലഷണീയമായ വിധി നിര്‍ണയങ്ങള്‍ നടക്കുന്നുണ്ട്. തമിഴ് വിദ്യാര്‍ഥികളുടെ പരാതികളും പരിഗണിക്കപ്പെടണം.
വിധി കര്‍ത്താക്കളുടെ പേരുകള്‍ വകുപ്പിലെ ചിലര്‍ മുന്‍കൂട്ടിതന്നെ പരസ്യപ്പെടുത്തുകയും അവരെ രക്ഷിതാക്കളും ഗുരുക്കന്മാരും മറ്റും രഹസ്യമായി കണ്ട് മുന്‍കൂട്ടി തന്നെ കരാറുറപ്പിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ വകുപ്പിലെ രാഷ്ട്രീയ സംഘടനകളില്‍പെട്ടവരാണ് ഇതിനുപിന്നില്‍. കല എന്നതൊരു തപസ്യയാണ്. കാശാകരുത്, മെറിറ്റാകണം അതിലെ മാനദണ്ഡം. സാധാരണക്കാരും പട്ടിണിക്കാരുമായ കുട്ടികളുടെ കലാ മികവ് പ്രകടിപ്പിക്കാനും അവരെ കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടുവരാനുമാവണം സംഘടാകരുടെയും കലാകേരളത്തിന്റെയും ശ്രദ്ധ. ലക്ഷങ്ങള്‍ ചെലവഴിച്ചെത്തുന്ന കുട്ടികള്‍ക്കിടയില്‍ കെട്ടിട നിര്‍മാണത്തൊഴിലാളി അനിലിന്റെ മക്കളായ ആഷ്ബിനും ആഷ്‌ലിയും ചിലങ്ക കടം വാങ്ങിയാണ് പാലക്കാട്ടെ മേളയിലെത്തിയത്.
പണമില്ലാത്തതുകാരണം ജില്ലാ കലോല്‍സവത്തില്‍ ഈ പിതാവ് തന്നെയാണ് നൃത്തയിനങ്ങളില്‍ മകന്റെ ചമയം നിര്‍വഹിച്ചത്. സമര്‍പ്പിത മനസ്‌കരായ കലാകാരന്മാരുടെ പരിശീലനവും കുട്ടികളുടെ കഴിവിനെ പരിപോഷിപ്പിക്കുന്നുണ്ട്. ഇവരുടെയെല്ലാം സല്‍പേരിന് കളങ്കം ചാര്‍ത്തുന്ന വിധമാണ് മറ്റു ചിലരുടെ പെരുമാറ്റവും കാശിനുവേണ്ടിയുള്ള ആര്‍ത്തിയും. കുട്ടികളുടെ കലാപ്രകടനത്തെ അവര്‍ക്കു മാത്രമായി വിടുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്. കലോല്‍സവ മാന്വല്‍ 1995ന് ശേഷം ഇതുവരെയും പരിഷ്‌കരിച്ചിട്ടില്ല. അടുത്ത വര്‍ഷം അതുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നല്ലതുതന്നെ. ഗോത്ര വര്‍ഗ കലകളെ ഉള്‍പെടുത്താനുള്ള ശ്രമവും സ്വാഗതാര്‍ഹമാണ്.
മംഗലംകളി, വട്ടക്കളി, ഇന്ദ്രജാലം, പുള്ളുവന്‍പാട്ട് തുടങ്ങിയവ പരിഗണനയിലാണ്. എന്നാല്‍ എല്ലാറ്റിനുമുപരി നാം ചെയ്യേണ്ടത് കുട്ടികളില്‍ അനാവശ്യമായ മാനസിക സമ്മര്‍ദം സൃഷ്ടിക്കാതിരിക്കുകയാണ്. ക്ലാസിക് എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന നൃത്തയിനങ്ങള്‍ക്ക് കേരളവുമായി പുലബന്ധം പോലുമില്ലെന്ന വിമര്‍ശവുമുണ്ട്. കലാതിലകം, പ്രതിഭ പട്ടങ്ങള്‍ പിന്‍വലിച്ചെങ്കിലും ഗ്രേസ് മാര്‍ക്ക് എന്ന ആകര്‍ഷണമാണ് മറ്റൊരു കടമ്പ. എഞ്ചിനീയറിങിനും മറ്റും ഈ മാര്‍ക്ക് കിട്ടിയിട്ടെന്ത് നേട്ടമാണ് കുട്ടിക്കുള്ളത്.
കലാ പരിശീലനം മൂലം മറ്റു വിഷയങ്ങള്‍ക്ക് മാര്‍ക്ക് കുറയുന്നുവെന്ന് കണ്ടാണ് ഇത് ഏര്‍പെടുത്തിയതെങ്കിലും മികച്ച ഗ്രേഡ് നേടിയവര്‍ക്ക് മാത്രമായി ഇത് ചുരുങ്ങുന്നതും മല്‍സരത്തിന് വഴിവെക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ 1.75 കോടിയില്‍ നിന്ന് 2.10 കോടിയായി കലോല്‍സവ വിഹിതം നീക്കിവെച്ചിട്ടുണ്ടെങ്കിലും നോട്ട് റദ്ദാക്കല്‍ മൂലം സമ്മാനം, ഊട്ടുപുര, ഗതാഗതം തുടങ്ങിയവക്കൊക്കെ ചെക്ക് എന്നത് കണ്ണൂരില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിന് സര്‍ക്കാരും ബാങ്കുകളും ഇടപെട്ട് പരിഹാരം കാണണം.
പരിസ്ഥിതി സൗഹാര്‍ദ മേളയെന്നതും പച്ചക്കറികള്‍ ആതിഥേയജില്ലയിലെ കുട്ടികള്‍ സ്വന്തം വീടുകളില്‍ വിളയിച്ച് എത്തിച്ചുവെന്നതും മറ്റൊരു കലയാണ്. കണ്ണൂരിലെ വേദികള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍ കേരളത്തിന്റെ മുഴുവന്‍ പ്രദേശങ്ങളെയും പ്രതീകാത്മകമായി രേഖപ്പെടുത്തുന്നതാണ്. സന്മസ്സുള്ളവര്‍ക്കേ ഇങ്ങനെയൊക്കെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയൂ. ഈ വിദ്യാര്‍ഥികളായിരിക്കട്ടെ സ്‌കൂള്‍ കലോല്‍സവ സംഘാടകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലകര്‍ക്കുമെല്ലാമുള്ള വഴികാട്ടി.