Video Stories
സദ്ബുദ്ധി ഉദിക്കേണ്ടത് സര്‍ക്കാരിനാണ്

താന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പ് എന്നത് ഏതെങ്കിലുമൊരു വ്യക്തിക്ക് സ്വീകരിക്കാന്‍ കഴിയുന്ന നിലപാടാണ്. ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ നയിക്കുന്ന ഒരു ജനാധിപത്യ ഭരണകൂടത്തിന് അത്തരമൊരു നയം സ്വീകരിക്കാമോ എന്നതാണ് കേരളത്തിലിപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സുപ്രധാന ചോദ്യം. ശബരിമല ശ്രീഅയ്യപ്പക്ഷേത്രത്തിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തില്‍ നല്‍കിയ സെപ്തംബര്‍ 28ലെ ഉത്തരവ് നടപ്പാക്കുകയോ നടപ്പാക്കാതിരിക്കുകയോ അല്ല, മറിച്ച് വ്യാപകമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അവധാനതയോടെ വിധിയെ എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുന്നതിനുപകരം കോടതിവിധി എന്തുവന്നാലും നടപ്പാക്കുമെന്ന പിടിവാശിയാണ് ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. സമൂഹത്തെക്കുറിച്ചുള്ള അജ്ഞതയും ശുദ്ധ ധിക്കാരവുമെന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ.
സുപ്രീംകോടതിവിധി ചോദ്യം ചെയ്ത് 50 പുന:പരിശോധനാഹര്‍ജികളും നാല് റിട്ട് ഹര്‍ജികളും കോടതിക്ക് മുമ്പാകെ ഇതിനകം എത്തിയിട്ടുണ്ട്. അതിന്മേല്‍ വീണ്ടുമൊരു പരിശോധന ആവശ്യമുണ്ടോ എന്ന് അന്വേഷിക്കുന്നതിലേക്കായി ജനുവരി 22ലേക്ക് അവ മാറ്റിവെച്ചിരിക്കുകയാണ്. സെപ്തംബര്‍ 28ലെ വിധി സ്റ്റേ ചെയ്യുന്നില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. 12 വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ കോടതിയെടുത്തൊരു തീരുമാനം റിവ്യൂഹര്‍ജി കൊണ്ട് സ്റ്റേ ചെയ്യാന്‍ കോടതിക്കാവില്ലെന്നാണ് അത് വ്യക്തമാക്കുന്നത്. കോടതിവിധി നാട്ടുകാര്‍ക്കും നാടിനും എന്തു സംഭവിച്ചാലും നടപ്പാക്കണമെന്ന് അതിനര്‍ത്ഥമില്ല. അങ്ങനെയെങ്കില്‍ പുന:പരിശോധനാഹര്‍ജികളിന്മേല്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ ഉന്നത ന്യായാധിപന്മാര്‍ തീരുമാനിക്കില്ലായിരുന്നു. ഈ സാഹചര്യവും കോടതിയുടെ മനസ്സും തിരിച്ചറിയാന്‍ കഴിയാത്തതാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പരാജയം. സര്‍ക്കാരില്‍ വിശ്വാസികള്‍ക്കും ജനങ്ങള്‍ക്കും വിശ്വാസം നഷ്ടപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല.
ഇടതുപക്ഷ കക്ഷികള്‍ പ്രത്യേകിച്ചും കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന സര്‍ക്കാരിന് വിശ്വാസികളുടെയും വിശിഷ്യാ ശബരിമലയുടെയും കാര്യത്തില്‍ ചില അജണ്ടകളുണ്ടെന്നും അതിനുള്ള അവസരമാണ് അവരിപ്പോള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നതെന്നും വിശ്വാസികളും ജനങ്ങളാകെയും സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. കേവലം ശുദ്ധാത്മാക്കളാണ് കോടതി വിധി നടപ്പാക്കുമെന്ന് പറയുന്നതെന്ന ്‌വിശ്വാസിക്കാനും പ്രയാസമുണ്ട്. കാരണം ഭരിക്കുന്ന ഒന്നാം കക്ഷിയുടെയും മുഖ്യമന്ത്രിയുടെയും നിലപാട് വിശ്വാസികള്‍ക്കെതിരാണെന്നതാണത്. വിശ്വാസികള്‍ക്ക് സര്‍ക്കാര്‍ അനുകൂലമാണെന്ന് പറയുമ്പോള്‍ തന്നെയാണ് ശബരിമല ക്ഷേത്രത്തിലെ സുപ്രധാനമായ ഒരു ആചാരം പാടില്ലെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ പരസ്യമായ നിലപാടെടുത്തത്. ഈനയം തന്നെയാണ് അവര്‍ കഴിഞ്ഞ വി.എസ് സര്‍ക്കാരിന്റെ കാലത്തും ഇപ്പോഴത്തെ പിണറായി സര്‍ക്കാരിന്റെ കാലത്തും കോടതിയെ ബോധ്യപ്പെടുത്തിയതും. അപ്പോള്‍ കേവലം കോടതിവിധി നടപ്പാക്കുകയെന്ന ഭരണഘടനാബാധ്യത നിറവേറ്റുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന മുഖ്യമന്ത്രിയുടെ വാദം കേട്ട് ചിരിക്കാനേ സാമാന്യബുദ്ധിയുള്ളവര്‍ക്ക് കഴിയൂ. സര്‍ക്കാര്‍ പിടിവാശി കാണിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഇതോടെ ശരിവെക്കപ്പെടുകയാണ്. സുപ്രീംകോടതി വിധിയില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള യുവതികളെ കയറ്റണമെന്ന് എവിടെയും പറയുന്നില്ലെന്നത് സര്‍ക്കാരിലെ ആളുകളും സി.പി.എമ്മുകാരും പ്രത്യേകിച്ച് പരിശോധിക്കണം. ഈ പ്രായത്തിലുള്ള വനിതകള്‍ക്ക് കയറാന്‍ അവകാശമുണ്ടെന്നും അത് ഭരണഘടനയുടെ മൗലികാവകാശമാണെന്നുമാണ് കോടതി വിലയിരുത്തിയതും അതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചതും. ഇക്കാര്യം സാമാന്യേന തന്നെ ബോധ്യപ്പെടുന്നതാണ്. അവിടെ യുവതികളെ ഇന്ന തീയതിമുതല്‍ കയറ്റിവിടണമെന്ന് എവിടെയും പരാമര്‍ശമില്ല. ഈ സാഹചര്യത്തില്‍ വിധി നടപ്പാക്കാന്‍ സമയമെടുക്കുന്നതില്‍ ഒരുതെറ്റുമില്ല. എത്രയെത്ര കോടതി വിധികളാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കാതെ അട്ടത്തുവെച്ചിട്ടുള്ളത്. ആചാരമാറ്റവും നവോത്ഥാനവും ഒറ്റയടിക്കല്ലല്ലോ സംഭവിക്കുന്നത്.
കോടതിവിധി നടപ്പാക്കാമെന്ന് പറയാമെന്നല്ലാതെ അതിന് തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ആയത് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച പല അനുഭവങ്ങളും സര്‍ക്കാര്‍-കോടതി വ്യവഹാരങ്ങളില്‍ നാം കണ്ടിട്ടുണ്ട്. കോടതികള്‍ സര്‍ക്കാരിന്റെ അഭിഭാഷകരോട് വിവരങ്ങള്‍ ആരായുന്ന സന്ദര്‍ഭങ്ങള്‍ എത്രയെങ്കിലുമുണ്ട്. വിധികള്‍ പുറപ്പെടുവിക്കുമെന്നല്ലാതെ ജനങ്ങളുടെ വികാരങ്ങളും വിധി നടപ്പാക്കാന്‍ നേരിടുന്ന ബുദ്ധിമുട്ടുകളുമൊന്നും കോടതികളിലെ ന്യായാധിപന്മാര്‍ക്ക് പരിചയമുള്ളതല്ലല്ലോ. അതിനാണ് ഇവിടെ എക്‌സിക്യൂട്ടീവ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ജുഡീഷ്യറിയുടെയും എക്‌സിക്യൂട്ടീവിന്റെയും പരിധികള്‍ രണ്ടും രണ്ടായിരിക്കുന്നതും അതുകൊണ്ടാണ്. ശബരിമലയിലേക്ക് ഇന്നുമുതല്‍ രണ്ടു മാസത്തിലധികം കാലം വിശ്വാസികള്‍ കയറിവരുമ്പോള്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ കൈക്കൊള്ളേണ്ട നടപടികള്‍ ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളില്‍ ആരായുകയും പരിശോധിക്കുകയും ആയതിന് സര്‍വ പിന്തുണയും നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രശ്‌നത്തില്‍ അയവുണ്ടാകുമെന്ന പ്രതീക്ഷയാണ് യോഗത്തിലെ മുഖ്യന്ത്രിയുടെ നിലപാടിലൂടെ പൊടുന്നനെ ഇല്ലാതായത്. സ്വതന്ത്രാധികാരമുള്ള ദേവസ്വം ബോര്‍ഡിനും അതിന്റെ പ്രസിഡന്റിനും സ്വന്തമായി തീരുമെടുക്കാന്‍പോലും കഴിയാത്ത രീതിയില്‍ പ്രശ്്‌നത്തെ വഷളാക്കിയതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയില്‍ മാത്രം നിക്ഷിപ്തമാണ്. അല്ലെങ്കില്‍ ബോര്‍ഡിനെങ്കിലും കോടതിയെ സമീപിച്ച് വിധി നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെടാമായിരുന്നു. പിണറായി വിജയനിലെ പഴയ പാര്‍ട്ടി സെക്രട്ടറിയുടെ ധാര്‍ഷ്ട്യമാണ് പ്രശ്‌നത്തെ ഇത്രയും സങ്കീര്‍ണമാക്കിയത്. ഈ കാര്‍ക്കശ്യമൊന്നും പക്ഷേ ചിത്തിര ആട്ടവിളക്കുസമയത്ത് പൊലീസിനെ നോക്കുകുത്തിയാക്കി ആര്‍.എസ്.എസുകാര്‍ അയ്യപ്പ സന്നിധി കയ്യടക്കിയപ്പോള്‍ ഈ മുഖ്യനില്‍ കണ്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവല്ല ജനാധിപത്യ രാജ്യത്തെ മുഖ്യമന്ത്രിപദവിയെന്നെങ്കിലും പിണറായി വിജയന്‍ തിരിച്ചറിയണം. ലാത്തികൊണ്ടും തോക്കുകൊണ്ടും വിശ്വാസത്തെ ഹനിച്ചുകളയാമെന്ന ്‌വരുന്നത് കേരളത്തെ ചൈനയുടെ പാതയില്‍ സ്ഥാപിച്ചുകളയാമെന്ന മിഥ്യാബോധത്തില്‍നിന്ന് ഉയിര്‍കൊള്ളുന്നതാണ്. എത്രയുംപെട്ടെന്ന് ഈ സര്‍ക്കാരിന് സദ്ബുദ്ധി ഉദിക്കട്ടെ എന്നു മാത്രമേ ഇപ്പോള്‍ പ്രാര്‍ത്ഥിക്കാനുള്ളൂ. തീക്കൊള്ളികൊണ്ട് കളിക്കാനാണ് സര്‍ക്കാര്‍ തുനിയുന്നതെങ്കില്‍ വര്‍ഗീയവാദികള്‍ക്ക് കേരളത്തെ തീറെഴുതുന്നതിനുള്ള ഗൂഢനീക്കമായേ അതിനെ കാണാനാകൂ.
Video Stories
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
News
യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി
ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.
2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.
ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.
film
രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.
രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.
നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala2 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന് മുന്‍കൂര്‍ ജാമ്യമില്ല