ആര്‍ക്ക് അഹിതമായാലും വേണ്ടില്ല, തിന്നുന്നതിലും കുടിക്കുന്നതിലും ഇരിക്കുന്നതിലും ചരിക്കുന്നതിലുമെല്ലാം തനിക്കെന്തു തടഞ്ഞേക്കുമെന്ന ലാഭ ചിന്തയുടെ സാമ്പത്തിക ഭൂമികയിലാണ് കേരളത്തിലെ അയ്യായിരത്തിലധികം വരുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഇരകളായ ഹതഭാഗ്യര്‍. നിരവധി കീടനാശിനികള്‍ ഇന്നും നമ്മെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. വൈകിയെങ്കിലും ഇന്ത്യയുടെ ഉന്നത നീതി പീഠത്തില്‍ നിന്നുണ്ടായ വിധി കുത്തക ലാഭേച്ഛയുടെ തിക്ത ഫലം പേറുന്ന ഇരകളുടെ കാര്യത്തില്‍ വലിയ പ്രാധാന്യമുള്ള ഒന്നായിരിക്കുന്നു.
ഇരുണ്ട കാലത്തെ നീതിയുടെ പൊന്‍ വെളിച്ചം. 2012ല്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരാള്‍ക്ക് രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള നഷ്ടപരിഹാര പാക്കേജ് മൂന്നു മാസത്തിനകം വിതരണം ചെയ്യണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ദുരന്തത്തിന് ഉത്തരവാദികളായ കീടനാശിനിക്കമ്പനികളില്‍ നിന്ന് ഈ തുക ഈടാക്കണം. ഇതിന് കഴിഞ്ഞില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കണമെന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഖേഹര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. കീട നാശിനിക്കമ്പനികള്‍ക്ക് കടുത്ത ഭാഷയില്‍ താക്കീത് നല്‍കാനും കോടതി തയ്യാറായി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം വെച്ച് കമ്പനികളുടെ സംഘടന നല്‍കിയ പരസ്യമാണ് കോടതിയലക്ഷ്യക്കേസിനും നിര്‍ബന്ധിതമാക്കിയത്. ധന പരമായ സഹായത്തെക്കാളുപരി ഇവരുടെ ഭാവി ജീവിതത്തിനുവേണ്ട പുനരധിവാസ പദ്ധതിയെക്കുറിച്ചും കോടതി ഉത്തരവില്‍ നിര്‍ദേശങ്ങളുണ്ട്. മറ്റെല്ലാറ്റിനും മേലെയുള്ള കേരളത്തിന്റെ എക്കാലത്തെയും തീരാവേദനയാണ് നമ്മുടെ ഇടയിലെ 5400 ഓളം പേര്‍ പിഞ്ചുകുട്ടികളടക്കം, വൈകൃതമായ അവയവങ്ങളുടെയും കാഴ്ചക്കുറവിന്റെയുമൊക്കെ ഭാരം പേറി ജീവിക്കേണ്ടിവരുന്നു എന്നത്.
1978 മുതല്‍ കാസര്‍കോട്ടെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവ് തോട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് വ്യാപകമായി ആകാശ മാര്‍ഗേനയുള്ള കീടനാശിനി പ്രയോഗമാണിതിന് കാരണമായത്. കുന്നുകളിലായിരുന്നു തോട്ടങ്ങളെന്നതിനാല്‍ മഴയത്ത് കീടനാശിനിയുടെ അംശം ഒലിച്ചിറങ്ങി കുടിനീരില്‍ കലര്‍ന്നതാണ് ദുരന്തമായത്.
ഇതിനു പിന്നില്‍ കമ്പനികളുടെ സ്വാര്‍ഥ ലാഭമല്ലാതെ, പതിനായിരക്കണക്കിന് മനുഷ്യരുടെ വാസ സ്ഥലത്താണ് ഈ കൊടുംപാതകം ചെയ്യുന്നതെന്ന് സാമാന്യേന ചിന്തിക്കാന്‍ പോലും അധികൃതര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും കഴിഞ്ഞില്ലെന്നിടത്തുതുടങ്ങുന്നു രാജ്യത്തിന്റെ ദുര്‍ഗതി. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയായിരുന്നു അതി ദയനീയം. മൃഗങ്ങളിലും പരിസ്ഥിതിയിലും വൈകല്യം പ്രത്യക്ഷപ്പെട്ടു. ഡോ. അബ്ദുസ്സലാം, ഡോ. അച്യുതന്‍, ഐ.സി.എം.ആര്‍ എന്നീ കമ്മീഷനുകള്‍ പ്രശ്‌നം അന്വേഷിച്ചു.
2011ല്‍ രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിച്ച ശേഷമായിരുന്നു നിയമ നടപടികള്‍. ഇന്ന് എണ്‍പതോളം രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട മാരകകീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍.
ആരോഗ്യ പ്രശ്‌നമില്ലെന്ന കമ്പനികളുടെ മറു വാദത്തിനെതിരെ നൂറ്റമ്പതോളം പഠന റിപ്പോര്‍ട്ടുകളാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. നിരന്തരമായ ആവശ്യങ്ങളും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായിട്ടുപോലും ഇരകള്‍ക്ക് പരിപൂര്‍ണ നീതി കിട്ടിയില്ല എന്നത് പുരോഗമനേച്ഛുക്കളായ നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്.
ഇവരുടെ കാര്യത്തിലൊരു നിവേദനം പോലും അധികമായിക്കരുതേണ്ട ക്ഷേമ രാഷ്ട്ര സങ്കല്‍പമാണ് നമ്മുടേതെങ്കിലും വൈകിയത് തീരെയില്ലാതിരിക്കുന്നതിനേക്കാള്‍ ഭേദം എന്ന താത്വികതയില്‍ നിന്നുകൊണ്ട് ഇനിയെങ്കിലും ഈ ജീവിതങ്ങളോട് നീതിചെയ്യാന്‍ നമുക്കാവുന്നതായിരിക്കണം ചൊവ്വാഴ്ചത്തെ കോടതി വിധി. 2011 ലാണ് ഇതുസംബന്ധിച്ച ഹര്‍ജി സുപ്രീം കോടതിയിലെത്തുന്നത്. സംസ്ഥാനത്തെ യു.ഡി.എഫ് സര്‍ക്കാര്‍ 2012ല്‍ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു.
ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടിരുന്നത്. എന്നാല്‍ പലപ്പോഴും പാതിവഴിയില്‍ സഹായ വിതരണം നിലച്ചു. നഷ്ടപരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ 2016 ഏപ്രിലില്‍ 483 കോടി രൂപയുടെ പാക്കേജ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും അതിന്മേലും നടപടിയുണ്ടായിട്ടില്ല. ഇതു ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് പറഞ്ഞത്.
സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് അഗ്രോ കെമിക്കല്‍ ആണ് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച്.എസ് കപാഡിയയുടെ ചിത്രം വെച്ച് ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യം നല്‍കിയത്. എന്നാല്‍ ഇത് പഴയ വിഷയമാണെന്നായിരുന്നു പരാതിക്കാരായ ഡി.വൈ.എഫ്.ഐയുടെ അഭിഭാഷകനോട് കമ്പനികളുടെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ ഇതിനെ വിമര്‍ശിച്ച കോടതി കോടതിയലക്ഷ്യത്തിന് കേസെടുക്കുകയും വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയുമായിരുന്നു.
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലുണ്ടായ യൂണിയന്‍ കാര്‍ബൈഡ് ദുരന്തവും അതിന്മേല്‍ പ്രസ്തുത കമ്പനി സ്വീകരിച്ച നിരുത്തരവാദപരമായ നിലപാടും നമ്മുടെ മനോമുകുരങ്ങളില്‍ നിന്ന് മാറിയിട്ടില്ല. പതിറ്റാണ്ടുകള്‍ക്കു ശേഷം കാസര്‍കോട്ടെ ഇരകളെ പോലെ ജീവച്ഛവമായി കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ ലക്ഷക്കണക്കിന് ഭോപ്പാലിലുണ്ട്. കോടതി ഉത്തരവിട്ടിട്ടും ഈ കമ്പനിയുടെ ഉടമ അതിന് തയ്യാറാകാതെ രാജ്യം വിടുകയായിരുന്നുവെന്ന് ഓര്‍ക്കണം.
പാലക്കാട് ചിറ്റൂര്‍ താലൂക്കിലെ പ്ലാച്ചിമട കൊക്കകോള ഫാക്ടറിയുടെ ജലമാലിന്യ പ്രശ്‌നത്തിലും ഇത്തരം അഴകൊഴമ്പന്‍ നിലപാടാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. നഷ്ടപരിഹാരത്തിനായി കേരളം ഒറ്റക്കെട്ടായി സമര്‍പ്പിച്ച ബില്‍ തിരിച്ചയക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഏതായാലും പുതിയ ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടായ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കാര്യത്തിലുള്ള വിധി രാജ്യത്ത് തീരാദുരിത ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന ഹതാശരുടെ കാര്യത്തില്‍ ഏറെ ദൂരവ്യാപകമായ പ്രതീക്ഷകള്‍ക്ക് വഴിവെക്കുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല.
കുത്തക കമ്പനികള്‍ ഇനിയും കോടതികളെയും സര്‍ക്കാരുകളെയും വെല്ലുവിളിച്ചുകൊണ്ട് തങ്ങളുടെ ലക്ഷ്യങ്ങളുമായി മുന്നോട്ടുപോകുമെങ്കിലും നന്മ നിറഞ്ഞതും മനുഷ്യരുടെ ആരോഗ്യത്തിന് ക്ഷതമേല്‍ക്കാത്തതുമായ കാര്‍ഷിക വ്യവസായ രീതി പുലരുന്നതിന് ഈ വിധി ഇടയാക്കും. ജല മാലിന്യത്തിനെതിരെയും നിലവിലുള്ളതും വരാനിരിക്കുന്നതുമായ കീടനാശിനിപ്രയോഗങ്ങള്‍ക്കും ഇത് ബാധകമാകണം.
പച്ചക്കറിയിലൂടെയും പഴത്തിലൂടെയും മറ്റും വിഷം ഭുജിച്ച് നിത്യേനയെന്നോണം കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളുടെ പിടിയിലാണ് നാം. ഈ രോഗികളുടെ ഉത്തരവാദിത്തവും കീടനാശിനിക്കമ്പനികള്‍ക്കു തന്നെ. ജൈവ കാര്‍ഷിക വ്യവസ്ഥയെക്കുറിച്ച് നാം ചിന്തിച്ചു തുടങ്ങിയെങ്കിലും ഭാവിയിലെ കോടതി വിധികള്‍ക്കു കാത്തിരിക്കാതെ ഇക്കാര്യത്തിലെല്ലാം സര്‍ക്കാരുകള്‍ അവരുടെ ജോലി കൃത്യമായി നിര്‍വഹിക്കണം.