Connect with us

Video Stories

ഐ.എ.എസ് ജോലികള്‍ ആര്‍.എസ്.എസിനോ

Published

on

രാജ്യത്തെ കേന്ദ്ര സെക്രട്ടറിയേറ്റിലെ ഉന്നതമായ ജോയിന്റ്്‌സെക്രട്ടറി തസ്തികകളിലേക്ക് പത്ത് വ്യക്തികളെ നേരിട്ട് നിയമിക്കാനുള്ള തീരുമാനം വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ഭാവിയും വര്‍ത്തമാനവും തീരുമാനിക്കപ്പെടുന്ന സുപ്രധാന വകുപ്പുകളിലെ ഉയര്‍ന്ന തസ്തികകളിലെ ജോലികള്‍ ഇങ്ങനെ ഒറ്റയടിക്ക് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കൂലങ്കഷമായി ചര്‍ച്ച നടത്തിയിട്ടു തന്നെയാണോ ഇത്തരമൊരു തീരുമാനം മോദി സര്‍ക്കാര്‍ എടുത്തതെന്നാണ് പ്രമുഖരടക്കമുള്ളവര്‍ ആരായുന്നത്. റവന്യൂ, ധനകാര്യം, സാമ്പത്തികം, കൃഷി, സഹകരണം, കര്‍ഷകക്ഷേമം, ഉപരിതലഗതാഗതം, ദേശീയപാത, കടല്‍ ഗതാഗതം, പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം, പാരമ്പര്യേതര ഊര്‍ജം, വ്യോമഗതാഗതം, വാണിജ്യം എന്നീ പ്രധാന വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ നേരിട്ട് നിയമിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം വിവിധ മാധ്യമങ്ങളിലൂടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര പേഴ്‌സണല്‍-പരിശീലന മന്ത്രാലയത്തിന്റേതാണ് പരസ്യം. ഇതുസംബന്ധിച്ച് എന്തെങ്കിലും ഉത്തരവുകളോ നിയമമോ ചട്ടങ്ങളോ സര്‍ക്കാര്‍ ഇതുവരെയും രൂപീകരിക്കുകയോ ആയത് പരസ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലാത്ത നിലക്ക് തീരുമാനത്തിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുന്നതില്‍ ഒട്ടും അല്‍ഭുതമില്ല.
‘രാഷ്ട്രനിര്‍മാണത്തിനായി കഴിവുള്ളവരും ലക്ഷ്യബോധമുള്ളവരുമായ ഇന്ത്യന്‍പൗരന്മാരെ സര്‍ക്കാരിലെ ജോയിന്റ്‌സെക്രട്ടറി തലത്തിലേക്ക് ക്ഷണിക്കുന്നു’ വെന്നാണ് കേന്ദ്ര മന്ത്രാലയത്തിന്റെ പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്. സര്‍ക്കാരിലെ ഉന്നതതസ്തികകളിലേക്കുള്ള കരാര്‍ അടിസ്ഥാനത്തിലുള്ള ലാറ്ററല്‍ റിക്രൂട്ട്‌മെന്റ് എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മൂന്നുമുതല്‍ അഞ്ചു വര്‍ഷം വരെ കാലാവധി വെച്ചാണ് നിയമനമെന്ന് പരസ്യം പറയുന്നു. 15 വര്‍ഷത്തെ പരിശീലമുള്ള ബിരുദധാരികളായ നാല്‍പതു വയസ്സു മുതലുള്ളവരെയാണ് നിയമിക്കുകയത്രെ. ഒന്നരലക്ഷം മുതല്‍ രണ്ടേകാല്‍ ലക്ഷം രൂപവരെയാണ് പ്രതിമാസ വേതനം. സ്വാതന്ത്ര്യം ലഭ്യമായി എഴുപതു വര്‍ഷം കഴിയുമ്പോള്‍ നാം നേടിയ നേട്ടങ്ങളൊന്നും പോരെന്നും അതിനു കാരണം ഇവിടുത്തെ ബ്യൂറോക്രസിയാണെന്നും പറയാതെ പറഞ്ഞുവെക്കുകയാണ് മോദി സര്‍ക്കാര്‍ ഇതിലൂടെ ചെയ്തിരിക്കുന്നത്. ലോകം അനുനിമിഷം മുന്നേറുമ്പോള്‍ രാജ്യത്തിന്റെ വളര്‍ച്ചയില്‍ കൂടുതല്‍ ത്വര ആവശ്യമാണെന്ന് ആരും സമ്മതിക്കുമെങ്കിലും സ്വകാര്യ വ്യക്തികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഇത്തരമൊരു നയം സ്വീകരിക്കുക വഴി ബി.ജെ.പി സര്‍ക്കാര്‍ എന്താണ് ലക്ഷ്യംവെക്കുന്നതെന്നത് ദുരൂഹമായിരിക്കുകയാണ്. രാജ്യത്തെ കഴിഞ്ഞ നാലുകൊല്ലം കൊണ്ട് ഏതാണ്ട് മുച്ചൂടും മുടിച്ച് വളര്‍ച്ച കീഴ്‌പോട്ടാക്കിയ ഒരു സര്‍ക്കാര്‍ ഇനി സ്വകാര്യവ്യക്തികളെ വെച്ച് അത് പുനരാരംഭിക്കാമെന്നാണ് ധരിക്കുന്നതെങ്കില്‍ അതിനുപിന്നിലെ ദുരൂഹ ലക്ഷ്യം ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതി വെച്ചുകൊണ്ടുതന്നെ മുന്‍കൂട്ടി ഗണിക്കാനാകും. ആര്‍.എസ്.എസിന്റെയും കുത്തകകളുടെയും ശിങ്കിടികളായിരിക്കും ഇതിലൂടെ നമ്മുടെ വിധി നിര്‍ണയിക്കാന്‍ പോകുന്നത്.
രാജ്യത്തിന്റെ നയങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്യുന്നതിന് നമുക്കുണ്ടായിരുന്ന ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി നീതി ആയോഗ് എന്ന പേരില്‍ സ്വന്തം ആളുകളെ തട്ടിക്കൂട്ടിയ മോദി സര്‍ക്കാര്‍ അടുത്തിടെ പഴയ ഐ.എ.എസുകാരെ മന്ത്രിയാക്കിവെച്ചുകൊണ്ട് നടത്തിയ നീക്കങ്ങളും പരാജയപ്പെട്ടപ്പോഴായിരിക്കാം പുതിയൊരു ബുദ്ധിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇത്തരമൊരാളാണ് നോട്ടുനിരോധം നടപ്പാക്കാന്‍ 2016 ല്‍ ഉപദേശിച്ചതെന്നും അതെന്തായെന്നും ആരോടും വിശദീകരിക്കേണ്ടതില്ല. കേന്ദ്ര സര്‍ക്കാരിലെ തസ്തികകളില്‍ സ്വയംവിരമിക്കല്‍ പദ്ധതി പോലുള്ളവയെ കരാര്‍ നിയമനവുമായി രംഗത്തുവരുന്നതിനുപിന്നിലെ ഉദ്ദേശ്യശുദ്ധിയുമായി കൂട്ടിവായിക്കേണ്ടതാണ്. ഇനി ഇത്തരം ആളുകളെ നിയമിക്കുമ്പോള്‍ അതിന് പാലിക്കുന്ന മാനദണ്ഡം എന്താണ്. തങ്ങള്‍ക്കിഷ്ടമുള്ള പിണിയാളുകളെ വേണ്ടപ്പെട്ട തസ്തികകളില്‍ കുടിയിരുത്താനുള്ള ഉപാധിയായാണ് കരാര്‍ നിയമനങ്ങള്‍ പൊതുവെ വിമര്‍ശിക്കപ്പെടാറ്. ഉന്നതമായ സര്‍ക്കാര്‍ തസ്തികകളില്‍ ഇക്കൂട്ടര്‍ കടന്നുകൂടുമ്പോള്‍ ആരുടെ താല്‍പര്യങ്ങളാണ് നടപ്പാക്കപ്പെടുക എന്ന ചോദ്യം പ്രസക്തമാണ്. വകുപ്പുകളിലെ നയങ്ങള്‍ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും പ്രധാനമായും ജോയിന്റ് സെക്രട്ടറിമാരായിരിക്കെ കാര്യങ്ങള്‍ സുവ്യക്തം. പ്രകടനമനുസരിച്ച് കാലവാധി അഞ്ചു വര്‍ഷംവരെ നീട്ടിനല്‍കുമെന്ന് പറയുമ്പോള്‍ ആരാണ് പ്രകടനം വിലയിരുത്തി രേഖപ്പെടുത്തുന്നതെന്ന ചോദ്യവും ബാക്കിയാകുന്നു. സാധാരണഗതിയില്‍ ജോയിന്റ് സെക്രട്ടറിമാര്‍ അതത് വകുപ്പുകളുടെ ഉന്നതരായ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി എന്നിവരോടാണ് ഉത്തരവാദിത്തം പറയേണ്ടത്. എന്നാല്‍ രാഷ്ട്രീയക്കാരുടെയും ഭരണ നേതൃത്വത്തിലുള്ളവരുടെയും നോമിനികളായി വരുന്നവര്‍ക്ക് തങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരേക്കാള്‍ വിധേയത്വവും കടപ്പാടും രാഷ്ട്രീയമേലാളന്മാരോടായിരിക്കുമെന്നത് തീര്‍ച്ചയാണ്. ഇവിടെയാണ് മോദി സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന്റെ ഗുട്ടന്‍സ് സംശയിക്കപ്പെടുന്നത്.
രാജ്യത്ത് ഇരുപതോളം സംസ്ഥാനങ്ങളില്‍ അധികാരം കൈക്കലാക്കാന്‍ കഴിഞ്ഞെങ്കിലും അടുത്തിടെയായി ബി.ജെ.പിയുടെ രാഷ്ട്രീയഗ്രാഫ് താഴോട്ട് കുതിക്കുകയാണെന്നാണ് വിവിധ തെരഞ്ഞെടുപ്പുകള്‍ തന്ന സൂചനകള്‍. ഇതിനിടെയാണ് കേന്ദ്രത്തിലെ അധികാരം വൈകാതെ നഷ്ടപ്പെടുമെന്ന ബോധ്യത്തില്‍ സര്‍ക്കാരില്‍ ഇതിനകം തന്നെ തങ്ങളുടെ ഇംഗിതക്കാരെ കുടിയിരുത്താനുള്ള ശ്രമം. ബി.ജെ.പിയുടെ മാതൃ സംഘടനയായ ആര്‍.എസ്.എസ് ഔദ്യോഗിക മേഖലകളിലും അതിലെതന്നെ താക്കോല്‍ പദവികളിലും ഇതിനകം തന്നെ നിയമിക്കപ്പെട്ടിരിക്കുകയാണ്. കരസേനാമേധാവിയെപോലും മുതിര്‍ന്ന ഉദ്യോഗസ്ഥരെ പരസ്യമായി തഴഞ്ഞാണ് മോദി നിയമിച്ചത്. ഉന്നത നീതിപീഠത്തിന്റെ മുഖ്യന്യായാധിപന് മോദി ചായ്‌വുണ്ടെന്നത് ഇതിനകംതന്നെ ഉയര്‍ന്ന ആരോപണമാണ്.
നോട്ടു നിരോധനവും പെട്രോളിയം വിലക്കയറ്റവും ചരക്കുസേവന നികുതിയും ഒക്കെകൊണ്ട് സാധാരണക്കാരെയും പാവപ്പെട്ടവരെയും ‘ക്ഷ’ വരപ്പിക്കുന്ന മോദി സര്‍ക്കാര്‍ കഴിഞ്ഞ ഒറ്റവര്‍ഷംകൊണ്ട് രാജ്യത്തെ സമ്പത്തിന്റെ എഴുപതു ശതമാനവും ഒരുശതമാനം പേരിലേക്ക് ആവാഹിപ്പിച്ച കേന്ദ്ര സര്‍ക്കാരിന് ആരോടാണ് വിധേയത്വമെന്ന് നിനയ്്ക്കാനാകും. കോര്‍പറേറ്റ് മുതലാളിമാരുടെ പൊതുമേഖലാ ബാങ്കുകളിലുള്ള 2.72 ലക്ഷം കോടിയുടെ കടം രായ്ക്കുരാമാനം എഴുതിത്തള്ളിയ സര്‍ക്കാര്‍ പരിസ്ഥിതി, ഗതാഗതം, ഊര്‍ജം, വാണിജ്യം മുതലായ സുപ്രധാനവകുപ്പുകളിലെ ഉന്നത തസ്തികകള്‍ സ്വകാര്യതാല്‍പര്യസംരക്ഷകര്‍ക്ക് വിട്ടുനല്‍കിയാലുള്ള രാജ്യത്തിന്റെ ഭാവി എന്തായിരിക്കും? കേന്ദ്രത്തിലെ വകുപ്പുകളിലെ നിര്‍ണായക സ്ഥാനങ്ങളില്‍ ആര്‍.എസ്.എസ് അനുഭാവികളെ കുടിയിരുത്തിയാല്‍ ഇനിയുള്ള കാലവും സര്‍ക്കാര്‍ മാറിയാലും ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ കഴിയും എന്ന തോന്നലാണ് ഭരണകൂടത്തിന്റെ ഈ തീരുമാനത്തിന് പിന്നില്‍. ഇതിനെ എന്തു വിലകൊടുത്തും എതിര്‍ത്തുതോല്‍പിക്കുകയാണ് രാജ്യസ്‌നേഹികളായ ഏതൊരു പൗരന്റെയും കടമ.

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending