കേരള ഇന്‍ഫ്രാസ്ട്രക്്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) പുന:സംഘടിപ്പിച്ച ഡയറക്ടര്‍ ബോര്‍ഡ് പ്രഥമ യോഗം സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന 4004 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ്. വ്യവസായം, ആരോഗ്യം, ഐ.ടി, പൊതുമരാമത്ത്, വിദ്യാഭ്യാസം, വനം-വന്യ ജീവി, ശുദ്ധ ജല വിതരണം, ടൂറിസം എന്നീ മേഖലകളിലായി 48 പദ്ധതികളാണ് കണ്ടെത്തിയിരിക്കുന്നത്. ആദ്യ പടിയായി 1740.63 കോടി രൂപ വേണ്ടിവരും. ഈ തുക കണ്ടെത്താന്‍ എസ്.ബി.ഐ ക്യാപിനെ ചുമതലപ്പെടുത്താനാണ് തീരുമാനം. രണ്ടാം ഘട്ടത്തില്‍ നാലായിരം കോടി രൂപ നബാര്‍ഡ് വഴി കണ്ടെത്തും. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ നാല്‍പതിനായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യമിടുന്നത് എന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനം. ഫണ്ട് കണ്ടെത്തുന്നതിന് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മാനേജ്‌മെന്റ് കോര്‍പറേഷന്‍ രൂപീകരിക്കും. റിസര്‍വ ്ബാങ്ക്, സെബി എന്നിവയുടെ അംഗീകാരമുള്ള ധന സമാഹരണ സംവിധാനങ്ങള്‍ക്കും രൂപം നല്‍കും. പുതുക്കിപ്പണിയുന്ന പാലങ്ങള്‍ക്കും റോഡുകള്‍ക്കും ടോള്‍ പിരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് റവന്യൂകമ്മി വര്‍ധിക്കുന്നുവെന്ന് (നടപ്പുവര്‍ഷം 1800 കോടി) ആകുലപ്പെട്ടു തുടങ്ങിയിട്ട് കാലമേറെയായി. നികുതി വരുമാനം കുത്തനെ വര്‍ധിച്ചിട്ടും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളവും പെന്‍ഷനും പലിശയും കൊടുക്കുന്നതിനാണ് ഇതിന്റെ 65 ശതമാനവും ചെലവിടുന്നത്. രാജ്യത്തിന്റെ ജന സംഖ്യയില്‍ മൂന്നു ശതമാനം മാത്രമുള്ള കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.എസ്.ഡി.പി) രാജ്യത്തിന്റെ പതിമൂന്നാമതാണ്- 3.96 ലക്ഷം കോടി രൂപ. ഇതിന്റെ 25 ശതമാനമാണ് പ്രവാസി മലയാളികള്‍ അയച്ചുതരുന്ന തുക. ഈ ഒരു ലക്ഷം കോടിയിലാണ് പ്രധാനമായും തോമസ് ഐസക്കിന്റെ കണ്ണ് എന്നത് വ്യക്തം. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് അമ്പതിനായിരം കോടി രൂപയാണ് കിഫ്ബി വഴി സമാഹരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി കെ.എസ്.എഫ്.ഇ എന്‍.ആര്‍.ഐ ചിട്ടി ആരംഭിക്കും. ഈ വര്‍ഷം മാത്രം 15000 കോടി രൂപയാണ് ഇതുവഴി സമാഹരിക്കുന്നത്.
ഫലത്തില്‍ പണത്തിനുവേണ്ടി ജനങ്ങളിലേക്ക് കൈ നീട്ടാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് വ്യക്തം. നെടുമ്പാശേരി വിമാനത്താവളം നിര്‍മിക്കുന്നതിന് സ്വീകരിച്ച മാര്‍ഗത്തിന് സമാനമാണിത്. അന്ന് മുഖ്യമന്ത്രി കെ. കരുണാകരന്‍ മുന്‍കൈയെടുത്താണ് പൊതു ധന സമാഹരണം വഴി ആ മഹത്തായ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന് മുഖ്യമന്ത്രിമാരായ എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും വ്യവസായ വകുപ്പു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും മറ്റും സ്വീകരിച്ച നയത്തെതുടര്‍ന്നാണ് ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് (ജിം) പോലുള്ള സംരംഭങ്ങള്‍ നടത്താനായത്.
2003ല്‍ മുപ്പതിനായിരം കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്രത്തിന്‍േതടക്കം, അന്ന് കേരളത്തിലേക്ക് കരാറായത്. 2012ല്‍ എമര്‍ജിങ് കേരള ഗ്ലോബല്‍ കണക്ട് എന്ന സമ്മേളനവും നടത്തി. ഐ.ടിയിലടക്കം നിരവധി വ്യവസായങ്ങള്‍ നമുക്ക് തുടങ്ങാനായി. കേരളം രാജ്യത്തെ ഒന്നാം ഡിജിറ്റല്‍ സംസ്ഥാനമായി മാറിയതിന് പിന്നില്‍ ഈ കയ്യൊപ്പുണ്ട്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ഇടതു പക്ഷം നയിച്ച സ്വകാര്യവത്കരണ വിരുദ്ധ സമരം തൊഴിലവസരങ്ങള്‍ സാധ്യമാക്കുന്ന നിരവധി പദ്ധതികളെ സംസ്ഥാനത്തുനിന്ന് അകറ്റി. തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടാതെ കേരളത്തിലേക്കില്ലെന്ന് പല പ്രമുഖ വ്യവസായ സംരംഭകരും വെട്ടിത്തെളിച്ചുതന്നെ പറഞ്ഞു. കാര്‍ഷിക മേഖല തകര്‍ന്നു തരിപ്പണമായി.
ആഗോളവത്കരണ അന്തരീക്ഷത്തില്‍ തമിഴ്‌നാട്, കര്‍ണാടക പോലുള്ള പല സംസ്ഥാനങ്ങളും മുന്നോട്ടു കുതിച്ചപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച കിന്‍ഫ്ര, ഐ.ടി പാര്‍ക്കുകളും കൂറ്റന്‍ #ാറ്റ് സമുച്ചയങ്ങളും ഗള്‍ഫുകാരന്റെ മണിമാളികകളും മാത്രമായി കേരളം നിലച്ചുനിന്നു. അന്യസംസ്ഥാനത്തൊഴിലാളികള്‍ വരുന്നത് നിര്‍മാണമേഖലയിലേക്കാണ്. വിഴിഞ്ഞം, വല്ലാര്‍പാടം തുടങ്ങി വികസനത്തിന്റെ വന്‍ പന്ഥാവാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം കണ്ടത്. മൂന്നു പതിറ്റാണ്ടിനിപ്പുറം പെട്രോളിയത്തിന്റെ വിലത്തകര്‍ച്ചയടക്കം ഗള്‍ഫില്‍ നിന്നുള്ള വാര്‍ത്തകള്‍ ശുഭകരമല്ല. സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി തദ്ദേശീയര്‍ക്ക് തൊഴിലില്‍ മുന്‍ഗണന നല്‍കാനും വിദേശികളെ പിരിച്ചുവിടാനും ഗള്‍ഫ് രാജ്യങ്ങളില്‍ തകൃതിയായ നീക്കം നടക്കുകയാണ്.
കമ്പ്യൂട്ടറിനെയും ട്രാക്ടറിനെപോലും എതിര്‍ത്തവരുടെ പിന്‍മുറക്കാരാണ് മുതലാളിത്ത സിദ്ധാന്തത്തെ കൂട്ടുപിടിക്കുന്നതെന്നത് കൗതുകകരമാണ്. ഈ തെറ്റിന് കേരള ജനത നല്‍കേണ്ടി വന്നത് അവരുടെ ഭാവിയാണ്. റിച്ചാര്‍ഡ് ഫ്രാങ്കിയുടെയും ഗീത ഗോപിനാഥിന്റെയും നയങ്ങള്‍ സി.പി.എമ്മിനിന്ന് പഥ്യമായിരിക്കുന്നു. ലോക ബാങ്കിനെയും അന്താരാഷ്ട്ര നാണയ നിധിയെയും ലോക വ്യാപാര കരാറിനെയും ഭാരത ബന്ദു പരമ്പരകള്‍ കൊണ്ടെതിര്‍ത്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ വന്നിരിക്കുന്ന മാറ്റം കോര്‍പറേഷനുകളിലേക്ക് ലോക ബാങ്ക് വായ്പ സ്വീകരിച്ചപ്പോള്‍ തന്നെ നാം കണ്ടതാണ്. ഡാമുകളിലെ മണല്‍ വിറ്റ് കേരളം ഗള്‍ഫാക്കുമെന്ന് വീമ്പിളക്കി പാളീസായ തോമസ് ഐസക്കിനെക്കുറിച്ച് ആശങ്കയുണ്ടെങ്കിലത് ന്യായമാണ്. എന്തിനും കിഫ്ബി ഒറ്റ മൂലിയുമാകരുത്. സര്‍ക്കാര്‍ ഫണ്ടിന് ചെയ്യാനുള്ളിടത്ത് അത് ചെയ്യണം. സമാഹരിക്കുന്ന പണം എവിടെ നിന്ന് തിരിച്ചു കൊടുക്കുമെന്നതിന് സര്‍ക്കാരിന് യാഥാര്‍ത്ഥ്യബോധമുണ്ടോ എന്നതിനെക്കുറിച്ച് സംശയമുണ്ട്. അഞ്ചു വര്‍ഷം കഴിയുമ്പോഴേക്കും നമ്മള്‍ വളരുമെന്നും ആ തുക കൊണ്ട് കടം വീട്ടാമെന്നുമാണ് ധനമന്ത്രി പറയുന്നത്. തൊഴിലന്തരീക്ഷവും പൊതുവായ ഇടതു പക്ഷ സമീപനവും മാറാതെ മന്ത്രിയുടെ വാക്കുകള്‍ കൊണ്ടുമാത്രം ഇത് സാധ്യമാകില്ലെന്ന് ഓര്‍മിപ്പിക്കട്ടെ.
കമ്യൂണിസ്റ്റ് നേതാവ് മാവോ സേ തുങ് പറഞ്ഞതുപോലെ പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി. സര്‍ക്കാര്‍- സ്വകാര്യ പങ്കാളിത്തം പച്ചയായ പരമാര്‍ഥമാണിന്ന്. മൂലധനം ഒരിക്കലും ചീത്തയല്ലെന്ന് തിരിച്ചറിയാനാവാത്തതായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ ബലഹീനത. കിഫ്ബിയുടെ ഉപദേശക സമിതിയില്‍ വിനോദ് റോയ് അടക്കം പ്രഗത്ഭരുണ്ടെന്നത് ആശ്വാസകരമാണ്. ആ വഴിയില്‍ തന്നെയാവും ഇടതു സര്‍ക്കാരുമെന്ന് കിഫ്ബിയിലൂടെ നമുക്ക് പ്രതീക്ഷയര്‍പ്പിക്കാം.