മേയില്‍ ഇന്ത്യയുടെ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലേക്ക് അതിക്രമിച്ചുകയറിയ ചൈനീസ് സേന വീണ്ടും അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുഷൂലില്‍ ആഗസ്ത് 29ന് കടന്നുകയറ്റത്തിന് ചൈന നടത്തിയ രണ്ടാംനീക്കം വലിയ ഭീതിയാണ് മേഖലയിലുളവാക്കിയിരിക്കുന്നത്. നയതന്ത്രതല ചര്‍ച്ചകളിലൂടെ പ്രശ്‌നത്തിന് പരിഹാരമായെന്ന് കരുതിയിരിക്കുമ്പോള്‍ തന്നെയാണ്, നാലുമാസത്തിനിടെ വീണ്ടും യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചൈനയുടെ പ്രകോപനം. മേയിലെ കടന്നുകയറ്റത്തെതുടര്‍ന്ന് ഇരു രാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ ജൂണ്‍ 15ന് അര്‍ധരാത്രി ഗാല്‍വാനില്‍ ഏറ്റുമുട്ടുകയും ഇന്ത്യയുടെ 20 സൈനികര്‍ക്ക് വീരമൃത്യു സംഭവിക്കുകയുമുണ്ടായി. എന്നാല്‍ ഇതിനെ തമസ്‌കരിക്കാനും നിസ്സാരവല്‍കരിക്കാനും ജനശ്രദ്ധതിരിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. ഇക്കാര്യത്തില്‍ രാജ്യത്ത് വലിയ തോതിലുള്ള നിരാശയും പ്രതിഷേധവും ഉയര്‍ന്നുവന്നെങ്കിലും കോവിഡ് കാലഘട്ടത്തില്‍ ഒരുയുദ്ധം വരുത്തിവെക്കാവുന്ന കെടുതികളും ആള്‍നാശവും കണക്കിലെടുത്ത് പലരും മൗനം പാലിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്തിരുന്നു. ഇതാണ് ചൈനയെ പുന:സാഹസത്തിന് പ്രേരിപ്പിച്ചത്. വീണ്ടും അതേ നില തുടരുന്നത് ഏതൊരു പരമാധികാര രാഷ്ട്രത്തിനും സഹിക്കാനാവില്ലതന്നെ. രാജ്യത്തിന്റെ അഭിമാനത്തിനുനേര്‍ക്കുള്ള വെല്ലുവിളിയാണിത്.
കഴിഞ്ഞ ദിവസം പ്രതിരോധകാര്യമന്ത്രി രാജ്‌നാഥ്‌സിങ് ചൈനാ പ്രതിരോധ മന്ത്രി വെയ് ഫെങ്കിയുമായി മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തിയത് പ്രതീക്ഷകള്‍ പകരുന്നുണ്ടെങ്കിലും സംഘര്‍ഷം ലഘൂകരിക്കുന്നതിനോ തല്‍സ്ഥാനത്തുനിന്ന് പിന്‍വാങ്ങുന്നതിനോ ചൈന തയ്യാറായിട്ടില്ല. അതോടൊപ്പം ഇന്ത്യയാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. സമാധാനപരമായ പരിഹാരത്തിന് ഇരു വിഭാഗവും ചര്‍ച്ചകള്‍ തുടരണമെന്ന ്‌വാദിക്കുന്ന ചൈനയുടെ നിലപാട് ഇരട്ടത്താപ്പും വിശ്വാസവഞ്ചനയുമാണ്. ഗല്‍വാനിലെ സംഭവവികാസത്തിന്റെ പശ്ചാത്തലത്തില്‍ ഇരു സേനകളും മുന്‍പുണ്ടായിരുന്നിടത്തേക്ക് പിന്‍വാങ്ങണമെന്ന് സൈനികതല ചര്‍ച്ചയില്‍ തീരുമാനമായെങ്കിലും പാംഗോംഗില്‍നിന്ന ്പിന്‍വാങ്ങാന്‍ അവര്‍ കരാര്‍ പ്രകാരം കൂട്ടാക്കിയില്ല. ഇതാണ് ഇന്ത്യയെ സ്ഥലത്തേക്ക് കൂടുതല്‍സേനയെയും സായുധ സാമഗ്രികളെയും എത്തിക്കാന്‍ നിര്‍ബന്ധിതമാക്കിയത്. ഇരു രാജ്യങ്ങളിലും ലോകത്താകമാനവും ഉണ്ടാക്കിയ ആശങ്കയുടെ കാര്‍മേഘം ഇപ്പോഴും അതേപടി തുടരുകതന്നെയാണ്. സെപ്തംബര്‍ 10ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ മുന്നോട്ടുവെക്കുന്ന പ്രത്യാശ.
മേയില്‍ ലഡാക്ക് മേഖലയില്‍ മാത്രം ആയിരത്തോളം കിലോമീറ്റര്‍ ചൈന കയ്യേറിയതായാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടലും കൂട്ടസൈനിക മരണവും നടന്ന ഗാല്‍വാനില്‍ മാത്രം 250 മീറ്ററോളം ചൈനീസ് സൈന്യം കടന്നുകയറിയതായി ഉപഗ്രഹ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. എന്നിട്ടും മോദി സര്‍ക്കാര്‍ കാര്യമായൊരു പ്രതികരണവും നടത്തുന്നില്ല. പാക്കിസ്താനില്‍നിന്ന് ഭീകരരുടെ ആക്രമണം ഉണ്ടായപ്പോള്‍ അതിര്‍ത്തി കടന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ മോദി സര്‍ക്കാരിലെ പ്രതിരോധ വകുപ്പും സൈനിക നേതൃത്വവും ചൈനയുടെ കാര്യം വരുമ്പോള്‍ മുട്ടുവിറക്കുകയാണെന്നുവേണം സംശയിക്കാന്‍. ചൈനയുടെ തോന്ന്യാസത്തിന് മറുപടിയായി അമേരിക്കയെയും മറ്റും (ചതുര്‍രാഷ്ട്ര) കൂട്ടുപിടിച്ചുകൊണ്ടുള്ള നയതന്ത്ര നീക്കത്തിന് തയ്യാറായത് പ്രായോഗിക തലത്തില്‍ ഗുണകരമാകാമെങ്കിലും അത് ഉളവാക്കിയേക്കാവുന്ന മേഖലാതലത്തിലുള്ള പ്രതിസന്ധിയെ കാണാതിരുന്നുകൂടാ. ദക്ഷിണ ചൈനാകടലിലെ ചൈനീസ് ആധിപത്യത്തെ ജപ്പാനും ആസ്‌ത്രേലിയയും ശക്തമായി എതിര്‍ക്കുകയാണ്.
ദക്ഷിണ കൊറിയ അടക്കമുള്ള ഇതര സമീപ രാജ്യങ്ങളും ഇക്കാര്യത്തില്‍ ചൈനയുടെ എതിര്‍പക്ഷത്താണ്. നേപ്പാള്‍ പോലെ ഇന്ത്യയുമായി അടുത്തിടപഴകിയിരുന്ന രാജ്യത്തെ ചൈനീസ് നേതൃത്വം കരഗതമാക്കിക്കഴിഞ്ഞു. ശ്രീലങ്കയിലും മാലിദ്വീപിലും കോടികള്‍ മുതല്‍മുടക്കിയാണ് ചൈന ഭരണകൂടങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നത്. നമുക്കാകട്ടെ അത്തരത്തിലൊരു നീക്കത്തിനും കഴിയുന്നുമില്ല. മുമ്പ് പാക്കിസ്താനും ചൈനയും ഒഴികെയുള്ള മുഴുവന്‍ രാജ്യങ്ങളുമായും വളരെനല്ല ബന്ധമുണ്ടായിരുന്നതാണ ്ഇന്ത്യക്കെന്നത് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ നിരാശയാണ് പകരം തരുന്നത്. ജനസംഖ്യയുടെ ആധിക്യത്താല്‍ കച്ചവടപരമായി ഏറെപ്രാധാന്യമുള്ള രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയുമെന്നിരിക്കെ നാമുമായി സൗഹൃദം സ്ഥാപിക്കുന്നതിനാണ് അമേരിക്കയുള്‍പ്പെടെയുള്ള മിക്ക രാജ്യങ്ങള്‍ക്കും താല്‍പര്യം. ഇന്ത്യക്കുപോലും പൂര്‍ണമായി ചൈനയെ ഒഴിവാക്കിക്കൊണ്ടുള്ള വാണിജ്യം പ്രായോഗികമല്ല. മരുന്നുകള്‍, ഇരുമ്പ്, പ്ലാസ്റ്റിക്, ഇലക്ട്രോണിക്‌സ് തുടങ്ങിയ ഒട്ടേറെ വസ്തുക്കള്‍ക്ക് നമുക്ക് ചൈനയെ ആശ്രയിക്കേണ്ടതുണ്ട്. ടിക്‌ടോക്കും പബ്ജിയും അടക്കമുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതുകൊണ്ടുമാത്രം ഗുണം ലഭിക്കാന്‍ പോകുന്നില്ല.
പത്തിന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ പ്രശ്‌നത്തിന് പരിഹാരമാകണമെങ്കില്‍ മേയ്ക്ക് മുമ്പുള്ള അവസ്ഥയിലേക്ക് ചൈന പിന്മടങ്ങുകതന്നെ വേണം. പക്ഷേ അതിനവര്‍ തയ്യാറാകുന്ന ലക്ഷണമൊന്നും അവരുടെ പ്രസ്താവനകളില്‍ കാണുന്നില്ല. മേഖലയില്‍ തുടര്‍ച്ചയായി സംഘര്‍ഷാവസ്ഥ നിലനിര്‍ത്തുക എന്ന തന്ത്രമാണ് അവര്‍ പയറ്റുന്നതെന്ന ്‌വ്യക്തം.
അതേസമയംതന്നെ ലോക സമൂഹത്തിനുമുന്നില്‍ നല്ലപിള്ള ചമയാനായി ചര്‍ച്ചകള്‍ തുടരുന്നുവെന്നു വരുത്തുകയുംചെയ്യുന്ന കൗശലം. നെഹ്‌റുവിന്റെയും ചൗന്‍ ഇന്‍ലായുടെയും കാലം തൊട്ടേ ഇത് ചൈനയുടെ നയസമീപന രീതിയാണ്-ഒരേസമയം കയ്യേറ്റവും ചര്‍ച്ചയും നടത്തുക. ഫലത്തില്‍ അവിശ്വാസം ഒരിക്കലും ഇല്ലാതാകുന്നില്ല. ഇരു രാജ്യങ്ങള്‍ക്കും അതിര്‍ത്തിയില്‍ സൈനിക കേന്ദ്രീകരണം നടത്തേണ്ടിവരുന്നു. പാക്കിസ്താനെകൂടി വരുതിയിലാക്കി അവരുടെ സൈനികരെയും ഭീകരരെയും രഹസ്യമായി പണവും ആയുധവും നല്‍കി ഇന്ത്യക്കെതിരെ ഇളക്കിവിട്ടും നടത്തുന്ന ചൈനീസ് ദ്വിമുഖ തന്ത്രത്തിന് ജാഗ്രത പാലിക്കുകയേ നമുക്ക് നിവൃത്തിയുള്ളൂ.
ജമ്മുകശ്മീരിനെ അസ്വാതന്ത്ര്യത്തിലൂടെ വരിഞ്ഞുമുറുക്കുകയും ലഡാക്കുമായി പിളര്‍ക്കുകയുംചെയ്ത മോദി സര്‍ക്കാരിന് നേരിടേണ്ടിവരുന്നത് മേഖലയില്‍ ഇരട്ട വെല്ലുവിളിയാണ്. ഒരേ സമയം വിദേശ ശത്രുവിന്റെ ഭീഷണിയും, സ്വന്തംപൗരന്മാരുടെ വിശ്വാസരാഹിത്യത്തിന് പാത്രീഭൂതമാകലും. മന്ത്രി ജയശങ്കര്‍ പറയുന്നതുപോലെ, നയതന്ത്രം മാത്രമാണ് ചൈനയുമായുള്ള പോംവഴിയെങ്കില്‍, ജമ്മുകശ്മീരിന്റെ കാര്യത്തില്‍ ആ തന്ത്രം എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്ന ചോദ്യം ബാക്കിനില്‍ക്കുകയാണ്. മോദിസര്‍ക്കാരിന്റെ മന:സാക്ഷിക്കുനേരെയുള്ള ചോദ്യമാണത്.