കോവിഡ്-19ന്റെ കാര്യത്തില്‍ ലോകത്തുതന്നെ ഒന്നാംനമ്പര്‍ പ്രതിരോധമാണ് കേരളത്തിലുള്ളതെന്ന് അഭിമാനിച്ചിരുന്ന ഘട്ടത്തില്‍നിന്ന് കടുത്ത തോതിലുള്ള രോഗ വ്യാപനത്തിലേക്ക് കേരളം കടന്നിരിക്കുകയാണിപ്പോള്‍. ഇന്ത്യയില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനത്ത് കഴിഞ്ഞ എട്ടു മാസത്തിനിടെ നടന്ന പ്രതിരോധ സംവിധാനങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. 9000ത്തിനടുത്താണ് ഇന്ന് ശരാശരി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനമാണ് നമ്മുടെ കൊച്ചു സംസ്ഥാനത്തിനെന്നത് മലയാളികള്‍ക്കാകെ നാണക്കേടാകുകയാണ്.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തതയും കെടുകാര്യസ്ഥതയുംതന്നെയാണ് വലിയൊരു അളവോളം കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. തലസ്ഥാന നഗരയിലും ജില്ലയിലും കോഴിക്കോട്, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിലും കോവിഡ് രോഗികളുടെ സംഖ്യ വര്‍ധിച്ചുവരുന്നത് ദിനംപ്രതി ആശങ്കയേറ്റുകയാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെയും ജില്ലാ, താലൂക്ക് ആസ്പത്രികളുടെയും പോരായ്മയാണ് ഇക്കാര്യത്തില്‍ മുഴച്ചുനില്‍ക്കുന്നത്. മന്ത്രിയും വിവിധ തലങ്ങളിലുള്ള ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള കോവിഡ് പ്രതിരോധസംവിധാനവും ഏകോപനവും താളംതെറ്റിയിരിക്കുന്നു എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്ന പ്രധാനപ്പെട്ടവസ്തുത.
മുഖ്യമന്ത്രിയുടെയും ആരോഗ്യവകുപ്പുമന്ത്രിയുടെയും മൂക്കിന്‍തുമ്പത്തുള്ള തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജിലാണ ് കോവിഡ് പ്രതിരോധത്തില്‍ തുടര്‍ച്ചയായി ഗുരുതരമായ വീഴ്ച സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നത് ലജ്ജാകരമാണ്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിലും സമാനമായ സംഭവങ്ങളുണ്ടായി. തിരുവനന്തപുരത്ത് വെറും 550ഓളം മാത്രം കിടക്കുകളുണ്ടായിട്ടുപോലും അവിടുത്തെ കോവിഡ് ചികില്‍സാ-പ്രതിരോധ സംവിധാനങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ സര്‍ക്കാരിനും ആരോഗ്യവകുപ്പിനും കഴിയാത്ത അവസ്ഥ ലജ്ജാകരംതന്നെ.
തുടര്‍ച്ചയായി രണ്ടു ദിവസങ്ങളില്‍ രണ്ട് കോവിഡ് രോഗികള്‍ കോവിഡ് സെല്ലിനകത്ത് ആത്മഹത്യ ചെയ്യാനിടയായപ്പോള്‍തന്നെ ഗുരതരമായ വീഴ്ച സര്‍ക്കാരും ആരോഗ്യവകുപ്പും കണ്ടെത്തി മതിയായ പരിഹാരം കാണണമായിരുന്നു. എന്നാല്‍ അത് കഴിഞ്ഞ് മൂന്നു മാസത്തിനുശേഷവും തുടരെത്തുടരെ ഗുരുതരമായ കൃത്യവിലോപമാണ് തലസ്ഥാനത്തെ മെഡിക്കല്‍ കോളജില്‍നിന്ന് മലയാളിക്ക് കേള്‍ക്കേണ്ടിവരുന്നത്. കോവിഡ്‌രോഗി നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയശേഷം പിടിച്ചുകൊണ്ടുവന്നിട്ടുപോലും അയാളെ ജാഗ്രതയോടെ നിരീക്ഷണത്തിലാക്കാന്‍ കഴിയാത്തതായിരുന്നു രോഗിയുടെ ആത്മഹത്യയിലേക്ക് എത്തിച്ചത്. സംഭവം രാജ്യത്താദ്യമായിട്ടുപോലും സര്‍ക്കാര്‍ അനങ്ങിയില്ല.
കഴിഞ്ഞയാഴ്ച അതേ മെഡിക്കല്‍കോളജില്‍ കോവിഡ് രോഗിയായ വയോധികനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. മന്ത്രിയല്ല, കോവിഡ് രോഗിയെ ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനക്കാരുമാണ് നിരന്തരം നിരീക്ഷിക്കുകയും വേണ്ട മരുന്നും ഭക്ഷ്യവസ്തുക്കളും കൊടുക്കുന്നതെന്ന് പറഞ്ഞാലും 20 ദിവസത്തോളം എന്തുകൊണ്ട് സകലസംവിധാനങ്ങളുമുള്ള ആസ്പത്രിയില്‍ ഒരു കോവിഡ് രോഗിക്ക് മൃതപ്രായനായി കഴിയേണ്ടിവന്നുവെന്നതിന് ഇനിയും സര്‍ക്കാരില്‍നിന്ന് വിശ്വാസയോഗ്യമായ ഉത്തരം ലഭിച്ചിട്ടില്ല. കോവിഡ് മുക്തിനേടിയെന്നു പറഞ്ഞ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തപ്പോള്‍ മാത്രമാണ് പിതാവിനെ പല ശരീരഭാഗങ്ങളിലും പുഴുവരിച്ച നിലയില്‍ മകള്‍ക്ക് കാണാനായത്.
ഇതിന്മേല്‍ എല്ലാംകഴിഞ്ഞ് നോഡല്‍ ഓഫീസര്‍ക്കെതിരെ നടപടിയെടുക്കുക മാത്രമാണ് മന്ത്രിയും വകുപ്പും ചെയ്തത്. ഏതെങ്കിലും വ്യക്തിക്കെതിരെ നടപടിയെടുത്തതുകൊണ്ട്മാത്രം സര്‍ക്കാരിന്റെ ബാധ്യത അവസാനിച്ചോ. ഇതേ ആസ്പത്രിയില്‍നിന്നു തന്നെയാണ് കഴിഞ്ഞദിവസം കോവിഡ് രോഗിയായി മരണമടഞ്ഞയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് മാറി നല്‍കിയ സംഭവവും ഉണ്ടായിരിക്കുന്നത്. എവിടെയാണ് പിഴവെന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മന്ത്രിക്കും കഴിയണമായിരുന്നു. കാര്യമായ എന്തോ തകരാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുവെന്നുതന്നെയാണ് ജനത്തിന് ബോധ്യമായിരിക്കുന്നത്. എന്നിട്ടും സര്‍ക്കാരും മന്ത്രിയും ഡോക്ടര്‍മാരുടെ തലയില്‍ എല്ലാം കെട്ടിവെച്ച് രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ്. അവര്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങിയത് സ്വാഭാവികം.
കോവിഡ് രോഗിയായ ദലിത് യുവതിയെ ആസ്പത്രിയിലേക്കുള്ള മധ്യേ ആംബുലന്‍സില്‍വെച്ച് ഡ്രൈവര്‍ ബലാല്‍സംഗം ചെയ്തതും മറ്റൊരു രോഗിയെ ഭീഷണിപ്പെടുത്തി സര്‍ക്കാര്‍ ജീവനക്കാരന്‍ രണ്ടു ദിവസം വാടക വീട്ടില്‍ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തതും മലയാളിയുടെ മനസ്സില്‍നിന്ന് മാഞ്ഞിട്ടില്ല. സത്യത്തില്‍ പുഴുവരിക്കുന്നത് രോഗികളിലല്ല; സര്‍ക്കാരിന്റെ ആരോഗ്യ സംവിധാനത്തിനുതന്നെയാണെന്നാണ് മേല്‍സംഭവങ്ങളെല്ലാം ഓരോ നിമിഷവും തെളിയിച്ചുകൊണ്ടിരിക്കുന്നത്.
തിരുവവനന്തപുരത്ത് കോവിഡ് ബാധ കൂടാന്‍ കാരണം പ്രതിപക്ഷ സമരമാണെന്ന് പറഞ്ഞ സര്‍ക്കാരിന് മറ്റുജില്ലകളില്‍ അത്രതന്നെ കോവിഡ് രോഗികളുടെ സംഖ്യ കൂടുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്. കോവിഡിനിടയിലും നാലു കാശ് കീശയിലാക്കാന്‍ നോക്കിയ സര്‍ക്കാരിലെ ഉന്നതരുള്‍പ്പെടെയുള്ളവരുടെ തനിനിറം പുറത്തുകൊണ്ടുവന്നത് ഈ പ്രതിപക്ഷവും മാധ്യമങ്ങളുമായിരുന്നു. കോവിഡിനിടയിലും ഉന്നതമായ ജനാധിപത്യമൂല്യങ്ങളുയര്‍ത്തിപ്പിടിച്ചാണ് അവരിത് ചെയ്തത്. പ്രതിപക്ഷത്തെ നിര്‍വീര്യമാക്കിയും മാധ്യമ പ്രവര്‍ത്തകരെ വ്യാജ വാര്‍ത്തകള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തി ജയിലിലിടാന്‍നോക്കിയും പിടിപ്പത് ശ്രമിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ രംഗത്തുവന്നതോടെ സ്വയം പ്രതിരോധത്തിലായിരിക്കുകയാണ് പിണറായി സര്‍ക്കാര്‍.
അപ്പോഴാണ് നാള്‍ക്കുനാള്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും രോഗികളെ വേണ്ടരീതിയില്‍ നിരീക്ഷിക്കാന്‍ കഴിയാതെയും സര്‍ക്കാര്‍ സ്വന്തം കഴിവുകേട് തെളിയിച്ചുകൊണ്ടിരിക്കുന്നത്. പൊസിറ്റീവായിട്ടും രോഗ ലക്ഷണമില്ലാത്തവര്‍ക്ക് വീടുകളില്‍തന്നെ കഴിയാമെന്നാണ് സര്‍ക്കാരിന്റെ പുതിയ അറിയിപ്പ്. ഒരു രോഗിയുണ്ടായാല്‍ കുടുംബത്തില്‍ മറ്റംഗങ്ങള്‍ക്കുകൂടി രോഗം പടരുന്ന സ്ഥിതിയാണ് ഇതിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലഭ്യമായ സംവിധാനങ്ങളോടെ ജനങ്ങളെ ബോധവത്കരിച്ചും സഹകരിപ്പിച്ചും നടത്തേണ്ട പ്രതിരോധത്തെ സ്വന്തം കെടുകാര്യസ്ഥതകളിലൂടെ പരിഹാസ്യമാക്കിയ സര്‍ക്കാരാണ് സത്യത്തില്‍ ഇന്നത്തെ പരിണിതിക്ക് മുഖ്യ ഉത്തരവാദി.