Connect with us

Views

അഴിഞ്ഞുവീഴുന്ന അഴിമതിവിരുദ്ധ മുഖംമൂടി

Published

on

മോദി സര്‍ക്കാറിന്റെയും ബി.ജെ.പിയുടേയും അഴിമതിവിരുദ്ധ മുഖംമൂടി ഒന്നിനു പിന്നാലെ ഒന്നായി അഴിഞ്ഞുവീണു കൊണ്ടിരിക്കുകയാണ്. ഇതില്‍ ഒടുവിലത്തേതാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവലും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവും മുഖ്യ നടത്തിപ്പുകാരായ ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന സംഘടന ആയുധ, വിമാന കമ്പനികളില്‍നിന്ന് വന്‍തുക സംഭാവന പറ്റിയെന്ന ‘ദ വയറി’ന്റെ വെളിപ്പെടുത്തല്‍. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, വാണിജ്യമന്ത്രി സുരേഷ് പ്രഭു, വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍, വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ തുടങ്ങി മോദി മന്ത്രിസഭയിലെ പ്രമുഖര്‍ ഡയരക്ടര്‍മാരായ സംഘടനയാണ് ഇന്ത്യാ ഫൗണ്ടേഷന്‍. കോര്‍പ്പറേറ്റ് വൃത്തങ്ങളില്‍നിന്ന് സര്‍ക്കാറിതര സംഘടനകള്‍ പ്രവര്‍ത്തന ഫണ്ടിലേക്ക് സംഭാവന പറ്റുന്നതില്‍ നിയമപരമായി അപകാതയുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ ഇതിന് ചില കീഴ്‌വഴക്കങ്ങളും മാനദണ്ഡങ്ങളും നിലനില്‍ക്കുന്നുണ്ട്. കമ്പനീസ് ആക്ട് 2013 പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികള്‍ അറ്റാദായത്തിന്റെ രണ്ടു ശതമാനം കോര്‍പ്പറേറ്റ് സമൂഹിക ഉത്തരവാദിത്ത(സി.എസ്.ആര്‍) ഫണ്ട് ആയി മാറ്റിവെക്കേണ്ടതുണ്ട്. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക വിനിയോഗിക്കേണ്ടത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിതര സംഘടനകള്‍ക്ക് തുക കൈമാറിയാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഈ ഉത്തരവാദിത്തം നിര്‍വഹിക്കുന്നത്. എന്നാല്‍ ഇതില്‍നിന്ന് തീര്‍ത്തും ഭിന്നമാണ് ‘ദ വയര്‍’ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന വാര്‍ത്ത.

ശാക്തിക, സാമ്പത്തിക നയരൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുകയും പ്രബന്ധങ്ങള്‍ തയ്യാറാക്കുകയും ചെയ്യുന്ന സംഘടന എന്നാണ് ഇന്ത്യാ ഫൗണ്ടേഷന്‍ അതിനെ സ്വയം വിശേഷിപ്പിക്കുന്നത്. നടത്തിപ്പുകാരും ഡയരക്ടര്‍മാരും കേന്ദ്ര ഭരണത്തില്‍ നേരിട്ട് പങ്കാളിത്തം വഹിക്കുന്നവരോ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ളവരോ ആണ്. ആയുധ ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള രാജ്യസുരക്ഷാ സംബന്ധമായ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന് ബുദ്ധി ഉപദേശിച്ചു നല്‍കേണ്ട ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മകനാണ് സംഘടനയുടെ മുഖ്യനടത്തിപ്പുകാരില്‍ ഒരാള്‍. മറ്റൊന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും. എന്തു പേരിലായാലും ആയുധ കമ്പനികളില്‍നിന്ന് ഉള്‍പ്പെടെ ഇവര്‍ സംഭാവന പറ്റുന്നു എന്നു പറഞ്ഞാല്‍ വിരുദ്ധ താല്‍പര്യം പ്രത്യക്ഷമായിത്തന്നെ കടന്നുവരുന്നുണ്ട്.

ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ ഇവര്‍ പറ്റിയ സംഭാവനകള്‍ രാജ്യത്തിന്റെ ആഭ്യന്തര, പ്രതിരോധ നയങ്ങളെ സ്വാധീനിക്കാനുള്ള കുറുക്കുവഴിയായി മാറിയേക്കാം. ആ സംശയങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിനും വാര്‍ത്തയില്‍ പേരു വന്നിട്ടുള്ള കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുമുണ്ട്. അന്വേഷണം നേരിടുന്ന വിമാനക്കമ്പനിയായ ബോയിങില്‍നിന്ന് ഉള്‍പ്പെടെ സംഘടന സംഭാവന പറ്റിയിട്ടുണ്ട് എന്നത് കാര്യത്തിന്റെ ഗൗരവം പിന്നെയും വര്‍ധിപ്പിക്കുന്നു. നയരൂപീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യാ ഫൗണ്ടേഷന്‍ കേന്ദ്ര സര്‍ക്കാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യ നടത്തിപ്പുകാരനായ ശൗര്യ ഡോവല്‍ തന്നെ നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ആയുധ, വിമാന കരാറുകള്‍ നേടിയെടുക്കാന്‍ പിന്‍വാതില്‍ വഴികളായി ഇത്തരം സംഭാവനകളെ കോര്‍പ്പറേറ്റുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നത് അന്വേഷണ വിധേയമാക്കേണ്ടതാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നടന്നിട്ടുള്ള പ്രതിരോധ, വിമാന ഇടപാടുകള്‍ അന്വേഷണ വിധേയമാക്കിയെങ്കില്‍ മാത്രമേ സത്യം വെളിച്ചത്തു വരൂ. എത്ര തുക പറ്റിയെന്നോ, ആരില്‍നിന്നൊക്കെ സംഭാവനകള്‍ വാങ്ങിയെന്നോ ഉള്ള വിവരങ്ങള്‍ പുറത്തുവിടാനുള്ള ധാര്‍മ്മികത സംഘടനയും കാണിക്കേണ്ടിയിരിക്കുന്നു.

ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ മകന്‍ ജെയ് അമിത് ഷായുടെ കമ്പനികളുടെ ആസ്തിയില്‍, മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ക്രമാതീതമായ വര്‍ധന ഉണ്ടായെന്ന വാര്‍ത്തകള്‍ നേരത്തെ ‘ദ വയര്‍’ പുറത്തുവിട്ടത് വലിയ വിവാദമായിരുന്നു. വാര്‍ത്തയില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ബി.ജെ.പി നേതൃത്വത്തിനോ കേന്ദ്ര സര്‍ക്കാറിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷണവും നിയമനടപടികളും നേരിട്ട് അഗ്നിശുദ്ധി വരുത്തുന്നതിനു പകരം മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനാണ് ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത്. അഴിമതിക്കെതിരായ കുരിശുയുദ്ധം പ്രഖ്യാപിച്ച മോദിയുടെ ഇത്തരം വിഷയങ്ങളിലെ മൗനവും എന്‍.ഡി.എ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നുണ്ട്. നോട്ടു നിരോധനം പോലുള്ള നടപടികളിലൂടെ രാജ്യത്തെയൊന്നാകെ അനിശ്ചിതത്വത്തിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും തള്ളിവിടുന്ന സര്‍ക്കാര്‍, ഭരണ സ്വാധീനത്തിന്റെ തണലില്‍ വളരുന്ന ഇത്തിള്‍കണ്ണികള്‍ക്കെതിരെ സൗകര്യപൂര്‍വ്വം കണ്ണടക്കുകയാണ്.

ബി.ജെ.പി ഭരണത്തിലുള്ള രാജസ്ഥാന്‍ സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന ഓര്‍ഡിനന്‍സും ഇതിനോട് ചേര്‍ത്തു വായിക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, ജഡ്ജിമാര്‍, മുന്‍ മന്ത്രിമാര്‍, റിട്ട. ജഡ്ജിമാര്‍ തുടങ്ങിയവര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ കേസെടുക്കാനോ അന്വേഷണം നടത്താനോ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്. മാത്രമല്ല, പ്രോസിക്യൂഷന്‍ അനുമതി വരും മുമ്പ് അഴിമതി ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് രണ്ടു വര്‍ഷം വരെ ജയിലില്‍ അടക്കാവുന്ന ക്രിമിനല്‍ കുറ്റമായാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. ജനാധിപത്യത്തിലെയും ഭരണസംവിധാനത്തിലേയും അഴിമതിയുടെ പുഴുക്കുത്തുകളെ ഭദ്രമായി മൂടിവെക്കുകയാണ് വസുന്ധരരാജെ സര്‍ക്കാര്‍ ഓര്‍ഡിന്‍സ് വഴി ലക്ഷ്യമിട്ടത്. വസ്തുതാപരമല്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് രാജ്യത്ത് ഇപ്പോള്‍ തന്നെ വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ നിലവിലുണ്ട് എന്നിരിക്കെ, വ്യാജ വാര്‍ത്തകള്‍ തടയാനാണ് നിയമനിര്‍മാണമെന്ന രാജസ്ഥാന്‍ സര്‍ക്കാറിന്റെ വാദം അടിസ്ഥാനമില്ലാത്തതാണ്. കേന്ദ്ര സര്‍ക്കാറിന്റെയും ബി.ജെ.പിയുടേയും അഴിമതി വിരുദ്ധ നിലപാടുകളിലെ കാപട്യമാണ് ഇതിലൂടെ വെളിച്ചത്തുവരുന്നത്.

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending