Connect with us

Video Stories

ഈ ശാദ്വല തീരത്തെ വെറുതെ വിടുക

Published

on

രക്തപങ്കിലകരങ്ങളുമായി ഒന്നരപതിറ്റാണ്ടുമുമ്പ് ഗുജറാത്തില്‍നിന്ന് പുറപ്പെട്ട മോദി-അമിത്ഷാസംഘം ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പിയുടെയും കാഷായക്കൊടികളെ കേരളത്തിലേക്കുകൂടി കുറ്റിയടിച്ചുകെട്ടാനുള്ള തീവ്രശ്രമം ആരംഭിച്ചിട്ട് കൊല്ലമേറെയായി. മൂന്നിലൊന്ന് മാത്രം വോട്ടുകൊണ്ട് മൂന്നുവര്‍ഷംമുമ്പ് കേന്ദ്രത്തില്‍ കൈവന്ന ഭരണഭാഗ്യത്തിന്റെ തണലില്‍, കയ്യൂക്കുകൊണ്ട് തെന്നിന്ത്യയുടെ ഈ മതേതരത്തിന്റെ ശാദ്വലതീരത്തെക്കൂടി തങ്ങളുടെ കാല്‍കീഴിലൊതുക്കിക്കഴിഞ്ഞാല്‍ ശിഷ്ടകാലം സ്വസ്ഥമായി ഉറങ്ങാമെന്ന് കണക്കുകൂട്ടിയാണ് ഈ നുഴഞ്ഞുകയറ്റം. കാലമേറെയായി പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കേരളനിയമസഭയില്‍ ഒറ്റയാളെ മാത്രം ഇരുത്താനല്ലാതെ പതിനാല് ശതമാനത്തിലധികം വോട്ടുനേടാനാകാത്തതിന് കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തോട് വഴക്കടിച്ചും വിരട്ടിയും നിര്‍ത്തിയിട്ടും മതേതരത്വത്തിന്റെ ഈ മലയാളിക്കോട്ടയെ കുലുക്കാനായിട്ടില്ല. അപ്പോഴാണ് സംസ്ഥാനത്തിന്റെ വടക്കുമുതല്‍ തെക്കോട്ട് വരെ ജാഥക്ക് ഇന്നലെ തുടക്കം കുറിച്ചിരിക്കുന്നത്. അഖിലേന്ത്യാഅധ്യക്ഷന്‍തന്നെ നേരിട്ടുവന്ന് പയ്യന്നൂരില്‍ സംസ്ഥാനഅധ്യക്ഷന്‍ നയിക്കുന്ന ജാഥക്ക് ഫ്‌ളാഗ്ഓഫ് ചെയ്തിരിക്കുകയാണ്. കേരളത്തിലെ ജാഥയോടനുബന്ധിച്ച് മറ്റുസംസ്ഥാന തലസ്ഥാനങ്ങളിലും ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനമന്ദിരത്തിലേക്കും ബി.ജെ.പി-യുവമോര്‍ച്ചാക്കാര്‍ ജാഥ സംഘടിപ്പിക്കുമെന്നാണ് അമിത്ഷായുടെ പ്രഖ്യാപനം. ഇന്ന് യു.പി മുഖ്യമന്ത്രി യോഗിആദിത്യനാഥും ജാഥക്കെത്തുന്നുണ്ടത്രെ.
ജിഹാദി-ചുകപ്പ് ഭീകരതക്കെതിരെ എന്നാണ് ജാഥയുടെ സന്ദേശമായി ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. ധര്‍മയുദ്ധമാണ് ജിഹാദ്. എന്നാല്‍ തീവ്രവാദത്തെയാണ് ആ വാക്കുകൊണ്ട് ബി.ജെ.പി ഉദ്ദേശിക്കുന്നത്. ചുകപ്പ് സി.പി.എമ്മിനെയും. കേരളത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവര്‍ത്തനം നടക്കുന്നുവെന്ന് ബി.ജെ.പിക്കാരല്ലാതെ മറ്റാരും ഇതുവരെ ഉന്നയിച്ചിട്ടുള്ള ആരോപണമല്ല. മോദിയുടെതന്നെ കേന്ദ്രസര്‍ക്കാര്‍ പോലും. എന്നാല്‍ കേരളത്തില്‍ ജിഹാദികളെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് ആര്‍.എസ്.എസ് സര്‍സംഘചാലകിന്റെ ആരോപണം. കഴിഞ്ഞദിവസം കേന്ദ്രമാനവവിഭവശേഷി വകുപ്പുമന്ത്രി പ്രകാശ്ജാവദേക്കര്‍ കുറേക്കൂടി കടത്തിപ്പറഞ്ഞു; കേരളത്തിലെ സി.പി.എം സായുധപ്പോരാളികളായ മാവോയിസ്റ്റുകളെപോലെയാണെന്ന്. രാഷ്ട്രീയമായി എതിരഭിപ്രായങ്ങളുണ്ടാകാമെങ്കിലും ഒരു സംസ്ഥാനത്ത് വേരുറപ്പിക്കാന്‍ ഇത്രയും തരംതാഴ്ന്ന വിദ്യ പയറ്റുന്നത് നല്ലതാണോ എന്ന് വിമാനം കയറുംമുമ്പ് ഈ നേതാക്കള്‍ സ്വയം ചോദിക്കേണ്ടതായിരുന്നു.
ഏതാനും വര്‍ഷംമുമ്പ് സംഘപരിവാരം ഉന്നയിച്ച ആരോപണമാണ് കേരളത്തിലെ കാമ്പസുകളില്‍ ലൗ ജിഹാദ് നടക്കുന്നുവെന്നത്. അതാകട്ടെ പൊലീസിന്റെ വിശദമായ അന്വേഷണത്തില്‍ വെറും പുകമറ മാത്രമായി മാറി. കേരളത്തില്‍ ലൗജിഹാദ് ഇല്ലെന്ന് ഹൈക്കോടതി തന്നെ അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നീട് ഏറെക്കാലത്തിനുശേഷം ഐ.എസിലേക്ക് കേരളത്തില്‍ നിന്ന് മുസ്്‌ലിംയുവാക്കള്‍ പോയെന്ന കേസില്‍ മോദിയുടെ തന്നെ കേന്ദ്രഅന്വേഷണ ഏജന്‍സി അന്വേഷണം നടത്തിയിട്ടും കൃത്യമായ തെളിവുകള്‍ ഇതുവരെയും ലഭിച്ചിട്ടില്ല. മലപ്പുറം, കൊല്ലം കലക്ടറേറ്റ് വളപ്പുകളില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്കുത്തരവാദികള്‍ ബേസ് മൂവ്‌മെന്റ് എന്ന തമിഴ്‌നാട്, ആന്ധ്ര കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന് എന്‍.ഐ.എ കണ്ടെത്തിയിട്ടുമുണ്ട്. അഖില അഥവാ ഹാദിയ എന്ന പെണ്‍കുട്ടിയുടെ മതംമാറ്റവുമായി ബന്ധപ്പെട്ടാണ് മറ്റൊരു ആരോപണം. ഇക്കാര്യത്തില്‍ സുപ്രീംകോടതിതന്നെ കേരളഹൈക്കോടതി വിധിയെ സംശയത്തോടെ വീക്ഷിച്ചിരിക്കുകയാണ്.
ഇതൊക്കെയാണ് കേരളത്തിലെ ‘ജിഹാദി ഭീകരത’ യെങ്കില്‍ കേരളത്തില്‍ സംഘപരിവാരം അടുത്ത കാലത്തായി നടത്തിയ കൊലപാതകങ്ങള്‍ അടക്കമുള്ള ഭീകരതകളെക്കുറിച്ച് അവര്‍ മറച്ചുവെച്ചാല്‍ സ്വയം മായുന്നതാണോ. കാസര്‍കോട്ട് നിരപരാധിയായ റിയാസ് മുസ്്‌ലിയാര്‍ എന്ന യുവാവ് പള്ളിയുടെ ഭാഗമായ കെട്ടിടത്തില്‍ കിടന്നുറങ്ങുമ്പോള്‍ അര്‍ധരാത്രി വെട്ടിക്കൊലപ്പെടുത്തിയത് ആരായിരുന്നു. മലപ്പുറം കൊടിഞ്ഞിയിലാണ് ഇസ്്‌ലാം മതത്തിലേക്ക് മാറിയ ഫൈസലിനെ നടുറോഡിലിട്ട് സംഘപരിവാറുകാര്‍ നരഹത്യനടത്തിയത്. സര്‍ക്കാര്‍ കണക്കനുസരിച്ച് കണ്ണൂരില്‍ ആര്‍.എസ്.എസ്-ബി.ജെ.പിക്കാര്‍ കൊന്നുതള്ളിയ യുവാക്കളുടെയും മധ്യവയസ്‌കരുടെയും എണ്ണം മുപ്പതുകൊല്ലത്തിനിടെ മുന്നൂറിലധികം വരും. ഇവരാണ് കേരളത്തിലെ ഭീകരതയെക്കുറിച്ച് നെല്ലുകുത്തുയന്ത്രം കണക്കെ നാക്കിട്ടടിക്കുന്നത്. ഇവരുടെ തന്നെ ഉത്തരേന്ത്യന്‍ പശുബെല്‍റ്റില്‍ രാഷ്ട്രപിതാവ് മുതല്‍ അഖ്‌ലാക്കും പെഹ്്‌ലൂഖാനും പന്‍സാരെയും ധബോല്‍കറും ഇങ്ങ് തെക്ക് കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷുമായി എണ്ണിയാല്‍ തീരാത്ത എത്രയെത്ര നരാധമഹത്യകള്‍.
അതേസമയം കേരളത്തിലെ കഴിഞ്ഞ ഒന്നരക്കൊല്ലത്തെ ഇടതുഭരണത്തില്‍ മുസ്്‌ലിംവിഭാഗങ്ങളെക്കാളുപരി സംരക്ഷണവും അംഗീകാരവും കിട്ടിയിട്ടുള്ളത് സംഘപരിവാറുകാര്‍ക്കാണെന്നതാണ് യാഥാര്‍ഥ്യം. കൊടിഞ്ഞിഫൈസല്‍ വധക്കേസില്‍ പ്രതികള്‍ ജാമ്യത്തിലിറങ്ങിനടക്കാനിടയാക്കിയത് ഇടതുപക്ഷസര്‍ക്കാരിന്റെ പൊലീസിലെ സംഘിമനസ്സുകാരായിരുന്നു. ഇതേ പൊലീസാണ് വടക്കന്‍പറവൂരില്‍ മതപ്രബോധനത്തിന്റെ ലഘുലേഖകളുമായി ഇറങ്ങിയ നാല്‍പതോളം യുവാക്കളെ ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റുചെയ്ത് ജയിലിലടച്ചത്. ഇതേക്കുറിച്ചുള്ള ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി ആര്‍.എസ്.എസുകാര്‍ക്ക് വഴിമരുന്നിടരുതെന്ന ഉപദേശമായിരുന്നുവെന്നോര്‍ക്കണം. ഇതേ പിണറായിയുടെ കീഴിലാണ് പാലക്കാട് വലിയങ്ങാടിയിലെ കര്‍ണകിയമ്മന്‍ എ്‌യ്ഡഡ് സ്‌കൂളില്‍ ചട്ടം ലംഘിച്ച് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭഗവതിന് ദേശീയപതാക ഉയര്‍ത്താന്‍ അവസരം നല്‍കിയത്. ഇതിനെതിരെ റിപ്പോര്‍ട്ട് നല്‍കിയ ജില്ലാ കലക്ടറെ രായ്ക്കുരാമാനം സ്ഥലം മാറ്റിയതാണ് പിണറായിയുടെ സര്‍ക്കാര്‍ ചെയ്ത സംഘിഭീകരത. വായില്‍തോന്നിയത് കോതക്ക് പാടുന്ന ശശികലക്കെതിരെ ചെറുവിലനക്കാത്ത സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ ചോദിച്ചതും ഏതാണ്ടിതുതന്നെയാണ്. മുസ്്‌ലിം തീവ്രവാദികള്‍ക്കനുകൂലമായി സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലുമൊരു നടപടി ബി.ജെ.പി നേതാക്കള്‍ കാണിച്ചുതരൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. കോടതിവിധിയുടെ പേരില്‍ ഹാദിയയെ വീട്ടുതടങ്കലിലാക്കി നാലുമാസമായി മാനസികമായി പീഡിപ്പിക്കുന്നതും, മനുഷ്യാവകാശ-ഇടതുപക്ഷപ്രവര്‍ത്തകര്‍ക്കുപോലും അവളെ കാണാന്‍ അനുവദിക്കാത്തതും ഇതേ പിണറായി സര്‍ക്കാരാണെന്ന് ഓര്‍ക്കണം.
സത്യത്തില്‍ ഈ ഇരുഭരണപ്പാര്‍ട്ടികളും അവരുടെ പോഷകസംഘടനകളും ചേര്‍ന്ന് ആടിനെ പട്ടിയാക്കുകയും പിന്നീട് പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുകയാണ് ചെയ്യുന്നത്. ജനങ്ങളുടെ ജീവല്‍മരണ പ്രശ്‌നങ്ങളില്‍ ഇക്കൂട്ടര്‍ക്കൊരു കുലുക്കവുമില്ല. പെട്രോളിയം- നിത്യോപയോഗസാധന വിലവര്‍ധനയും ഇതരസംസ്ഥാനത്തുനിന്നെത്തുന്ന വിഷഭോജ്യങ്ങളുമൊക്കെ ജനങ്ങള്‍ സ്വയം ഏറ്റുവാങ്ങേണ്ട ദുര്‍ഗതി മാത്രമാണ് നാട്ടില്‍. വോട്ടുതട്ടാന്‍ അമിത്ഷായും കൂട്ടരും മതത്തെ ദുരുപയോഗിക്കുമ്പോള്‍ അപ്പേരുംപറഞ്ഞ് ന്യൂനപക്ഷങ്ങളെ പാട്ടിലാക്കുന്നതിലുള്ള ഭിന്നത മാത്രമേ സത്യത്തില്‍ ഇവര്‍ തമ്മിലുള്ളൂ. ഗുരുദേവന്റെ വാക്കുകളാണ് ഒരു നൂറ്റാണ്ടിനിപ്പുറവും ഇവരോട് ഓര്‍മിപ്പിക്കേണ്ടിവരുന്നത്. ബി.ജെ.പിക്കാര്‍ അഹങ്കരിക്കുന്ന ഗുജറാത്തും യു.പിയും രാജസ്ഥാനും ഹരിയാനയുമൊന്നുമല്ല, ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണീ കേരളം. ദയവുണ്ടായി ഈ കുളം കലക്കരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

Trending